UPDATES

വിദേശം

സൗദി വധിച്ച ശൈഖ് നിംറ് ആരാണ്?

Avatar

ലിസി സ്‌ലൈ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ശൈഖ് നിംറ് അല്‍ നിംറിന്റെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കിയിട്ടില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ പേര് സൗദിയിലേയും ബഹ്‌റൈനിലേയും ശിയാ സമൂഹത്തിനു പുറത്ത് അധികമൊന്നും മുഴങ്ങിക്കേള്‍ക്കുമായിരുന്നില്ല. ഈ രണ്ടു രാജ്യങ്ങളില്‍ 2011-ല്‍ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ നടത്താന്‍ ഇവിടങ്ങളിലെ അസംതൃപ്തരായ ശിയാ സമൂഹത്തിന് നിംറ് ഒരു പ്രചോദനമായിരുന്നു.

സുന്നി ഭൂരിപക്ഷമുള്ള അറബ് ഗള്‍ഫ് മേഖലയിലുടനീളം ശിയാ ന്യൂനപക്ഷത്തിനെതിരായ അടിച്ചമര്‍ത്തലുകള്‍ തുടര്‍ന്നപ്പോള്‍ നിംറ് അവര്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കുക കൂടി ചെയ്തതോടെ പതിറ്റാണ്ടുകളായി സൗദിയും ഇറാനും തമ്മില്‍ തുടരുന്ന അസ്വാരസ്യത്തിന്റെ കേന്ദ്ര ബിന്ദുവായി അദ്ദേഹം മാറിയിരിക്കുകയാണ്. തെഹ്‌റാനിലെ സൗദി എംബസി ആക്രമിച്ചതിനെ ചൊല്ലിയുണ്ടായ നയതന്ത്ര ബന്ധങ്ങളിലെ വിള്ളലുകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടയില്‍ മറന്നു പോയതും ഇതേ നിംറിനെ തന്നെയാണ്. ഈ പ്രാദേശിക പോരില്‍ ഇരുപക്ഷവും തങ്ങളുടെ ദ്വന്ദവാദങ്ങളുടെ മുന തിരിച്ചുവച്ചിരിക്കുന്ന ഒരു നിഗൂഢ വ്യക്തി!

സൗദി നിംറിനെ വധിച്ച് ഒരു രക്തസാക്ഷിയാക്കിയിട്ടില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഇത്രത്തോളം പ്രാധാന്യം ലഭിക്കില്ലായിരുന്നുവെന്ന് സൗദി-ഇറാന്‍ സംഘര്‍ഷങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മുഹമ്മദ് ബസ്സി പറയുന്നു. നിംറ് ആരായിരുന്നുവെന്നും എന്തിനു വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടിരുന്നതെന്നും ഒരു നിഗൂഢതയാണെന്നും ബസ്സി പറയുന്നു.

സൗദികളെ സംബന്ധിച്ചിടത്തോളം നിംറ് അദ്ദേഹത്തോടൊപ്പം അതേ ദിവസം വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ട അല്‍ ഖയ്ദ തീവ്രവാദികളെ പോലെ ആക്രമണങ്ങല്‍ക്ക് പ്രചോദനം നല്‍കിയ രാജ്യദ്രോഹിയും സൗദി രാജകുടുംബത്തിന്റെ അധികാരത്തെ നിരന്തരം ചോദ്യം ചെയ്യുകയും ചെയ്തിരുന്ന ഒരാളായിരുന്നു. ഒരു സൗദി പൗരനായിരുന്ന ബിന്‍ലാദനെ യുഎസ് നേവി സീല്‍ വധിച്ചതിനുള്ള ന്യായീകരണം തന്നെയാണ് നിംറിന്റെ വധത്തിനുമുള്ളതെന്ന് ഒരു സൗദി രാഷ്ട്രീയ നിരീക്ഷകന്‍ പറയുന്നു. ‘ഉസാമ ബിന്‍ലാദന്‍ അദ്ദേഹത്തിന്റെ കരങ്ങള്‍ക്കൊണ്ട് ഒരു അമേരിക്കക്കാരനെ പോലും കൊന്നിട്ടില്ല. എന്നാല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ പങ്ക്,’ അദ്ദേഹം പറയുന്നു.

തന്റെ വിശ്വാസത്തിന്റെ പേരില്‍ സ്വേച്ഛാധിപതികളായ സുന്നി ഭരണകൂടത്തിന്റെ കരങ്ങളാല്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ നീണ്ടനിരയിലെ ഏറ്റവുമൊടുവിലെ കണ്ണി ആയാണ് നിംറിനെ ഇറാന്‍ ഉയര്‍ത്തിക്കാട്ടുന്നത്. അനുയായികള്‍ക്ക് നിംറ് ഒരു പ്രചോദനമായിരുന്നു. അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഉച്ചത്തില്‍ ശബ്ദിക്കുകയും ചില സാഹചര്യങ്ങളില്‍ അവരോടൊപ്പം പ്രതിഷേധ പ്രകടനങ്ങളില്‍ അണിചേരുകയും ചെയ്ത നേതാവായിരുന്നു.

വളരെ ചുരുക്കം സൗദികള്‍ മാത്രം ഉപയോഗിക്കാന്‍ ധൈര്യപ്പെടുന്ന ഭാഷയിലാണ് രാജകുടുംബത്തെ അദ്ദേഹം വിമര്‍ശിച്ചിരുന്നത്. ഈയിടെ മരണപ്പെട്ട ഒരു സൗദി രാജകുമാരനെക്കുറിച്ചുള്ള നിംറിന്റെ പരാമര്‍ശം ഇതിനൊരു ഉദാഹരണമാണ്. ‘രാജകുമാരനെ കുഴിമാടത്തില്‍ പുഴുക്കള്‍ തിന്നു തീര്‍ക്കുമെന്നും നരകത്തിലെ ശിക്ഷ അവിടെ അദ്ദേഹം അനുഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നുമാണ് ഒരു പ്രസംഗത്തില്‍ നിംറ് പറഞ്ഞത്. 

അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളും ലഭ്യമായ പ്രസംഗങ്ങളുടെ റെക്കോര്‍ഡുകളും നല്‍കിയ അഭിമുഖങ്ങളും പരിശോധിച്ചാല്‍ എല്ലായിടത്തുമുള്ള അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ അദ്ദേഹം നിലകൊണ്ടിരുന്നതായി കാണാം. നിംറിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളും അദ്ദേഹത്തിനു നല്‍കിയ വിഭാഗീയ നിറങ്ങളേയും മാറ്റി നിര്‍ത്തിയാല്‍ ഇറാന്‍ അനുകൂലിയായ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെയും അധികാരത്തില്‍ നിന്നു താഴെയിറക്കേണ്ട സ്വേച്ഛാധിപതികളുടെ കൂട്ടത്തില്‍ നിംറ്  എണ്ണിയിരുന്നതായി കാണാം. ‘അധികാരികള്‍ക്കെതിരെ പ്രയോഗിക്കാന്‍ ആയുധങ്ങളെക്കാള്‍ മൂര്‍ച്ചയുള്ളത് വാക്കുകളുടെ അലര്‍ച്ചയാണ്’ എന്ന് 2011-ല്‍ ഒരു ബിബിസി അഭിമുഖത്തില്‍ നിംറ് പറഞ്ഞിരുന്നു. എന്നാല്‍ സ്വേച്ഛാധിപതികളെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം നേടാന്‍ ആക്രമണങ്ങളുടെ സാധ്യതകളെ ഉപയോഗപ്പെടുത്താമെന്നത് അദ്ദേഹം നിരാകരിച്ചിട്ടുമില്ല.

സുന്നികളെ അപേക്ഷിച്ച് ശിയാക്കള്‍ പരമ്പരാഗതമായി കൂടുതല്‍ സമാധാന കാംക്ഷികളാണെന്നും നിംറ് പറഞ്ഞിട്ടുണ്ട്. ‘സുന്നികളേക്കാള്‍ കൂടുതല്‍ ശിയാക്കളാണ് അമേരിക്കയുടെ സ്വാഭാവിക സഖ്യം’ എന്ന് റിയാദിലെ യുഎസ് നയതന്ത്ര പ്രതിനിധികളോട് നിംറ് പറഞ്ഞതായി വിക്കിലീക്ക്‌സ് പുറത്തുവിട്ട 2008-ലെ നയതന്ത്ര രേഖകളില്‍ ഉണ്ട്. സുന്നി ശൈഖുമാരാണ് ആക്രമണം നടത്താന്‍ അടിക്കടി ഫത്‌വകള്‍ ഇറക്കുകയും ദൈവനാമത്തില്‍ കൊലപാതകങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നതെന്നും അദ്ദഹം പറഞ്ഞിട്ടുണ്ട്.

സൗദിയിലെ ശിയാ ഭൂരിപക്ഷമുള്ള പ്രവിശ്യയായ ഖാതിഫില്‍ 1959-ലാണ് നിംറിന്റെ ജനനം. പഠനം ഇറാനിലായിരുന്നു. 90കളില്‍ സൗദിയിലുണ്ടായ ശിയാ ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ അടിച്ചമര്‍ത്തലുകളില്‍ നിന്ന് രക്ഷതേടി ഇറാനില്‍ അഭയം തേടിയിട്ടുമുണ്ട്.  കഴിഞ്ഞ പതിറ്റാണ്ടിന്റെ മധ്യത്തോടെയാണ് തന്റെ തുറന്നു പറച്ചിലുകളുടെ പേരില്‍ നിംറ് ശ്രദ്ധേയനായും സൗദി ഭരണകൂടത്തിന്റെ കണ്ണിലെ കരടായും നിംറ് ഉയര്‍ന്നുവന്നത്. രണ്ടു തവണ സൗദി ഭരണകൂടം പിടിച്ച് അകത്തിട്ടതോടെയാണ് റിയാദിലെ യുഎസ് എംബസ് നിംറിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് വിക്കിലീക്ക്‌സ് പുറത്തു വിട്ട രേഖകള്‍ പറയുന്നു. 2008-ല്‍ അദ്ദേഹത്തെ എംബസിയിലേക്ക് ഒരു കൂടിക്കാഴ്ചക്കായി ക്ഷണിച്ചു വരുത്തുകയും ചെയ്തിരുന്നു.

കിഴക്കന്‍ സൗദി അറേബ്യയിലെ അസ്വസ്ഥമായ ശിയാ ഭൂരിപക്ഷ മേഖലകളിലെ ശിയാ ആക്ടിവിസ്റ്റുകളെ നയിക്കുന്ന സുപ്രധാന രാഷ്ട്രീയ സംഘടനകളുമായൊന്നും ബന്ധമില്ലാത്ത ഒരു രണ്ടാം തട്ടിലുള്ള നേതാവായാണ് യുഎസ് നയതന്ത്ര രേഖകളില്‍ നിംറിനെ വിശേഷിപ്പിക്കുന്നത്. 19 അമേരിക്കന്‍ സേനാംഗങ്ങള്‍ കൊല്ലപ്പെട്ട 1996-ലെ ഖൊബാര്‍ ടവര്‍ ആക്രമണം നടത്തിയ ശിയാ തീവ്രവാദി സംഘടനയായ ഹിസ്ബുല്ല അല്‍ ഹിജാസുമായി നിംറിന് ബന്ധമുണ്ടെന്ന് സൗദി ആരോപിക്കുന്നുണ്ടെങ്കിലും ഇതു ശരിവയ്ക്കുന്ന ഒരു സൂചനയും യുഎസ് നയതന്ത്രജ്ഞര്‍ നല്‍കുന്നില്ല. വേര്‍തിരിച്ചറിയാന്‍ കഴിയാത്തതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകളെന്നാണ് ഇവര്‍ വിശേഷിപ്പിച്ചത്. എംബസിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കിയ നിലപാടുകള്‍ നേരത്തെ അദ്ദേഹം നടത്തിയ തീപ്പൊരി പ്രസംഗങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘തന്റെ വാക്കുകളേയും വിശ്വാസങ്ങളേയും ശരിയായി ഉള്‍ക്കൊള്ളുന്നതിലുപരിയായി, താന്‍ കൂടുതല്‍ യാഥാസ്ഥിതികനായാണ് പൊതുവെ ചിത്രീകരിക്കപ്പെട്ടത് എന്നാണ് ശൈഖ് നിംറിന്റെ വാദം. എന്നാല്‍ സ്വത്വ രാഷട്രീയത്തിലുപരി നീതിയുക്തമായ രാഷ്ടീയ തീരുമാനമെടുക്കല്‍, തെരഞ്ഞെടുപ്പുകളുടെ അനുകൂല സ്വാധീനം, സ്വാതന്ത്ര്യം നീതി പോലുള്ള കരുത്തുറ്റ ‘അമേരിക്കന്‍ മൂല്യങ്ങള്‍’ എന്നിവയടക്കമുള്ള മറ്റു അനുരഞ്ജന ആശയങ്ങളേയും അദ്ദേഹം പിന്തുണക്കുന്നു,’ വിക്കിലീക്ക്‌സ് പുറത്തു വിട്ട യുഎസ് നയതന്ത്ര രഹസ്യ രേഖയില്‍ പറയുന്നു.

‘മിതവാദപരമായ സ്വരമായിരുന്നിട്ടും നിംറ്, ആലു സഊദ് ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നയങ്ങള്‍ക്കെതിരെ ശക്തമായി തന്നെ നിലകൊണ്ടു. സര്‍ക്കാരുമായുള്ള സംഘര്‍ഷത്തില്‍ താന്‍ എപ്പോഴും ജനങ്ങളുടെ പക്ഷത്തായിരിക്കുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു. ഒരു സംഘര്‍ഷത്തില്‍ കുരുങ്ങിപ്പോകുന്ന പക്ഷം പുറത്തു നിന്നുള്ള സഹായം തേടാനുള്ള അവകാശം സൗദിയിലെ ശിയാ സമൂഹത്തിനുണ്ടെന്നും അദ്ദേഹം വാദിച്ചിരുന്നു.’

ഏതു രാഷ്ട്രത്തെയാണ് ഉദ്ദേശിച്ചതെന്ന് നിംറ് വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ലെങ്കിലും പല പൊതു പ്രസംഗങ്ങളിലും അദ്ദേഹം നടത്തിയ സമാന പരാര്‍ശങ്ങളില്‍ നിന്നും ആ രാജ്യം ഇറാന്‍ ആണെന്നാണ് കരുതപ്പെട്ടിരുന്നത്. സൗദി അറേബ്യയില്‍ ഇറാന്‍ ഇടപെടണമെന്ന് വാദിച്ചതാണ് സൗദി അധികാരികളുടെ കണ്ണില്‍ നിംറിനെ ഇത്ര വലിയ അപകടകാരിയാക്കിയതെന്ന് റിയാദിലെ സൗദി രാഷ്ട്രീയ നിരീക്ഷകനായ സല്‍മാന്‍ അല്‍ അന്‍സാരി പറയുന്നു.

സുന്നി ഭീകരവാദത്തിനും ശിയാ ഭീകരവാദത്തിനുമിടയില്‍ സൗദി അറേബ്യ ഒരു വേര്‍തിരിവ് കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു. ‘ഇദ്ദേഹം ആക്രമണങ്ങള്‍ക്കായി ആളുകളെ ഇളക്കിവിടുകയും ഭരണകൂടത്തെ തൂത്തെറിയാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു വരികയായിരുന്നു. അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കാന്‍ ഇതു മതിയായ ഒരു കാരണമല്ലെങ്കില്‍ ഭീകരവാദത്തെ കുറിച്ചുള്ള ധാരണയില്‍ എന്തോ പ്രശ്‌നമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കോ ആക്രമണങ്ങള്‍ക്കോ നിംറ് പ്രചോദനം നല്‍കിയിരുന്നതായി രേഖകളൊന്നുമില്ലെന്ന് ഡെന്‍മാര്‍ക്കിലുള്ള ബഹ്‌റൈനി രാഷ്ട്രീയ പ്രവര്‍ത്തകയും ഗള്‍ഫ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കോ-ഡയറക്ടറുമായ മര്‍യം ഖവാജ പറയുന്നു. ‘ഭരണകൂടം ഒരു ഭീകരവാദിയായി അദ്ദേഹത്തെ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതോടെ അദ്ദേഹത്തെ കൈകാര്യം ചെയ്യാന്‍ ഭരണകൂടത്തിന് പ്രയാസപ്പെടേണ്ടി വന്നു,’ മര്‍യം പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍