UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസും മുഖ്യമന്ത്രിയും നാണക്കേടാണ്; പിണറായിയുടെ പരിപാടിക്കില്ലെന്ന് കൂടംകുളം സമരനേതാവ്

ജിഷ്ണു പ്രണോയുടെ അമ്മ മഹിജയോട് കേരള പോലീസ് നടത്തിയ നടപടികള്‍ക്കുമെതിരെ രൂക്ഷ പ്രതികരണവുമായി ഉദയകുമാര്‍

ജിഷ്ണു പ്രണോയുടെ വിഷയത്തിലും അമ്മ മഹിജയോട് കേരള പോലീസ് നടത്തിയ നടപടികള്‍ക്കുമെതിരെ രൂക്ഷ പ്രതികരണവുമായി കൂടംകുളം സമരനേതാവ് എസ് പി ഉദയകുമാര്‍. കേരള പോലീസും മുഖ്യമന്ത്രിയും നാണക്കേടാണെന്നും പിണറായിയുടെ ഇന്നു നടക്കുന്ന പരിപാടിക്കില്ലെന്നും ഉദയകുമാര്‍ പറഞ്ഞതായി പ്രമുഖ മാധ്യമ പ്രവര്‍ത്തക മനില സി മോഹന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടിട്ടുണ്ട്. കൂടെ ഉദയകുമാറിന്റെ പ്രസ്താവനയും നല്‍കിയിട്ടുണ്ട്. ഉദയകുമാറിന്റെ പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങള്‍-

‘കേരള പോലീസും മുഖ്യമന്ത്രിയും നാണക്കേടാണ്. ഇന്ന് നാലുമണിക്ക് തിരുവല്ലയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഡൈനാമിക് ആക്ഷന്‍ മാഗസിന്റെ 50-മത് വാര്‍ഷികവും എം ജെ ജോസഫിന്റെ 85-ാമത് പിറന്നാളിനും പങ്കെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.

പക്ഷെ ഒരു മനുഷ്യനെന്ന നിലയിലും ഇന്ത്യാക്കാരനും രണ്ടു ആണ്‍കുട്ടികളുടെ അച്ഛന്‍ എന്ന നിലയിലും ജിഷ്ണുവിന്റെ ക്രൂരമായ കൊലപാതകത്തില്‍ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ജിഷ്ണുവിന് നീതി ലഭിക്കാനായി അമ്മയും ബന്ധുക്കളും പ്രതിഷേധ സമരത്തിന് എത്തിയപ്പോള്‍ അതിനെ പോലീസ് കൈക്കാര്യം ചെയ്തത് ക്രൂരമായിട്ടായിരുന്നു.


ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു പയ്യനെ കൊന്നു. മുമ്പെ തന്നെ ക്രിമനല്‍ രാഷ്ട്രീയ സംസ്്കാരമുള്ള കേരളത്തില്‍ കൗമാരക്കാര്‍ ദാരുണമായി കൊല്ലപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായി എനിക്ക് ഒരുമിച്ച് വേദി പങ്കിടാന്‍ കഴിയില്ല. അതുകൊണ്ട് പരിപാടി ഞാന്‍ ബഹിഷ്‌കരിക്കുന്നു.’

എന്നു പറഞ്ഞ ഉദയകുമാര്‍ പരിപാടിയുടെ സംഘാടകരോട് തന്റെ അഭാവത്തില്‍ മാപ്പു ചോദിക്കുകയും ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍