UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യു.പിയില്‍ ബിജെപി കളമൊരുക്കുകയാണ്; കലാപ പേടിയില്‍ ഒരു സംസ്ഥാനം

Avatar

ടീം അഴിമുഖം

ഡല്‍ഹിയില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെ ഉത്തര്‍ പ്രദേശിലെ ഒരു ജില്ലയാണ് ഷാംലി. ദാരിദ്ര്യവും മറ്റനേകം പ്രശ്‌നങ്ങളുമൊക്കെ നേരിട്ടുകൊണ്ട് ദശകങ്ങളായി ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് ജീവിക്കുന്ന ഒരു പ്രദേശം. 2013-ല്‍ മുസഫര്‍നഗറിനോട് അനുബന്ധിച്ചുണ്ടായ കലാപത്തെ തുടര്‍ന്ന് വെറുപ്പും വിദ്വേഷവും പടരുകയും ഹിന്ദുക്കളും മുസ്ലീങ്ങളും അവരവരുടേതായ പ്രദേശങ്ങളിലേക്ക് (ghettos) ജീവിതം പറിച്ചു നടുകയും ചെയ്തു. എന്നാല്‍ ബി.ജെ.പി ഇത് മറ്റൊരു വിധത്തിലാണ് ഉപയോഗിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.പി ഏതുവിധേനെയും പിടിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം നടപ്പാക്കാനുള്ള ഒരു വഴിയാണ് ഇപ്പോള്‍ ഷാംലി.

 

ഏതാനും ദിവസം മുമ്പാണ് സ്ഥലം എം.പിയും ബി.ജെ.പി നേതാവുമായ ഹുക്കും സിംഗ് ഒരു അവകാശവാദവുമായി രംഗത്തെത്തിയത്. ഷാംലിയിലെ കൈരാന എന്ന പട്ടണത്തില്‍ നിന്ന് 346 ഹിന്ദു കുടുംബങ്ങള്‍ കുടിയൊഴിഞ്ഞു പോയിരിക്കുന്നു. മുസ്ലീം ഗുണ്ടകളുടെ ഭീഷണിയെ തുടര്‍ന്നാണ് ഇതെന്നും ആവശ്യപ്പെട്ട തുക നല്‍കാത്തതിനെ തുടര്‍ന്ന് 10-ഓളം ഹിന്ദുക്കളെ അവര്‍ കൊലപ്പെടുത്തിയെന്നുമാണ് അയാളുടെ അവകാശവാദം.

 

ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായാകട്ടെ, ഒരുപടി കൂടി കടന്ന് ‘കൈരാനയില്‍ നിന്ന് ഹിന്ദുക്കളെ പുറത്താക്കുന്നത് അതീവ ഗൗരവമായ വിഷയമാണെന്നും ഇക്കാര്യത്തില്‍ ഉത്കണ്ഠയുണ്ടെ’ന്നും കൂടി പ്രസ്താവിച്ചു. അതാകട്ടെ, അലഹബാദില്‍ നടക്കുന്ന പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലും. അതായത്, പച്ചയ്ക്ക് വര്‍ഗീയത പടര്‍ത്തി നേട്ടം കൊയ്യാനുള്ള തയാറെടുപ്പാണ് ഇവിടെ നടക്കുന്നത്. 

 

എന്താണ് കൈരാനയിലെ സത്യം?
മുസ്ലീം ക്രിമിനലുകളുടെ ഭീഷണിയെ തുടര്‍ന്ന് കൈരാനയില്‍ നിന്ന് 346 ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്തുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഷാംലി ജില്ലാ ഭരണകൂടം ഇക്കാര്യം അന്വേഷിക്കുന്നതിനായി നാല് പ്രത്യേക ടീമുകളെ നിയമിച്ചു. തഹസീല്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഒരു റവന്യൂ ഓഫീസര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവരാണുള്ളത്. വീടു വീടാന്തരം കയറിയിറങ്ങി ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കുകയാണ് ഇവരുടെ ചുമതല. ഞായറാഴ്ച ഈ സംഘം കുറെയധികം വീടുകള്‍ സന്ദര്‍ശിച്ചു. ഹുക്കും സിംഗ് പുറത്തുവിട്ട ലിസ്റ്റ് തങ്ങളുടെ പക്കലുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. പണത്തിനു വേണ്ടി തട്ടിക്കൊണ്ടു പോകല്‍ അടക്കം മൂന്ന് കൊലപാതക കേസുകള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്നും ഇതില്‍ 25 പേരെ തങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഷാംലി എസ്.പി വിജയ് ഭൂഷണ്‍ വ്യക്തമാക്കുകയും ചെയ്തു.

 

ഹുക്കും സിംഗ് നല്‍കിയ ലിസ്റ്റിലുള്ള നാലു പേര്‍ 20 വര്‍ഷം മുമ്പ് മരണമടഞ്ഞതാണ്. 13 പേര്‍ അവരുടെ വീട്ടില്‍ തന്നെ ഇപ്പോഴും താമസിക്കുന്നു. 68 പേര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരാന വിടുകയും നല്ല നിലയില്‍ ജീവിക്കുകയും ചെയ്യുന്നു. ലിസ്റ്റിലുള്ള ബാക്കിയുള്ളവരുടെ കാര്യവും അന്വേഷിച്ചു വരികയാണെന്നും എസ്.പി വ്യക്തമാക്കി. ക്രമസമാധാന പ്രശ്‌നങ്ങളെ തുടര്‍ന്ന് കൈരാനയില്‍ നിന്ന് ഏതെങ്കിലും കുടുംബങ്ങള്‍ പോയിട്ടുണ്ട് എന്നതടക്കമുള്ള ഒരു റിപ്പോര്‍ട്ടും ലോക്കല്‍ ഇന്റലീജന്‍സ് യൂണിറ്റ് നല്‍കിയിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റും വ്യക്തമാക്കുകയുണ്ടായി.

 

 

ബി.ജെ.പി എം.പി നല്‍കിയ ലിസ്റ്റിലുള്ള എല്ലാവരെക്കുറിച്ചും അന്വേഷിക്കുകയാണ് തങ്ങള്‍ രൂപീകരിച്ച ടീമിന്റെ ചുമതലയെന്ന് സ്ഥലം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു. ഓരോ വീടുകളിലും പോകും. ലിസ്റ്റിലുള്ളവര്‍ എവിടെയാണ് ജീവിക്കുന്നത്, അവരുടെ വീടുകളില്‍ ഇല്ലെങ്കില്‍ ഇപ്പോള്‍ എവിടെയാണ് ജീവിക്കുന്നത്, എന്തുകൊണ്ടാണ് അവര്‍ ഇവിടം വിട്ടുപോകാനുള്ള കാരണം തുടങ്ങിയവയാണ് അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

 

കൈരാന വിട്ടുപോയ ഓരോ കുടുംബത്തിലേയും മുതിര്‍ന്ന ആളുടെ പേരും വിലാസവുമാണ് ഹുക്കും സിംഗിന്റെ ലിസ്റ്റിലുള്ളത്. കൈരാന വിടുന്നതിനു മുമ്പ് അവര്‍ ചെയ്തിരുന്നത് എന്താണെന്നും ലിസ്റ്റില്‍ പറയുന്നു. സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ വന്നതിനു തൊട്ടുപിന്നാലെയാണ് ഇക്കാര്യങ്ങള്‍ തുടങ്ങുന്നതെന്നും മുസഫര്‍നഗര്‍ കലാപത്തിനു ശേഷം ഇത് കൂടിവന്നുവെന്നും ഹുക്കും സിംഗ് പറയുന്നു. ഹിന്ദു കുടുംബങ്ങളെ ഭീഷണിപ്പെടുത്തി അവരെ ഇവിടെ നിന്ന് ഓടിക്കുകയും അവരുടെ വസ്തുവകകള്‍ കുറഞ്ഞ വിലയ്ക്ക് തട്ടിയെടുക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇവിടെ താമസിക്കുന്ന ഹിന്ദുക്കള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ അരക്ഷിതാവസ്ഥയിലാണെന്നും ഹുക്കും സിംഗ് ആരോപിക്കുന്നു.

 

ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്ന് തട്ടിക്കൊണ്ടു പോകുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത 10 പേരുടെ പട്ടികയും ഹുക്കും സിംഗ് പുറത്തുവിട്ടിരുന്നു. ഇക്കാര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അഖിലേഷ് യാദവ് സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കലാപത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്ന പ്രാദേശിക എന്‍.ജി.ഓകള്‍ പറയുന്നത് ബി.ജെ.പി കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നാണ്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് ഹിന്ദു കുടുംബങ്ങളും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് മുസ്ലീം കുടുംബങ്ങളും പുറത്തു പോയി താമസിക്കുന്നുണ്ടെന്ന് അസ്തിത്വ എന്ന എന്‍.ജി.ഒയുടെ ഡയറക്ടര്‍ റിഹാന അദീബ് മാധ്യമങ്ങളോട് വ്യക്തമാക്കി.

 

ജില്ലയിലെ കാണ്ട്‌ല മേഖലയിലുള്ള ജന്നത് എന്ന കോളനിയില്‍ വസിക്കുന്ന മുഹമ്മദ് അയുബ് മാധ്യമങ്ങളോട് പറഞ്ഞത് ഇതാണ്. ‘ഈ കോളനിയില്‍ മുസ്ലീം കൂടുംബങ്ങളുടെ എണ്ണം കൂടിവരികയാണ്. ഞങ്ങള്‍ക്കു നേരെയുള്ള വെറുപ്പും വിദ്വേഷവും വര്‍ധിച്ചു വന്നതോടെ താമസിച്ചിരുന്ന ഗ്രാമം പോലും ഉപേക്ഷിച്ച് ഇവിടേക്ക് വരികയായിരുന്നു. ഇവിടെയെത്തുന്ന മിക്ക കുടുംബങ്ങളുടേയും അവസ്ഥ ഇതാണ്’. അഫ്കര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഓയുടെ പ്രോഗ്രാം ഓഫീസര്‍ അക്രം അഖ്തര്‍ പറയുന്നത് തങ്ങളുടെ പക്കല്‍ 1000-ത്തോളം മുസ്ലീം കുടുംബങ്ങളുടെ ലിസ്റ്റ് ഉണ്ടെന്നാണ്. മുസഫര്‍നഗര്‍, ഷാംലി, ഭാഗ്പത് ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. പേടിയും മറ്റും കാരണമാണ് അവര്‍ സ്വന്തം ഗ്രാമങ്ങള്‍ വിട്ട് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് കുടിയേറിയത്.

 

 

എന്നാല്‍ ഹുക്കും സിംഗിന്റെ അവകാശവാദം മറ്റൊന്നാണ്. ഷാംലി, മുസഫര്‍നഗര്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരു മുസ്ലീം കുടുംബം പോലും വിട്ടു പോയതായി തന്റെ അറിവിലില്ല. അവര്‍ക്ക് ഇവിടെ പേടിക്കേണ്ടതായി ഒന്നുമില്ല. എന്നാല്‍ ഹിന്ദു കുടുംബങ്ങള്‍ക്ക് ഇവിടം വിട്ടുപോകേണ്ടി വരുന്നുണ്ടെന്നതാണ് വാസ്തവമെന്നും അദ്ദേഹം പറയുന്നു. മുസഫര്‍നഗര്‍ കലാത്തില്‍ പ്രതിപ്പട്ടികയിലുള്ള ആളുകൂടിയാണ് ഹുക്കും സിംഗ്.

 

എന്തായാലും ഒരു കാര്യം ഉറപ്പാണ്. 2017 ലക്ഷ്യം വച്ച് ബി.ജെ.പി കളമൊരുക്കുകയാണ്. അതിന്റെ ആദ്യപടികളിലൊന്നാണ് ഹുക്കും സിംഗിന്റെ ലിസ്റ്റും അതിനെക്കുറിച്ച് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ അമിത് ഷാ നടത്തിയ പ്രസ്താവനയും. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അമിത് ഷായെ  അന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന നരേന്ദ്ര മോദി യു.പി തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത്. അതിന്റെ തൊട്ടുപിന്നാലെയായിരുന്നു ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ വ്യാപകമായി ഉയര്‍ന്നു വരുന്നതും മുസഫര്‍നഗറിലും ഷാംലിയിലും കലാപമുണ്ടാകുന്നതും. 60-ഓളം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തു. വന്‍ ധ്രുവീകരണം സാധ്യമായതോടെ ബി.ജെ.പി യു.പിയില്‍ നിന്ന് നേടിയത് 80-ല്‍ 74 സീറ്റുകളാണ്. മോദി അധികാരത്തില്‍ വരികയും അമിത് ഷാ ഇതിനു തൊട്ടു പിന്നാലെ പാര്‍ട്ടി അധ്യക്ഷനാകുകയും ചെയ്തു. ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ തന്നെയാണ് യു.പി പിടിക്കാനുള്ള ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്ന വ്യത്യാസം മാത്രം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍