UPDATES

സിനിമ

നമ്മുടെ സിനിമ വളര്‍ത്തുന്നതില്‍ IFFK പരാജയം; പരക്കം പാച്ചിലല്ല സിനിമ കാണല്‍-ഷാജി എന്‍ കരുണ്‍

Avatar

ഷാജി എന്‍ കരുണ്‍/സാജു കൊമ്പന്‍

ഇരുപതാമത്  കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉപദേശക സമിതി അധ്യക്ഷനും പ്രശസ്ത സംവിധായകനുമായ ഷാജി എന്‍ കരുണ്‍ സംസാരിക്കുന്നു.

15 വര്‍ഷത്തിന് മുന്‍പ് ചലചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ എന്ന നിലയില്‍ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തെ വേറിട്ട രീതിയില്‍ കാണുകയും അതിന് ഇന്ന്  കാണുന്ന പ്രശസ്തിയിലേക്ക് വളരുന്നതിനുള്ള വിത്തിടുകയും ചെയ്തയാളാണ് താങ്കള്‍. ഇപ്പോള്‍ ചലച്ചിത്രോത്സവത്തിന്റെ ഉപദേശക സമിതി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ കടന്നു വരുമ്പോള്‍ എന്താണ് താങ്കള്‍ക്ക് തോന്നുന്നത്?

ഞാന്‍ ചെയര്‍മാനായിരിക്കുന്ന കാലത്താണ് ഫിലിം ഫെസ്റ്റിവല്‍ സഞ്ചരിച്ചു തുടങ്ങിയത്. കൊച്ചിയില്‍ നടന്നു. പിന്നെ കോഴിക്കോട്ടും.  തിരുവനന്തപുരത്ത് നിന്നു മാറി കോഴിക്കോട് പോലുള്ള ഒരു സ്ഥലത്ത് നടത്തുക എന്നുപറയുന്നത് വലിയ വെല്ലുവിളി ആയിരുന്നു. അതുവരെ ഒരു ഇന്‍റര്‍നാഷണല്‍ ഈവന്റ് കോഴിക്കോട് നടന്നിട്ടില്ല. ജനങ്ങള്‍ അതിനോടു അത്ര പരിചിതര്‍ അല്ല. 35 എം എം സിനിമകളാണ്. സാങ്കേതികമായും അടിസ്ഥാന സൌകര്യങ്ങള്‍ ആയി ബന്ധപ്പെട്ടും കുറേ സൌകര്യങ്ങള്‍ ഒരുക്കണം. മാത്രമല്ല ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ അന്നത്തെ നിയന്ത്രണങ്ങള്‍ കടുത്തതുമായിരുന്നു. 

അന്ന് ഉദ്ദേശിച്ചത് ഫിലിം ഫെസ്റ്റിവല്‍ എല്ലാ ജില്ലകളിലും പരിചിതമാക്കണമെന്നായിരുന്നു. അങ്ങനെയായിരുന്നു അത് കൊച്ചിയിലേക്ക് വന്നത്. പിന്നീട് കോഴിക്കോടും. അത് കഴിഞ്ഞു തിരുവനന്തപുരത്തേക്ക് തിരിച്ചു കൊണ്ട് വന്നു. അങ്ങനെ തിരുവനന്തപുരം സ്ഥിര വേദിയായി. തിരുവനന്തപുരത്ത് ഒരു ഫെസ്റ്റിവല്‍ നടത്തുക എന്നുപറയുന്നത് താരതമ്യേന എളുപ്പമാണ്. അടിസ്ഥാന സൌകര്യം എല്ലാമുണ്ട്.

അതാത് ഫെസ്റ്റിവല്‍ നടത്തുന്ന സ്ഥലത്തെ ലോക്കല്‍ ബോഡികളുടെ കള്‍ച്ചറല്‍ പ്രസന്‍സ് ഉണ്ടാവണം എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ അവരുടെ സാന്നിധ്യം ഐഡന്‍റിഫൈ ചെയ്യാനും അവരെ ഭാഗഭാക്കാക്കാനും ശ്രമിച്ചിരുന്നു. അങ്ങനെയാണ് നഗരസഭകള്‍ വരുന്നത്. അതുവരെ കോര്‍പ്പറേഷനുകള്‍ക്ക് ഇത്തരം കള്‍ച്ചറല്‍ ആക്റ്റിവിറ്റീസിനെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. വീട് വൃത്തിയാക്കുക, റോഡ് വൃത്തിയാക്കുക എന്നതുപോലെ തന്നെ പ്രധാനമാണ് സാംസ്കാരികമായി ബെനിഫിറ്റഡ് ആയിട്ടുള്ള ഒരു സിറ്റിസണ്‍ഷിപ്പ് ഉണ്ടാക്കുക എന്നത്. അതും അന്ന് നടപ്പാക്കാന്‍ പറ്റി. പക്ഷേ പിന്നീടത് തുടരാന്‍ സാധിച്ചില്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ തിരുവനന്തപുരത്ത് വന്നപ്പോള്‍ സംഭവിച്ചത് അത് തിരുവനന്തപുരത്തിനപ്പുറത്തേക്ക് പോയില്ല എന്നതാണ്.

കോഴിക്കോടും കൊച്ചിയിലും ഫെസ്റ്റിവല്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സിനിമയെ സ്നേഹിക്കുന്ന ആളുകള്‍ ഇന്നും ഇവിടെ വരുന്നത്. ഫെസ്റ്റിവലുമായി അടുപ്പം ഉണ്ടായത് മറ്റുള്ള ജില്ലകളില്‍ നടത്തിയപ്പോഴാണ്. ഫെസ്റ്റിവലുകളില്‍ വരാനുള്ള ധൈര്യം അത് പകര്‍ന്നു കൊടുത്തു. പിന്നീട് ഒരു മൂന്നുവര്‍ഷം കൂടി ഞാന്‍ ഇരുന്നിരുന്നെങ്കില്‍ വയനാട് ഇടുക്കിയിലും കൂടി നടത്തണമെന്നായിരുന്നു എന്‍റെ ആഗ്രഹം. ചലച്ചിത്ര സംസ്കാരം വികസിക്കാതെ നില്‍ക്കുന്ന സ്ഥലങ്ങളുണ്ട് കേരളത്തില്‍. ആ സ്ഥലങ്ങളില്‍ ഫിലിം ഫെസ്റ്റിവലുകള്‍ നടത്തുമ്പോള്‍ ആക്റ്റിവിറ്റീസ് കൂടുകയാണ്. ഉദാഹരണമായി അവിടത്തെ തിയറ്ററുകള്‍ നന്നാക്കുക. ഫെസ്റ്റിവല്‍ കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ അവിടത്തെ അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാം ഒരു അന്തരാഷ്ട്ര നിലവാരം ഉള്ളതായി മാറുന്നു. അത് ഉപകരിക്കുന്നത് അവിടത്തെ ജനങ്ങള്‍ക്കാണ്. അത് നടക്കാത്തതിലുള്ള സങ്കടം എനിക്കുണ്ട്. എന്തിന് തിരുവനന്തപുരത്ത് എത്തി എന്നു ചോദിച്ചാല്‍ അത് ഉദ്യോഗസ്ഥരുടെയും ആള്‍ക്കാരുടെയും സൌകര്യം നോക്കി മാത്രമാണ്.

പിന്നെ മറ്റൊരു കാര്യം അന്ന് ഫെസ്റ്റിവല്‍ നടത്തിയത് ഏപ്രില്‍ മാസത്തിലാണ്. സ്കൂളുകള്‍ അടച്ചതിന് ശേഷമുള്ള ഒരാഴ്ച. പിന്നീടത് ഡിസംബറിലേക്ക് മാറ്റി. യുവാക്കളെ ആയിരുന്നു ഞങ്ങള്‍ ടാര്‍ജറ്റ് ചെയ്തത്. ഒരു വര്‍ഷത്തെ പഠിത്തം കഴിഞ്ഞുള്ള ഗ്യാപ്പില്‍ കുട്ടികള്‍ക്ക് സിനിമ കാണാനുള്ള സൌകര്യം ഉണ്ടാക്കണം എന്നതായിരുന്നു ചിന്ത. ആ സമയവും നമ്മള്‍ നഷ്ടപ്പെടുത്തി.കുറെക്കൂടി വേള്‍ഡ് പ്രീമിയര്‍ സിനിമകള്‍ കൊണ്ട് വരുന്നതിന് ആ സമയം നല്ലതായിരുന്നു. ഡിസംബറില്‍ ആയിരുന്നു ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ നടക്കുന്നത്. അത് കഴിഞ്ഞു നാലു മാസം നമുക്ക് കിട്ടുന്നതുകൊണ്ട് കുറെക്കൂടി പുതിയ സിനിമകള്‍  കിട്ടുമായിരുന്നു. ഐ എഫ് എഫ് ഐയില്‍ കാണിക്കാന്‍ കഴിയാത്ത കുറച്ചു മികച്ച സിനിമകള്‍ മലയാളത്തിലും ഇന്ത്യന്‍ സിനിമയില്‍ നിന്നു നമുക്ക് പുതുതായി ഇവിടെ കൊണ്ടുവരാന്‍  കഴിഞ്ഞിരുന്നു. 

ആ കാലത്താണ് ജനകീയാസൂത്രണ പരിപാടി പഞ്ചായത്തുകളില്‍ ആരംഭിച്ചത്. അതിന്റെ ഭാഗമായി പഞ്ചായത്തുകള്‍ക്ക് കള്‍ച്ചറിന് ഒരു 5 മുതല്‍ 10 ശതമാനം വരെ പണം ഉണ്ടായിരുന്നു. ഈ പണം ഉപയോഗിച്ച് അക്കാദമിയുടെ നേതൃത്വത്തില്‍ ഫിലിം സൊസേറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആയിരം 1500  സൊസേറ്റികള്‍ കേരളത്തിലുണ്ടാകും. കേരളത്തില്‍ റിലീസ് ചെയ്യാന്‍ സാധിക്കാത്ത സിനിമകള്‍ പണം വാങ്ങിച്ചു പ്രദര്‍ശിപ്പിക്കാനുള്ള സൌകര്യം ഉണ്ടാകും. ഈ സൊസേറ്റികളില്‍ ഒരു സ്ക്രീനിംഗിന് 3000 രൂപ വെച്ചു കളിച്ചാല്‍ മൂന്ന് സ്ക്രീനിംഗ് നടത്തുമ്പോള്‍ 10,000 രൂപ നിര്‍മ്മാതാവിന് കിട്ടുകയാണ്. അങ്ങനെ ആയിരത്തിലധികം സൊസേറ്റികളില്‍ കളിക്കുന്നതോടെ മുടക്ക് മുതലിന്റെ വലിയൊരു ഭാഗം പിരിഞ്ഞു കിട്ടുന്ന സാഹചര്യം ഉണ്ടാകും.  എന്നാല്‍ ആ പദ്ധതിയും പ്രാവര്‍ത്തികമായില്ല. അതിന്റെ വേദനയും എന്നെ സംബന്ധിച്ചിടത്തോളം ഉണ്ട്.

ഫെസ്റ്റിവല്‍ കൊണ്ട് നമ്മള്‍ ഉദ്ദേശിച്ചത് പോലെ വന്നോ എന്നു ചോദിച്ചാല്‍ അതിന്റെ 40 ശതമാനം വന്നു എന്നു പറയാം. 60 ശതമാനം ബാക്കി കിടക്കുകയാണ്. ഇന്ന് ഫെസ്റ്റിവലില്‍ ഒരു ധാരാളിത്തം ഉണ്ട്. അതോടൊപ്പം തന്നെ ഇതിനെ കേരളത്തിന്റെ ഒരു പ്ലാറ്റ്ഫോം വിട്ടിട്ടു ഇന്ത്യയുടെ തന്നെ ഒരു ഇന്‍റര്‍നാഷണല്‍ ഇവന്‍റായി കണ്‍സീവ് ചെയ്യണം എന്നാണ് എന്‍റെ തോന്നല്‍. അതിനു സ്റ്റേറ്റിന് വലിയ റോള്‍ ഉണ്ട്. ഒരു ഡിപ്ലോമസി ആണിത്. അതിന്റെ ഭാഗമായിട്ടാണ് ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്ന ഫോക്കസ് നമ്മള്‍ ഫെസ്റ്റിവലില്‍ കൊണ്ടുവന്നത്. അന്ന് ഈ രാജ്യത്തുള്ള സംവിധായകര്‍ ഏറെ പിന്നിലായിരുന്നു. ഇന്ന് അവരാണ് പ്രമുഖ ഫെസ്റ്റിവലുകളില്‍ ടോപ്പ് അവാര്‍ഡുകള്‍  നേടുന്നത്. അവര്‍ വളര്‍ന്നിരിക്കുന്നു. ഇത് തുടങ്ങിവച്ച ഇവിടെയുള്ള നമ്മുടെ ഫിലിംമേക്കേഴ്‌സ്‌  അവിടെ എത്തിയോ എന്നുള്ളതാണ് പ്രധാന ചോദ്യം. അവരുടെ ഫിലിം നമ്മള്‍ കണ്ടു വളരുക എന്നുള്ളതാണ് ലക്ഷ്യമിട്ടത്. നമ്മള്‍ ഇപ്പോഴും യൂറോപ്യന്‍ സംസ്കാരത്തിന്റെ ചുവടുപിടിച്ചുള്ള ചലചിത്ര വ്യാകരണത്തില്‍ കൂടിയാണ് വരുന്നത്. ഈ കഴിഞ്ഞ തവണ ഓസ്ക്കാര്‍ അവാര്ഡ് കിട്ടിയതു ലാറ്റിന്‍ അമേരിക്കന്‍ ഫിലിമിനാണ്. ബേഡ് മാന്‍. ഇത്തവണത്തെ വെനീസില്‍ അവാര്ഡ് കിട്ടിയ ഫ്രം അഫാര്‍ മെക്സിക്കൊ ചിത്രമാണ്. നമുടെ ഫെസ്റ്റിവല്‍ വളരുന്നുണ്ട്. അതോടൊപ്പം ഫിലിം മേക്കിംഗില്‍ ഇതുപോലുള്ള കള്‍ച്ചറല്‍ മൂവ്മെന്‍റിന് വളരെ വലിയ സ്ഥാനമുണ്ട്. യഥാര്‍ഥത്തില്‍ മിസ്സ് ചെയ്യുന്നത് കോസ്റ്റ് ഫാക്ടറിലല്ല. 

ഉദാഹരണത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്നത് ഹിന്ദിയാണ്. ഹിന്ദിയില്‍ ഇന്ന് വരെ ഒരു നോബല്‍ പ്രൈസ് കിട്ടിയിട്ടില്ല. ഇത്രയും ഭാഷകള്‍ നിലനില്‍ക്കുന്ന സ്ഥലത്തു ഒരു ലിറ്റററി വര്‍ക്ക് ലോകത്തേക്ക് കൊടുക്കാന്‍ സാധിച്ചിട്ടില്ല. അത്ഭുതമാണ്. ഏറ്റവും കൂടുതല്‍ സിനിമയുണ്ടാക്കുന്ന സ്ഥലമാണ് ഇന്ത്യ.  അത് നമ്മള്‍ ഇന്‍റര്‍നാഷണലി എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മള്‍ ഫെയില്‍ ചെയ്തു എന്നല്ലേ അര്‍ത്ഥം. അവിടെ ഗവണ്‍മെന്റിന് വലിയ ഉത്തരവാദിത്തം ഉണ്ട്. എവിടെയാണ് ക്ഷതം സംഭവിച്ചത്. എങ്ങനെ റിപ്പയര്‍ ചെയ്യാം എന്നു ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനു ഒരു പൊളിറ്റിക്കല്‍ വിഷന്‍ വേണം. ഒരു സംസ്കാരമുള്ള ജനതയാണ് രാജ്യത്തിന്റെ സമ്പത്ത്. ആ രാജ്യം അച്ചടക്കമുള്ളതാകും. കുറേക്കൂടി വ്യക്തതയോടെ ചിന്തിക്കാന്‍ കഴിയുന്ന വ്യക്തികളെ സൃഷ്ടിച്ചു കഴിഞ്ഞാല്‍ ഒരു സ്റ്റേറ്റിന് ഗവേണ്‍ ചെയ്യാന്‍ എളുപ്പമാണ്. ആ ഗവേണിംഗിന്‍റെ ഭാഗമാണ് ഫിലിം ഫെസ്റ്റിവല്‍.

സിനിമ കൈകാര്യം ചെയ്യുന്നത് ഇമോഷണലി- പൊളിറ്റിക്കലി- കള്‍ച്ചറലി മോട്ടിവേറ്റഡ് ആയിടുള്ള വിഷയങ്ങളാണ്. എല്ലാ വര്‍ഷവും അത്തരം സിനിമകള്‍ എത്തുന്നുണ്ട്. അത്തരം അറിവുകള്‍ ഒരു സിനിമയില്‍ക്കൂടിയോ അല്ലെങ്കില്‍ അത് ഇന്‍സെമിനേറ്റ് ചെയ്യുന്ന മീഡിയയില്‍ക്കൂടിയോ സാധാരണ ജനങ്ങളിലേക്ക് എത്തുകയാണെങ്കില്‍ കുറെക്കൂടി ചര്‍ച്ച ചെയ്യപ്പെടും. ആ സംവാദം നഷ്ടപ്പെട്ടു എന്നതാണ്. തുടങ്ങുന്ന സമയത്തുണ്ടായിരുന്നു. അന്നുണ്ടായിരുന്ന തരത്തിലുള്ള വളരെ ഫോക്കസ്ഡ് ആയ ഇന്‍റര്‍പ്രിറ്റേഷനില്‍ നിന്നു ഫിലിം ഫെസ്റ്റിവല്‍ ഇന്ന് മാറിപ്പോയിട്ടുണ്ട്. അത് തിരിച്ചു കൊണ്ടുവരണം. ഫിലിം ഫെസ്റ്റിവലുകള്‍ വികേന്ദ്രീകരിക്കണം. അതിന് കുറേക്കൂടി ഉയര്‍ന്ന കാഴ്ചപ്പാടുള്ള ആരെയെങ്കിലും പ്ലേസ് ചെയ്യണം. പുറത്തു നിന്നുള്ള ഒരു ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആയാലും കുഴപ്പമില്ല. പല ഫെസ്റ്റിവലുകളിലും അതാത് രാജ്യത്തെ ആളുകള്‍ ആകണമെന്നില്ല ഫെസ്റ്റിവലുകള്‍ ഹെഡ് ചെയ്യുന്നത്. അങ്ങനെയുള്ള ആള്‍ക്കാരെ കൊണ്ട് തന്നെ ഇവിടെ ഗൈഡ് ചെയ്തിട്ട് കുറെ കൂടി ഓപ്പണായിട്ട് വലിയ വിഷന്റെ ഭാഗമായി കൊണ്ട് പോകണം എന്നാണ് എന്റെ അഭിപ്രായം.

ചലച്ചിത്രോത്സവം 20 വയസ്സു പൂര്‍ത്തിയാക്കുകയാണ്. ഈ കാലത്തിനിടയില്‍ നമ്മുടെ ഒരു സിനിമ പോലും സുവര്‍ണ്ണ ചകോരത്തിന് അര്‍ഹത നേടിയിട്ടില്ല. അത് പോലെ തന്നെ പുറത്തു പോയി മികച്ച അവാര്‍ഡുകള്‍ നേടി തിരിച്ചു വന്നില്ല. മലയാള സിനിമയെ വളര്‍ത്തുന്നതില്‍ ഇവിടത്തെ നവ ചലച്ചിത്രകാരന്‍മാര്‍ക്ക് വേണ്ട അറിവ് പകര്‍ന്നു കൊടുക്കുന്നതില്‍ ഈ ഫെസ്റ്റിവല്‍ പരാജയപ്പെട്ടു എന്നല്ലേ ഇതിനര്‍ത്ഥം?

ഫിലിം മേക്കേഴ്സിനെ വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ ഫിലിം ഫെസ്റ്റിവല്‍ പരാജയപ്പെട്ടു എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. മടിയില്ലാതെ പറയേണ്ട കാര്യമാണ്. എന്തുകൊണ്ട് പരാജയപ്പെട്ടു എന്നു ചോദിച്ചു കഴിഞ്ഞാല്‍…, പലപ്പോഴും നമ്മുടെ സോസെറ്റി ഒരു കന്‍സ്യൂമര്‍ സൊസേറ്റിയാണ്. കണ്‍സ്യൂമറിസം നമ്മളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. പുറമേയുള്ള സംഭവം നമ്മള്‍ കണ്‍സ്യൂം ചെയ്യും. എന്നാല്‍ പ്രൊഡക്ഷന്‍സിന്റെ കാര്യത്തില്‍ നമ്മള്‍ പിന്നിലാണ്. എല്ലാ മേഖലകളിലും ഇതു തന്നെയാണ് പ്രശ്നം. തമിഴ്നാട്ടില്‍ നിന്നു പച്ചക്കറി ഇറക്കുമതി ചെയ്യുന്നത് പോലെ തന്നെ സിനിമയിലും.  അതിനെ റിഅഡ്രസ് ചെയ്യേണ്ട സമയമായി കഴിഞ്ഞിരിക്കുന്നു. റിഅഡ്രസ് ചെയ്യേണ്ട സിസ്റ്റം വലിയൊരു വിഷന്റെ ഭാഗമായിട്ടുള്ള ഡ്രൈവ് ആണ്. ആ ഡ്രൈവ് ഇവിടെ ഉണ്ടായില്ല എന്നതുകൊണ്ടാണ് നമ്മള്‍ എപ്പോഴും ഒരു ഡബിള്‍ മൈന്‍ഡഡ് ആയി നില്‍ക്കേണ്ടി വരുന്നത്. നമ്മള്‍ക്ക് ഒപീനിയന്‍ രണ്ടാണ്. സ്ലോ  മോഡിലുള്ള പടം ഒരു ഫെസ്റ്റിവലില്‍ ചര്‍ച്ച ചെയ്യപ്പെടും. അതേസമയം ഒരു സ്ലോ മോഡിലുള്ള കേരളത്തിലെ ഒരു പടം വന്നാല്‍ ഡിസ്കസ് ചെയ്യപ്പെടത്തില്ല. ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് എടുക്കുന്നതില്‍ നിന്നു മനസിലാവുന്നത് നമ്മള്‍ കല്‍ച്ചറലി ദുര്‍ബലമാണ് എന്നതാണ്. 

നമ്മുടെ തിയറ്ററുകളില്‍ വലിയ ജനക്കൂട്ടം ഉള്ള സിനിമകള്‍ എന്നു പറയുന്നതു നൂറു ശതമാനവും കണ്‍സ്യൂമറിസത്തിനെ അഡ്രസ് ചെയ്യുന്ന സിനിമകളാണ്. അപ്പോള്‍ കാണുക അപ്പോള്‍ തന്നെ മറക്കുക. അതില്‍ വര്‍ക്ക് ചെയ്ത ആള്‍ക്കാര്‍ തന്നെ എത്ര കണ്ടു വിജയം ആണ് എന്നു നോക്കേണ്ടതുണ്ട്. പണ്ട് യൂറോപ്പിലും ഹോളിവുഡിലുമൊക്കെ ഒരു ടീം വന്നു കഴിഞ്ഞാല്‍ ആ ടീം പിന്നെ സ്ഥിരതയോടെ ഒന്നു രണ്ടു പടമെങ്കിലും എടുക്കാറുണ്ട്. ന്യൂ ജനറേഷന്‍ ഫിലിം മേക്കേഴ്‌സ് എന്ന കോണ്‍സെപ്റ്റില്‍ സക്സെസ്ഫുള്‍ ആയി പടമെടുത്ത ആള്‍ക്കാര്‍ അതേ ടീമിനെ വെച്ചു പിന്നീട് എത്ര  പടമെടുത്തിട്ടുണ്ട്? അത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നുള്ളതാണ്. അവര്‍ ന്യൂ ജനറേഷന്‍ സിനിമ എന്നു പറയുന്നു. ആ സിനിമയുടെ വക്താക്കളുടെ ഉള്ളില്‍ അവര്‍ അത് കണ്‍സ്യൂം ചെയ്യാന്‍ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.അത്‌ ലോംഗ് റണ്ണിംഗ് ആയ ആശയത്തിന്റെ ഇന്റര്‍പ്രട്ടേഷന്‍  അല്ല. അങ്ങനെ ഒരു ഐഡിയായുടെ ലോസ് ഇവിടെയുണ്ട്. പലപ്പോഴും പല സിനിമകളിലും പടം ഉണ്ടാക്കുന്ന കാലത്ത് അതിന്റെ ക്യാമറാമാനും എഡിറ്ററും അതിന്റെ പെര്‍ഫോമേഴ്‌സും എല്ലാവരും ചേര്‍ന്ന് ആശയങ്ങള്‍ ഷെയര്‍ ചെയ്തിട്ടാണ് പടം ഉണ്ടാക്കുന്നത്. അങ്ങനെ ഒരു കളക്ടീവ്നെസ്സ് ഉണ്ട്. ആ കളക്ടീവ്നേസിന്‍റെ സക്സസ് ഒരു ഡയറക്ടര്‍ക്ക് ഓണ്‍ ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ ഒരു ഓതര്‍ഷിപ് ഫിലിം മേക്കിംഗില്‍  നിന്നു ക്രമാനുഗതമായി നഷ്ടമായി എന്നു വേണം പറയാന്‍. എങ്ങനെ അടുത്ത പടം ഉണ്ടാക്കണം എന്നാണ് ചിന്തിക്കുന്നത്. അവര്‍ അഡ്രസ്സ് ചെയ്യുന്നത് പ്രധാനമായും വളരെ ദുര്‍ബലമായിട്ടുള്ള ഒരു സൊസേറ്റിയാണ്. നനഞ്ഞെടുത്ത് കുഴിക്കലാണ് നടക്കുന്നത്. 

ഓരോ വര്‍ഷം കഴിയുന്തോറും വളരുന്ന ഫെസ്റ്റിവല്‍ എന്നാണ് നമ്മള്‍ അഭിമാനിക്കുന്നത്. പ്രത്യേകിച്ചും പ്രതിനിധികളുടെ എണ്ണത്തില്‍. എന്നാല്‍ അതിനനുസരിച്ച് ആസ്വാദനശീലത്തില്‍ വളര്‍ച്ച ദൃശ്യമാവുന്നുണ്ടോ?

മുപ്പതു സിനിമകളില്‍ കൂടുതലൊന്നും ഒരാഴ്ച കൊണ്ട് കണ്ടു തീര്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കാണുന്നതിന് മുന്‍പ് ഒരു ഹോംവര്‍ക്ക് നടത്തുന്നില്ല എന്നതാണ് ഇവിടത്തെ പ്രശ്നം. ഇവിടെ വരുമ്പോള്‍ കിട്ടുന്ന പലരും പറഞ്ഞു കേള്‍ക്കുന്ന ഇന്‍ഫര്‍മേഷന്‍ മാത്രമാണ് അയാള്‍ക്കുള്ളത്. ഡാവിഞ്ചിയുടെ പെയിന്‍റിംഗിനെക്കുറിച്ച് ധാരണയുള്ള ഒരാള്‍ ആ പെയിന്‍റിംഗ് ആസ്വദിക്കും. ഡാവിഞ്ചിയെക്കുറിച്ച് അറിയാത്ത ഒരാള്‍ക്ക് ആ പെയിന്‍റിംഗിനോട് പ്രത്യേകിച്ചു ഒന്നും തോന്നാന്‍ ഇടയില്ല. അങ്ങനെയുള്ള ഒരു ക്രൌഡിനെ സൃഷ്ടിച്ചിട്ടു കാര്യമില്ല. അവര്‍ ഫിലിം മേക്കേഴ്സിനെ പറ്റി അറിയണം. ആരാണ് പടം ഉണ്ടാക്കിയത് എന്നറിയണം. അവരുടെ വര്‍ക്ക് നമ്മള്‍ അസസ് ചെയ്യണം. മെയിന്‍ സ്ട്രീം എന്നു പറയുന്നതു പരസ്യമോ കാമ്പയിനോ ഉണ്ടാക്കുന്ന ഡിസിഷനാണ്.  ആ മെയിന്‍ സ്ട്രീമിലുള്ള വ്യക്തികളെയാണ് നമ്മള്‍ ഇപ്പോള്‍ അഡ്രസ്സ് ചെയ്യുന്നത്. അതേ സമയം നമ്മള്‍ ഡിസ്കവര്‍ ചെയ്യേണ്ട ഒരുപാട് ആള്‍ക്കാര്‍ ഉണ്ട്. അവരുടെ വര്‍ക്കുകള്‍ ഈ ഇന്‍ഫര്‍മേഷന്റെ കുറവ് കാരണം കണ്ടെത്തപ്പെടുന്നില്ല. ഈ പരക്കം പാച്ചിലുകള്‍ ഇഗ്നോറന്‍റ് ആയ പ്രേക്ഷകരുടെ പ്രതിഫലനമാണ് കാണിക്കുന്നത്. അജ്ഞരായ പ്രേക്ഷകരെ അല്ല നമ്മള്‍ സൃഷ്ടിക്കേണ്ടത്. വളരെ ക്വാളിറ്റിയുള്ള 20-30 പടങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിവുള്ള മുന്‍കൂട്ടിയുള്ള ഇന്‍ഫര്‍മേഷന്‍ ഉള്ള ഒരു ഓഡിയന്‍സ് വന്നു പോകുന്ന ഒരു ഫെസ്റ്റിവലാണ് നമുക്ക് വേണ്ടത്. ആ ഒരു അച്ചടക്കമാണ് പല മേജര്‍ ഫെസ്റ്റിവലുകളിലും നമ്മള്‍ കാണുന്നത്. വളരെ ഉയര്‍ന്ന ഒരു ഏസ്‌തെറ്റിക്കല്‍
 അപ്രോച്ച് ആണ് അത്. ആ ഏസ്‌തെറ്റിക്കല്‍ അപ്രോച്ച് മിസ്സ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ കാരണം നമ്മള്‍ അന്വേഷിക്കണം. അതുകൊണ്ടാണ് ഇത്തവണ കൂടുതല്‍ ഇന്‍ഫര്‍മേഷന്‍സ് കൊടുക്കണമെന്ന് നമ്മള്‍ ആലോചിക്കുന്നത്. ഈ ഇന്‍ഫര്‍മേഷന്‍സ് അവര്‍ ഉപയോഗിക്കുകയാണെങ്കില്‍ ഈ ഓട്ടം ഒഴിവാക്കാവുന്നതാണ്.

ടെലിവിഷന്‍ ഒരു കണ്‍സ്യൂമര്‍ മീഡിയയുടെ മൌത്ത് പീസാണ്. പരസ്യം മാത്രമേ അവര്‍ക്ക് വേണ്ടൂ. അവരുടെ പ്രധാന ഉദ്ദേശം ഇഗ്നോറന്‍റ് ആയ ഒരു ഓഡിയന്‍സിനെ ഉണ്ടാക്കുക എന്നതാണ്. ആ ഇഗ്നോറന്‍സ് ആള്‍ക്കാക്കാരിലേക്ക് എത്തിക്കുന്നതിന് അവര്‍ ഒരുപാട് കാര്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ചെയ്യുന്നുണ്ട്. ഇതൊക്കെ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നമ്മള്‍ ഫേസ് ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു സമൂഹത്തിന്‍റെ ഗ്രോത്താണ് കഴിഞ്ഞ 5 വര്‍ഷങ്ങളായി ദേശീയ അവാര്‍ഡില്‍ പ്രതിഫലിക്കുന്നത്. തമിഴ്, മറാഠ, കന്നഡ എന്നിവിടങ്ങളില്‍ നിന്നു മികച്ച സിനിമകള്‍ ഡിസ്കവര്‍ ചെയ്യപ്പെടുന്നു. നാഷണല്‍ ഇന്‍റര്‍നാഷണല്‍ ലെവലില്‍ മത്സരിച്ചിരുന്നത് നമ്മളായിരുന്നു. ആ സ്പേസാണ് നമുക്ക് നഷ്ടമായത്.

നടരാജ വിഗ്രഹം കണ്‍സീവ് ചെയ്ത കല്‍ച്ചറാണ് നമ്മുടേത്. ഡാവിഞ്ചി പോലും അടുക്കാത്ത ഒരു സൃഷ്ടിയാണ് ആത്. അങ്ങനെയൊരു സമൂഹത്തെയാണ് 100 വര്‍ഷം കൊണ്ട് നമ്മള്‍ നശിപ്പിച്ചത്. ആ ജനതയുടെ ഫോക്കസ് എന്നു പറയുന്നത് ഇന്നിപ്പോള്‍ അത് ടെലിവിഷനാണ്. ടി വി ഉണ്ടായി അധികം നാള് കഴിയും മുന്‍പ് തന്നെ അതിനു ഇഡിയറ്റ് ബോക്സ് എന്നു പേര് വീണു. ആത് ഇന്നും മാറ്റിയിട്ടില്ല. അതില്‍ നിന്നു രക്ഷപ്പെടണമെന്ന് വിചാരിക്കുന്ന സന്ദര്‍ഭം പോലും അതിനില്ല. അതിനു മുന്‍പ് സൃഷ്ടിക്കപ്പെട്ടതാണ് സിനിമ. ഒരു ക്ലാസിക്കല്‍ ഘടനയിലേക്ക് അത് ഐഡന്‍റിഫൈ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു ക്ലാസിക്കല്‍ കോണ്‍സെപ്റ്റ് ഉണ്ടാകാന്‍ ആയിരം വര്‍ഷം ഒക്കെ എടുക്കും. സിനിമ 100 വര്‍ഷമേ ആയിട്ടുള്ളൂ. 100 വര്‍ഷം മുന്പ് ജനിച്ച ആര്‍ട്ട് ഫോമും പണം എന്ന കണ്‍സെപ്റ്റ് കണ്ടുപിടിക്കുന്നതിന് മുന്പ് ഉണ്ടായ ആര്‍ട്ട് ഫോമും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. പണം എന്ന കണ്‍സെപ്റ്റ് ഉണ്ടായതിന് ശേഷം കണ്ടുപിടിച്ച ആര്‍ട്ട് ഫോം ഒരു കണ്‍സ്യൂമര്‍ സ്വഭാവമുള്ള ഒന്നായിരിക്കും. അതിന്റെ ഒരു ഇരയാണ് ഫിലിം ഫെസ്റ്റിവല്‍ എന്നു വേണമെങ്കില്‍ പറയാം. പണത്തിന്റെ ഫാക്ടറിലാണ് അത് പ്രവര്‍ത്തിക്കുന്നത്. 

എന്താണ് ഇത്തവണത്തെ ചലച്ചിത്രമേളയിലേക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ അങ്ങ് സ്വീകരിച്ച സമീപനം? വെല്ലുവിളികള്‍?

സമകാലീനമായി അതാത് രാജ്യങ്ങളിലെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍,, പ്രശ്നങ്ങള്‍, അതിന്റെ വ്യാഖ്യാനങ്ങള്‍, മികച്ച സംവിധായകര്‍, വേറിട്ട സര്‍ഗ്ഗാത്മക ശേഷികള്‍ ഇവയൊക്കെ പരിചയപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ വര്‍ഷം അര്‍ത്തൂറോ റപ്സ്റ്റീന്‍ ഉണ്ട്, റപ്സ്റ്റീന്‍റെ മകനുണ്ട്, ആമോസ് ഗിതായി, സുക്കറോവ്, കിം കിഡുക്ക്.. എണ്ണം എടുക്കുകയാണെങ്കില്‍ ഒരു പത്തു ഇരുപതു നല്ല ഫിലിംമേക്കേഴ്സ് ഉണ്ട്. കണ്‍ട്രി ഫോക്കസില്‍ ലിത്വാനിയ ഉണ്ട്, മ്യാന്‍മര്‍ ഉണ്ട്, ഇതൊന്നും നമ്മള്‍ കണ്ടിട്ടില്ല. ഹിസ്റ്റോറിക്കല്‍ ആയ ഇന്‍റര്‍പ്രറ്റേഷന്‍സാണ് ഇത്തരം തെരഞ്ഞെടുപ്പുകളിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നത്.  യു എസ് എസ് ആര്‍ പോയതിന് ശേഷം ഉണ്ടായ സിനിമയും അതിനു മുന്‍പത്തെ സിനിമയും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.  അതുപോലെ തന്നെ തൊട്ടടുത്തുള്ള മ്യാന്മാറിലുള്ള സിനിമകള്‍ എന്താണെന്ന് നമുക്കറിയില്ല. അവരെങ്ങനെയാണ് സിനിമയെ അഡ്രസ്സ് ചെയ്തിരിക്കുന്നത്. കൂടാതെ മികച്ച നവാഗത സംവിധായകരുടെ പടം ഉണ്ട്. അതുപോലെ തന്നെ ടോണി ഗട്ലീഫ്. ഇന്ത്യ പോലെ ഇത്രയേറെ ഫോക്ക് കള്‍ച്ചര്‍ ഒക്കെനിലനില്‍ക്കുന്ന ഒരു രാജ്യത്തു ഫോക്ക് കല്‍ച്ചറില്‍ നിന്നുവന്ന ഒരു വ്യക്തിയുടെ ചിത്രങ്ങള്‍ കാണിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

മുന്നറിവിന്റെ അടിസ്ഥാനത്തില്‍ കാണേണ്ട പടം തിരഞ്ഞെടുക്കാനുള്ള ഒരു സാഹചര്യം ഇത്തവണ ഉണ്ട്. അതാത് രാജ്യത്തെ ഹിസ്റ്ററിയുമായി കണക്ട് ചെയ്യപ്പെട്ട പടങ്ങളാണ് എല്ലാം.  അതുമായി നമ്മള്‍  ഇന്‍റര്‍ കണക്ട് ചെയ്യുന്നു. അതാണ് ഡിസിഷന്‍ മേക്കിംഗ്. അല്ലെങ്കില്‍  100 പടങ്ങള്‍ കൊണ്ടുവരാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ഇവിടെ അയച്ചു തരുന്ന പടം മാത്രം കിട്ടിയാല്‍ മതി. അതിന്‍റെ മുകളിലുള്ള സിനിമകളാണ് നമ്മള്‍ കാണിക്കേണ്ടത്.

ചലച്ചിത്രോത്സവം അണ്‍ സെന്‍സേര്‍ഡ് ആയ സിനിമകള്‍ കാണാന്‍ എത്തുന്നവരുടെ ആണെന്ന വിമര്‍ശനത്തെ കുറിച്ച്..?

ഗാസ്പര്‍ നോയുടെ ലവിന്റെ കാര്യം എടുക്കുക. നേരത്തെ അന്റോണിയോനിയുടെ ബ്ലോ അപ്, ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍, നിംഫോമാനിയ, ആന്‍റിക്രൈസ്റ്റ് എന്നിവ കാണിച്ചിട്ടുണ്ട്. ഇതൊന്നും ഒരു സംവിധായകന്റെ ആദ്യത്തെ ചിത്രം അല്ല. ഞാന്‍ ഒരു പുതിയ സംവിധായകന്റെ ആദ്യ ചിത്രം എന്ന നിലയില്‍ ലവ് കൊണ്ടുവന്നാല്‍ അത്പോണോഗ്രാഫിക് ഫിലിം ആയി വ്യാഖ്യാനിക്കപ്പെട്ടേക്കാം. ഞാന്‍ അതിനെ പോണോഗ്രാഫിക് പടമായി ഇന്‍റര്‍പ്രെറ്റ് ചെയ്യാത്തത് എന്താണെന്ന് വെച്ചാല്‍ കുറെ നല്ല പടങ്ങള്‍ എടുത്തിട്ടും ലവിനെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണ എന്നു പറയുന്നത് ആര്‍ക്കും വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല. സയിന്‍റിസ്റ്റിന് പറഞ്ഞു തരാന്‍ സാധിച്ചിട്ടില്ല, ഫിലോസഫറിന് സാധിച്ചിട്ടില്ല. ഫിലിം മേക്കറിന് പറഞ്ഞു തരാന്‍ സാധിച്ചിട്ടില്ല. ലവില്‍ ആ സംവിധായകന്റെ പ്രണയത്തെക്കുറിച്ചുള്ള ഇന്‍റര്‍പ്രെറ്റേഷനെയാണ് കണ്‍സീവ് ചെയ്തിരിക്കുന്നത്. പോണോഗ്രാഫിക് ഫിലിം ആയിട്ടില്ല. ആള്‍ക്കാര്‍ ഇതിനെ പോണ്‍ ആയിട്ട് കണ്‍സീവ് ചെയ്യുന്നത് എന്താണെന്നുവെച്ചാല്‍ ലവ് എന്ന സങ്കല്‍പ്പത്തെ സൈക്കോളജിക്കലി അനലൈസ് ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതുകൊണ്ടാണ്. ഫിസിയോളജിക്കലി വ്യാഖ്യാനിക്കാന്‍ സാധിച്ചിട്ടില്ല. ആര്‍ട്ട് ഇപ്പോഴും അപൂര്‍ണ്ണമാണ്. ജ്യോഗ്രഫിക്കലി വ്യാഖ്യാനിക്കാന്‍ സാധിച്ചിട്ടില്ല. ഇത്രയും ഏരിയകളില്‍ വ്യാഖ്യാനിക്കാതെ കിടക്കുന്ന ഒരു വിഷയത്തെ മികച്ച സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഒരു ഫിലിംമേക്കറിന്റെ പോയിന്‍റ് ഓഫ് വ്യൂ എന്താണ് എന്നത് അറിയേണ്ടത് ഈ ഫെസ്റ്റിവലിന്റെ ആവിശ്യമാണ്.  മീഡിയ ഇതിനെ പോണോഗ്രാഫി എന്നു പറയുകയാണെങ്കില്‍ അത് അവരുടെ പ്രശ്നമായി മാത്രമേ കാണാന്‍ പറ്റുകയുള്ളൂ. ഇത് കാണുകയും ഡിസ്കസ് ചെയ്യുകയും ഡിബേറ്റ് ചെയ്യുകയും വേണം. ഐ എഫ് എഫ് ഐ ഈ പടം വളരെ റെസ്പോണ്‍സിബിള്‍ ആയി കാണിച്ചു, അത് ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ ഒരു മൌത്ത് പീസല്ലേ? ഗോവയില്‍ കാണിച്ചിട്ട് ഒരു നെഗറ്റീവ് റിപ്പോര്‍ട്ടും വന്നില്ലല്ലോ. കാന്‍ പോലുള്ള വലിയ ഫെസ്റ്റിവലുകളില്‍ കാണിച്ചുകഴിഞ്ഞു. പോണോഗ്രാഫിന്റെ ടാഗ് ഓടുകൂടി കണ്ടാല്‍ ബുദ്ധിമുട്ടാണ്. ഒരു ആര്‍ട്ടിസ്റ്റിന്റെ ഇന്‍റര്‍പ്രേറ്റേഷന്‍ ആയിട്ട് കാണണം.  അങ്ങനെയെങ്കില്‍ റിനയിസന്‍സ് പെയിന്‍റിംഗ് നമുക്ക് ഇവിടെ എവിടെയെങ്കിലും എടുത്തു വെയ്ക്കാന്‍ പറ്റുമോ? സ്പിരിച്വല്‍ ആയിട്ട് കാണാം. അശ്ലീലമായും കാണാം. കാണുന്ന വ്യക്തിയാണ് ട്രാന്‍സ്പെറെന്‍റ് ആകുന്നത്. സുതാര്യത നമുക്ക് ആവിശ്യമാണ്. അത് ആരെന്നറിയല്‍ ഈ കാലഘട്ടത്തില്‍ പ്രധാനമാണ്.

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് സാജു കൊമ്പന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍