UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാജാസ് കോളജിന്റെ സ്വന്തം ഫോട്ടോഗ്രാഫര്‍

Avatar

അഭിമന്യു

ഫോട്ടോ എടുക്കുന്ന തിരക്കിനിടെയാണ് ഷാഹിദ് സംസാരിച്ചു തുടങ്ങിയത്… മൊബൈല്‍ ഫോണുള്ളവരൊക്കെ ഫോട്ടോഗ്രാഫര്‍മാരായ ഈ ഡിജിറ്റല്‍ കാലത്ത് ഷാഹിദ് മനയ്ക്കപ്പടി വ്യത്യസ്തനാണ്. കേരളത്തിലെ കലാലയങ്ങളില്‍ മെഗാസ്റ്റാറായ എറണാകുളം മഹാരാജാസ് കോളജിന്റെ സ്വന്തം ഫോട്ടോഗ്രാഫറാണ് ഷാഹിദ്. മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ഷാഹിദ് ആഴ്ചയില്‍ ഒരിക്കലെങ്കിലും ക്യാമറയുമായി മഹാരാജാസിലെത്തും, തന്റെ പ്രിയ കലാലയത്തിന്റെ ചിത്രം പകര്‍ത്താന്‍. പുതുമയുള്ള ഒരു ചിത്രത്തിന് സെറ്റൊരുക്കി മഹാരാജാസ് തന്റെ പ്രിയ ശിഷ്യനെ കാത്തിരിക്കുന്നുണ്ടാകും. മഹാരാജാസ് എന്റെ കണ്ണിലൂടെ പേരില്‍ ഫെയ്‌സ്ബുക്കില്‍ ആല്‍ബം തയാറാക്കി ചിത്രങ്ങള്‍ ഏവരിലേക്കും എത്തിക്കുകയും ചെയ്യുന്നുണ്ട് ഷാഹിദ്.



ക്യാമറയുമായി കോളേജിലേക്ക്

2008-ല്‍ മഹാരാജാസ് കോളജില്‍ നിന്ന് ബിരുദ പഠനം കഴിഞ്ഞിറങ്ങിയ ഷാഹിദ് എന്തുകൊണ്ടാണ് വീണ്ടും വീണ്ടും ആ ക്യാംപസിലേക്കു വരുന്നത്? ഫോട്ടോഗ്രഫി ഒരു പ്രൊഫഷനായി സ്വീകരിച്ച ഷാഹിദിന്റെ മഹാരാജാസ് ചിത്രങ്ങള്‍ തന്നെയാണ് അതിനുള്ള മറുപടി. പഠനകാലത്ത് ഈ ക്യാംപസിലെ പ്രണയവും സമരവും സൗഹൃദവും മഴയുമൊക്കെ ക്യാമറയില്‍ പകര്‍ത്തി ശ്രദ്ധേയനായിരുന്നു ഷാഹിദ്.

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇപ്പോഴും ക്യാമറയുമായി മഹാരാജാസില്‍ ഷാഹിദ് എത്താന്‍ ശ്രമിക്കും. ഇപ്പോള്‍ കല്യാണക്കാലമാണ്. അതിനാല്‍ കോളജില്‍ എത്തുന്ന ഇടവേളകള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാലും കോളേജിലെ വിവരങ്ങള്‍ എല്ലാം അറിയുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് പോയിരുന്നു. പുതിയ കുട്ടികളുമായി നല്ല സൗഹൃദമുണ്ട്– ഷാഹിദ് പറയുന്നു.



ക്യാമറയില്ലാതെ കോളേജിലേക്കില്ല

ക്യാമറയില്ലാതെ താന്‍ കോളജിലെത്തിയിട്ടില്ലെന്നു ഷാഹിദ് പറയുന്നു. മഹാരാജാസിലെ ഒരോ നിമിഷവും ഷാഹിദിന്റെ ക്യാമറയ്ക്ക് ഒപ്പമാണ്. പഠനം പൂര്‍ത്തിയാക്കി എട്ട് വര്‍ഷം കഴിഞ്ഞിട്ടും കോളെജിലെ സുഹൃദ് ബന്ധങ്ങള്‍ക്ക് ഒരു കുറവുമില്ല. പിന്നീട് വന്ന ഒരോ ബാച്ചിലേയും വിദ്യാര്‍ഥികളുമായി അടുത്ത സൗഹൃദം.

പ്ലസ്ടു പഠന കാലത്താണ് ക്യാമറയോടുള്ള പ്രണയം തോന്നുന്നത്. പത്രങ്ങളില്‍ വരുന്ന ഫോട്ടോകള്‍ വെട്ടിയെടുത്ത് ഒട്ടിക്കുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. അവന്റെ ശേഖരത്തിലുള്ള ചിത്രങ്ങള്‍ കണ്ടാണ് ഫോട്ടോഗ്രഫിയോട് ഇഷ്ടം തോന്നിയത്. സ്വന്തമായി ഒരു ക്യാമറ വാങ്ങുന്നതു സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല, അക്കാലത്ത്. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി ക്യാമറ വാങ്ങുന്നത്. ഫിലിം ക്യാമറയായിരുന്നു അത്. പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കാന്‍ സാധിച്ചത്.



എന്തു കൊണ്ടു മഹാരാജാസ്?

ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ഒരു ഫ്ലാഷ് മിന്നുന്ന സമയം പോലും ഷാഹിദിന് ആവശ്യമില്ല. ഇത്ര സുന്ദരമായ ക്യാംപസ് വേറെ എവിടെയുണ്ട്? ഒരോ ദിവസം എത്തുമ്പോഴും മഹാരാജാസ് കൂടുതല്‍ സുന്ദരിയായിരിക്കും. എവിടെ നോക്കിയാലും ഒരു ഫോട്ടോയ്ക്കുള്ള ഫ്രെയിം ഈ ക്യാംപസ് സൃഷ്ടിച്ച് കാത്തുവെച്ചിരിക്കും. എത്ര ഫോട്ടോ എടുത്താലും തീരാത്ത പ്രണയങ്ങളും മഹാരാജാസിലുണ്ട്. പലപ്പോഴും നാണത്തോടെ ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ടുണ്ടവര്‍. പിന്നെ കുറേക്കാലം കഴിഞ്ഞ് അവരുടെ കല്യാണ ഫോട്ടോയും താന്‍ എടുത്തിട്ടുണ്ട്.



ഇത്ര സ്വാതന്ത്ര്യം തരുന്ന കലാലയം വേറെയില്ല. ക്യാമറയും തൂക്കി എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാം. അനാവശ്യമായ നിയന്ത്രണങ്ങള്‍ കുറവാണ്. ഫെയ്‌സ്ബുക്കാണ് തന്റെ പടങ്ങള്‍ക്ക് പ്രശസ്തി തന്നത്. ഒരോ പടങ്ങള്‍ക്കും ധാരാളം കമന്റും ലൈക്കും എല്ലാം കിട്ടുന്നു
, ഷാഹിദ് പറയുന്നു.



സിനിമ തന്നെ ലക്ഷ്യം

ആഷിക് അബു, അന്‍വര്‍ റഷീദ്, സമീര്‍ താഹിര്‍ തുടങ്ങി മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥികളെ പോലെ ഷാഹിദിനും സിനിമ മേഖല ഇഷ്ടമാണ്. ക്യാമറാമാന്‍ അനില്‍ നായരുടെ സഹായിയായി ചില സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കമ്മത്ത് ആന്‍ഡ് കമ്മത്തിന്റെ ചിത്രീകരണത്തിനിടയില്‍ മഹാരാജാസില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ ആല്‍ബമാക്കി മമ്മൂട്ടിക്ക് നല്‍കിയിരുന്നു. മഹാരാജാസിനെ ഇപ്പോഴും പ്രണയിക്കുന്ന പൂര്‍വ വിദ്യാര്‍ഥിയായ മമ്മൂട്ടി ഏറെ ആഹ്ലാദത്തോടെയാണ് ആ ആല്‍ബം സ്വീകരിച്ചത്. ചിത്രങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

തൃശൂര്‍ പൂരം, ആറാട്ടുപുഴ പൂരം എന്നിവയക്ക് സ്ഥിരമായി പോകുന്ന ഷഹീദ് ഫ്രീലാന്‍സായും കല്യാണം, പരസ്യം എന്നിവയുടെ വര്‍ക്കും ഉപജീവനത്തിനായി ചെയ്യാറുണ്ട്. 

കരുവാനൂര്‍ മനക്കപ്പടി അബൂബക്കറിന്റെയും സുലൈഖയുടെയും മൂത്ത മകനാണ് ഷാഹിദ്. ഷാക്കിറും അന്‍ഫിയയുമാണ് സഹോദരങ്ങള്‍. ഭാര്യ- റഹ്മ, നാലു മാസം പ്രായമായ കുട്ടി അയാന്‍.ആദ്യമൊക്കെ ഫോട്ടോഗ്രാഫിയോടുള്ള തന്റെ ഇഷ്ടത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീട്ടുകാരുടെ പിന്തുണയും ഉണ്ടെന്ന് ഷാഹിദ് പറയുന്നു.

മഹാരാജാസിലെ പിരിയന്‍ ഗോവണികളും, ഇടനാഴികളും സെന്‍ട്രല്‍ സര്‍ക്കിളും കാത്തിരിക്കുകയാണ്… ഷാഹിദിന്റെ ക്യാമറാക്കണ്ണുകള്‍ക്ക് നല്ല കാഴ്ചകളൊരുക്കി.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍