UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷംനയുടെ മരണം; ഡോക്ടര്‍മാരല്ല, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത മെഡിക്കല്‍ കോളേജാണ് കുറ്റക്കാര്‍

Avatar

(കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി ഷംന തസ്‌നീം അതേ മെഡിക്കല്‍ കോളേജില്‍വച്ച് ചികിത്സാപിഴവുമൂലം മരണണപ്പെട്ടതിന്റെ വാര്‍ത്തകള്‍ നവമാധ്യമങ്ങള്‍ അടക്കം ഇവിടെയുള്ള എല്ലാ മാധ്യമങ്ങളിലും വന്നുകണ്ടു. ഷംനയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി. ഈ വാര്‍ത്തയും മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ യഥാര്‍ത്ഥപ്രതികള്‍ ഷംനയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ തന്നെയാണോ? ഹൗസ് സര്‍ജന്‍സ് അസോസിയേഷന് ഇക്കാര്യത്തില്‍ പറയാനുള്ള കാര്യങ്ങളാണ് ഇവിടെ വ്യക്തമാക്കുന്നത്. അഴിമുഖം ഈ വിഷയത്തില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു- കളമശ്ശേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ഷംന തസ്നീമിന്റെ മരണം; നടപടി സ്വീകരിക്കാന്‍ വൈകുന്നതിന് പിന്നില്‍


ഈ മാസം ആറാം തീയതി ഉച്ചയോടെയാണ് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ഒരു ഫാക്‌സ് സന്ദേശമെത്തുന്നത്. ‘ജനറല്‍ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ജില്‍സ് ജോര്‍ജിനേയും ഒന്നാം വര്‍ഷ ജനറല്‍ മെഡിസിന്‍ പിജി വിദ്യാര്‍ത്ഥി ഡോ. ബിനോ ജോസിനേയും സസ്‌പെന്റ് ചെയ്തിരിക്കുന്നു’ എന്നതായിരുന്നു ആ സന്ദേശം. മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ഞങ്ങളുടെ സഹപാഠിയുമായിരുന്ന ഷംനയുടെ മരണത്തില്‍ ഉത്തരവാദികളെന്നാരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. എന്നാല്‍ ഈ രണ്ടു ഡോക്ടര്‍മാര്‍ ചെയ്ത കുറ്റം എന്താണെന്ന് സര്‍ക്കാരിനുപോലും വിശദീകരണമില്ല. ഇത്തരം വിഷയങ്ങള്‍ നടക്കുമ്പോള്‍ ആരെയെങ്കിലും തൂക്കിലേറ്റി പ്രശ്‌നം തീര്‍ക്കണമല്ലോ? അതാണല്ലോ സര്‍ക്കാരുകള്‍ പിന്തുടരുന്ന രീതി.

ഇനി ഇവിടെ എന്താണ് സംഭവിച്ചതെന്ന് നോക്കാം. ജൂലായി 18 ന് വൈകിട്ടാണ് ഷംനയ്ക്ക് മരണം സംഭവിക്കുന്നത്. ഇതിനു തലേ ദിവസം കടുത്ത പനിയെത്തുടര്‍ന്ന് ഷംന കാഷ്വാലിറ്റിയിലെത്തി ഡോക്ടറെ കണ്ടു മരുന്നുകള്‍ വാങ്ങിയിരുന്നു. അന്നു തന്നെ രാത്രി 11.30 ന് പനി കൂടിയതിനെ തുടര്‍ന്ന് ഷംന വീണ്ടും കാഷ്വാലിറ്റിയിലെത്തുകയും INJ.PARACETAMOL എടുക്കുകയും പനി കുറഞ്ഞപ്പോള്‍ ഹോസ്റ്റലിലേക്ക് പോവുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ഷംനയ്ക്ക് വീണ്ടും പനി കൂടുകയും ജനറല്‍ മെഡിസിന്‍ വിഭാഗം ഒപിയില്‍ വന്നു ഡോ. ജില്‍സ് ജോര്‍ജിനെ കാണിച്ചു. ഡോക്ടര്‍ LUNG CONSOLIDATI0N എന്നു ഡയഗ്‌നോസിസ് ചെയ്യുകയും മെഡിസിന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത് Inj. CEFTRIAXONE (1gm IV ATD) നല്‍കാന്‍ ചീട്ടില്‍ എഴുതി നല്‍കുകയു ചെയ്തു. രണ്ടു മണി കഴിഞ്ഞ് വാര്‍ഡിലെത്തിയ ഷംനയെ പിന്നീട് പേ വാര്‍ഡിലേക്ക് മാറ്റുകയും പേ വാര്‍ഡില്‍ വെച്ച് ആന്റിബയോട്ടിക്കിന്റെ ടെസ്റ്റ് ഡോസ് നല്‍കുകയും അലര്‍ജി ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ഷംനയ്ക്ക് ഫുള്‍ ഡോസ് ഇഞ്ചക്ഷന്‍ സിസ്റ്റര്‍ നല്‍കുകയും ചെയ്തു. ഇഞ്ചക്ഷന്‍ കൊടുത്ത ഉടന്‍ തന്നെ ശ്വാസംമുട്ടല്‍ ഉണ്ടാവുകയും വായില്‍ നിന്നും നുരയും പതയും വരുകയും ചെയ്തു. ഡ്യൂട്ടി അസിസ്റ്റന്റ് പ്രഫസര്‍ ഓടിയെത്തുകയും INJ.ADRENALINE നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു (ADRENALINE വാര്‍ഡില്‍ ഉണ്ടായിരുന്നില്ല). വായില്‍ നിന്നും നുരയും പതയും വരുന്നത് മാറ്റാന്‍ SUCTION SET എടുക്കാന്‍ പറഞ്ഞപ്പോള്‍ അതും വാര്‍ഡിലില്ല. OXYGEN MASK, ENDO TRACHEAL TUBE, AMBU BAG ഇതൊക്കെ തരാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും ഒന്നും തന്നെ വാര്‍ഡില്‍ ഉണ്ടായിരുന്നില്ല. ഉടനെ ഷംനയെ ICU വിലേക്ക് മാറ്റുന്നതിനായി ശ്രമിച്ചപ്പോള്‍ വാര്‍ഡില്‍ ട്രോളിയില്ല. ഷംനയുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ ഓടി അടുത്ത വാര്‍ഡില്‍ പോയി ട്രോളികൊണ്ടുവന്ന ശേഷമാണ് ഷംനയെ ICU വിലേക്ക് മാറ്റുന്നത്. ഇതിനകം വിലപ്പെട്ട 20 മിനിറ്റോളം നഷ്ടപ്പെട്ടിരുന്നു. ഈ ഒരു കാലതാമസം ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഷംന ഇന്ന് നമ്മളോടൊപ്പം ഈ മെഡിക്കല്‍ കോളേജില്‍ ഉണ്ടാകുമായിരുന്നു.

ഇവിടെ യഥാര്‍ത്ഥ കുറ്റക്കാര്‍ ആരാണ്? മരുന്ന് എഴുതിയ ഡോ. ജില്‍സ് ജോര്‍ജോ, പരിപാലിച്ച പിജി വിദ്യാര്‍ത്ഥിയോ ആണോ? ഒരിക്കലുമല്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തന്നെയാണ് കാരണം. മരുന്നുകളും ഉപകരണങ്ങളും ആവശ്യത്തിന് സ്റ്റാഫുകളും ഇല്ലാത്തതിന്റെ കുറ്റം പരിശോധിക്കുന്ന ഡോക്ടര്‍മാരുടെ തലയില്‍ കെട്ടിവെയ്ക്കുന്നത് എന്തിന്? എന്തും ഏതും ഡോക്ടര്‍മാരുടെ തലയില്‍ കെട്ടിവെക്കാനുള്ള ഈ ശ്രമം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരേ ശക്തമായ പ്രതിക്ഷേധം ഉയരണം. തോന്നുന്ന പോലെ രാഷ്ട്രീയക്കാര്‍ക്ക് തട്ടിക്കളിക്കാനുള്ള കളിപ്പന്താണോ ഡോക്ടര്‍മാര്‍? മുക്കിന് മുക്കിന് പെട്ടിക്കടകള്‍ പോലെ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് പകരം ഉള്ള മെഡിക്കല്‍ കോളേജുകളുടെ സൗകര്യം കൂട്ടുകയല്ലേ വേണ്ടത്.

ഇവിടെ ഡോക്ടര്‍ ചെയ്ത കുറ്റം എന്താണെന്ന് മനസിലാകുന്നില്ല. അധികാരികള്‍ക്ക് ആരുടെയെങ്കിലും തലയില്‍ കുറ്റം കെട്ടിവെച്ച് മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങള്‍ ഇല്ലാത്തത് മറച്ച് വെക്കണമല്ലോ.

നിരപരാധികളായ ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്താല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമോ?ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കു സസ്‌പെന്‍ഷന്‍ ഏറ്റുവാങ്ങേണ്ടി വന്നാല്‍ ഡോക്ടര്‍മാര്‍ എന്തു ധൈര്യത്തില്‍ രോഗികളെ പരിശോധിക്കും? എന്ത് സംരക്ഷണമാണ് ഡോക്ടര്‍മാര്‍ക്ക് ഉള്ളത്? ഇതിനെതിരെ ശക്തമായ പ്രതിക്ഷേധം ഉയര്‍ത്തുക തന്നെ ചെയ്യും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍