UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശാങ്ക് മനോഹറുടെ സ്ഥാനാരോഹണം ലോക ക്രിക്കറ്റിന് ഗുണം ചെയ്യുമോ?

Avatar

അഴിമുഖം പ്രതിനിധി

ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ആദ്യ സ്വതന്ത്ര ചെയര്‍മാനാണ് ശശാങ്ക് മനോഹര്‍. ഐസിസിയുടെ തലവന്‍ ആഗോളതലത്തില്‍ ക്രിക്കറ്റിനുവേണ്ടി ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നുറപ്പുവരുത്തുകയാണ് സ്വതന്ത്ര ചെയര്‍മാന്‍ പദവിക്കു പിന്നിലുള്ള ഉദ്ദേശ്യം. മുന്‍കാലങ്ങളില്‍ ഐസിസി തലവന്മാര്‍ സാങ്കേതികമായി നിഷ്പക്ഷമായിരിക്കുകയും എന്നാല്‍ മിക്കപ്പോഴും തന്റെ രാജ്യത്തെ ബോര്‍ഡിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന അവസ്ഥയുണ്ടായിരുന്നു. ഇതിനു മാറ്റം വരുത്തുകയാണ് ലക്ഷ്യം.

ആഗോളതലത്തില്‍ കളിയില്‍ അഴിച്ചുപണി ആവശ്യമാണെന്നും അത് നടപ്പാക്കേണ്ടത് അധികാരമുള്ളവരുടെ ചെറുസംഘമല്ല, എല്ലാവരുടെയും ഒരുമയാണ് എന്ന അവബോധം ഐസിസിക്കുള്ളില്‍ത്തന്നെയുണ്ട്.

മനോഹറിന്റെ തിരഞ്ഞെടുപ്പ് ചില ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. 2014-ലെ ഭരണഘടനാ നവീകരണം മൂന്ന് പ്രമുഖരാജ്യങ്ങളുടെ മുട്ടാളത്തമല്ലാതെ മറ്റൊന്നുമല്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന പ്രസ്താവനയാണ് അതില്‍ ഒന്ന്. ബിസിസിഐ പ്രസിഡന്റായി രണ്ടാമത്തെ ഭരണകാലാവധി ആഴ്ചകള്‍ പിന്നിട്ടപ്പോഴായിരുന്നു ഈ അഭിപ്രായപ്രകടനം.

അവയില്‍ ഏറ്റവും പ്രമുഖമായ ഒന്നില്‍നിന്നാണു മനോഹറുടെ വരവെന്നത് ഐസിസി ബോര്‍ഡില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്നു. ഭാവിയില്‍ ബിസിസിഐയുടെ ഏതു ബലംപിടിക്കലിനെതിരെയും നില്‍ക്കാനുള്ള ആത്മവിശ്വാസവും സ്വാധീനശക്തിയും മനോഹറിനുണ്ടെന്ന് അവര്‍ കരുതുന്നു. ചെയര്‍മാന്‍ സ്ഥാനത്തിനുവേണ്ടി രംഗത്തുണ്ടായിരുന്ന ഗെയില്‍സ് ക്ലാര്‍ക്കില്‍നിന്നു വ്യത്യസ്തമായി ‘ബിഗ് ത്രീ നവീകരണ’ത്തില്‍ മനോഹറിനു പങ്കുണ്ടായിരുന്നില്ല എന്നതും അനുകൂലഘടകമായി.

ചെറിയ ഏഴു ടെസ്റ്റ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം മനോഹറിന്റെ വ്യക്തിത്വം മുന്‍ഗാമിയായ എന്‍ ശ്രീനിവാസന്റേതില്‍നിന്നു വളരെ വ്യത്യസ്തവും സമീപിക്കാവുന്നതുമാണ്. ‘അദ്ദേഹം എപ്പോഴും ശരിയായ കാര്യങ്ങള്‍ പറഞ്ഞു. എന്താണ് തെറ്റെന്നും അത് എങ്ങനെ ശരിയാക്കാമെന്നും,’ ഒരു അംഗം പറഞ്ഞു. ഈ വര്‍ഷം ഐസിസി വേള്‍ഡ് ടി 20-യുടെ സമയത്ത് ആറു ബോര്‍ഡുകള്‍ നാഗ്പൂരില്‍ മനോഹറെ സന്ദര്‍ശിച്ച് ഈ പദവിക്കുവേണ്ടി ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഐസിസിക്കുള്ളിലെ വിശ്വസ്തത എന്നത് ഒരുതരത്തില്‍ അഴകൊഴമ്പനും സ്വാര്‍ത്ഥതാല്‍പര്യങ്ങളാല്‍ അല്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയത്താല്‍ നയിക്കപ്പെടുന്നതുമാണ്. 2013ലെ ഐപിഎല്‍ അഴിമതിക്കേസില്‍ ബിസിസിഐയില്‍ ഒച്ചപ്പാടിനും സുപ്രീം കോടതിയുടെ ഇടപെടലിനും ഇടവരുത്തിയ ശേഷവും ശ്രീനിവാസനെ ഐസിസിയുടെ ആദ്യ ചെയര്‍മാനാക്കാന്‍ വോട്ട് ചെയ്തവര്‍ തന്നെയാണ് ഇപ്പോള്‍ മനോഹറിനും വോട്ട് ചെയ്തിരിക്കുന്നത്.

ബലപ്രയോഗവും ഭീഷണിയും മൂലം അധികാരം ഉറപ്പിക്കുക എന്ന ഇപ്പോഴത്തെ ‘ബിഗ് ത്രീ’ സമീപനത്തിന് കടകവിരുദ്ധമായ നിലപാടാണ് ഇന്ന് ഐസിസിക്ക് ആവശ്യം. മൂന്നു ഫോര്‍മാറ്റുകളിലും ലോകക്രിക്കറ്റിന് യോജിച്ച പ്രവര്‍ത്തനം ആവശ്യമാണ്. പ്രേക്ഷകകരുടെ മാറുന്ന ചലനാത്മകതയ്ക്കനുസരിച്ച് സംപ്രേഷണ വിപണിക്ക് പ്രസക്തമായ നിലയില്‍ ക്രിക്കറ്റിനെ ചിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു.

ഐസിസി ചെയര്‍മാനെന്ന നിലയില്‍ വരാനിരിക്കുന്ന രണ്ടു വര്‍ഷം മനോഹറിനെ ശ്രദ്ധാകേന്ദ്രമാക്കുക രണ്ട് നിര്‍ണായക മേഖലകളാണ്. ഇവയില്‍ ഒന്ന് ഭരണകര്‍ത്താക്കളെയും രണ്ടാമത്തേത് ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരെയും ബാധിക്കുന്നതാണ്.

ബിസിസിഐ പ്രസിഡന്റായിരുന്ന ആദ്യകാലഘട്ടത്തില്‍ മനോഹറിന്റെയും സഹപ്രവര്‍ത്തകരുടെയും വലിയ തെറ്റ് ബിസിസിഐ ഭരണഘടനയില്‍ മാറ്റം വരുത്തുകയും ഐപിഎല്ലില്‍ സാമ്പത്തികപങ്കാളിത്തം വഹിക്കാന്‍ ബോര്‍ഡ് അംഗത്തിന് അനുമതി നല്‍കുകയും ചെയ്തതാണ്. ആ മാറ്റത്തിന്റെ തിക്തഫലങ്ങള്‍ ഇന്നും ബിസിസിഐ അനുഭവിച്ചുകൊണ്ടിരിക്കുന്നു. രണ്ടാമത്തെ ഭരണകാലത്ത് സാദ്ധ്യമായ എല്ലാ പരിഷ്‌കാരങ്ങളും നടപ്പാക്കാന്‍ മനോഹര്‍ ശ്രമിച്ചിരുന്നു. സ്വതന്ത്ര സിഇഒ നിയമനം, ഓംബുഡ്‌സ്മാന്‍, വരവുചെലവു കണക്കുകളിലെ സുതാര്യത, ഡെലോയിറ്റുമായിച്ചേര്‍ന്ന് ബോര്‍ഡിന്റെ അധികാര ഘടന കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍, പ്രവര്‍ത്തനരീതിയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ശ്രമം എന്നിങ്ങനെ.

വ്യക്തിപരമായ നേട്ടത്തിനായി ബുദ്ധിപരമായി കളിച്ചയാളാണ് മനോഹര്‍. സുപ്രീം കോടതിയുമായി പോരടിക്കുന്ന സമയത്ത് ബിസിസിഐയെ കയ്യൊഴിഞ്ഞ്, താരതമ്യേന സമ്മര്‍ദം കുറഞ്ഞ ഐസിസി ചെയര്‍മാന്‍ പദവിയിലെത്തിയയാള്‍. അദ്ദേഹത്തെ ചെയര്‍മാന്‍ പദവിയിലേക്കു നാമനിര്‍ദേശം ചെയ്തത് ബിസിസി തന്നെയാണ്. അതിനാല്‍ ബിസിസിഐയിലെ സഹപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ എങ്ങനെ ക്ഷുഭിതരാകാന്‍ കഴിയും?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍