UPDATES

വിദേശം

യു എ ഇയുടെ ഭാവി; ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ പ്രചോദിപ്പിക്കുന്ന കത്ത് വൈറല്‍

Avatar

ദുബായ് ഭരണാധികാരിയും യു എ ഇയുടെ വൈസ് പ്രസിഡന്‍റുമായ ശൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രാജ്യത്തെ പൌരന്‍മാരെ അഭിസംബോധന ചെയ്ത് എഴുതിയ കത്ത് വൈറലായി. അദ്ദേഹത്തിന്റെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലിലാണ് കത്ത് പ്രസിദ്ധീകരിച്ചത്. 

യുഎഇ സര്‍ക്കാരില്‍ ഈയിടെ നടത്തിയ ചില മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ചോദ്യങ്ങളും പ്രതികരണങ്ങളും വാര്‍ത്തകളുമാണ് ഞാന്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്തത്. സന്തോഷം, സഹിഷ്ണുത, ഭാവി എന്നീ പുതിയ വകുപ്പുകള്‍ സൃഷ്ടിക്കുകയും പുതിയ മന്ത്രിമാരെ ചുമതലപ്പെടുത്തുകയും ചെയ്തത് എന്തിനാണ്? യുവജനകാര്യ മന്ത്രിയായി ഒരു 22-കാരിയെ നിയമിച്ചതിനു പിന്നിലെന്താണ്? എന്നീ കാര്യങ്ങളാണ് എല്ലാവര്‍ക്കും അറിയേണ്ടതെന്ന് തോന്നുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നമ്മുടെ മേഖലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ മാറ്റങ്ങള്‍. പ്രത്യേകിച്ച്, അറബ് രാജ്യങ്ങളിലെ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന യുവജനങ്ങളുടെ അഭിലാഷങ്ങളോട് കാര്യക്ഷമമായി പ്രതികരിക്കുന്നതിലുള്ള വീഴ്ച ഒഴുക്കിനെതിരേ നീന്തുന്നതു പോലെയാണ് എന്ന് നാം പഠിച്ചു. യുവജനങ്ങളുടെ ഊര്‍ജ്ജവും ശുഭാപ്തി വിശ്വാസവുമില്ലാതെ സമൂഹങ്ങള്‍ക്ക് വികസിക്കാനും വളരാനും കഴിയില്ല. തീര്‍ച്ചയായും അത്തരം സമൂഹങ്ങളെല്ലാം തകര്‍ന്നടിഞ്ഞിട്ടെ ഉള്ളൂ.

സര്‍ക്കാരുകള്‍ യുവജനങ്ങളെ നിരാകരിക്കുകയും മികച്ചൊരു ജീവിതത്തിലേക്കുള്ള അവരുടെ വഴിയില്‍ തടസമുണ്ടാക്കുകയും ചെയ്താല്‍ അവര്‍ സമൂഹത്തിനു മുന്നില്‍ വാതില്‍ കൊട്ടിയടക്കും. നമ്മുടെ മേഖലയിലെ സംഘര്‍ഷങ്ങളുടെ, അറബ് വസന്തം എന്ന പേരില്‍ അറിയപ്പെട്ട സംഭവങ്ങളുടെ, തുടക്കം വ്യക്തമായും തങ്ങളുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും നേടാന്‍ അവസരമില്ലാതെ പോയ യുവജനങ്ങളില്‍ നിന്നായിരുന്നു.

യുഎഇ യുവത്വമുള്ള ഒരു രാജ്യമാണെന്നതില്‍ നാം അഭിമാനിക്കുന്നു. നമ്മുടെ യുവജനങ്ങളും നമുക്ക് അഭിമാനമാണ്. അവര്‍ നമ്മുടെ ഭാവിയാണെന്ന കാരണത്താല്‍ അവര്‍ക്കായി നാം നിക്ഷേപങ്ങള്‍ നടത്തുന്നു, അവരെ ശാക്തീകരിക്കുന്നു. അറിവ് നേടുന്നതിലും സംസ്‌കരിച്ചെടുക്കുന്നതിലും ഞങ്ങളേക്കാള്‍ വളരെ വേഗതയുള്ളവരാണ് ഈ യുവജനങ്ങളെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കാരണം ഇവരുടെ പ്രായത്തില്‍ ഞങ്ങള്‍ക്കു ലഭ്യമല്ലാതിരുന്ന സാങ്കേതിക വിദ്യകള്‍ക്കും ഉപകരണങ്ങള്‍ക്കുമൊപ്പമാണ് ഇവര്‍ വളര്‍ന്നത്. നമ്മുടെ രാജ്യത്തെ പുതിയ വികസന, വളര്‍ച്ചാ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഇവരെ ചുമതലപ്പെടുത്തുന്നു. അതുകൊണ്ടാണ് ഇവരുടെ പ്രായത്തിലുള്ള ഒരു ക്യാബിനറ്റ് മന്ത്രിയെ നിയമിച്ചതും ഒരു പ്രത്യേക യുവജന കൗണ്‍സില്‍ രൂപീകരിച്ചതും.


ഷമ്മാ അല്‍ മസ്റൂയി, യുവജനകാര്യ മന്ത്രി

നമ്മുടെ മേഖലയില്‍ മരിച്ചു വീണ ആയിരക്കണക്കിനാളുകളില്‍ നിന്നും ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികളില്‍ നിന്നും നാം പാഠം ഉള്‍ക്കൊണ്ടിട്ടുണ്ട്. വിഭാഗീയവും പ്രത്യയശാസ്ത്രപരവും സാംസ്‌കാരികവും മതപരവുമായ ഭ്രാന്ത് രോഷാഗ്നി ആളിക്കത്തിക്കുക മാത്രമേ ചെയ്യൂവെന്ന പാഠം. ഇത് ഒരിക്കലും നമ്മുടെ രാജ്യത്ത് അനുവദിക്കുകയില്ല, അതിനു കഴിയുകയുമില്ല. സഹിഷ്ണുതയെ കുറിച്ച് നാം പഠിക്കുകയും പഠിപ്പിക്കുകയും അത് പ്രയോഗവല്‍ക്കരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. വിദ്യാഭ്യാസത്തിലൂടെയും നമ്മുടെ സ്വന്തം ഉദാഹരണങ്ങളിലൂടെയും കുട്ടികള്‍ക്കും ഇതു പകര്‍ന്നു നല്‍കേണ്ടതുണ്ട്.

അതുകൊണ്ടാണ് സഹിഷ്ണുതയ്ക്കായി ഒരു മന്ത്രിയെ നിയോഗിച്ചത്. നമ്മുടെ സമൂഹത്തിന്റെ ഇപ്പോഴത്തെ സഹിഷ്ണുതയ്ക്ക് ഒരു നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കുന്നതോടെ അത് നിയമവിധേയമാകുമെന്നും നമ്മുടെ നയങ്ങളും പദ്ധതികളും അയല്‍രാജ്യങ്ങള്‍ക്ക് മികവുറ്റ മാതൃകകളാകുമെന്നുമാണ് വിശ്വാസം.

അറബ് ലോകം സഹിഷ്ണുക്കളും മറ്റുള്ളവരെ സ്വീകരിക്കുന്നവരും ആയിരുന്നപ്പോള്‍ ലോകത്തെ നയിക്കാന്‍ അതിനു കഴിഞ്ഞിരുന്നു. ബഗ്ദാദ് തൊട്ട് ദമാസ്‌കസ്, ആന്തലൂസിയ വരേയും അതിനപ്പുറവും അറിവിന്റെയും ശാസ്ത്രത്തിന്റെയും നാഗരികതയുടേയും സംസ്‌കാരങ്ങളുടേയും മതങ്ങളുടേയും വഴിവെളിച്ചമാകാന്‍ നമുക്ക് കഴിഞ്ഞിരുന്നു. നമ്മുടെ പൂര്‍വ്വപിതാക്കള്‍ ആന്തലൂസിയ വിട്ടപ്പോള്‍ പോലും ഇതര വിശ്വാസികളും അവരോടൊപ്പം പോയി.

സഹിഷ്ണുത ഒരു ആകര്‍ഷക വാക്യമല്ല. നാം പ്രേയോഗവല്‍ക്കരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ട ഒരു ഗുണമാണ്. നമ്മുടെ ഭാവിയെ സംരക്ഷിക്കാനും നാമുണ്ടാക്കിയ പുരോഗതിയെ നിലനിര്‍ത്താനും സമൂഹത്തിന്റെ മേലുടുപ്പിലേക്ക് തുന്നിച്ചേര്‍ക്കപ്പെടേണ്ട ഒന്നാണത്. പ്രത്യയശാസ്ത്രപരമായ ആര്‍ജ്ജവം, വൈവിധ്യം എന്നീ മൂല്യങ്ങളെ പുനസ്ഥാപിക്കുകയും ബൗദ്ധികമോ സാംസ്‌കാരികമോ മതപരമോ ആയ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ സ്വീകരിക്കുകയും ചെയ്യുന്ന തരത്തില്‍ ഒരു ബൗദ്ധിക പുനരുദ്ധാരണം സംഭവിക്കാതെ മധ്യേഷ്യയില്‍ ശോഭനമായ ഒരു ഭാവിയുണ്ടാവില്ല.

ഷെയ്ക്ക ലൂബ്ന അല്‍ ക്വാസിമി, സഹിഷ്ണുത മന്ത്രി

പഠിക്കുന്ന ഓരോ പാഠത്തിനുമൊപ്പം നമ്മളുടെ ഭാവി രൂപപ്പെടുത്താനുള്ള ഒരു തീരുമാനവും ഉണ്ടാകും. ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനകാലത്തില്‍ നിന്നും മാത്രമല്ല, ഭാവിയിലേക്ക് നോക്കിയും നമുക്ക് പാഠങ്ങള്‍ പഠിക്കാനാകുമെന്നും ഞങ്ങള്‍ക്കറിയാം. ലളിതമായി പറഞ്ഞാല്‍, ഒരു എണ്ണ സമ്പദ് വ്യവസ്ഥയ്ക്കു ശേഷം ജീവിതം എങ്ങിനെയിരിക്കുമെന്ന് നാം ചിന്തിച്ചെ മതിയാകൂ. അതു കൊണ്ടാണ് യുഎഇയുടെ മുന്നോട്ടുള്ള വഴിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ 81.5 ദശലക്ഷം ഡോളറോളം വരുന്ന ഭീമമായ നിക്ഷേപങ്ങള്‍ ഞങ്ങള്‍ നടത്തിയത്. ചാഞ്ചാടിക്കൊണ്ടിരിക്കുന്ന എണ്ണ വിപണിയെ ആശ്രയിക്കുന്നതില്‍ നിന്നും ഭാവി തലമുറകളെ മോചിപ്പിക്കുന്ന ഒരു വൈവിധ്യ സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം.

ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് നമ്മുടെ നിയമ, ഭരണ, സാമ്പത്തിക സംവിധാനങ്ങള്‍ പൂര്‍ണമായും എണ്ണയിലുള്ള ആശ്രിതത്വത്തില്‍ നിന്ന് മാറുന്ന കാര്യം പുനരാലോചിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കും വേണ്ടി വൈവിധ്യമാര്‍ന്ന ഒരു സുസ്ഥിര ദേശീയ സമ്പദ് വ്യവസ്ഥ നിര്‍മ്മിക്കാന്‍ ശക്തവും അനുയോജ്യവുമായ കാര്യനിര്‍വഹണ അടിസ്ഥാനസൗകര്യം നമുക്കാവശ്യമാണ്.

മാറ്റം നമ്മുടെ കൈകള്‍ കൊണ്ടു മാത്രമെ സംഭവിക്കൂ എന്നാണ് ഈ എഴുത്തിലൂടെ, നമ്മുടെ മേഖലയിലെ മറ്റുള്ളവര്‍ക്ക് ഞാന്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന വ്യക്തമായ സന്ദേശം. തകര്‍ച്ചയെ പിടിച്ചു നിര്‍ത്താന്‍ പുറത്തു നിന്നുള്ള അതിശക്തരെ നമ്മുടെ മേഖലയ്ക്ക് ആവശ്യമില്ല. പല അയല്‍ രാജ്യങ്ങളിലും ജീവിതം ദുരിതപൂര്‍ണ്ണമാക്കിയ അസഹിഷ്ണുതയും വിദ്വേഷവും മറികടക്കാന്‍ നമ്മില്‍ നിന്നുള്ള കരുത്ത് തന്നെയാണ് നമുക്കാവശ്യം.

നമ്മുടെ മേഖലയിലേയും മറ്റിടങ്ങളിലേയും ഭരണകൂടങ്ങള്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ പുനഃപരിശോധിക്കേണ്ടത് ആവശ്യമാണെന്ന സന്ദേശവും ഞാന്‍ എഴുത്തിലൂടെ കൈമാറുന്നു. ജനങ്ങള്‍ക്ക് അവരുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും നേടിയെടുക്കാന്‍ കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ കര്‍ത്തവ്യം, മറിച്ച് അവരെ നിയന്ത്രിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. ജനങ്ങളെ ശാക്തീകരിക്കുക, അവര്‍ക്കു മേല്‍ അധികാരം സ്ഥാപിക്കാതിരിക്കുക എന്നു ചുരുക്കം.  ജനങ്ങള്‍ അവരുടെ സ്വന്തം സന്തോഷങ്ങള്‍ സൃഷ്ടിക്കുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം പരിപോഷിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

ഒഹൌദ് അല്‍ റൂമി, സന്തോഷത്തിന്റെ മന്ത്രി

സന്തോഷം പ്രചരിപ്പിക്കുന്നതില്‍ സര്‍ക്കാരിന്റെ പങ്കിനെക്കുറിച്ച് ആദ്യമായല്ല നാം സംസാരിക്കുന്നത്. ചരിത്രത്തിന്റെ ഉദയം തൊട്ട് മാനവരാശി അന്വേഷിച്ചത് സന്തോഷമാണ്. വ്യക്തികളുടെ സന്തോഷവും സാന്മാര്‍ഗിക പരിപൂര്‍ണ്ണതയും നേടിയെടുക്കാനുള്ള അന്വേഷണത്തില്‍ വികസിക്കുന്ന ഒരു ജീവനാണ് ഭരണകൂടമെന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞിട്ടുണ്ട്. ഇതേ കാര്യമാണ് ഇബ്‌നു ഖല്‍ദൂനും പറഞ്ഞത്. അതുപോലെ അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ഓരോ വ്യക്തിയുടേയും അവകാശമായിട്ടാണ് സന്തോഷത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്.

സര്‍ക്കാരുകളുടെ വിജയം അളക്കാനുപയോഗിക്കുന്ന മാനദണ്ഡം സാമ്പത്തിക സൂചകങ്ങളില്‍ നിന്ന് മനുഷ്യരുടെ സന്തോഷവും ക്ഷേമവുമായി ബന്ധപ്പെട്ട അളവുകോലുകളിലേക്ക് മാറ്റണമെന്നാണ് യുഎന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഈ മാറ്റത്തിന്റെ പ്രാധാന്യം ഊന്നിപ്പറയാന്‍ ഒരു ലോക സന്തോഷ ദിനം തന്നെ യുഎന്‍ ആചരിക്കുന്നു.

സന്തോഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രായോഗികവും പൂര്‍ണമായും ന്യായീകരിക്കാവുന്നതുമാണ്. സന്തോഷം അളക്കാന്‍ കഴിയും. അതിന്റെ പരിണാമങ്ങള്‍ ഇപ്പോള്‍ തന്നെ പല പഠനങ്ങളുടേയും പാഠ്യപദ്ധതികളുടേയും വിഷയമാണ്. അതിലുപരിയായി, സന്തോഷം വികസിപ്പിക്കാന്‍ കഴിയും, അത് നേടിയെടുക്കുന്നത് ഭൗതിക ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. സന്തോഷവാന്‍മാരായ ജനങ്ങള്‍ അവരുടെ സമൂഹങ്ങളിലും രാജ്യങ്ങളിലും കൂടുതല്‍ ഉത്പാദനം നടത്തുകയും കൂടുതല്‍ കാലം ജീവിക്കുകയും മികച്ച സാമ്പത്തിക വികസനത്തെ നയിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കുടുംബത്തിന്റെയും വ്യക്തികളുടേയും, ജീവനക്കാരുടേയും സന്തോഷവും അവരുടെ ജീവിതത്തിലെ സംതൃപ്തിയും ഭാവിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും എല്ലാ സര്‍ക്കാര്‍ മേഖലകളിലേയും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രധാനമാണ്. അതു കൊണ്ടാണ് ഇതിനു മാര്‍ഗനിര്‍ദേശം നല്‍കാനും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനും അതു പോലെ സ്വകാര്യ മേഖലയ്ക്ക് നേതൃസഹായം നല്‍കാനും ഒരു മന്ത്രി ഉണ്ടായിരിക്കേണ്ടതുണ്ട് എന്നു പറയുന്നത്.

ഞങ്ങളുടേത് ഒരു പൊള്ളയായ വാഗ്ദാനമല്ല. ശരിയായി തഴച്ചു വളരാന്‍ കഴിയുന്ന ഒരു സുസ്ഥിര അന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളുടെ സന്തോഷം  പരമപ്രധാനമായി കണക്കാക്കപ്പെടുന്ന ഒരു സമൂഹ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് നാം. നമ്മുടെ ഈ സൂത്രവാക്യം മേഖലയിലെ മറ്റുള്ളവര്‍ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. യുവജനങ്ങളാല്‍ നയിക്കപ്പെടുന്ന, എല്ലാവരും സന്തോഷം നേടിയെടുക്കുന്ന ഒരു ഭാവിയില്‍ ശ്രദ്ധകേന്ദ്രീകരിച്ച, കാതലായ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ദേശീയ വികസനം എന്ന ഈ സൂത്രവാക്യം വളച്ചുകെട്ടില്ലാത്ത വിധം വ്യക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍