UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊത്തിവയ്ക്കപ്പെട്ട അരിവാള്‍; ദളിത് വ്യവഹാരങ്ങളുടെ ഉയിര്‍പ്പ് ഇനി ഷാങ്ഹായ് ബിനാലെയില്‍

Avatar

കെ.ആര്‍ ധന്യ

 

‘അതിജീവനത്തിന്റെ സാധ്യതകളന്വേഷിക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് ലഭിക്കാവുന്ന മികച്ച സാധ്യതയാണിത്‘- ചൈനയിലെ ഷാങ്ഹായ് ബിനാലെയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച മലയാളി കലാകാരന്‍ വിവി വിനുവിന്റെ വാക്കുകള്‍. നവംബര്‍ 11-ന് ആരംഭിക്കുന്ന ബിനാലയിലെ ഏക മലയാളി സാന്നിധ്യമാണ് വിനു. കേരളത്തിലെ സാംസ്‌കാരിക വൃന്ദങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന മുഖ്യധാരാ കലാകാരന്‍മാരുടെ കൂട്ടത്തില്‍ ഒരുപക്ഷേ ഇയാളെ കണ്ടേക്കില്ല. പക്ഷെ ഇന്ന് മലയാളിക്കും കലാലോകത്തിനും തന്നെ അഭിമാനമായി മാറുകയാണ് വിനു.

 

കലാലോകത്തില്‍ ഒന്നാം സ്ഥാനം കല്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ് ഷാങ്ഹായ് ബിനാലെ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബിനാലെ. ലോകത്തിലെ പ്രമുഖരായ കലാകാരന്‍മാര്‍ക്ക് പോലും അപൂര്‍വ്വമായി മാത്രം ഇടം ലഭിച്ചിട്ടുള്ള ഈ ബിനാലെയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതാണ് തന്റെ ഭാഗ്യമെന്ന് വിനു പറയുന്നു. തന്റെ സൃഷ്ടിയുടെ മേന്മയേക്കാളുപരി അതിന്റെ മേന്മ മനസ്സിലാക്കാന്‍ ശേഷിയുള്ള ക്യൂറേറ്റര്‍മാരാണ് ഈ അംഗീകാരത്തിന് പിന്നില്‍- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ആസ്ഥാനമായ ‘റാക്‌സ് മീഡിയ കളക്റ്റീവ്‌സ്’ ആണ് ഷാങ്ഹായ് ബിനാലെ ക്യൂറേറ്റ് ചെയ്യുന്നത്. ലോകത്തിലെ തന്നെ വലിയ ബിനാലെകളും ആര്‍ട്ട് ഷോകളും ക്യൂറേറ്റ് ചെയ്ത അനുഭവ പാരമ്പര്യമുള്ള ഇവര്‍ ഇത്തവണ ഷാങ്ഹായ് ബിനാലയിലേക്ക് ഇന്ത്യയില്‍ നിന്ന് എട്ട് കലാകാരന്‍മാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

‘എന്റെ കലാജീവിതം എന്ന് പറയുന്നത് ജീവിതത്തില്‍ നിന്ന് തന്നെ ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളതാണ്. നിലനില്‍ക്കുന്ന പൊതു ബോധത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോലും മടിക്കുന്നതാണ് എന്നെപ്പോലെയുള്ളവരുടെ ജീവിതം. ബ്രാഹ്മണിക്കല്‍ വ്യവഹാരങ്ങളെ തകര്‍ക്കാന്‍ ദളിത് വ്യവഹാരങ്ങള്‍ക്കേ കഴിയൂ എന്ന തിരിച്ചറിവില്‍ നിന്നുണ്ടായതാണ് എന്റെ കല. അത് മുന്നോട്ട് വയ്ക്കുന്ന ബോധം ഇവിടെ പലരേയും അസ്വസ്ഥതപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ അതിനെ മാറ്റി നിര്‍ത്താനാണ് പലപ്പോഴും ശ്രമം നടക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി അത്തരം ബോധത്തെയും ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന ക്യൂറേറ്റര്‍മാരുടെ തിരിച്ചറിവാണ് ബിനാലയിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കിയത്. പലപ്പോഴും ഇവിടെ നടക്കുന്നത് സെലബ്രിറ്റി ആര്‍ട്ട് ക്യൂറേഷന്‍ ആണ്. അതിനുപരിയായി ഇത്തരം വ്യത്യസ്തമായ ആര്‍ട്ട് തിരഞ്ഞ് പിടിക്കുകയും അതിനെ അഡ്രസ്സ് ചെയ്യുകയും ചെയ്തതാണ് റാക്‌സ് മീഡിയ കളക്ടീവ്‌സിന്റെ പ്രത്യേകത. പൊതുബോധത്തില്‍ ചര്‍ച്ച ചെയ്യുന്ന ചിലതുണ്ട്. ജന്‍ഡര്‍ ഇഷ്യൂസ് പോലുള്ളവ. എന്നാല്‍ ജാതി എന്ന വിഷയത്തെ ഉള്‍ക്കൊള്ളിക്കാന്‍ പല ക്യൂറേറ്റര്‍മാര്‍ക്കും താത്പര്യമില്ല. പൊതുബോധത്തിനകത്തു നില്‍ക്കുന്ന സെലബ്രിറ്റി ആര്‍ട്ടിസ്റ്റുകള്‍ക്ക് മാത്രമാണ് പലപ്പോഴും ഇടങ്ങളും സാധ്യതകളും ലഭിക്കുന്നത്. ‘

 

 

ഋത്വിക് ഘട്ടക്കിന്റെ Arguments, Counter-Arguments and Stories’ എന്ന സിനിമയിലെ ‘Why not ask again’ എന്ന ചോദ്യമാണ് ബിനാലയുടെ ടൈറ്റിലായി സ്വീകരിച്ചിരിക്കുന്നത്. ജഗന്‍ദീപ് സിങ്, മൊയ്‌നാഗ് ബിശ്വാസ്, നാവ് ജോബ് അല്‍ത്താഫ്, സുരഭി ശര്‍മ, തേജസ്വിനി നിരഞ്ജന, വിശാല്‍.കെ.ദാര്‍, ജഗ്ദീപ് റെയ്‌ന എന്നിവരാണ് ബിനാലെയില്‍ പങ്കെടുക്കുന്ന മറ്റ് ഇന്ത്യക്കാര്‍. നവംബര്‍ 11 മുതല്‍ 2017 മാര്‍ച്ച് 12 വരെയാണ് ബിനാലെ. വിവിധ രാജ്യങ്ങളില്‍ നിന്നായി 92 കലാകാരന്‍മാര്‍ ബിനാലെയില്‍ പങ്കെടുക്കുന്നു.

 

Parting the ses of hell (നരകക്കടല്‍ പകുത്ത്) എന്ന പേരില്‍ 2014 മാര്‍ച്ചില്‍ ഫോര്‍ട്ട് കൊച്ചി ബുദ്ധ ആര്‍ട്ട് ഗാലറിയില്‍ നടത്തിയ ഏകാംഗ പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്ന Noon Rest (ഉച്ച വിശ്രമം) എന്ന വിനുവിന്റെ ഇന്‍സ്റ്റലേഷനാണ് ബിനാലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

 

ഉച്ചവിശ്രമത്തെക്കുറിച്ച് വിനു പറയുന്നതിങ്ങനെ- ‘മറവികളെ ഓര്‍ത്തെടുക്കുന്ന പങ്കുവയ്ക്കലുകളാണിത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യങ്ങളിലുമായി കേരളത്തില്‍ നടന്ന നവോത്ഥാനത്തെക്കുറിച്ചുള്ള ദളിത് വായനയുടെ സമകാലീന ഇടത്തിലാണ് എന്റെ വര്‍ക്കിന്റെ നോട്ടം. ഇതില്‍ ദളിത് വായനകള്‍ വീണ്ടെടുത്ത ഒരു എഴുത്തുകാരനായിരുന്നു സി. അയ്യപ്പന്‍. നമ്മുടെ ജീവിതം കല്ലേലിട്ട കലം പോലെ തകര്‍ന്നു പോകാനുള്ള കാരണമെന്താണ് എന്ന ചോദ്യത്തോടെയാണ് അദ്ദേഹത്തിന്റെ ഒരു കഥ അവസാനിക്കുന്നത്. ജാതിയെ അഭിമുഖീകരിച്ച് കൊണ്ടുള്ള ഒരു ചോദ്യമായാണ് ഞാനിതിനെ മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് പറയാനുള്ള കാര്യങ്ങള്‍ കിടക്കുന്നതും ആ വഴിയിലാണെന്ന് ഞാന്‍ കരുതുന്നു.

 

 

എന്റെ അച്ഛനും അമ്മയും പ്രധാനമായും നെല്‍കൃഷിയുമായി ബന്ധപ്പെട്ട പണികളിലാണ് ഏര്‍പ്പെട്ടിരുന്നത്. ചിലപ്പോഴൊക്കെ ഞാനും കൂടും. കൊയ്ത്ത് കാലങ്ങളില്‍ ഉച്ചഭക്ഷണ സമയത്ത് കൊയ്ത്ത് ഉപകരണമായ അരിവാള്‍ അടുത്തുള്ള മരത്തിലോ തെങ്ങിലോ കൊത്തിവച്ചിരിക്കുന്ന കാഴ്ച 1980 – 90 കാലങ്ങളിലുള്ള എന്റെ ജീവിതത്തിലെ സ്വാഭാവിക കാഴ്ചകളിലൊന്നായിരുന്നു. ഒരു തരത്തിലുള്ള കാര്‍ഷിക അടിമകള്‍ എന്ന നിലയില്‍ നിന്നും കര്‍ഷകത്തൊഴിലാളി എന്ന് പരിഗണിക്കപ്പെട്ട ചരിത്ര സാഹചര്യങ്ങളിലായിരുന്നു ഇത്. നിങ്ങളുടെ കുഴപ്പമാണ് നിങ്ങളിങ്ങനെയൊക്കെ ജീവിക്കുന്നത് എന്ന് പറയുകയും, പറയാതെ പറയുകയും ചെയ്യുന്ന ഒരു സാഹചര്യം. ആ കാലഘട്ടത്തെയാണ് ‘ഉച്ചവിശ്രമം’ പ്രതിനിധാനം ചെയ്യുന്നത്.

 

കലാപങ്ങളെന്നും ലഹളകളെന്നും പഠിപ്പിച്ചുകൊണ്ട് അടിത്തട്ടിലെ ഇടപെടലുകളെ ഒഴിവാക്കി ഉപരിതലത്തില്‍ നടന്ന പരിഷ്‌കരണ ശ്രമങ്ങളെ വ്യാഖ്യാനിച്ച് സ്ഥാപിച്ചെടുക്കുന്ന രീതികള്‍ തിരിച്ചറിയപ്പെടുന്നത് ദളിത് വ്യവഹാരങ്ങള്‍ ശക്തിപ്പെടുന്നതോടുകൂടിയാണ്. ഇതില്‍ കലാപമായി പരിഗണിക്കപ്പെട്ട ഒന്നായിരുന്നു അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 1913 മുതല്‍ ഒന്നര വര്‍ഷക്കാലത്തോളം നീണ്ടുനിന്ന കാര്‍ഷിക പണിമുടക്ക്. ‘എന്റെ കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഈ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും’ എന്ന പ്രഖ്യാപനത്തോടെ വിദ്യ അഭ്യസിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു അത്. അന്ന് തൊഴിലാളികള്‍ കാര്‍ഷിക സമരം, അഥവാ പട്ടിണിക്കാലത്തിലേക്ക് അരിവാളുകളും കൊത്തിവച്ച് ഇറങ്ങുമ്പോള്‍ അത് കേവലം ഉച്ച വിശ്രമത്തിനായിരുന്നില്ല. ആ സമയത്ത് കൊത്തിവയ്ക്കപ്പെട്ട അരിവാളുകള്‍ ഉച്ചവിശ്രമമെന്ന എന്റെ കാഴ്ചയുമായി ചേര്‍ത്തുവയ്ക്കുന്നു.

 

നവോത്ഥാനാനന്തര സാമൂഹ്യ നിര്‍മ്മിതിയില്‍ നിന്നും പുറന്തള്ളപ്പെട്ട, അരികുവല്‍ക്കരിക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങള്‍ ഭൂമിക്കും സാമൂഹ്യനീതിക്കും മനുഷ്യാന്തസ്സിനും അധികാര പങ്കാളിത്തത്തിനും വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തിക്കൊണ്ട് ജനാധിപത്യ പ്രക്രിയയെ തുറസ്സാക്കുന്ന സമകാലീനതയില്‍ ഈ അരിവാളുകള്‍ കൊത്തിവയ്ക്കുമ്പോള്‍ വായനാ സാധ്യതയുള്ള ഒരു ഇമേജായി കൊത്തിവയ്ക്കപ്പെട്ട അരിവാളുകള്‍ മാറുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു’.

 

 

എറണാകുളം ജില്ലയിലെ കങ്ങരപ്പടിയില്‍ ജനിച്ച വിനു തൃപ്പൂണിത്തുറ ആര്‍എല്‍വി. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്നും ശില്‍പ്പകലയില്‍ പഠനം പൂര്‍ത്തിയാക്കി. ചിത്ര-ശില്പ കലകളില്‍ ഒരു പോലെ ശ്രദ്ധ വയ്ക്കുന്ന വിനുവിന് കൂടുതല്‍ വഴങ്ങുന്നത് ശില്‍പ്പകല തന്നെയാണ്. ഇക്കാര്യത്തിലും വിനുവിന് തന്റേതായ അഭിപ്രായമുണ്ട്- ‘എന്റേത് വളരെ ചെറിയ ജീവിതമാണ്. അന്നന്ന് കിട്ടുന്നതുകൊണ്ട് ജീവിച്ചുപോവാമെന്ന അവസ്ഥ. സാമ്പത്തിക കാര്യങ്ങളും മറ്റ് ജീവിത സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ശില്‍പ്പകലയാണ് നല്ലത്.’

 

 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍