UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രോസ് ബാറിനറിയില്ല ആരാണ് മെസ്സി എന്ന്! ഷഹബാസ് അമന്‍റെ രണ്ട് മെസ്സി കുറിപ്പുകള്‍

Avatar

മലപ്പുറത്തെ മനുഷ്യന്മാര്‍ക്ക് ഫുട്‌ബോള്‍ മനസ്സില്‍ കൊത്തിവച്ച വികാരമാണ്. പൂഴിക്കടലാസിട്ട് ദിവസം മുഴുവന്‍ ഉരച്ചാലും ലോഷന്‍ ഒഴിച്ച് എത്ര നേരം കഴുകിയാലും മലപ്പുറത്തുകാരുടെ ഉള്ളിലെ ഫുട്‌ബോള്‍ പ്രേമം പോവൂല്ല. ഒരൊറ്റ മൈതാനത്ത് പതിനാല് പേര്‍ ഒരു ബോളിന് പൊറകെ നിര്‍ത്താതെ ഓടുമ്പോള്‍ എണ്ണാന്‍ പറ്റാത്തത്രയും മനുഷ്യര്‍ ഗാലറികളിലിരുന്ന് തൊണ്ട പൊട്ടി കളി പറഞ്ഞുകൊടുക്കും. കാസര്‍കോട്ടെ മൊഗ്രാല്‍ പുത്തൂരും മലപ്പുറവുമാണ് കഞ്ഞി കുടിച്ചില്ലെങ്കിലും കളിക്കളത്തില്‍ പോവാതെ ഉറങ്ങാന്‍ പറ്റാത്ത കേരളത്തിലെ രണ്ട് നാടുകള്‍.

കുറേ അധികം മലപ്പുറത്തുകാരുടെ ദൈവമാണ് മെസ്സി. നാട്ടിന്‍ പുറങ്ങളിലും മൈതാനങ്ങളിലും മെസിയുടെ ഫ്‌ലക്‌സുകള്‍ ഇല്ലാത്ത ഒരൊറ്റ നാടും മലപ്പുറത്തുണ്ടാവില്ല. ഓരോ മൈതാനങ്ങളിലും അതത് നാട്ടുകാര്‍ക്ക് ഓരോ നാടന്‍ മെസ്സിമാരുണ്ടാകും.

ഇപ്പോഴിതാ മെസ്സി കളം വിട്ടിരിക്കുന്നു. രാജ്യം കളിക്കാന്‍ നല്‍കിയ ബൂട്ടഴിച്ച് മെസ്സി തിരികെ നല്‍കിയിരിക്കുന്നു. വെളുപ്പും ആകാശ നീലയും വരയിട്ട കുപ്പായത്തില്‍ ഇനി മെസ്സി കളം നിറയില്ല.

മലപ്പുറത്തിന്റെ ഗസല്‍ ശബ്ദമാണ് ഷഹബാസ്. പാട്ടിലും ജീവിതത്തിലും സൗമ്യനും ഫുട്‌ബോളില്‍ മറ്റേതൊരു മലപ്പുറത്തുകാരനേയും പോലെ മറ്റൊരു ഫുട്ബോള്‍ പിരാന്തനുമാണ് ഷഹബാസ്.

മെസ്സി ബൂട്ടഴിച്ച കോപ്പ അമേരിക്ക ഫൈനലിന് മുന്‍പും പിന്‍പും ഷഹബാസ് അമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകള്‍


 

കോപ്പ അമേരിക്ക ഫൈനലിന് മുന്‍പ്
മെസ്സി! ഫുട്ബാളില്‍ ഇന്ന്! ജീവിച്ചിരിക്കുന്നതിലേക്കും വെച്ച് ഏറ്റവും സമഗ്രതയുള്ള ഒരു സംഗീത ശില്പമാണ്. ഏറ്റവും ജ്ഞാനിയായ രചയിതാവും! ഇടങ്കാല്‍ കൊണ്ട് നോട്‌സ് എഴുതുന്നു എന്നത് മാത്രമല്ല. വലംകാലിനാല്‍ നിശ്ശബ്ദതയെ അളന്നു കുറിച്ചു വെക്കുന്നതും കാണേണ്ടത് തന്നെ.അക്കോര്‍ഡിയന്റെ കാറ്റുപാളികളില്‍ കൂടി ഒളിച്ചു കടക്കുന്ന ടാന്‍ഗോ, ബ്യൂണസ് അയേര്‍സിലെ ഒരു തെരുവില്‍ കുട്ടികളോടൊപ്പം നൃത്തം ചെയ്യുകയും പിന്നാലെ ലാ പെര്‍ലാ കടല്‍ത്തീരത്ത് വസ്ത്രങ്ങളൂരി വെച്ച്, നീല വെള്ളാഴത്തിലേക്ക് ഗ്ലുക് എന്ന് ഊളിയുടുകയും ചെയ്യുമ്പോള്‍ എന്തൊരു സന്തോഷമായിരിക്കും ആകാശത്തിന് എന്ന്!

സങ്കല്‍പ്പിച്ചുകൊണ്ടായിരിക്കുമോ ഡീ കോര്‍ട്ടില്‍ വെച്ച് അയാള്‍ പന്തിനോട് മിണ്ടുന്നതും പുല്‍ത്തകിടിയില്‍ സ്റ്റഡ്‌സുകള്‍ കൊണ്ട് കോഡ്‌സുകള്‍ എഴുതി വെക്കുന്നതും? ക്രോസ് ബാര്‍ നോക്കാതെതന്നെ മതിലുകള്‍ക്കപ്പുറം അയാള്‍ കുറിക്കുന്ന ഓരോ നോട്ടേഷനും ലണ്ടന്‍ ഫില്ലാര്‍മണിക്ക് അയച്ചു കൊടുത്താല്‍ ഒരു കംബോസ്സറുടെ അംബീഷ്യസ് ടാസ്‌കിനെ ഇത്ര ഈസിയായി മറി കടക്കാമോ എന്നവര്‍ അതിശയിക്കും! ഒരു പച്ചത്തുള്ളനെപ്പോലെ പുല്‍മൈതാനത്ത് ടിക് ടിക് എന്ന് നടന്നു പോകുന്നത് കണ്ടാല്‍ ക്യാമറ ട്രിക്ക് ആണെന്ന് തോന്നും. സാധാരണ മലയാളത്തില്‍ പറഞ്ഞാല്‍ ലയണല്‍ മെസ്സി ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസം തന്നെയാണ്! ഇളയരാജ നമ്മുടെ കാലത്ത് നമ്മോടൊപ്പം കഴിയുന്നത് കൊണ്ട് നമുക്ക് അത്ര മനസ്സിലാകാത്ത പോലെത്തന്നെ!

കാലില്‍ കുറെ നേരം വെച്ചു പന്ത് ചീഞ്ഞു പോകാതെയും ആപത്തുകാലത്ത് കാലില്‍ നിന്നെടുത്ത് കൂട്ടുകാരന് കൊടുത്തും വെറുതേ നാവു നീട്ടിപ്പായാതെ ദ്രിബ്ലിംഗിനും പാസ്സിനും ഇടയില്‍ ആവശ്യത്തിനു വിശ്രമിച്ചും മിന്നായമാകുമ്പോള്‍ പെരുമ്മിന്നായമാവുകയും മടിയനാകുമ്പോള്‍ കുഴിമാടിയനാവുകയും ഇടക്കിടക്ക് കുരിശു വരച്ച് കൊണ്‌ജോറിയന്‍ ആകാതെയും അത്യാവശ്യത്തിന് മാനത്തേക്കൊന്ന് നോക്കിയും അതിനൊത്ത് ഭൂമിയളന്നും കൈ വീശി കുറിയ മട്ടില്‍ നടന്നു പോകുന്ന ആ പോക്ക്, ചരിത്രത്തിലേക്കു തന്നെ!

സ്വര്‍ണ്ണപ്പരസ്യത്തിനെന്നും പറഞ്ഞ് ഭാവിയില്‍ ഇവിടെയെങ്ങാനും വന്ന്! ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കാതിരുന്നാല്‍ മതിയായിരുന്നു. നമുക്ക് ഇഷ്ടമുള്ളവര്‍ മാനം കെടുന്നത് നമുക്കിഷടമല്ല! അല്ലെങ്കില്‍ വേണ്ട. വേണ്ടാത്തത് ആലോചിക്കണ്ട. എഴുതി വന്നത് പൂര്‍ത്തിയാക്കാം. ഓരോന്നോര്‍ത്താല്‍ ആ ഫ്ലോ അങ്ങ് പോകും. ഈ ഭാഗം ഒഴിവാക്കി തുടര്‍ന്ന് വായിക്കുന്നതിനു നന്ദി.

അയാള്‍ക്ക് പന്ത്കിട്ടുമ്പോള്‍മാത്രം അര്‍ജന്റീന ഒരുസമ്പന്നരാജ്യമായിമാറുന്നു. അയാള്‍ കരക്കിരിക്കുമ്പോളാകട്ടെ ഒരു ലോറിക്ക് നോട്ടുമായി പോകണം, ഒരുകിലോ ബീഫിന്!

അര്‍ജന്റീനക്കൊപ്പം നില്‍ക്കണമെങ്കില്‍ ചിലിക്കൊപ്പം നില്‍ക്കണം എന്ന് പറയും പണ്ടുള്ളവര്‍! എന്നാലേ, ഓലുണരൂ എന്നാണ്! ഓരോരോ തിയറികളെയ്! ഐഡന്റ്റിറ്റി രാഷ്ട്രീയവുമായി ചേര്‍ത്തു വെച്ചു നോക്കിയാല്‍ ഫുട്ബാള്‍ എന്ന് പരത്തിപ്പരയരുത് എന്നാണ് ഇപ്പോള്‍ ഉള്ളവര്‍ പറയുക. ചിലിയെങ്കില്‍ ചിലി, അര്‍ജന്റീനയെങ്കില്‍ അര്‍ജന്റീന!

ശരി. എങ്കില്‍, മെസ്സി!

ഫൈനലിന് ശേഷം:
ജോണ്‍ ലെനന്‍ ഒരു ആരാധകന്റെ വെടിയേറ്റാണ് മരിച്ചത് !

മെസ്സി ഒരു രാജ്യത്തിന്റെ?

(ഇല്ല. ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചു മൂന്നോ നാലോ നാള്‍ കഴിഞ്ഞിട്ടാണെങ്കിലും അയാള്‍ക്ക് ചിന്തിക്കാതിരിക്കാനാവില്ല)

സ്വന്തം രാജ്യത്തെ ജനങ്ങളോട് കൂറ് കാണിച്ചില്ലെന്നതു തന്നെയാണ് പണ്ടേ ഒരു വിശ്വ പരാതി എന്ന നിലയില്‍ എവിടെയും ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്.
ഗോഡ്‌സെ ഗാന്ധിജിയെപ്പറ്റിപ്പറയും സ്വന്തം നാടിനോട് കൂറില്ലെന്ന്!.
അപ്പോള്‍ ജനങ്ങള്‍ ഒന്ന്! കണ്ഫ്യൂഷനാകും .

കട്ട വിശ്വാസി ഉല്‍പ്പതിഷ്ണുവായ വേറൊരു വിശ്വാസിയെപ്പറ്റിപ്പറയും ഇവന്‍ ഞങ്ങള്‍ക്കപമാനം എന്ന്! അപ്പോള്‍ ജനം അതിലേറെ കണ്ഫ്യൂഷനാവും.
മെസ്സിയെ ഫുട്‌ബോള്‍ എന്ന കളിക്ക് കൊള്ളാം പക്ഷെ അര്‍ജന്റീന എന്ന രാജ്യത്തിന് കൊള്ളില്ല എന്ന്! ഫുട്‌ബോള്‍ നിരീക്ഷകര്‍ കണ്ടെത്തുന്നതോടെ സംഭവം കൂടുതല്‍ വഷളാകും.

അപ്പോളാണ്, പേടിച്ചു ജീവിക്കുന്നവര്‍ക്ക് രണ്ടായാലും കണക്കാണ് എന്നിരിക്കെ, ട്രംമ്പ് ഹിലാരിയെപ്പറ്റി വരെ അങ്ങനെ പറഞ്ഞു കളയുക! അതോടെ ഇത് ശരിയല്ലല്ലോ സാധനം എന്ന് തോന്നാന്‍ തുടങ്ങും. അതുകൊണ്ടാണ് കൈവിട്ട രാജ്യവാദം, അവസാന ഫലത്തില്‍ അഞ്ചു പൈസക്ക് ഇല്ലാത്ത സാധനമാണെന്ന് ബുദ്ധിയുള്ളവര്‍ പറയുന്നത്!
ഫുട്‌ബോളിലാണെങ്കില്‍ ഇതേ പോലെയൊന്നുമല്ല. സമ്പൂര്‍ണ്ണ വിഡ്ഢിത്തവും കൂടിയാണ്. ഉറുമ്പടക്കം മണ്ടത്തരം. ക്രോസ് ബാറിനറിയില്ല ആരാണ്! മെസ്സി എന്ന്!

കാട്ടിലെ രാജാവ് സിംഹമാണെന്ന് സിംഹത്തിനറിയാത്തത് പോലെ! എന്നാല്‍ കഥ അച്ചടിച്ചു വരുന്ന പുസ്തകത്തിന്റെ എഡിറ്റര്‍ മുതല്‍ അതിന്റെ പടം വരപ്പുകാര്‍ തൊട്ട് വായനക്കാര്‍ ഒന്നടങ്കം സ്വയം വിശ്വസിച്ചു വശായി അവസാനം ”സിംഹം നീതി പാലിക്കുക” എന്ന് വരെ പറഞ്ഞു കളയും!

86 ല്‍ ഇതിഹാസ ഗോളടക്കം രണ്ടും ഇംഗ്ലണ്ട് മടക്കി അവസാനം ടൈ ബ്രേക്കറില്‍ പീറ്റര്‍ ഷില്‍ട്ടണ്‍ ഉസ്താദിന്റെ പെനാല്‍റ്റിയും തടുത്ത് ഒടുവില്‍ കപ്പ് എലിസബത്ത് രാജ്ഞിക്ക് സമര്‍പ്പിച്ചിരുന്നു എന്ന് കരുതുക. അര്‍ജന്റീനക്ക് പോയി എന്നല്ലാതെ ഇറ്റലിയില്‍ മറഡോണയുടെ പേരിലുള്ള പള്ളി പൊളിക്കാന്‍ പറ്റുമോ?

ഓടുക ലോല ഓടുക എന്ന് പറഞ്ഞ പോലെയാണ് ഫുട്‌ബോളിന്റെ സ്ഥിതി എന്ന്! ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?

പെലെക്ക് ഒരു സ്വര്‍ണ്ണവ്യാപാരി ആവാന്‍ കഴിയുമായിരുന്നില്ല എന്ന് തന്നെ വെച്ചോ. എന്നാലും ആയിരാമത്തെ ഗോള്‍ എന്ന ആശയത്തിനു പകരം പത്തു ഗോളിന് മുകളില്‍ പെനാല്‍റ്റി പുറത്തേക്ക് അടിച്ചിരുന്ന ആളായിരുന്നെങ്കില്‍ പോലും സിസര്‍ കട്ട് സിസര്‍ കട്ട് തന്നെയല്ലേ .ചിത്രപ്പണികള്‍ക്കൊന്നും ഒരു മാറ്റവും വരില്ല .

അപ്പോള്‍ സീസര്‍ക്കുള്ളത് സീസറെടുക്കുകയും അല്ലാത്തത് കയ്യില്‍ നിന്ന് പോവുകയും ചെയ്യുന്ന, അനിശ്ചിതത്വം ഇനി ഇതിലേറെ അങ്ങോട്ട് നന്നാവാന്‍ ഇല്ലാത്ത ഒരു മനോഹര കളിയെക്കുറിച്ച് നമ്മള്‍ക്ക് ഇത്രയൊക്കെ പറയാമെങ്കില്‍ നമുക്കുറക്കാത്ത കയ്യില്ല എന്നാണ് അതിന്റെ അര്‍ഥം! രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ മാത്രം മെസ്സിയുടെ പൌരത്വം അപകടത്തില്‍ ആകുന്നു. അപ്പോള്‍ മാത്രം അയാള്‍ക്കെന്തോ സംഭവിക്കുന്നുവത്രെ! അതും ഫാഷിസ്റ്റുകള്‍ക്ക് പോലും അഞ്ചു പൈസന്റെ പണി വിചാരിച്ചാലും എടുക്കാന്‍ പറ്റാത്ത ഒരേയൊരു കളത്തില്‍! കളിക്കളം.അത് പടക്കളം …..

”പോട്ടെ ഉട്ട്യേ ..സാരല്യ .. ” എന്ന് ഏതൊരു കാര്യത്തിന്റെ പൊറത്തും സ്‌നേഹം ള്ളോല്‍ക്ക് തട്ടിക്കൊട്ടാവുന്നതേ ള്ളൂ. ന്നിട്ടാണ് മെസി! പ്പോ എന്തായി ? കയ്യിന്ന്! പോയ പോലെ ആയീലെ? ആ കുട്ടിനെ എടങ്ങാറാക്കിയതില്‍ സകല ചാനല്‍ ചര്‍ച്ചാ ദേശീയ വാദികള്‍ക്കും പങ്ക്ണ്ട്. നമ്മള്‍ ഉറക്കം വരെ ഒഴിക്കാന്‍ റെഡിയല്ലേ, മെസ്സിനെ പോലത്തോല് കളിക്കുകയാണെങ്കില്‍. അതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ട്!

ടെക്‌നിക്കല്‍. എയ്‌സ്‌തെറ്റിക്കല്‍. പൊളിറ്റിക്കല്‍, കണ, കുണ ഒക്കെ ആണത്. അല്ലാതെ വെര്‍തെ ആരാധന മൂത്തതൊന്നും അല്ല. മറഡോണക്ക് ശേഷം ഈ കുട്ടിന്റെടുത്ത് തന്നെയാണ് മൊത്തത്തില്‍ മൊഞ്ചുള്ള ജാതി ഐറ്റം കളി ള്ളത്! അല്ലാതെ നാട്ട്ക്ക് കപ്പ് കൊണ്ടോവാനാണെങ്കില് അവുട്ന്ന്! നാലഞ്ച് ഖലാസികള് വന്നോട്ടെ! ഇട്ത്ത് കൊണ്ടോയ്‌ക്കോട്ടേ…

ഇനി അത് തന്നെയല്ല. ചിലിക്ക് കപ്പ് കൊണ്ടോണ്ടേ? നല്ല കൂത്ത്.
പിന്നെ ..പാകത്തിന് അക്ഷരങ്ങള്‍ ഒത്ത് വന്നാല്‍ അതുകൊണ്ട് കളിക്കാന്‍ നമ്മള്‍ക്കിഷ്ടാണ്. ഫോര്‍ എക്‌സാംബിള്‍. മെസി =മെസിഹാ! മിന്നല്‍ പിണറായി! ചക്ക വിറ്റ്ട്ട് മാങ്ങ! അങ്ങനെ പല തരത്തില്‍! അതിനൊക്കെ അനുസരിച്ച് നമ്മള്‍ നില്‍ക്കാന്‍ പോയാല്‍ സംഗതി നമ്മുടെ കയ്യില്‍ നില്‍ക്കില്ല. മെസ്സിയും അത് അറിയണം. മാനുഫാക്ച്ചറിംഗ് ഡിഫക്‌ററ്‌സ് കൂടാതെ മറ്റു ഡിഫാള്‍ട്ട് സെറ്റിംഗ്‌സ് അടക്കം ഒന്നിനൊന്ന് മോശം എന്ന നിലയില്‍ പാസ്റ്റ് പ്രസന്റ് ടെന്‍സില്‍ കഷ്ടിച്ച് മുന്നേറികൊണ്ടിരിക്കുകയാണ് ആകെ മൊത്തം മനുഷ്യര്. മെസ്സിയൊക്കെ എത്രയോ മെച്ചമാണ്!

”ഓം അല്ലാഹ്” വായിച്ചോല്‍ക്ക് ചിലപ്പോള്‍ ഓര്‍മ്മയുണ്ടാവാം. അതില്‍ പലയിടത്തായി ഫുട്‌ബോളിനെക്കുറിച്ചു ഇങ്ങനെയൊക്കെ കുറിച്ചു വെച്ചിട്ടുണ്ട്. മെസ്സിയുടെ കാര്യത്തില്‍ കൃത്യം ചേരും.

”മധ്യ നിരയില്‍ കളിച്ചവര്‍ക്ക് ജീവിതം സുഖ ദുഃഖ സമ്മിശ്രം. സംഘര്‍ഷ ഭരിതം. കയറ്റിറക്കങ്ങളുടെ പരമ്പര. ആക്രമിക്കുമ്പോള്‍ത്തന്നെ പ്രതിരോധിക്കേണ്ടിയും വരുന്നു ”

”ശക്തിയേക്കാളും തത്വത്തിലും ബുദ്ധിയിലും സൌന്ദര്യത്തിലും ഊന്നുന്നത്. ഉള്ളിലെ സ്‌ത്രൈണമായ നോവുകളേയും അത് കണ്ടെടുക്കുന്നു ”

”ഫലം എന്നത് ആപത്കരമായ ഒരു സ്വാര്‍ത്ഥ വാക്കാകുന്നു”
 
”ബ്രസീലിന്റെ കസ്‌ടോഡിയന്‍ ആയിരുന്ന സോക്രട്ടീസ് മരിച്ചു.ജോസിമറും ടിഗാനയും എവിടെയാണാവോ? എന്‍സോ സ്‌കിഫോ കുടുംബത്തോടൊപ്പം കഴിയുകയായിരിക്കുമോ?”

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍