UPDATES

സ്ത്രീ

വിപണി, വില്‍പ്പന, ഉപഭോക്തൃശീലങ്ങള്‍ (ഭാഗം-3)

കേരളത്തില്‍ വിപണിയില്‍ എക്കാലവും കൂടുതല്‍ ഡിമാന്‍ഡ് പരമ്പരഗത കേരള ഡിസൈനുകള്‍ക്ക് തന്നെയാണ്. പാലയ്ക്കമാല ,പുലിനഖമാല, നാഗപടതാലി, തുടങ്ങിയ ആഭരണങ്ങള്‍ തന്നെയാണ് ഇന്നും ട്രെന്‍ഡായി നില്‍ക്കുന്നത്.

ഷാരോണ്‍

ഷാരോണ്‍

ആഭരണങ്ങള്‍ സംസ്‌കാരത്തിന്റെ സൂചകങ്ങളാണ്. സംസ്‌കാരം ആവട്ടെ നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയവും. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന ചലനങ്ങളില്‍ നിന്നും ഏറ്റുവാങ്ങി, കൊണ്ടും കൊടുത്തുമാണ് ഈ മാറ്റങ്ങളൊക്കെ സംഭവിക്കുന്നത്. ആഭരണ കലയിലെ മാറ്റങ്ങളും ഇത്തരത്തില്‍ തന്നെ. ചില കാലങ്ങള്‍ പഴയവയെ തിരികെ കൊണ്ടുവരും. മറ്റു ചില കാലങ്ങളില്‍ പുതിയവ രൂപപ്പെടും. എല്ലാ മാറ്റങ്ങളിലും ഈ പഴമയുടേയും പുതുമയുടേയും സമ്പര്‍ക്കതലങ്ങള്‍ ദൃശ്യം. ഓണം പോലുള്ള ഉത്സവകാലങ്ങളിലും വിവാഹ സീസണുകളിലുമൊക്കെയാണ് ആഭരണ കലയില്‍ നവീനതകളും മറ്റും കൂടുതലായി എത്തുന്നത്.

രണ്ടു പ്രളയവര്‍ഷങ്ങളെ കടന്ന മലയാളികള്‍ക്ക് ആഭരണങ്ങളോടുള്ള രാഗം കാര്യമായ വൈവശ്യങ്ങളൊന്നുമില്ലാതെ തുടരുകയാണ്. കേരളത്തിലാണ് വിവാഹാവശ്യങ്ങള്‍ക്കുവേണ്ടി ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം വാങ്ങുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പഠനങ്ങള്‍ പറയുന്നത്. സംസ്ഥാനത്തെ ഇടത്തരക്കാര്‍ ശരാശരി 180-320 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളാണ് ഓരോ വിവാഹത്തിനും വേണ്ടി വാങ്ങുന്നതെന്നാണ് കണക്കാക്കുന്നത്. വലിയതോതില്‍ മധ്യവര്‍ഗവത്ക്കരിച്ചിരിക്കുന്ന കേരളത്തില്‍ ഓരോരുത്തരുടേയും വാങ്ങല്‍ശേഷിക്ക് അനുസരിച്ച് ഇതിന്റെ തോത് മാറും. വിപണിയിലെ ചലനങ്ങളും ആളുകള്‍ ആഭരണങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച തീരുമാനങ്ങളെ നിര്‍ണയിക്കും. എത്ര വിലയേറിയാലും മലയാളിക്ക് സ്വര്‍ണ്ണം ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണ്.
&;

കേരളത്തില്‍ രണ്ട് തരംത്തിലുള്ള ഉപഭോക്തക്കാളാണ് കൂടുതലായി കാണുന്നത്. ഇതില്‍ ആദ്യത്തെ തരത്തിലുള്ള ഉപഭോക്തക്കാള്‍സ്വര്‍ണ്ണത്തിന് വിലകൂടി നില്‍ക്കുന്ന സാഹചര്യമാണെങ്കിലും കല്യാണത്തിനും മറ്റ് ആവിശ്യങ്ങള്‍ക്കുമായി സ്വര്‍ണം വാങ്ങിയ്ക്കുന്നവരാണ്. എന്നാല്‍ അടുത്ത വിഭാഗത്തില്‍ വരുന്നവര്‍ മാസത്തില്‍ ഒരുവട്ടം ചെറിയ അളവിലെങ്കിലും സ്വര്‍ണം വാങ്ങുന്നവരാണ്. ജന്മനക്ഷത്രത്തില്‍ സ്വര്‍ണം വാങ്ങുന്നവര്‍, എന്തെങ്കിലും തരത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം ചെയ്യുന്നവര്‍ എന്നിങ്ങനെ. ഇത്തരക്കാര്‍ വില കൂടിനില്ക്കുന്ന സമയത്ത് വാങ്ങാതെ വില കുറയുന്നതിന് കാത്ത് സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കും.
രാജ്യത്തെ സ്വര്‍ണാഭരണങ്ങളുടെ ഉപഭോഗത്തില്‍ കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. രാജ്യത്തെ സ്വര്‍ണ്ണവില്‍പ്പനയുടെ 40 ശതമാനവും നടക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. പശ്ചിമേന്ത്യ 25 ശതമാനം, ഉത്തരേന്ത്യ 20 ശതമാനം, പൂര്‍വേന്ത്യ 15 ശതമാനം എന്ന ക്രമത്തിലാണ് മറ്റ് ഭാഗങ്ങളിലെ സ്വര്‍ണ്ണ വില്‍പ്പന.

വാങ്ങല്‍ ശേഷിപോലെ തന്നെ പ്രധാനമായി തീരുന്നു വാങ്ങല്‍ ശീലങ്ങളും. അഭിരുചികളില്‍ വരുന്ന മാറ്റം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. സ്വര്‍ണത്തില്‍ മാത്രം തീര്‍ത്തിട്ടുള്ള ആഭരണങ്ങളാണ് മലയാളികള്‍ നേരത്തെ വാങ്ങിയിരുന്നത്. എന്നാല്‍ ഇക്കാലത്ത് അതിനു മാറ്റം വന്നിരിക്കുന്നു. സ്വര്‍ണവും മറ്റ് രത്‌നങ്ങളും ചേര്‍ന്ന ആഭരണങ്ങള്‍ക്കാണ് ഇക്കാലത്ത് കൂടുതല്‍ ഡിമാന്‍ഡ്. സ്വര്‍ണത്തില്‍ തീര്‍ത്ത് വജ്രം,മരതകം,മുത്ത് തുടങ്ങിയ രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങളാണ് വിപണിയിലെ ട്രെന്‍ഡ്. ഇത്തരത്തിലുള്ള ആഭരണങ്ങള്‍ക്ക് വിലയിലും ഈ വ്യത്യാസം കാണാം. സ്വര്‍ണത്തിനെക്കാളും വിലക്കുറവാണ് ഇത്തരം കല്ലുകള്‍ക്ക് . അതുമാത്രമല്ല ഇത്തരം ആഭരണങ്ങള്‍ക്ക് താരതമ്യേന മുഴുവനായും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ആഭരണങ്ങളേക്കാള്‍ പുനര്‍വില്‍പ്പന മൂല്യവും ലഭിക്കും. കല്ലുകള്‍ക്ക് പ്രത്യേകപുനര്‍വില്‍പ്പന മൂല്യവും നല്‍കുന്നുണ്ട്. ആഭരണങ്ങള്‍ക്ക് വാങ്ങുമ്പോള്‍ തന്നെ കല്ലിന്റെ പുനര്‍വില്‍പ്പന മൂല്യം ഉപഭോക്തക്കളെ പറഞ്ഞുബോധ്യപ്പെടുത്താറുണ്ടെന്ന് പ്രമുഖ ജ്വല്ലറിയായ കല്യാണ്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ ബില്ലില്‍ എത്രയാണ് സ്വര്‍ണത്തിന്റെ വിലയെന്നും കല്ലിന്റെ വിലയെന്നും പിന്നീട് മാറ്റി വാങ്ങാന്‍ വരുമ്പോള്‍ എത്രയാണ് പുനര്‍വില്‍പ്പന മൂല്യമെന്നും ക്യത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ടാവുമെന്നും കല്യാണ്‍ അധികൃതര്‍ പറഞ്ഞു.അതുമാത്രമല്ല, ആഭരണങ്ങള്‍ക്ക് ഫോര്‍ലെവല്‍ സെര്‍ട്ടിഫിക്കേഷനും ഇവര്‍ നല്‍കുന്നുണ്ട് .

വില കൂടിനില്‍ക്കുമ്പോഴാണ് കൂടുതലായും പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങാറുള്ളത്. സ്വര്‍ണ്ണവില ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ മുഴുവന്‍ പണവും നല്‍കി സ്വര്‍ണം വാങ്ങുക ഉപഭോക്താവിന് കൂടുതല്‍ ചിലവുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അന്നാളുകളില്‍ ആളുകള്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങുകയാണ് ചെയ്യുന്നത്. കൂടുതല്‍ പണം നല്‍കാതെ തന്നെ സ്വര്‍ണം വാങ്ങാന്‍ അതുകൊണ്ടു സാധിക്കും. സ്വര്‍ണത്തെ നിക്ഷേപമായി കാണുന്നവരും വില കൂടിയതിന്റെ പേരില്‍ മാത്രം വിപണിയില്‍ നിന്നും വിട്ട് നില്‍ക്കാറില്ല. കാരണം ഒരു നിശ്ചിത സംഖ്യ നിക്ഷേപിച്ച് സ്വര്‍ണം വാങ്ങുന്നവരാണ് ഇന്ന് കൂടുതല്‍. അതുകൊണ്ട് തന്നെ സ്വര്‍ണവില കൂടി നില്‍ക്കുന്ന സാഹചര്യത്തിലും അവര്‍ ആ പണം നിക്ഷേപിക്കുന്നുണ്ട്.

അതേസമയം, ഓരോ മാസവും കുറച്ച് അളവിലെങ്കിലും സ്വര്‍ണം വാങ്ങി സുക്ഷിക്കുന്നവരാവട്ടെ, വലിയ തോതില്‍ വല വര്‍ധിക്കുന്ന ഘട്ടങ്ങളില്‍ വിപണിയില്‍ നിന്നും മാറി നില്‍ക്കുന്നതായി കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള ആളുകള്‍ സ്വര്‍ണത്തിന്റെ വില കുറയുന്നതു വരെ കാത്തിരിക്കും. സ്വര്‍ണവിലയേറുമ്പോള്‍ വജ്രം കൂടുതല്‍ ജനപ്രിയമാകുന്നതായി കണ്ടുവരാറുണ്ട്. കല്ലുകളുടെ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ വരാറില്ലെന്നതു തന്നെ കാരണം. വജ്രആഭരണങ്ങളിലും കുറഞ്ഞ അളവില്‍ ഗോള്‍ഡ്, റോസ് ഗോള്‍ഡ്,വൈറ്റ് ഗോള്‍ഡ് എന്നിവ അടങ്ങിയിട്ടുണ്ട്. 18 ക്യരറ്റാണ് ഇതില്‍ സ്വര്‍ണത്തിന്റെ മാറ്റ്. അതുകൊണ്ട് തന്നെ വിലയില്‍ ചെറിയ രീതിയിലുള്ള കുറവുകള്‍ ഉണ്ടാകും.

കേരളത്തില്‍ വിപണിയില്‍ എക്കാലവും കൂടുതല്‍ ഡിമാന്‍ഡ് പരമ്പരഗത കേരള ഡിസൈനുകള്‍ക്ക് തന്നെയാണ്. പാലയ്ക്കമാല ,പുലിനഖമാല, നാഗപടതാലി, തുടങ്ങിയ ആഭരണങ്ങള്‍ തന്നെയാണ് ഇന്നും ട്രെന്‍ഡായി നില്‍ക്കുന്നത്. എത്രയെക്കെ ആധുനിക ഡിസൈനുകള്‍ വന്നാലും വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കുമായി ഇത്തരം ഡിസൈനുകള്‍ തന്നെയാണ് അധികമായി വിറ്റുപോകുന്നത്. വളരെ ചെറിയ ശതമാനം ആളുകള്‍ ബോളിവുഡ് സെലിബ്രറ്റി വിവാഹങ്ങളിലെ ആഭരണങ്ങള്‍ തേടി എത്താറുണ്ട്. അവയ്ക്കും വിവാഹ ആഭരണമാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ ഏറുന്നു. എത്രയൊക്കെ നവീന ഡീസൈനുകള്‍ എത്തിയാലും കേരളത്തില്‍ പരമ്പരഗത ആഭരണങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്.

ആഭരണ വിപണിയില്‍ വന്ന മറ്റൊരു മാറ്റമാണ് അന്റിക്ക്‌ഗോള്‍ഡിനോട് വര്‍ധിച്ചു വരുന്ന താല്പര്യം. പണ്ട് മഞ്ഞ ലോഹം (yellow gold)) മാത്രം വാങ്ങിയിരുന്നതില്‍ നിന്നും റോസ് ഗോള്‍ഡിലേക്കും അന്‍ിക്ക്‌ഗോള്‍ഡിലേക്കും ആളുകള്‍ മാറുന്നുണ്ട്. (അന്‍ിക്ക്‌ഗോള്‍ഡ് എന്നാല്‍ പിച്ചള നിറത്തിലുള്ള സ്വര്‍ണമാണ്). ഇത്തരം സ്വര്‍ണ്ണം വിവാഹത്തിന് വാങ്ങാനും അണിയാനും തയാറായി കൂടുതല്‍ ആളുകള്‍ എത്തുന്നുണ്ടിപ്പോള്‍. മഞ്ഞലോഹത്തില്‍ മാത്രം തല്പരരായിരുന്ന മലയാളികള്‍ മാറ്റി ചിന്തിക്കുന്നതിന്റെ സൂചനകളാണിത് തരുന്നത്. വിലയുടെ കാര്യത്തില്‍ റോസ് ഗോള്‍ഡിനും അന്‍ിക്ക്‌ഗോള്‍ഡിനും യാതൊരു തരത്തിലുള്ള മാറ്റങ്ങളും ഇല്ല. സാധാരണ സ്വര്‍ണ്ണത്തിന്റെ അതെ വില തന്നെയാണ് ഇതിനും നല്‍കേണ്ടി വരുന്നത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം പ്രളയവും സാമ്പത്തിക മാന്ദ്യവും കാര്യമായ രീതിയില്‍ തന്നെ ആഭരണ വിപണിയെ ബാധിച്ചുെവന്നുതന്നെ പറയാം . നികുതി വര്‍ധനയും ഇറക്കുമതി തിരുവ കൂട്ടിയതും സ്വര്‍ണ്ണം/വജ്രം വിപണിയെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. ഇതൊക്കെയാണെങ്കിലും വിപണിയിലെ ചാഞ്ചാട്ടങ്ങളും മറ്റും സ്വര്‍ണ്ണത്തോടുള്ള മലയാളിയുടെ മനോഭാവത്തെ കാര്യമായി മാറ്റിയിട്ടില്ല. സ്വര്‍ണ്ണത്തിന്റെ വിലയില്‍ വരുന്ന മാറ്റങ്ങള്‍ ഒരിക്കലും സ്വര്‍ണ്ണം വാങ്ങി സൂക്ഷിച്ചവരെ മാറ്റി ചിന്തിപ്പിക്കുന്നതായും തോന്നുന്നില്ല. സ്വര്‍ണവില കൂടിനില്‍ക്കുന്ന സമയത്തും കൈയിലുള്ള പഴയ സ്വര്‍ണം വിറ്റ് പുതിയവ വാങ്ങിയ്ക്കാന്‍ തയ്യാറായിട്ടും ആളുകള്‍ ധാരാളമായി എത്തുന്നു. വില ചാഞ്ചാട്ടത്തിന്റെ നടുവിലും സ്വര്‍ണ്ണം/വജ്രം വിപണി സജീവമാണ്.

മാത്രമല്ല, ഉത്സവ വിവാഹ സീസണുകളില്‍ ധാരാളം ഓഫറുകളും ജ്വല്ലറികള്‍ നല്‍കുന്നുണ്ട്. ഓണവുമായി ബന്ധപ്പെടുത്തി ഓരോ ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പിലൂടെ ഒരുലക്ഷം രൂപയ്ക്ക് സ്വര്‍ണം വാങ്ങാനുള്ള അവസരമാണ് കല്ല്യാണ്‍ ജ്വല്ലേഴ്‌സും മറ്റും നല്‍കിയത്. അതുപോലെ ഫ്രീ സ്വര്‍ണ നാണയങ്ങള്‍, പണിക്കൂലി മൂന്ന് ശതമാനം കുറച്ച് നല്‍കുന്ന തരത്തിലുള്ള ഓഫറുകളും മറ്റും നല്‍കി വിപണിയെ ജീവത്താക്കി നിര്‍ത്താനും പ്രമുഖ ജ്വല്ലറികളൊക്കെ ശ്രമിച്ചു. ആഗോള വിപണിയിലെ ചലനങ്ങള്‍ ഉണ്ടാക്കുന്ന സ്വാധീനതകളില്‍ പെട്ടു സംഭവിക്കുന്ന വില ചാഞ്ചാട്ടങ്ങളുടെ മധ്യേയും മലയാളി ആഭരണകാര്യത്തില്‍ പരമ്പരാഗത ശീലങ്ങളെ കൈവിട്ട കാഴ്ചയല്ല ഉള്ളത്.

ഷാരോണ്‍

ഷാരോണ്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍