UPDATES

പ്രവാസം

പ്രവാസികള്‍ക്ക് ആശ്വാസമായി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളുകള്‍

ഫീസ് നിരക്കു കുറഞ്ഞ രണ്ട് ഇന്ത്യന്‍ സ്‌കൂളുകള്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഷാര്‍ജയില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതില്‍ ഒരു സ്‌കൂള്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി മാത്രമായിരിക്കും

ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി ഫീസ് നിരക്കു കുറഞ്ഞ രണ്ട് ഇന്ത്യന്‍ സ്‌കൂളുകള്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഷാര്‍ജയില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതില്‍ ഒരു സ്‌കൂള്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി മാത്രമായിരിക്കും. ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്റെ ഉടമസ്ഥതയിലാവും രണ്ട് സ്‌കൂളുകളും പ്രവര്‍ത്തിക്കുക. പുതിയ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

6,000 കുട്ടികളെ പ്രവേശിപ്പിക്കാനുള്ള ശേഷിയാണ് ഇവിടെയുണ്ടാവുക. അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ കെ ജി മുതല്‍ 12 വരെയുള്ള ക്ലാസുകളിലായി 4,000 കുട്ടികളെ പ്രവേശിപ്പിക്കും. 2,000 കുട്ടികളെ നിലവിലുള്ള തങ്ങളുടെ പഴയ സ്‌കൂളില്‍ നിന്നും ഇവിടെക്ക് മാറ്റുമെന്നും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അധ്യക്ഷന്‍ വൈ എ റഹീം അറിയിച്ചു.
മധ്യവര്‍ഗ്ഗ ഇന്ത്യന്‍ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് വലിയ ആശ്വാസമായിരിക്കും പുതിയ സ്‌കൂളെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ഇന്ത്യന്‍ സിബിഎസ്ഇ സ്‌കൂളുകളെ അപേക്ഷിച്ച് ഇവിടെ ഫീസ് നിരക്ക് വളരെ കുറവായിരിക്കും. 12-ാം ക്ലാസിലേക്ക് 560 ദിര്‍ഹം മാത്രമായിരിക്കും ഫീസ്. മറ്റ് സ്‌കൂളുകളില്‍ ഇത് മൂന്നിരട്ടി അധികമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കൂടാതെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി മറ്റൊരു സ്‌കൂള്‍ കൂടി തുടങ്ങാനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 200 കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഉണ്ടാവും. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് മറ്റ് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് ഇത്തരം ഒരു നീക്കമെന്നും റഹീം പറഞ്ഞു. ഇതിനായി അസോസിയേഷന്‍ ഒരു വില്ല സ്വന്തമാക്കിയിട്ടുണ്ട്. അവിടുത്തെ നവീകരണ പ്രവര്‍ത്തനങ്ങളും ലൈസന്‍സ് ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. പുതിയ അദ്ധ്യയന വര്‍ഷത്തില്‍ തന്നെ സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍