UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അവരെന്നെ കാശ്മീരി തീവ്രവാദിയാക്കാന്‍ ശ്രമിച്ചു’; ജെഎന്‍യു സമരനായിക ഷഹല റാഷിദ് സംസാരിക്കുന്നു

Avatar

ഷഹല റാഷിദ്/റഊഫ് കടവനാട്

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവലിട്ടപ്പോള്‍ ക്യാമ്പസിനെ മുന്നില്‍ നിന്നു നയിച്ചയാളാണ് യൂണിയന്റെ വൈസ് പ്രസിഡന്റ് ഷഹല റാഷിദ് എന്ന കശ്മീരി വിദ്യാര്‍ത്ഥിനി. കനയ്യയെ അകത്തിട്ട് ഭരണകൂടവും ഒരു വിഭാഗം മാധ്യമങ്ങളും സര്‍വകലാശാലയെ അടിച്ചമര്‍ത്താന്‍ തുനിഞ്ഞപ്പോള്‍ ഒരു തീപ്പൊരി പ്രസംഗവുമായി കാമ്പസിനെയും രാജ്യത്തൊട്ടാകെയുള്ള ജനാധിപത്യ വിശ്വാസികളെയും പ്രകമ്പനം കൊള്ളിച്ച ഷഹലയാണ് പിന്നീട് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഭീഷണികള്‍ക്കും ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ, ഷഹല സമരത്തെ മുന്നോട്ടു നയിച്ചു. ജാമ്യവ്യവസ്ഥ പ്രകാരം ജെഎന്‍യുവില്‍ തന്നെ തങ്ങാന്‍ നിര്‍ബന്ധിതനായ കനയ്യക്ക് പകരം ഇന്ന് ഷഹലയും സഹപ്രവര്‍ത്തകരുമാണ് രാജ്യമെമ്പാടുമുള്ള കലാശാലകള്‍ സന്ദര്‍ശിച്ചു വിദ്യാര്‍ത്ഥി സമരം ശക്തിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദ് സരവകലാശാലയിലെത്തിയ ഷഹലയുമായി നടത്തിയ അഭിമുഖം.

റഊഫ് കടവനാട്: ഹൈദരാബാദിലേക്കുള്ള ഈ വരവിന്റെ ഉദ്ദേശം?

ഷഹല റാഷിദ്ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും ജെഎന്‍യുവിലും നടന്ന സംഭവ വികാസങ്ങള്‍ക്ക് സാമ്യങ്ങളേറെയുണ്ട്. ബിജെപി നേതാവ് ബണ്ടാരു ദത്താത്രേയ എങ്ങനെ ഹൈദാരാബാദ് യൂണിവേഴ്‌സിറ്റിയുടെ കാര്യങ്ങളില്‍ ഇടപെട്ടു ദളിത് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യിപ്പിച്ചോ അതുപോലെ തന്നെയാണ് ബിജെപി എംപി മഹേഷ് ഗിരി ജെഎന്‍യു വിഷയത്തിലും ഇടപെട്ടു പോലീസിനെക്കൊണ്ട് കേസ് എടുപ്പിച്ചത്. 

രോഹിത് വെമുലയുടെ മരണം ജെഎന്‍യുവിനെയും ഇളക്കി മറിച്ചിരുന്നു. രോഹിതിനു വേണ്ടി സമരം നടത്തുന്നതുകൊണ്ടാണ് ഞങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. ജെഎന്‍യുവില്‍ ഇപ്പോള്‍ നടക്കുന്നത് ഹൈദരാബാദില്‍ നടക്കുന്ന സമരത്തിന്റെ തുടര്‍ച്ചയാണ്. ഹൈദരാബാദിലെയും ജെഎന്‍യുവിലേയും മറ്റു സര്‍വ്വകലാശാലകളിലേയും സമരങ്ങള്‍ ഏകോപിപ്പിച്ചു മുന്നോട്ടു കൊണ്ട് പോകാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.

: ഇനിയങ്ങോട്ടുള്ള സമരത്തില്‍ രോഹിത് വിഷയത്തിന്  എത്രമാത്രം പ്രസക്തിയുണ്ട്?

: രോഹിത് വെമുലയുടെ വിഷയം ഞങ്ങളുടെ അജണ്ടയില്‍ മുഖ്യമായ ഒന്നാണ്. രോഹിത് ആക്ട് എന്ന ഒരു നിയമം കൊണ്ടുവരണമെന്നുള്ള ആവശ്യം ഈ സമരത്തിന്റെ പ്രധാന ഭാഗമാണ്. രോഹിതിന്റെ മരണത്തിനു ഉത്തരവാദികളായ എല്ലാവര്‍ക്കും തക്ക ശിക്ഷ ലഭിക്കണമെന്നതും ഞങ്ങളുടെ ആവശ്യമാണ്. ഈ സമരം ഇടതു പക്ഷവും അംബേദ്കര്‍ അനുഭാവികളും ചേര്‍ന്നാണ് നടത്തുന്നത്. ഒരുപക്ഷെ, ഈ തീവ്ര വലതുപക്ഷ സര്‍ക്കാരിനെതിരെ ഈ രണ്ടുകൂട്ടരും മാത്രമല്ല, സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാവരും ഒന്നിച്ചാണ് ഇപ്പോള്‍ നിലകൊള്ളുന്നത്.

: സമരത്തിന്റെ മറ്റു ഭാവി പരിപാടികള്‍?

:  ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടു ഞങ്ങള്‍ രാഷ്ട്രപതിയേയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനേയും കാണാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഭരണഘടന അനുസരിച്ച് നിയമാധികാരങ്ങളുള്ള ആളാണല്ലോ മന്ത്രി. അതുകൊണ്ട് അദ്ദേഹത്തെ കണ്ടു ഞങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കേണ്ടതുണ്ട്. ഞങ്ങള്‍ ഒരു അപേക്ഷ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് അയച്ചെങ്കിലും കൂടിക്കാഴ്ച്ചയ്ക്കുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

: ഈ സര്‍ക്കാരിനെ നിങ്ങള്‍ ഇത്രമാത്രം എതിര്‍ക്കാന്‍ കാരണം?

: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ പല കലാശാലകളിലും ഈ സര്‍ക്കാര്‍ ഇടപെട്ടു അവരുടെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ചില്ലേ. ഇവരുടെ ആശയങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ്, ജെഎന്‍യു എന്നിവിടങ്ങളിലെ സംഭവങ്ങളെടുത്തു ഒന്ന് വിശകലനം ചെയ്താല്‍ ഇതൊക്കെ ഇവര്‍ കരുതിക്കൂട്ടി പ്ലാന്‍ ചെയ്തു നടപ്പിലാക്കിയതല്ലേ എന്ന് സംശയിച്ചു പോകും. ഈ സ്ഥാപനങ്ങളെ ഇവര്‍ കുറേ കാലമായി ഉന്നം വെച്ചുകൊണ്ടിരിക്കുകയായിരുന്നു.  

ഈ സര്‍ക്കാറിന്റെ നയങ്ങളില്‍ രാജ്യത്തെ ചെറുപ്പക്കാര്‍ അസംതൃപ്തരാണ്. ജനാധിപത്യ വ്യവസ്ഥ അനുസരിച്ച്, അസംതൃപ്തരായവരെ കണക്കിലെടുത്ത് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്. പക്ഷെ ഈ സര്‍ക്കാര്‍ എല്ലാം അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ഈ രീതി ഞങ്ങള്‍ അംഗീകരിക്കില്ല എന്നു മാത്രമല്ല അതിനെതിരെ ഞങ്ങള്‍ ശക്തമായി പോരാടുക തന്നെ ചെയ്യും.

: കനയ്യയുടെ മോചനത്തിനു  രണ്ടു ദിവസത്തിന്‌ ശേഷം പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞു പോയോ? ഉമര്‍ ഖാലിദിന്റെയും അനിര്‍ബന്റെയും മോചനത്തിന് വേണ്ടി വലിയ തോതിലുള്ള പ്രക്ഷോഭങ്ങളൊന്നും നടക്കുന്നില്ലല്ലോ?

: സമരം ഞങ്ങള്‍ അതേ ശക്തിയോടെ തുടരുന്നുണ്ട്. ഇന്ന് (മാര്‍ച്ച് 15, ചൊവ്വാഴ്ച) ഒരു ദേശീയ ജാഥ തന്നെ ഞങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. നീതി ലഭിക്കുന്നത് വരെ ഞങ്ങളീ സമരം തുടരും. ഉമറിന്റെയും അനിര്ബന്റേയും മോചനത്തിന് നിയമപരമായ നീക്കങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്. രണ്ടു പേരുമായും ഞങ്ങള്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ഞാന്‍ ഒരു പ്രാവശ്യം അവരെ കാണാന്‍ അനുവാദം തേടിയെങ്കിലും ജയില്‍ അധികൃതര്‍ സമ്മതം തന്നില്ല. 

: ഇവരോടൊപ്പം ഇതേ കുറ്റത്തിന് ജയിലില്‍ അടക്കപ്പെട്ട ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ് എ ആര്‍ ഗീലാനിയെപ്പറ്റി ജെഎന്‍യു എന്തുകൊണ്ടാണ് അധികം വചാലരാകാത്തത്. അദ്ദേഹം ഒരു കാശ്മീരി ആണെന്നതു കൊണ്ട് ജെഎന്‍യു സമൂഹത്തിനു ഗീലാനിക്കു വേണ്ടി നില കൊള്ളാന്‍ മടിയുണ്ടോ?

: ഞങ്ങള്‍ നിലവിലുള്ള രാജ്യദ്രോഹ നിയമത്തിനു തന്നെ എതിരാണ്. അതുകൊണ്ട് എസ്എആര്‍ ഗീലാനിക്ക് വേണ്ടിയും ഞങ്ങള്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഗീലാനിക്കു വേണ്ടി നിലകൊള്ളാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നത് ശരിയാണ്. അതിനു കാരണം യുണിയനില്‍ പലതരം പാര്‍ട്ടികളുണ്ട്. എന്നാല്‍ ഞാന്‍ കൂടി ഉള്‍പ്പെടുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഗീലാനിയെ മോചിപ്പിക്കണമെന്നു തന്നെ തുറന്നാവശ്യപ്പെടുന്നു. ഞങ്ങളുടെ റാലിയില്‍  ഗീലാനിയുടെ മോചനാവശ്യവും ഉയര്‍ത്തും.

: ആരൊക്കെ ഈ രാജ്യത്ത് ആര്‍എസ്എസിനെതിരെ നിലകൊള്ളുന്നുവോ അവരൊക്കെ ഇടതുപക്ഷമാണെന്നു കനയ്യ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇടതു പക്ഷത്തെ എങ്ങനെ നോക്കിക്കാണുന്നു?

: ജെഎന്‍യുവില്‍ എത്തിയതിനു ശേഷമാണു ഞാന്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. അതിനു മുന്‍പ് ഇടതുപക്ഷത്തെ ഞാന്‍ നന്നായി നിരീക്ഷിച്ചിരുന്നു. ഞങ്ങളുടെ കാമ്പസില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സമൂഹം കാത്തു സൂക്ഷിക്കുന്ന പുരോഗമന ചിന്താഗതികളും, ലിംഗ, സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള പോരാട്ടവുമാണ് എന്നെ ഇടതുപക്ഷ പ്രവര്‍ത്തകയാക്കിയത്. ഇന്നത്തെ ഈ അവസ്ഥയില്‍ ആരൊക്കെ സമത്വത്തിനും നീതിക്കു വേണ്ടിയും നിലകൊള്ളുന്നോ അവരൊക്കെ ഇടതുപക്ഷമാണ്.  

: മുഖ്യധാര ഇടതുപക്ഷ പാര്‍ട്ടികളെക്കുറിച്ച് ?

: ഞാന്‍ ഒരു വിദ്യാര്‍ത്ഥിയാണ്. ജെഎന്‍യുവില്‍ ഞങ്ങള്‍ ബിജെപിക്ക് എതിരെ മാത്രമല്ല പോരാടിയിട്ടുള്ളത്. ഇടതു പാര്‍ട്ടികളുടെ പല നയങ്ങള്‍ക്കെതിരേയും സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ജെഎന്‍യുവില്‍ തന്നെയുള്ള ഇടതു പ്രസഥാനങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷെ ആ വ്യത്യാസങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാറാണ് പതിവ്. വ്യത്യസ്ത അഭിപ്രായങ്ങളെ ഞങ്ങള്‍ അടിച്ചമാര്‍ത്താറില്ല.

: ഒരു പക്ഷെ ജെഎന്‍യുവില്‍ ഇതുവരെ  നടന്നിട്ടില്ലാത്ത  ഒരു പ്രക്ഷോഭമാണ് ഈ കഴിഞ്ഞ മാസം രാജ്യം കണ്ടത്. വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ ആ പ്രക്ഷോഭം നിങ്ങളുടെ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചു ?

: ഞങ്ങളുടെ സര്‍വകലാശാലയില്‍ ഇതിനു മുമ്പും സമരങ്ങള്‍ നടന്നു കൊണ്ടിരിക്കുക തന്നെയായിരുന്നു. ഒക്യുപൈ യുജിസി സമരവും രോഹിത് വെമുല വിഷയത്തിലും ഞങ്ങള്‍ സമരങ്ങള്‍ നടത്തുന്നതിനിടയിലാണ് ഈ ‘ദേശദ്രോഹ’ മുദ്രകുത്തപ്പെട്ട സാംസ്‌കാരിക പരിപാടി നടന്നതും രാജ്യത്തിന്റെ ശ്രദ്ധ ഇങ്ങോട്ട് തിരിഞ്ഞതും. അത് ഞങ്ങളുടെ ജീവിതത്തില്‍ പ്രസക്തമായ ഒരു മാറ്റം തന്നെ കൊണ്ടുവന്നു. അതുവരെ ഒരു മാധ്യമവും തിരിഞ്ഞു നോക്കാതിരുന്ന ഞങ്ങളുടെ സമരങ്ങള്‍ക്കും, കാഴച്ചപ്പാടുകള്‍ക്കും, ചര്‍ച്ചകള്‍ക്കും രാജ്യത്തെമ്പാടും ശ്രദ്ധ കിട്ടിത്തുടങ്ങി. ഇന്ത്യയിലെ ഈ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വിദ്യാര്‍ഥികളുടെ കരുത്തുറ്റ പങ്കും അതിന്റെ പ്രസക്തിയും  ഞങ്ങള്‍ക്ക് സമൂഹത്തിനു കാണിച്ചു കൊടുക്കാന്‍ സാധിച്ചു.

: ഒരു വനിതാ വിദ്യാര്‍ഥി എന്ന നിലയില്‍ സമരം നയിച്ച് തുടങ്ങിയപ്പോള്‍ നിങ്ങള്‍ എന്തെങ്കിലും വെല്ലുവിളികള്‍ നേരിട്ടിരുന്നോ?

: ഒരു സ്ത്രീയെന്ന നിലയില്‍ സമരത്തിനു മുമ്പും പൊതുജീവിതത്തില്‍ പുരുഷന്മാര്‍ നേരിടുന്നതിനേക്കാള്‍ വലിയ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. സമരം തുടങ്ങിയതിനു ശേഷം സ്ത്രീകളോടുള്ള തീവ്ര വലതുപക്ഷത്തിന്റെ വൃത്തിഹീനമായ പ്രതികരണ രീതിയുടെ ഇരയാവേണ്ടി വന്നു. സോഷ്യല്‍ മീഡിയയില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ രാഷ്ട്രീയപരവും വ്യക്തിപരവുമായ  മോശം ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അവയൊന്നും സംവാദത്തിനു വേണ്ടിയുള്ളതല്ല. വെറും തെറി പറച്ചിലാണ്. ആര്‍എസ്എസിന്റെ ഒരു സൈന്യം തന്നെയുണ്ടല്ലോ ട്വിറ്ററില്‍.

അശോക് പണ്ഡിറ്റിനെ പോലുള്ളവര്‍ ഞാന്‍ കശ്മീരി ആയതുകൊണ്ട് എന്നെ പോലീസിനെക്കൊണ്ട് ചോദ്യം ചെയ്യിക്കണമെന്ന് വരെ പറഞ്ഞിട്ടുണ്ട്. ഒരു കശ്മീരിയായത് കൊണ്ട് തീവ്രവാദമല്ലാതെ വേറെ ഒരു ആശയവും എനിക്കില്ല എന്നാണ് ഇവരുടെ ഒക്കെ ഭാവം. ആദ്യമൊക്കെ ഈ കാര്യങ്ങള്‍ ചെറുതായെന്നെ അലട്ടിയിരുന്നെങ്കിലും ഇപ്പോള്‍ ഇതൊന്നും എന്നെ തളര്‍ത്തുന്നില്ല.

: മുഖ്യധാരാ രാഷ്ട്രീയത്തില്‍ എന്നാണ് ഷഹലയെ കാണാനാവുക?

: അതിനെ പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഭാവിയില്‍ എവിടെ ഇരുന്നാലും എന്ത് ജോലി ചെയ്താലും, നീതിയുടെ രാഷ്ട്രീയം കൈവിടില്ല. ലിംഗ, സാമൂഹിക സമത്വത്തിനും നീതിക്കും വേണ്ടി എന്നും നിലകൊള്ളും. അതിനു വേണ്ടി പോരാടുന്നത് തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അല്ലാതെ ജനപ്രതിനിധിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു മാത്രമേ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താവൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

(ഹൈദരാബാദില്‍ ഡെക്കാന്‍ ക്രോണിക്കിള്‍ സീനിയര്‍ റിപ്പോര്‍ട്ടറാണ് റഊഫ് കടവനാട് )

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍