UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എകെ ശശീന്ദ്രന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ അപകീര്‍ത്തികരമായി പ്രചരിപ്പിക്കുന്നു; പെണ്‍കുട്ടി പരാതി നല്‍കി

ശശീന്ദ്രന്‍ ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയത് ഈ പെണ്‍കുട്ടിയോട് ആണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്

ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച എകെ ശശീന്ദ്രന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ അപകീര്‍ത്തികരമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നു എന്ന് കാണിച്ച് മലപ്പുറം സ്വദേശി പരാതി നല്‍കി. പെണ്‍കുട്ടിയുടെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ശശീന്ദ്രന്‍ ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയത് ഈ പെണ്‍കുട്ടിയോട് ആണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. വനിതാ കമ്മീഷനിലും ഈ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. ഐടി ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ സുജിത് ചന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്;

‘സുഹൃത്തുക്കളേ,
       എന്റെ ഫേസ്ബുക്ക് സുഹൃത്തായ പരപ്പനങ്ങാടി സ്വദേശി ജിയേഷ് ഇന്ന് വൈകിട്ട് എന്നെ ഫോണില്‍ വിളിച്ചിരുന്നു. ഒരു സങ്കടം പങ്കുവയ്ക്കാനാണ് അദ്ദേഹം വിളിച്ചത്. മംഗളം സിഇഒ ശ്രീമാന്‍ അജിത് കുമാര്‍ ഏതൊക്കെയോ വാട്സ് ആപ് ഗ്രൂപ്പുകളില്‍ ജിയേഷിന്റെ ചങ്ങാതിയുടെ അടുത്ത ബന്ധുവായ ഒരു പെണ്‍കുട്ടിയുടെ ചിത്രം ദുസൂചനയോടെ പ്രചരിപ്പിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പരാതി. മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഈ പറഞ്ഞ പെണ്‍കുട്ടിയെ നോക്കി പുഞ്ചിരിക്കുന്ന ചിത്രമാണ് അജിത് വ്യാപകമായി പ്രചരിപ്പിക്കുന്നത്. എകെ ശശീന്ദ്രന്‍ ലൈംഗികാരോപണത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച സമയമായതുകൊണ്ടും ആ ആരോപണം ഉന്നയിച്ചത് അജിത് നേതൃത്വം നല്‍കുന്ന മാധ്യമസ്ഥാപനം ആയതുകൊണ്ടും പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് മന്ത്രിയെ ഫോണില്‍ വിളിച്ചത് ഈ പെണ്‍കുട്ടി ആണെന്നാണ്. അശ്ലീല വിവരണങ്ങളോടെ ഈ ചിത്രം പലരും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കുന്നു. ഇരുപത് വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിക്കും കുടുംബത്തിനും ഇത് വലിയ മാനഹാനിയാണ് വരുത്തിവച്ചതെന്ന് ജിയേഷ് പറയുന്നു.

എന്ത് ദ്രോഹം ചെയ്തിട്ടാണ് അജിത് കുമാര്‍ ഈ പെണ്‍കുട്ടിയെ ഇത്തരത്തില്‍ ദ്രോഹിക്കുന്നതെന്ന് ഇവര്‍ക്ക് ആര്‍ക്കും ഒരു എത്തും പിടിയുമില്ല. സ്വന്തം വാര്‍ത്ത സാധൂകരിക്കാന്‍ മുന്‍ മന്ത്രി സ്ത്രീലമ്പടനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആണെങ്കില്‍ അതിന് ഈ പെണ്‍കുട്ടി എന്തുപിഴച്ചു എന്നാണ് ബന്ധുക്കളുടെ ചോദ്യം. ഒരു പൊതുചടങ്ങിനിടെ എടുത്ത ചിത്രമാണ് മംഗളം സിഇഒ അശ്ലീലസൂചനയോടെ പ്രചരിപ്പിക്കുന്നത് എന്ന് ജിയേഷ് പറയുന്നു. അവരുടെ കുട്ടിയല്ല വിവാദ ടേപ്പില്‍ മന്ത്രിയോട് സംസാരിക്കുന്നതെന്ന് എല്ലാവരോടും പറയണം എന്നുമാത്രമാണ് ജിയേഷിന്റെ ആവശ്യം. ചിത്രം പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഈ യുവാവ് അറിയിച്ചു. ലോക്കല്‍ പൊലീസ് ഈ പരാതി സൈബര്‍ സെല്ലിന് കൈമാറിയതായാണ് അറിയുന്നത്.

മനസ്സിലാവുന്നില്ല, എന്ത് സാഡിസ്റ്റ് സംതൃപ്തിയാണ് ഇത്തരം ദ്രോഹങ്ങളിലൂടെ ഇക്കൂട്ടര്‍ക്ക് കിട്ടുന്നതെന്ന്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍