UPDATES

പരിപാടികള്‍ സംഘടിപ്പിക്കാനും അവാര്‍ഡ് നല്‍കാനും മാത്രമുള്ളതല്ല സാഹിത്യ അക്കാദമി

Avatar

കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്ന് രാജിവച്ചുകൊണ്ട് പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശശി ദേശ്പാണ്ഡേ അക്കാദമി അദ്ധ്യക്ഷന് എഴുതിയ രാജിക്കത്തിന്റെ മലയാളം പരിഭാഷ. പ്രൊഫ. എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനെതിരെ രംഗത്തുവരാതെ അക്കാദമി പുലര്‍ത്തുന്ന മൗനത്തിലുള്ള പ്രതിഷേധമായിരുന്നു ശശി ദേശ്പാണ്ഡേയുടെ രാജി. പദ്മഭൂഷണ്‍ ബഹുമതി, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളടക്കം നേടിയിട്ടുള്ള ശശി ദേശ്പാണ്ഡേ പ്രമുഖ കന്നഡ നാടകപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീരംഗയുടെ പുത്രിയാണ്. ചെറുകഥാ സമാഹാരമാണ് ശശിയുടെതായി ആദ്യം പ്രസിദ്ധീകരിച്ച പുസ്തകം. ദി ഡാര്‍ക്ക് ഹോള്‍ഡ്‌സ് നോ ടെറര്‍ ആണ് ആദ്യ നോവല്‍. കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളും ശശി ദേശ്പാണ്ഡേ രചിച്ചിട്ടുണ്ട്.

 

ഡോക്ടര്‍ വിശ്വനാഥ് തിവാരി,
അദ്ധ്യക്ഷന്‍,
സാഹിത്യ അക്കാദമി,
ന്യൂഡല്‍ഹി

പ്രിയപ്പെട്ട സര്‍,

സാഹിത്യ അക്കാദമിയുടെ പൊതു സമിതിയിലേക്ക് സാഹിത്യകാരന്മാരുടെ വ്യക്തിഗത വിഭാഗത്തില്‍ എന്നെ നാമനിര്‍ദേശം ചെയ്തതായി നവംബര്‍ 2012-നു അറിഞ്ഞപ്പോള്‍ ഞാന്‍ ആദരിക്കപ്പെട്ടതായി എനിക്കു തോന്നി. എല്ലാ ഇന്ത്യന്‍ ഭാഷകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനൊപ്പം ഓരോ ഭാഷയ്ക്കും അതിന്റേതായ സ്ഥാനവും ആത്മാഭിമാനവും നല്‍കാനും കഴിയുന്ന ഏക സ്ഥാപനമെന്ന നിലയില്‍ സാഹിത്യ അക്കാദമിയുടെ പങ്കിനെ ഞാന്‍ എന്നും ആദരിച്ചിരുന്നു. 

ഇന്നിപ്പോള്‍, പ്രൊഫസര്‍ എം.എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ അക്കാദമി പുലര്‍ത്തുന്ന നിശബ്ദത എന്നില്‍ അതിയായ ആശങ്ക ഉണ്ടാക്കുന്നു. പ്രൊഫസര്‍ കല്‍ബുര്‍ഗി അറിയപ്പെടുന്ന പണ്ഡിതനും സത്യസന്ധനായ ഒരു മികച്ച മനുഷ്യനുമായിരുന്നു. സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കൂടിയായിരുന്ന അദ്ദേഹം ഈയടുത്തുവരെ അതിന്റെ പൊതുസമിതിയിലെ അംഗം കൂടിയായിരുന്നു. 

ഈ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സംഘടനയായ അക്കാദമിക്ക്, ഒരെഴുത്തുകാരന് നേരെ നടന്ന ഇത്തരത്തിലുള്ള ആക്രമത്തിനെതിരെ പ്രതികരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഈ ആക്രമണത്തില്‍ അക്കാദമി സ്വമേധയാ മൗനം പാലിക്കുകയാണെങ്കില്‍,നമ്മുടെ രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്ക്ക് നേരെ പോരാടുന്നതിന് നമുക്കെന്ത് പ്രതീക്ഷയാണുള്ളത്? നമ്മുടെ കൂട്ടത്തില്‍പ്പെട്ട ഒരാള്‍ക്കുവേണ്ടി അവിടെയും ഇവിടെയും ചില നനഞ്ഞ അനുശോചന യോഗങ്ങള്‍ നടത്തുന്നത് പ്രത്യേകിച്ചു ഒരു ചലനവും ഉണ്ടാക്കില്ല. 

ദു:ഖകരമായ ഒരു വസ്തുത, അഭിപ്രായ വ്യത്യാസങ്ങളെ ഒരു വെടിയുണ്ട കൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല എന്നത് ആവര്‍ത്തിച്ചുറപ്പിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും വര്‍ദ്ധിക്കുകയാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഒരു സംസ്‌കൃത സമൂഹത്തിനു മുന്നിലുള്ള ഏക മാര്‍ഗം ചര്‍ച്ചകളും സംവാദങ്ങളും മാത്രമാണ്. സമൂഹത്തിന്റെ മന:സാക്ഷി സൂക്ഷിപ്പുകാര്‍ എന്നു കരുതുന്ന എഴുത്തുകാര്‍ ബൗദ്ധിക നേതാക്കളായി പരിഗണിക്കപ്പെടുന്നില്ല എന്നത് കൂടുതല്‍ വ്യക്തമായി വരികയാണ്. അവരുടെ ശബ്ദം അപ്രസക്തമാക്കപ്പെടുന്നു. ഒരുപക്ഷേ എഴുത്തുകാര്‍ക്ക് അവരുടെ ശബ്ദം വീണ്ടെടുക്കാനുള്ള ശരിയായ സമയം ഇതായിരിക്കും. പക്ഷേ നമുക്ക് കൂട്ടായ ശബ്ദമാണ് വേണ്ടത്. ഇവിടെയാണ് അക്കാദമി്ക്ക് അതിന്റെ ലക്ഷ്യം നിര്‍വഹിക്കാനും ഒരു പ്രധാന പങ്ക് വഹിക്കാനും കഴിയുക. പൊതുജീവിതത്തിലെ ചര്‍ച്ചകള്‍ക്കും സംവാദത്തിനും മുന്‍കയ്യെടുക്കാനും ഇടമൊരുക്കാനും അതിന് കഴിയും. നിര്‍ഭയമായി സംസാരിക്കാനും എഴുതാനുമുള്ള എഴുത്തുകാരുടെ അവകാശങ്ങള്‍ക്കായി മുന്നില്‍ നില്‍ക്കാന്‍ അതിനാകും. ഒരു ജനാധിപത്യത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളും വിശ്വസിക്കേണ്ട വാസ്തവം ഇതാണ്. മൗനം ഒരുതരത്തിലുള്ള പ്രേരണയാണ്. ഇന്ത്യയിലെ എഴുത്തുകാരുടെ വലിയ സമൂഹത്തിനുവേണ്ടി നില്‍ക്കാന്‍ കഴിയുന്ന സാഹിത്യ അക്കാദമി പ്രൊഫസര്‍ കല്‍ബൂര്‍ഗിയുടെ കൊലപാതകത്തിനെതിരെയും അത്തരത്തിലുള്ള എല്ലാ അക്രമാസക്തമായ അസഹിഷ്ണുതക്കെതിരെയും ശക്തമായ നിലപാടും പ്രതിഷേധവും ഉയര്‍ത്തേണ്ടതുണ്ട്. 

എഴുത്തുകാരുടെയും പണ്ഡിതന്മാരുടെയും സമൂഹത്തിനുവേണ്ടി നിലകൊള്ളാനാകാത്ത അക്കാദമിയുടെ പരാജയത്തിന്റെ വെളിച്ചത്തില്‍, കടുത്ത നിരാശയോടെ, സാഹിത്യ അക്കാദമി പൊതു സമിതിയില്‍ നിന്നും ഞാന്‍ രാജി വെയ്ക്കുന്നു. ഖേദത്തോടെയും, പരിപാടികള്‍ സംഘടിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതിനപ്പുറം, ഇന്ത്യയിലെ എഴുത്തുകാരുടെ എഴുതാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ബാധിക്കുന്ന നിര്‍ണായകമായ പ്രശ്‌നങ്ങളില്‍ അക്കാദമി ഇടപെടുകയും ചെയ്യുമെന്ന പ്രതീക്ഷയോടെയുമാണ് ഞാനിത് ചെയ്യുന്നത്.

ശശി ദേശ്പാണ്ഡേ
ബാംഗ്ലൂര്‍ 
ഒക്ടോബര്‍ 9, 2015

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍