UPDATES

ആം ആദ്മിക്ക് വോട്ട് ചെയ്യണമെന്ന് ഷാഹി ഇമാം; ആവശ്യമില്ലെന്നു ആം ആദ്മി

Avatar

അഴിമുഖം പ്രതിനിധി

ഡല്‍ഹിയുടെ വിധി നിര്‍ണയിക്കാന്‍ നാളെ ജനം പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ രാജ്യതലസ്ഥാനത്തു നിന്നു കേട്ട ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വിശേഷം ഷാഹി ഇമാമിന്റെ ആം ആദ്മി പിന്തുണയാണ്. തെരഞ്ഞെടുപ്പില്‍ ആപ്പിന് വോട്ട് കുത്തണമെന്നാണ് ഷാഹി ഇമാം സയ്ദ് അഹമ്മദ് ബുക്കാരി ആഹ്വാനം ചെയ്തത്. എന്നാല്‍ ഇമാമിന്റെ സഹായം തങ്ങള്‍ക്കു വേണ്ടെന്ന് ആപ്പുകാര്‍ കൈയോടെ അറിയിച്ചു.

തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എതിര്‍ പാളയത്തില്‍ ആണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇമാം കാണിച്ച നടപടി അംഗീകരിക്കാത്തവരാണ് ആം ആദ്മിക്കാര്‍. മകനെ തന്റെ പിന്‍ഗാമിയായി വാഴിക്കുന്ന ചടങ്ങിലേക്ക് സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ക്ഷണിക്കാതെ പാകിസ്താന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച കക്ഷിയാണ് ഷാസി ഇമാമെന്നു ആപ്പ് കുറ്റപ്പെടുത്തി. അങ്ങനെയുള്ളൊരാളുടെ പിന്തുണ തങ്ങള്‍ക്കു വേണ്ട. വര്‍ഗീയ രാഷ്ട്രീയം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന തങ്ങള്‍ക്ക് ഷാസി ഇമാമിന്റെ പിന്തുണ ഒരുതരത്തിലും സ്വീകരിക്കാന്‍ കഴിയില്ലെന്നും എ എ പി നേതാവ് ആഷിഷ് ഖേതാന്‍ പറഞ്ഞു.

അതേസമയം ഇമാമിന്റെ പിന്തുണ ആം ആദ്മിക്ക് വിപരീതഫലമായിരിക്കും ഉണ്ടാക്കുകയെന്നു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചു. ഡല്‍ഹിയില്‍ നടക്കുന്നത് ഭരണനിര്‍വഹണവും അരാജകത്വവും തമ്മിലുള്ള മത്സരമാണെന്നും ബിജെപി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും ജയ്റ്റ്‌ലി പറഞ്ഞു. നിയമസഭയിലേക്കാള്‍ ആം ആദ്മിക്ക് ശോഭിക്കാന്‍ കഴിയുന്നത് തെരുവിലാണെന്നും ജയ്റ്റ്‌ലി എടുത്തു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍