UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീം പേരില്‍ ഒരു വാടക വീട് തേടൂ, അപ്പൊഴറിയാം; ഖേറിന് തരൂരിന്‍റെ കലക്കന്‍ മറുപടി

Avatar

അഴിമുഖം പ്രതിനിധി

ഈ കലഹം പല മാധ്യമങ്ങളിലും വാര്‍ത്തയായി. ഇരുവരും തമ്മില്‍ നടന്ന ട്വിറ്റര്‍ തര്‍ക്കങ്ങള്‍ക്ക് നിരവധി കമന്റുകളും റീ ട്വീറ്റുകളുമുണ്ടായി.

അനുപം ഖേര്‍ നടത്തിയ പരാമര്‍ശത്തെ അസംബന്ധമെന്നു വിശേഷിപ്പിച്ച ശശി തരൂര്‍ എന്‍ഡിടിവിയിലെ കോളത്തില്‍ തന്റെ വാദങ്ങളെ ന്യായീകരിച്ചു. അംഗീകരിക്കപ്പെടാന്‍ ഈ രാജ്യത്ത് കൂടുതല്‍ കഷ്ടപ്പെടേണ്ടിവരുന്നത് മതന്യൂനപക്ഷങ്ങള്‍ക്കാണെന്നും ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്ക് ഇതു മനസിലാകുകയില്ലെന്നും തരൂര്‍ പറഞ്ഞു.

‘വീണ്ടും ഇത് ആളിക്കത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ പ്രശ്‌നത്തിന്റെ വ്യാപ്തി എന്നെ അലട്ടുന്നു. ജനസംഖ്യയുടെ 80 ശതമാനവും 15 പ്രധാനമന്ത്രിമാരില്‍ 14 പേരും ഹിന്ദുക്കളായ രാജ്യത്ത് ഹിന്ദു സുഹൃത്തുക്കള്‍ ശത്രുക്കളാല്‍ വളയപ്പെട്ടതായി തോന്നുന്നു എന്നു പറയുമ്പോള്‍ എന്താണ് അവര്‍ അര്‍ത്ഥമാക്കുന്നത്? ഭൂരിപക്ഷ സമുദായം വിശ്വാസപ്രഖ്യാപനം നടത്താന്‍ ഭയക്കുംവിധം അത്രയധികമായോ മതനിരപേക്ഷത അല്ലെങ്കില്‍ മറ്റു ചിലര്‍ വിളിക്കുന്നതുപോലെ ന്യൂനപക്ഷ പ്രീണനം?’

തരൂര്‍ എന്‍ഡിടിവി കോളത്തില്‍ എഴുതിയത് ഇങ്ങനെയാണ്:

എന്റെ മനസില്‍ ഇത് അസംബന്ധമാണ്. ഇന്ത്യ ബഹുഗോത്ര സമൂഹവും മതേതര റിപ്പബ്ലിക്കുമാണ്. പക്ഷേ ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു. ഹിന്ദുസംസ്‌കാരമാണ് എവിടെയും.

ഹിന്ദിസിനിമയിലെ മുസ്ലിം താരങ്ങള്‍ (ദിലീപ് കുമാര്‍, സഞ്ജയ് എന്നിങ്ങനെ പലരും നേരത്തെ ചെയ്തിരുന്നതുപോലെ) ഹിന്ദുപേരുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയെങ്കിലും നമ്മുടെ സാംസ്‌കാരികമൂര്‍ത്തികള്‍ മിക്കവാറും ഹിന്ദുവാണ്. ക്രിസ്ത്യാനികള്‍ കൂടുതലായി ഹിന്ദുപേരുകള്‍ സ്വീകരിക്കുന്നു. ഒരാള്‍ പറഞ്ഞതുപോലെ  ഹിന്ദുപേരുകള്‍ക്ക് ഇന്ത്യന്‍ സ്വഭാവം കൂടുതലാണ്.

സ്വന്തം വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്നതില്‍ ആര്‍ക്കെങ്കിലും ഭയം തോന്നുന്നുണ്ടെങ്കില്‍ അത് ഹിന്ദുവല്ലാത്തവര്‍ക്കാകണം. കാരണം അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ 80 ശതമാനം വരുന്ന ഭൂരിപക്ഷത്തില്‍നിന്നു വ്യത്യസ്തരാണെന്നു പ്രഖ്യാപിക്കുകയാണ്.

ഇത്തരം പ്രസ്താവനകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. കാരണം ഇവ വലിച്ചെറിയപ്പെടുന്നത് നമ്മുടെ ന്യൂനപക്ഷ സുഹൃത്തുക്കളുടെ മുഖത്തേക്കാണ്. സമൂഹത്തിന്റെ അംഗീകാരം നേടാന്‍ അവര്‍ക്ക് കഠിനപ്രയത്‌നം നടത്തേണ്ടിവരുമ്പോള്‍ ഹിന്ദുക്കള്‍ക്ക് ഇങ്ങനെയൊരു പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടിവരുന്നതേയില്ല.

ഉദാഹരണത്തിന് മുസ്ലിം പേരുപയോഗിച്ച് ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുക്കാന്‍ ശ്രമിച്ചുനോക്കൂ. പല പട്ടണങ്ങളിലും പല സ്ഥലങ്ങളിലും ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് നിങ്ങള്‍ മടക്കി അയയ്ക്കപ്പെടും. മുസ്ലിങ്ങള്‍ ചിരിച്ചുകൊണ്ട് ഇവ സഹിക്കണമെന്നും മുന്നോട്ടുപോകണമെന്നും നാം പ്രതീക്ഷിക്കുന്നു. അനുപം ഖേര്‍ എന്ന പേരിന്റെ സ്ഥാനത്ത് ആമിര്‍ ഖാന്‍ എന്നായിരുന്നെങ്കില്‍ ഹിന്ദു എന്ന സ്ഥാനത്ത് മുസ്ലിം എന്നായിരുന്നെങ്കില്‍ ഇതേ ട്വീറ്റ് എത്ര പ്രതിഷേധമുണ്ടാക്കുമായിരുന്നു?

ഞാന്‍ ഹിന്ദുവാണെന്ന് പരസ്യമായി പറയുമ്പോള്‍ മതം പരസ്യമായി പ്രഖ്യാപിക്കുന്ന ഒരു മുസ്ലിമിനോ ക്രിസ്ത്യാനിക്കോ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളൊന്നും എനിക്കു നേരിടേണ്ടിവരുന്നില്ല എന്നു ഞാന്‍ പ്രഖ്യാപിക്കുകയാണ്. സംഘികളെപ്പോലുള്ള ഹിന്ദുവല്ല എന്നു പറയുമ്പോള്‍ എന്റെ മതം എനിക്കു യുദ്ധത്തിനുള്ള വഴിയല്ല എന്നാണ് അര്‍ത്ഥം.

ഒരു ഫുട്‌ബോള്‍ ഹൂളിഗന്‍ തന്റെ ടീമിനോടുള്ള ആരാധനയെ ആരാധകരല്ലാത്തല്ലാത്തവരുടെ തലയ്ക്കടിക്കാനുള്ള വടിയായി ഉപയോഗിക്കുന്നതുപോലെ ഞാന്‍ എന്റെ മതത്തെ ഉപയോഗിക്കാറില്ല.

പകരം, ഹിന്ദുവായതില്‍ ഞാന്‍ അഭിമാനിക്കുന്നു. അതില്‍ ജനിച്ചതുകൊണ്ടുമാത്രല്ല. അത് എനിക്ക് ബുദ്ധിപരമായി ഇണങ്ങുന്നതുകൊണ്ടാണ്. എനിക്കറിയാവുന്ന മറ്റുമതങ്ങളുടെ വിശ്വാസ ചട്ടക്കൂടുകളെക്കാള്‍ എനിക്ക് സുഖപ്രദം ഹിന്ദുമതത്തിന്റെ ഘടനയാണ്.

ദൈവികതയെപ്പറ്റിയുള്ള സനാതനസത്യങ്ങള്‍ ഒരു മതബോധനത്തില്‍ ഒതുക്കാനാവില്ല എന്നതാണ് ഹിന്ദുത്വം മുന്നോട്ട് വെക്കുന്ന ആശയം. ഏതെങ്കിലുമൊരു ആരാധനാലയത്തോടോ പുരോഹിതനോടോ ചേര്‍ന്നു നില്‍ക്കാതെ തന്നെ ഹിന്ദുവെന്ന നിലയ്ക്ക് എനിക്കു മതവിശ്വാസം തുടരാം.

മതാചാരങ്ങളും അനുഷ്ഠാനങ്ങളും നിരസിക്കാന്‍ എനിക്കു സ്വാതന്ത്ര്യമുണ്ട്. എന്തെങ്കിലും ഒരു ചിഹ്നം കൊണ്ട് മതത്തെ പ്രദര്‍ശിപ്പിക്കാന്‍ ഹിന്ദുമതം എന്നെ നിര്‍ബന്ധിക്കുന്നില്ല. ഏതെങ്കിലും ഒരു കൂട്ടായ്മയില്‍ എന്റെ വ്യക്തിത്വത്തെ അടിയറ വയ്‌ക്കേണ്ടതില്ല. ആരാധനയ്ക്ക് ഒരു പ്രത്യേക ദിവസമോ സമയമോ ഇടവേളയോ ഒന്നുമില്ല.

ഒരു ഹിന്ദു പോപ്പോ ഹിന്ദു വത്തിക്കാനോ ഹിന്ദു മതബോധനമോ ഹിന്ദു ഞായറാഴ്ചയോ പോലുമില്ല. ഹിന്ദുവെന്ന നിലയില്‍ നിയമസംഹിതകളുടെ നിയന്ത്രണങ്ങളില്‍ നിന്നു മുക്തമായി ജീവിക്കാവുന്ന ഒരു തത്വസംഹിതയാണ് എനിക്കുള്ളത്. അതാകട്ടെ ഒരൊറ്റ വിശുദ്ധ ഗ്രന്ഥത്തിന്റെ പരിമിതിയില്‍ ബന്ധിക്കപ്പെട്ടതുമല്ല.

എല്ലാറ്റിനും ഉപരിയായി ഞാന്‍ മാത്രമാണ് ശരിയായ മതമെന്ന് പ്രഖ്യാപിക്കാത്ത ലോകത്തിലെ ഏക പ്രധാന മതമാണ് ഹിന്ദുമതം. മറ്റു മതങ്ങളില്‍ നിന്നുള്ള മനുഷ്യരോട്  ഇടപഴകുമ്പോള്‍ ‘എനിക്കു ലഭിച്ച സത്യത്തിന്റെ മാര്‍ഗം നിങ്ങള്‍ക്കു ലഭിച്ചില്ല’ എന്ന ബോധ്യത്തിന്റെ ഭാരവും എനിക്കില്ല. എല്ലാ വിശ്വാസങ്ങളും തുല്യസാധുതയുള്ളതാണെന്ന് ഹിന്ദുമതം ഊന്നിപ്പറയുന്നു. മറ്റു വിശ്വാസങ്ങളുടെ ആരാധനാ സാമഗ്രികളെ ആദരിക്കാന്‍ ഹിന്ദുക്കള്‍ക്കു മടിയില്ല. എന്റെ വിശ്വാസത്തെ വഞ്ചിക്കുകയാണെന്ന തോന്നലില്ലാതെ തന്നെ എനിക്കു മറ്റു മതങ്ങളുടെ പരിപാവനതയെ മാനിക്കാന്‍ കഴിയും എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍