UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലിം വ്യക്തി നിയമത്തിൽ കാലോചിതവും ഇസ്ലാമികവുമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനെ ആര്‍ക്കാണ് പേടി?

Avatar

അഷ്റഫ് പുളിക്കാമത്ത്

കാവിവൽക്കരണത്തിന്റെയും അസഹിഷ്ണുതയുടെയും ശംഖൊലി മുഴങ്ങുന്ന ഇക്കാലത്ത് സംഘപരിവാർ എന്താണോ ആഗ്രഹിക്കുന്നത്, അതു നിറവേറ്റാൻ ഒരുങ്ങി നിൽക്കുകയാണ് മുസ്ലിം മത സംഘടനകൾ. മലപ്പുറത്തു ശരിഅ (മുസ്ലിം വ്യക്തി നിയമം/നിയമം) സംരക്ഷണ മഹാറാലി നടത്തി സായൂജ്യമടഞ്ഞ സമസ്തയും അതിനു ആശീർവാദങ്ങളുമായി അക്ഷീണം സഹകരിച്ച പുരോഗമന മുസ്ലിം സംഘടനകളും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള മുസ്ലിംരാഷ്ട്രീയ പാർട്ടികളും നൽകുന്ന സൂചനകൾ മറ്റൊന്നല്ല. ഇത്തരത്തിൽ കെണിയിലേക്ക് എടുത്തു ചാടാനുള്ള ഇരയുടെ വ്യഗ്രതയ്ക്ക് തുല്യമായ മുസ്ലിം സമുദായത്തിന്റെ (നേതാക്കളുടെ / സംഘടനകളുടെ) ത്വര അമ്പരപ്പിക്കുന്നതാണ്. അതി വിദൂരമായ ഭാവിയിൽ മാത്രം സംഭവിച്ചേക്കാവുന്ന ഒരു കാര്യത്തിന്റെ പേരിൽ നടക്കുന്ന ഈ കോലാഹങ്ങൾക്ക് ചേരുന്നൊരു പഴമൊഴിയുണ്ട് – എന്നെങ്കിലും നായയാവുമെന്നു കരുതി ഇന്നേ …! ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് ഒരിക്കലും മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല – ക്രിസ്ത്യൻ, പാർസി, സിഖ് തുടങ്ങിയ ഇന്ത്യയിലെ സകല ന്യൂന പക്ഷ മതങ്ങളുടെയും പ്രശ്നമാണ്. എന്റെ അറിവിൽ അവരാരും ഇത് പോലെ ‘മഹാറാലി’ നടത്തിയിട്ടില്ല – എന്ന് വെച്ചാൽ കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്നില്ല എന്ന് ചുരുക്കം!

‘പൗരോഹിത്യ’ത്തിന്റെ ജീർണതകൾ മുൻകൂട്ടിക്കണ്ട മതമാണ് ഇസ്ലാം. ക്രിസ്തു മതത്തിൽ നിന്ന് ഇസ്ലാമിനുള്ള അടിസ്ഥാന വ്യത്യാസവും ഈ പൗരോഹിത്യമില്ലായ്മയാണ്. പൗരോഹിത്യം ജനങ്ങളെ വഴിതെറ്റിക്കുമെന്നതുകൊണ്ടാണ് ഇസ്ലാം അതു  നിരോധിച്ചത്. അറിവിന്റെ കാര്യത്തിൽ സ്വയം പര്യാപ്തതയുള്ളവരാവാനാണ്  പ്രവാചകൻ വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്. പക്ഷേ, മുസ്ലിം സമൂഹത്തിൽ പിൻവാതിൽ വഴി പൗരോഹിത്യം അതിന്റെ മൂർത്ത ഭാവത്തിൽ തന്നെ പ്രവേശിച്ചിട്ടുണ്ട്. അതു സൃഷ്ടിക്കുന്ന പ്രതിസന്ധിയാണ് ഇസ്ലാം ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി.

യഥാര്‍ത്ഥ ഇസ്ലാമിക നിയമത്തിനും അതിന്റെ ചൈതന്യത്തിനും നിരക്കാത്ത വ്യവസ്ഥകള്‍ നിലവിലുണ്ടായിട്ടും അത് പരിഷ്കരണത്തിന് വിധേയമാകാത്തത് ഈ യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ ശക്തമായ എതിർപ്പ് കൊണ്ടാണ്.  അതേ സമയം പുരോഗമന വാദികള്‍ എന്ന് അവകാശപ്പെടുന്നവരും അത്തരമൊരു മാറ്റത്തെ സ്വാഗതം ചെയ്യാത്തതിന് പറയുന്ന കാരണം അത് മുസ്ലിം വ്യക്തി നിയമം തന്നെ തുടച്ചു നീക്കുന്നതിലേക്കു നയിക്കും എന്നാണ്. ഷാബാനു കേസിലെ (1986) വിധി തികച്ചും ഖുര്ആനിലെനിയമത്തിനു അനുസൃതമായിരുന്നുവെങ്കിലും ആ വിധിക്കെതിരെ പ്രതിഷേധത്തിന്റെ വാളെടുത്തുറഞ്ഞവരാണ് ഇവരെല്ലാവരും.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മുത്തലാഖിനെ കുറിച്ചും സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചും അപകടകരമായ മൗനം പാലിക്കുന്ന ഇവരുടെ പുതു തലമുറ ഇന്നും ആറാം നൂറ്റാണ്ടിലെ അറേബ്യയിലെ ‘ഫെമിനിസം’മാണ് സംസാരിക്കാനിഷ്ടപ്പെടുന്നത്. സമുദായ സംരക്ഷണത്തിന്റെ മേലങ്കി സ്വയം അണിഞ്ഞെത്തുന്ന ഈ  സംരക്ഷണ സേന തന്നെയാണ് ഇസ്ലാം മതം – മുസ്ലിം വ്യക്തി നിയമം  വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നതിനും കാരണമായിട്ടുള്ളത്. യഥാർത്ഥ പ്രശനങ്ങൾ അതി സമർത്ഥമായി മൂടി വെച്ചു സമുദായത്തിന്റെ വികാരം ആധുനികതയ്ക്കെതിരെ – പുരോഗമനങ്ങൾക്കെതിരെ തിരിച്ചു വിടുന്നതിൽ ഈ സംരക്ഷണ സേന വിജയിച്ചിട്ടുണ്ട് ; കാരണം പണ്ടൊരിക്കൽ ഇവർ തന്നെയാണ് സമുദായത്തിന് (പ്രത്യേകിച്ച് സ്ത്രീകൾക്ക്) ഒരു കാലത്തു വിദ്യാഭ്യാസവും നിഷേധിച്ചത്. സച്ചാർ കമ്മറ്റി (2005) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മുസ്ലിംകളുടെ ജീവിത നിലവാരം (മാനവ വിഭവ വികാസം) ഏറ്റവും പിന്നോക്കക്കാരായ ‘ദളിതർ’ക്കൊപ്പമാണ്. പക്ഷെ ഇക്കാര്യത്തിലൊന്നും ആർക്കും ഈ സമുദായത്തിന്റെ ഭാവിയും അസ്തിത്വവും ഓർത്തു ഒരു വേദനയും തോന്നിയിട്ടില്ലെന്നു സാന്ദർഭികമായി ഓർമിപ്പിക്കട്ടെ. കാരണം സ്പഷ്ടമാണ്, വിദ്യാഭ്യാസം ചോദ്യങ്ങളുയർത്തും! ‘പൗരോഹിത്യം’ വെല്ലുവിളിക്കപ്പെടും! പിന്നെ മാറ്റങ്ങൾ അനിവാര്യമാവും!

ഞാൻ  പറയാൻ  ആഗ്രഹിക്കുന്നതും മുസ്ലിംകളുടെ  യഥാർത്ഥ പ്രശ്നങ്ങളെ മൂടി വെക്കുന്ന ഈ ‘സംരക്ഷണ സേന’യെകുറിച്ചാണ് – അതിന്റെ പ്രവർത്തന രീതി ഇന്നത്തെ ഒന്ന് രണ്ടു പ്രശ്ങ്ങളിലൂടെ നോക്കാം. ഉദാഹരണമായി ബഹുഭാര്യാത്വം സംബന്ധിച്ചു  സൂക്ഷ്മമായി പഠനം നടത്തുകയാണെങ്കിൽ ഏകഭാര്യാത്വം  എന്ന ആശയമാണ് ഖുറാആനില്‍ കാണാന്‍ കഴിയുക. എങ്കിലും ബഹുഭാര്യാത്വം മുസ്ലിം നിയമം അനുവദിക്കുന്നു  എന്ന ധാരണ സമൂഹത്തിൽ വ്യാപകമായിത്തന്നെ ഉണ്ട്. മുസ്ലിം വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തിൽ അത് ശരിയുമാണ്. എന്നാൽ യുദ്ധങ്ങളിൽ  ധാരാളം പുരുഷന്മാർ  മരണമടയുകയും ഒട്ടേറെ സ്ത്രീകൾ വിധവകളും അനാഥരും ആയ ഒരു സ്ഥിതി വിശേഷം ഉണ്ടായ സന്ദർഭത്തിലാണ് ബഹുഭാര്യാത്വത്തെ കുറിച്ചുള്ള ഖുർആൻ പരാമർശം വരുന്നത്. ഒരു പൊതുതത്വമായല്ല, ഒരു സാമൂഹിക പ്രശ്നം പരിഹരിക്കാൻ  അനാഥകളുടെ കാര്യത്തിൽ  മാത്രം അനുവദനീയമായ കാര്യം എന്ന നിലയിലാണ് ഖുർആൻ ഇതേ കുറിച്ച് പറയുന്നത്.

മുത്വലാഖ് എന്നത് ഖുർആനിന്റെയും നബി ചര്യയുടെയും അടിസ്ഥാനത്തില്‍ അനുവദനീയമേയല്ല. ദമ്പതികൾ  തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ ഇരുപക്ഷത്തു നിന്നും  നിന്നും തിരഞ്ഞെടുത്ത മധ്യസ്ഥന്മാർ  അനുരഞ്ജന ശ്രമം നടത്തണമെന്ന ഖുർആൻ  നിർദേശം പോലും ഇന്ന് നില നിൽക്കുന്ന ഇന്ത്യൻ മുസ്ലിം വ്യക്തി നിയമത്തിൽ  ഇല്ല.  ദമ്പതികൾക്കിടയിൽ  രഞ്ജിപ്പിനുള്ള അവസരമുണ്ടാക്കി വിവാഹ മോചനം ഒഴിവാക്കാനുള്ള ഖുർആൻ  നിർദേശം യഥാർത്ഥത്തിൽ ശാസ്ത്രീയവും ആധുനികവുമാണ്. ഒരാൾ ഭാര്യയെ ഒരു അവസരത്തില്  ഒരു പ്രാവശ്യം വിവാഹ മോചനം നടത്തുകയും ഭര്‍ത്താവിന്റെ ചിലവിൽ അതെ വീട്ടില് തന്നെ താമസിപ്പിക്കുകയും വേണം. എന്നിട്ടും യോജിക്കാന്‍ കഴിഞ്ഞില്ലെങ്കില് രണ്ടാമത്തെ വിവാഹ മോചനം നടത്താം. ഒന്നിച്ചു തന്നെ കഴിയുകയും വേണം. എന്നിട്ടും സാധിക്കുന്നില്ലെങ്കിൽ മാത്രം  മൂന്നാമതും വിവാഹമോചനം നല്കി തിരിച്ചയക്കാം. അതോടുകൂടി മാത്രമേ വിവാഹമോചനം സാധ്യമാകുകയുള്ളൂ. അതേ സമയം  ഇസ്ലാമിക നിയമത്തിനു വിരുദ്ധമായ മുത്വലാഖ് ഇന്ത്യൻ മുസ്ലിം വ്യക്തി നിയമത്തിൽ ഇന്നും നിലനില്ക്കുന്നുണ്ട്.  മുസ്ലിം സ്ത്രീയാണ്  വിവാഹ മോചനം ആവശ്യപ്പെടുന്നതെങ്കിൽ,  ത്വലാഖിനേക്കാൾ  ലളിതമായി വിവാഹബന്ധം വിച്ഛേദിക്കാൻ  ഇസ്ലാം നല്കിയിട്ടുള്ള ‘ഖുല്അ’ എന്ന നടപടിക്ക് ഇന്ന് ‘സംരക്ഷണം’ ആവശ്യപ്പെടുന്ന ഇന്ത്യൻ മുസ്ലിം വ്യക്തി നിയമത്തില്‍ ഇടമില്ല. നിലവിലുള്ള ഇന്ത്യൻ മുസ്ലിം വിവാഹ മോചന നിയമനത്തിൽ  ഭർത്താവിന്റെ  സമ്മതത്തോടെ മാത്രമേ അത് ചെയ്യാവൂ. അവിടെയും സ്ത്രീക്ക് നിലവിലുള്ള – തീർത്തും മതപരവും ഖുർആനികവും ആയ അവകാശം നിഷേധിക്കപ്പെടുകയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ ഇന്ത്യൻ മുസ്ലിം വ്യക്തി നിയമത്തിൽ കാലോചിതവും ഇസ്ലാമികവുമായ മാറ്റങ്ങൾ ആവശ്യമില്ലെന്ന നിലപാട് സംശയിക്കപ്പെടേണ്ടിയിരിക്കുന്നു.

‘ഏകീകൃത സിവിൽ കോഡ്’ എന്ന  ആശയം ജനങ്ങൾക്കിടയിലെ വിവേചനം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ നമ്മുടെ രാജ്യത്ത് എന്നോ തുടങ്ങി വച്ച് ഇപ്പോൾ മൂർദ്ധന്യതയിൽ എത്തി നിൽക്കുന്ന സാമുദായിക സ്പർദ്ധക്ക് ആക്കം കൂട്ടാനുള്ള ഇന്ധനമായി സിവിൽ കോഡ് ഇന്ന് ഉപയോഗിക്കപ്പെടുന്നു. അന്യ മതസ്ഥനെ ചൂണ്ടി ഭീതി നിറച്ച് സ്വന്തം പാളയത്തിൽ ചാവേറുകളുടെ എണ്ണം കൂട്ടാനുള്ള തത്ര പാടിലാണ് വർഗ്ഗീയ സംഘടനകൾ. ഒരു മതവും അതിൽ പിന്നിലല്ല – എങ്കിലും ഞാൻ എന്റെ മതത്തെക്കുറിച്ചു പറയുന്നു എന്ന് മാത്രം ! ഏകീകൃത സിവിൽ  കോഡ് ഒരു ‘സുപ്രഭാതം’ പോലെ  പൊട്ടി മുളച്ചതല്ല, അത് മറ്റൊരു സുപ്രഭാതത്തിൽ നടപ്പിലാക്കവുന്നതുമല്ല, കാരണം ഇന്ത്യ പോലൊരു ബഹുസ്വര സമുദായ സഞ്ചയത്തിൽ ഇത്തരമൊരു ഉദ്യമം കൊണ്ട് വരുന്നതിനു സ്വാഭാവികമായി വേണ്ടി വരുന്ന സമയത്തിന്റെ കണക്ക് മാത്രം എടുത്താൽ തന്നെ സമീപ ഭാവിയിൽ പോലും അത്തരമൊരു സംഭവം നമുക്ക് പ്രതീക്ഷിക്കാനാവില്ല.

വിവിധ മതങ്ങളും സംസ്കാരങ്ങളും ആചാരങ്ങളും ജീവിത ശൈലികളും ഉള്ള ഒരു ബഹുസ്വര സമൂഹമാണ് നമ്മുടേത്. നിലവില്‍ ഓരോ സമുദായത്തിനും പ്രത്യേകം വ്യക്തി നിയമങ്ങളും  പൊതുവായ നിയമങ്ങളും ഉണ്ട്. വ്യക്തി നിയമങ്ങള്‍ പ്രധാനമായും വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, രക്ഷാകര്‍ത്തൃത്വം എന്നിങ്ങനെ ഏതാനും വിഷയങ്ങളില്‍ മാത്രം പരിമിതമാണ്. ഈ വിഷയങ്ങളില്‍ ഒരു പൊതു നിയമം കൊണ്ട് വരുന്നതു വിവിധ സമുദായക്കാര്‍ക്ക് സ്വീകാര്യമാകുമോ എന്നതാണ് ഒരു പ്രധാന പ്രശ്നം. മുസ്ലീങ്ങള്‍ക്കൊപ്പം തന്നെ ശക്തമായ എതിര്‍പ്പ് ഇതര ന്യൂന പക്ഷ സമുദായങ്ങളിലും ഉണ്ട്.  ഹിന്ദു സമുദായത്തിലെ വ്യക്തി നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തുന്നതിന് ആ സമുദായത്തിലും പൊതുവെ അംഗീകാരം ലഭിക്കുമോ എന്ന കാര്യവും സംശയമാണ്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഏകീകൃത സിവില്‍ കോഡ് എന്ന ആശയം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്. അപ്പോൾ ഇന്ന് നിലവിലുള്ള വ്യക്തി നിയമങ്ങളിലെ അപാകതകൾ കാലോചിതമായി പരിഷ്കരിക്കുകയാണ് വേണ്ടത് എന്നത് സംശയാതീതമാണ്.  

(മദ്രാസ് സര്‍വ്വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍