UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഈ ഉദ്യോഗസ്ഥര്‍ മനുഷ്യരല്ല; അവര്‍ മൃഗങ്ങളാണ്’

Avatar

ടീം അഴിമുഖം   

ബുള്‍ഡോസറുകള്‍ എത്തും മുമ്പേ പരിഭ്രാന്തരായി കയ്യിലുള്ളതൊക്കെ പെറുക്കിക്കൂട്ടുകയായിരുന്നു അന്‍വറും ഭാര്യയും. ഡല്‍ഹിയിലെ ഷകൂര്‍ ബസ്തി റെയില്‍വേ ടെര്‍മിനലിന് സമീപമുള്ള അവരുടെ കുടില്‍ പൊളിച്ചുനീക്കാന്‍ ശനിയാഴ്ച രാവിലെ വലിയ തകര്‍ക്കല്‍ സന്നാഹങ്ങളുമായി അധികൃതര്‍ വരികയാണ്. തലസ്ഥാന നഗരിയില്‍ കടുത്ത ശൈത്യം തുടങ്ങിയിരിക്കുന്നു.

ഈ അങ്കലാപ്പുകള്‍ക്കിടയില്‍ 6 മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞ് റുഖിയയയെ സദാ ശ്രദ്ധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരുടെ നോട്ടമെത്തിയപ്പോള്‍ അവള്‍ ഒരു തുണിക്കെട്ടിനടിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയാണ്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആ കുഞ്ഞ് മരിച്ചിരുന്നു.

നഗരങ്ങളിലെ സമ്പന്നര്‍ പൊതു വിഭവങ്ങള്‍ സ്വന്തമാക്കാന്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുമ്പോഴും നഗരങ്ങളിലെ ചേരികള്‍ ഒഴിപ്പിക്കാന്‍ വെമ്പുന്ന ഉപരിവര്‍ഗ്ഗ ഇന്ത്യയുടെ ആദ്യത്തെ രക്തസാക്ഷിയല്ല റുഖിയ, അവസാനത്തേതുമല്ല. കൊടും ശൈത്യത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള ചേരികള്‍ ഒഴിപ്പിക്കുന്നതിലെ ഏറ്റവും പുതിയ ഇരയാണ് റുഖിയ. പക്ഷേ ഫാം ഹൌസുകളും അനൌദ്യോഗിക കെട്ടിടങ്ങളും അനവധിയായി പൊന്തുന്നുണ്ട്. അല്ലെങ്കില്‍ എങ്ങനെയാണ് അവിടെയുള്ള അനധികൃത കെട്ടിടങ്ങളും നിര്‍മ്മാണങ്ങളും തകര്‍ക്കാന്‍ നിരവധി കോടതി ഉത്തരവുകളും നിര്‍ദേശങ്ങളും (ഒരിയ്ക്കലും നടപ്പാക്കാത്ത) ഉണ്ടായിട്ടും ഇപ്പൊഴും തലസ്ഥാനത്തെ ഏറ്റവും പൊങ്ങച്ചം നിറഞ്ഞ വിലാസമായി നിലകൊള്ളുന്ന സൈനിക് ഫാമിന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള റുഖിയയുടെ കുടില്‍ തകര്‍ക്കപ്പെടുന്നത്?

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞത് ശരിയാണ്,“ഈ ഉദ്യോഗസ്ഥര്‍ മനുഷ്യരല്ല. അവര്‍ മൃഗങ്ങളാണ്.” ശനിയാഴ്ച്ച രാത്രി ഷക്കൂര്‍ ബസ്തിയിലേ നിലംപരിസാക്കപ്പെട്ട ആയിരക്കണക്കിന് കുടിലുകള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്നു അദ്ദേഹം.

കേജ്രിവാള്‍ ട്വീറ്റ് ചെയ്യുന്നു,“ഡല്‍ഹിയിലെ ധനികരും രാഷ്ട്രീയക്കാരുമായ പലരുടേയും അനധികൃത കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ കോടതി ഉത്തരവുണ്ടായിരുന്നു. അതൊന്നും ഒരിയ്ക്കലും നടപ്പാക്കിയില്ല.” കുടുംബത്തിന് റെയില്‍വേ അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കേജ്രിവാള്‍ ആവശ്യപ്പെട്ടു.

വടക്കേ ഇന്ത്യയെ കൊടുംശൈത്യം മൂടാന്‍ തുടങ്ങവേ, രാജ്യത്തെ ദരിദ്രര്‍ക്ക് ദുരിതകാലമാണ് വരുന്നത്. നഗര കേന്ദ്രങ്ങളില്‍ അനധികൃത ചേരികളില്‍ യാതൊരു പ്രാഥമിക സൌകര്യങ്ങളും കൂടാതെ, ആവശ്യത്തിന് ചൂട് ലഭിക്കാന്‍ പോലുമുള്ള സൌകര്യമില്ലാതെയാണ് അവര്‍ കഴിയുന്നത്. ഗ്രാമങ്ങളില്‍ ഇതിനെക്കുറിച്ചൊന്നും അവര്‍ക്ക് ചിന്തിക്കാനേ ആകില്ല.

പൊതുസ്ഥലങ്ങളില്‍ വെളിക്കിരിക്കുകയും, വിദ്യാലയങ്ങള്‍ക്ക് പകരം തൊഴിലെടുക്കാന്‍ മക്കളെ പറഞ്ഞയക്കുകയും ചെയ്യുന്ന അവര്‍ പുത്തന്‍ ഇന്ത്യയുടെ തിളങ്ങുന്ന ഉത്തരവുകള്‍ കേട്ട് അന്തംവിട്ടിരിക്കും: സ്കൂള്‍ വിദ്യാഭ്യാസം ഇല്ലാത്തവരെയും വീട്ടില്‍ കക്കൂസ് ഇല്ലാത്തവരെയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കുന്ന ഹരിയാന സര്‍ക്കാരിന്റെ നിയമം സുപ്രീം കോടതി ശരിവെച്ചിരിക്കുന്നു.

രാജ്യത്തു കലാപങ്ങളും അസ്വസ്ഥതകളും പെരുകുന്നതില്‍ അത്ഭുതമില്ല. ക്ഷുഭിതരായ ദരിദ്രരും തോക്കെടുക്കുന്ന കലാപകാരികളും ഒരേതരം പ്രതിഷേധങ്ങളാണ് പങ്കുവെക്കുന്നത്: ഒരു ധനികന്യൂനപക്ഷം സകല സമ്പത്തും കയ്യടക്കിയ, മറ്റുള്ളവരുടെ നിത്യജീവിതം വറുതിയില്‍ നിന്നും വറുതിയിലേക്ക് നീങ്ങുന്ന ഉപരിവര്‍ഗത്തിന്റെ ഇന്ത്യക്കെതിരെയാണത്. ഇന്ത്യ എന്നു വിളിക്കുന്ന ഈ നരകത്തിനേക്കാള്‍ മേഘങ്ങള്‍ക്കിടയിലെവിടെയോ ആണ് നല്ലതെന്നു കുഞ്ഞ് റുഖിയ തീരുമാനിച്ചതില്‍ അത്ഭുതമില്ല.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍