UPDATES

സുനന്ദയുടെ കൊലപാതകം; തരൂരിനെ കോണ്‍ഗ്രസും കൈയൊഴിയുന്നു

അഴിമുഖം പ്രതിനിധി

സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂര്‍ എം പി കൈയൊഴിയുന്നതായി സൂചന. വ്യക്തിപരമായ പ്രശ്‌നമായതിനാല്‍ സ്വയം പ്രതിരോധിക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ തിരുവനന്തപുരം എംപിയെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഇന്നലെ രാത്രി അഹമ്മദ് പട്ടേലിനെ ശശി തരൂര്‍ സന്ദര്‍ശിച്ചിരുന്നു.

ഞായറാഴ്ചയാണ് തരൂര്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. അതിന് മുന്‍പ് തന്നെ പട്ടേലിനെ കാണാന്‍ തരൂര്‍ സമയം ചോദിച്ചിരുന്നു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്ന് തരൂര്‍ പട്ടേലിനെ അറിയിച്ചതായാണ് സൂചന. അതേസമയം അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് അഹമ്മദ് പട്ടേല്‍ സ്വീകരിച്ചതെന്നാണ് സൂചന. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി വിവാദങ്ങള്‍ക്ക് ഇട കൊടുക്കരുതെന്നും പട്ടേല്‍ തരൂരിനോട് നിര്‍ദ്ദേശിച്ചു.

ഇതിനിടെ ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു. സുനന്ദ അസുഖബാധിതയാണെന്ന് അറിഞ്ഞിട്ടും ഡോക്ടര്‍മാരുടെ സഹായം തേടാന്‍ തരൂരിന്റെ സഹായികള്‍ ശ്രമിച്ചില്ലെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. മരണ ദിവസം വൈകിട്ട് ഹോട്ടലില്‍ മടങ്ങിയെത്തിയ തരൂര്‍ ഒരു മണിക്കൂറോളം ഒരു സുഹൃത്തുമായി സംസാരിച്ചതിന് ശേഷമാണ് സുനന്ദയുടെ മുറിയില്‍ എത്തിയതെന്നും അദ്ദേഹത്തിന്റെ സെക്രട്ടറി നാരായണ്‍ സിംഗിന്റെ മൊഴിയില്‍ പറയുന്നു.

സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് ബന്ധമുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. തരൂരും മെഹര്‍ തരാറും ദുബായില്‍ മൂന്നു ദിവസം ഒരുമിച്ച് താമസിച്ചിരുന്നതായി സുനന്ദ പുഷ്‌കര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന മാധ്യമപ്രവര്‍ത്തക നളിനി സിങ്ങിന്റെ മൊഴി പുറത്തു വന്നു. തുടക്കത്തില്‍ കേസ് അന്വേഷിച്ച സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് നളിനി നല്‍കിയ മൊഴിയുടെ പകര്‍പ്പ് ഞായറാഴ്ചയാണ് പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മെഹര്‍ തരാറിനെ ചോദ്യംചെയ്യുന്നതിന്റെ ഭാഗമായി ചോദ്യാവലി അവര്‍ക്ക് പ്രത്യേകാന്വേഷണ സംഘം ഇമെയില്‍ വഴി അയച്ച് കൊടുത്തിരിക്കുന്നത്. അന്വേഷണത്തില്‍ സഹകരിക്കുമെന്ന് നേരത്തെ തന്നെ മെഹര്‍ തരാര്‍ വ്യക്തമാക്കിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍