UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷഹീദ് ബാവ കൊലക്കേസ് വിധി സദാചാര പൊലീസുകാര്‍ക്ക് പാഠമാകുമോ?

Avatar

കെ.പി.എസ്.കല്ലേരി

കേരളം നടുങ്ങിയ സദാചാര കൊലക്കേസില്‍ ഒടുക്കം വിധി വന്നിരിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട്ടെ ഒരുള്‍നാടന്‍ ഗ്രാമത്തിന്റെ ഇടവഴിയില്‍ ഇരുട്ടിന്റെ മറപറ്റി ഷഹീദ് ബാവയെന്ന ചെറുപ്പക്കാരനെ തല്ലിയും ചവിട്ടിയും കല്ലുകൊണ്ടിടിച്ചും കമ്പിപ്പാരകൊണ്ട് കുത്തിയും കൊലപ്പെടുത്തിയ കേസിലെ വിധി കേരളം കാത്തിരിക്കുകയായിരുന്നു. സദാചാരത്തിന്റെ പേരിലുള്ള കൊലപാതകമെന്ന് കുറ്റപത്രത്തില്‍ ചേര്‍ക്കുന്ന ആദ്യ കേസാണിത്.

സദാചാരത്തിന്റെ പേരുപറഞ്ഞുള്ള സംഘട്ടനങ്ങള്‍ മലയാളി കാണാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയി. ഉയര്‍ന്ന ജാതിയില്‍ പെട്ടവളെ പ്രേമിച്ച അടിയാളന്‍മാരെ കിണറ്റിലും കുളത്തിലുമെല്ലാം കെട്ടിത്തൂക്കിയ കഥ അച്ഛനപ്പൂപ്പന്റെ കാലത്ത് നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷെ മിശ്രവിവാഹിതരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കിവരുന്ന പരിഷ്‌കൃത സമൂഹത്തില്‍  ഒരുപറ്റം ക്രിമിനലുകള്‍ ഒരു യുവാവിനെ അതിദാരുണമായി തല്ലിക്കൊന്നത് മലയാളിക്ക് നടാടെയുള്ള അനുഭവമായിരുന്നു. അതുകൊണ്ടുതന്നെ സാംസ്‌കാരിക കേരളം ഒന്നടങ്കം ആഗ്രഹിച്ചു ഇത്തരമൊരു വിധിയെ. പ്രതികള്‍ക്ക് കൊലക്കയര്‍ കിട്ടാത്തിലുള്ള പ്രതിഷേധം ഷഹീദ് ബാവയുടെ പിതാവിന്റെ വൈകാരിക പ്രകടനമായി മാറ്റി നിര്‍ത്തിയാല്‍ ഒമ്പത് പ്രതികള്‍ക്കും കിട്ടിയ ജീവപര്യന്തം അവര്‍ അര്‍ഹിച്ച ശിക്ഷ തന്നെ. മറ്റൊരു ഷഹീദ് ബാവ കേരളത്തിന്റെ ഇടവഴികളൊന്നും പിടഞ്ഞൊടുങ്ങാതിരിക്കാന്‍ ഇത്തരമൊരു വിധി നിര്‍ബന്ധമായിരുന്നു.

നവംബര്‍ ഒമ്പതിന് രാത്രി നടന്നത്
2012 നവംബര്‍ ഒമ്പതിന് രാത്രിയാണ് സദാചാര പൊലീസ്  ചമഞ്ഞ് ഒരുപറ്റം ഗുണ്ടകള്‍ നിഷ്ഠൂരമായി കൊടിയത്തൂര്‍ ചുള്ളിക്കാപ്പറമ്പ്  കൊടുപുറത്ത് തേലേരി ഷഹീദ്  ബാവ (26)യെ തല്ലിച്ചതച്ചത്.അക്രമി സംഘം കമ്പിപ്പാരകൊണ്ടും കരിങ്കല്ലുകൊണ്ടും ദേഹമാസകലം അടിച്ചു ചതച്ച ബാവ 13ന് വൈകുന്നേരം കോഴിക്കോട്ടെ  സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടു.  ബീഹാറും അസാമും പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആളെ തല്ലിക്കൊന്നു എന്ന വാര്‍ത്തകള്‍ അത്ഭുതത്തോടെയും ഒപ്പം ഭീതിയോടെയും കേട്ടിരുന്ന മലയാളി ഞെട്ടലോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്.

പതിനഞ്ചോളം വരുന്ന സംഘമാണ്  ഷഹീദ് ബാവയെ ആക്രമിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കല്ലെറിഞ്ഞു വീഴ്ത്തി. തുടര്‍ന്ന് പ്ലാസ്റ്റിക് കയര്‍ കൊണ്ട് കൈകള്‍ ബന്ധിച്ചു. കമ്പിപ്പാരയും കരിങ്കല്ലുംകൊണ്ട് തുരുതുരാ അടിച്ചു. ബാവയുടെ പിടച്ചിലും രോദനങ്ങളും ഒന്നും അവരുടെ മൃഗീയ മനസിനെ പിന്തിരിപ്പിച്ചില്ല.  നിലവിളി കേട്ട്  ഓടിയെത്തിയവരെ ആക്രമികള്‍ തെറ്റിദ്ധരിപ്പിച്ചു. മദ്യപിച്ചു വഴിയില്‍ വീണു കിടക്കുകയാണെന്നും  അയാളെ പറഞ്ഞു വിടാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു  അവര്‍ പറഞ്ഞത്. 

ബെസ്റ്റ് ഓഫ് അഴിമുഖം 

പര്‍ദയും ജമാത്തും തമ്മിലെന്ത്?
എന്താണ് മലയാളിയുടെ പ്രശ്നം? ഡോ. എന്‍.എം മുഹമ്മദലി സംസാരിക്കുന്നു
കേരളം ഓടുന്നത് റിവേഴ്സ് ഗിയറില്‍ – എം.എന്‍ കാരശേരി
നാണമില്ലാത്ത മലയാളിയെ കുറുപ്പ് പഠിപ്പിക്കുന്ന പാഠങ്ങള്‍
ശ്വേതാ ബാസുവും (ഇ)മോറല്‍ പോലീസിംഗും

അബോധാവസ്ഥയില്‍ കമിഴ്ന്നു കിടക്കുന്ന ബാവയുടെ തലയില്‍ നിന്നും  ദേഹത്തുനിന്നും ചോരയൊലിക്കുന്നതു കണ്ട് പന്തികേടു തോന്നിയ ചിലരാണ് മുക്കം പൊലീസിനെ വിവരമറിയിച്ചത്. അതിനിടക്ക് ആശുപത്രിയില്‍ കൊണ്ടു പോകാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം അക്രമികള്‍ ഭീഷണിപ്പെടുത്തി തടഞ്ഞു. അവിടെ കിടന്ന് ചാവട്ടെ എന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നതെന്ന് ദൃക്‌സാക്ഷികള്‍. ഒരു മണിക്കൂര്‍ വൈകി  മുക്കത്തുനിന്നു മോട്ടോര്‍ ബൈക്കില്‍ എഎസ്‌ഐയും പൊലീസുകാരനും എത്തിയെങ്കിലും അക്രമികള്‍ അവരെയും ഭീഷണിപ്പെടുത്തി. തുടര്‍ന്ന്  മുക്കം എസ്‌ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയാണ് ബാവയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ആക്രമണം നടന്നിട്ടു മൂന്നു മണിക്കൂറായിരുന്നു. നാലാം ദിവസം ബാവ മരിക്കുകയും ചെയ്തു.

ആറുമാസം മുമ്പ് ള്‍ഫില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു ഷഹീദ് ബാവ. കൊടിയത്തൂരിലെ ഒരു വീട്ടില്‍ സംശയകരമായ രീതിയില്‍ ഇയാള്‍ പോകുന്നുണ്ടെന്നാരോപിച്ചാണ് ഒരു സംഘം യുവാക്കള്‍ ഇയാള്‍ക്കെതിരെ തിരിഞ്ഞത്. ഒരാളെ പതിനഞ്ചോളം വരുന്ന സംഘം കീഴ്‌പ്പെടുത്തി അതിക്രൂരമായി മര്‍ദ്ദിക്കുക. അബോധാവസ്ഥയിലായിട്ടും അക്രമം തുടരുക.  ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ച നാട്ടുകാരെയും പൊലീസിനേയും ഭീഷണിപ്പെടുത്തി തടയുക. കേരളക്കരയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് കൊടിയത്തൂരില്‍ നടന്നത്.  

കോടതി വിധി
കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയില്‍ സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എസ്. കൃഷ്ണകുമാറാണ്  ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചത്.

കേസിലെ ഒന്നാം പ്രതി കൊടിയിത്തൂര്‍ സ്വദേശി കൊല്ലാളത്തില്‍ അബ്ദു റഹിമാന്‍ (ചെറിയാപ്പു-52), മൂന്നാം പ്രതി നാറഞ്ചാലത്ത് പാലക്കാടന്‍ അബ്ദുള്‍ കരീം (42),  നാലാം പ്രതി നടക്കല്‍ കോട്ടക്കുഴിയില്‍ അബ്ദുള്‍ നാസര്‍ എന്ന ഓട്ടോ നാസര്‍ (28), അഞ്ചാം പ്രതി മാളിയേക്കല്‍ ഫയാസ് (28), ആറാം പ്രതി കളത്തിങ്ങല്‍ നാജിദ് (19), എട്ടാം പ്രതി പത്തേന്‍കടവ് റാഷിദ് (19),  ഒന്‍പതാം പ്രതി എള്ളങ്ങല്‍ ഹിജാസ് റഹ്മാന്‍ എന്ന കട്ട (20), പത്താം പ്രതി നാറാഞ്ചിലത്ത് പാലക്കാടന്‍ മുഹമ്മദ് ജംഷീര്‍ (22), പതിനൊന്നാം പ്രതി കൊളായില്‍ ഷാഹുല്‍ ഹമീദ് (26) എന്നിവര്‍ക്കാണ് ജീവപര്യന്തവും പിഴയും വിധിച്ചത്. ഒന്നാം പ്രതി അബ്ദു റഹിമാന്‍ , മൂന്നാം പ്രതി അബ്ദുള്‍ കരീം,  നാലാം പ്രതി അബ്ദുള്‍ നാസര്‍ എന്ന ഓട്ടോ നാസര്‍ എന്നിവര്‍ 25,000 രൂപ വീതവും അഞ്ചാം പ്രതി മാളിയേക്കല്‍ ഫയാസ്, ആറാം പ്രതി കളത്തിങ്ങല്‍ നാജിദ് , എട്ടാം പ്രതി റാഷിദ് ,  ഒന്‍പതാം പ്രതി ഹിജാസ് റഹ്മാന്‍ , പത്താം പ്രതി മുഹമ്മദ് ജംഷീര്‍ , പതിനൊന്നാം പ്രതി ഷാഹുല്‍ ഹമീദ്  എന്നിവര്‍ അമ്പതിനായിരം രൂപ വീതം പിഴയടക്കണം. പിഴയടച്ചില്ലെങ്കില്‍ ഓരോരുത്തരും ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും. പിഴ തുകയില്‍ രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട ഷഹീദ് ബാവയുടെ പിതാവ് കത്താലിയ്ക്ക് നല്‍കാനും കോടതി വിധിച്ചു. ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി രണ്ട് വര്‍ഷം വരെ തടവും പ്രതികള്‍ക്ക് കോടതി വിധിച്ചിട്ടുണ്ട്. ഇവ പ്രതികള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. അപൂര്‍വകളില്‍ ആപൂര്‍വമായ കേസായി ഈ കേസിനെ കാണാന്‍ കഴിയാത്തതിനാല്‍ പരമാവധി ശിക്ഷ നല്‍കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നിയമം കയ്യിലെടുക്കുന്നവര്‍ക്ക് പാഠമാകണമെന്നും കേസിലെ പ്രധാന പ്രതികള്‍ക്ക് പരാമവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കുടുംബ പ്രാരാബ്ധങ്ങള്‍ ഉള്ളതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതികള്‍ കോടതിയോട് അപേക്ഷിച്ചിരുന്നു.

കേസില്‍ പതിനഞ്ച് പ്രതികളാണുണ്ടായിരുന്നത്. പതിനാലുപേര്‍ വിചാരണ നേരിട്ടു. ഇതില്‍ അഞ്ച് പേരെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. കേസിലെ പ്രതിയായ കൊടിയത്തൂര്‍ സ്വദേശി ഫായിസ് ഒളിവിലാണ്. എണ്‍പത് സാക്ഷികളില്‍ 40 പേരെയും എരഞ്ഞിപ്പാലത്തെ സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിച്ചു. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ ജോസി ചെറിയാനാണ് കേസ് അന്വേഷിച്ച് 2012 ഫെബ്രുവരി ആറിന് കുറ്റപത്രം സമര്‍പ്പിച്ചത്.

തുടരുന്ന സദാചാര ആക്രമണങ്ങള്‍ക്ക് പാഠമാകുമോ?
ഷഹീദ് ബാവയ്ക്കുശേഷം കോഴിക്കോട്ടും കാസര്‍ഗോട്ടുമെല്ലാം പിന്നീട് ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ അരങ്ങേറി. രണ്ടാഴ്ചമുമ്പ് കണ്ണൂരിലും അരങ്ങേറി. അന്യമതത്തില്‍പെട്ടൊരു പണ്‍കുട്ടിയുമായി റോഡരികില്‍ നിന്ന് സംസാരിക്കുന്നവനെപ്പോലും വര്‍ഗീയ കോമരങ്ങള്‍ കയറി വെട്ടാന്‍ തുടങ്ങി. സ്ത്രീക്ക് പരാതികളില്ലാഞ്ഞിട്ടും യുവാക്കള്‍ ജാതിയും മതവും നിറവും നോക്കി അക്രമിക്കപ്പെട്ടു. ചിലതില്‍ ഇര കൊല്ലപ്പെട്ടു, മറ്റ് ചില സംഭവത്തിലെ ഇരകള്‍ ജീവശ്ശവങ്ങളായി ജീവിക്കുന്നു. എന്നിട്ടും ഇത്തരത്തിലുള്ള സദാചാര പൊലീസുകാര്‍ നാട്ടില്‍ വിലസിക്കൊണ്ടിരിക്കുന്നു. കൂടാതെ പൊലീസ് തന്നെ സദാചാര കാവല്‍ക്കാരായി മാറുന്ന നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2011ല്‍ കാക്കനാട്ട് വെച്ച് ഐ ടി പ്രൊഫഷണലും സാമൂഹ്യ പ്രവര്‍ത്തകയുമായ തസ്നി ബാനുവും സുഹൃത്തും ഒരു സംഘം ആളുകളാല്‍ കയ്യേറ്റം ചെയ്യപ്പെട്ടതും നടി ഹിമാശങ്കറിനും സുഹൃത്തിനും കൊല്ലത്ത് വെച്ച് പോലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടായതും മറക്കാറായിട്ടില്ല. ലൌ ജിഹാദ് എന്ന് പേരിട്ട് വര്‍ഗീയമായി തിരിഞ്ഞു ആണ്‍ പെണ്‍ ബന്ധങ്ങളെ കാണുകയും അത്തരത്തില്‍ ഉള്‍പ്പെട്ട് എന്ന് സംശയിക്കുന്ന യുവാക്കളെയും യുവതികളെയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് ഉത്തരേന്ത്യ മാത്രമല്ല കേരളവും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍റെ കൂടെ യേശുദാസിനെ പോലുള്ള ജനങ്ങള്‍ ആരാധിക്കുന്നവര്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചും മറ്റും നടത്തുന്ന പ്രസ്താവനകളും ഈയൊരു സാമൂഹ്യ സാഹചര്യത്തെ കൂടുതല്‍ കൂടുതല്‍ ഭയാനകമാക്കുകയാണ്.\

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍