UPDATES

സിനിമ

ഗാന്ധിസം പറഞ്ഞ് ഗോഡ്സെ – ഷെറി ഗോവിന്ദ് / അഭിമുഖം

Avatar

ഷെറി ഗോവിന്ദന്‍ വിഷ്ണു നമ്പൂതിരി

പതിനാറാമത് ഐ.എഫ്.എഫ്.കെയുടെ ആദ്യാവസാനം കേട്ട പേരായിരുന്നു ഷെറി ഗോവിന്ദന്‍. മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ഷെറിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് റദ്ദാക്കിയ സംഘാടകരുടെ നടപടി വിവാദമായിരുന്നു. ചിത്രം പൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചലച്ചിത്ര അക്കാഡമിയുടെ നടപടി. അക്കാഡമി ചെയര്‍മാനായിരുന്ന പ്രിയദര്‍ശനും അന്നത്തെ സിനിമാ വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനുമെതിരെ ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

ചലച്ചിത്ര ലോകത്തെ പ്രമുഖരില്‍ നിന്നും മാദ്ധ്യമങ്ങളില്‍ നിന്നും ഷെറിയ്ക്ക് ലഭിച്ച പിന്തുണയൊന്നും പിന്നീടുണ്ടായില്ല. അവഗണനകളെ നിശബ്ദമായി നേരിട്ട് ഇരുപത്തിയൊന്നാമത് ഐ.എഫ്.എഫ്.കെയില്‍ ഷെറി വീണ്ടും എത്തിയിരിക്കുകയാണ്  പുതിയ ചിത്രം ഗോഡ്‌സേയുമായി. സഹോദരന്‍ ഷൈജുവുമായി ചേര്‍ന്നാണ് ഷെറി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

• ആദിമധ്യാന്തം ഇതുവരെയും തീയറ്ററുകളിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. അന്ന് സഹായ വാഗ്ദാനം ചെയ്ത സംവിധായകരടക്കമുള്ള പ്രമുഖരും മാധ്യമങ്ങളും താങ്കളേയും ആദിമധ്യാന്തത്തേയും കൈവിട്ടോ ?

തീരെ മോശപ്പെട്ട വിധിയായിരുന്നു ആദിമധ്യാന്തത്തിന്റേത്. ആദ്യത്തെ പ്രശ്‌നങ്ങള്‍ എല്ലാം അടങ്ങിയതിന് ശേഷം പിന്നീട് ഞങ്ങള്‍ കരുതിയത് മറ്റ് ഫെസ്റ്റിവലുകള്‍ക്ക് അയക്കാം എന്നാണ്. പക്ഷേ, അതിനിടയില്‍ സിനിമയുടെ പ്രൊഡ്യൂസര്‍ മരിച്ചു. മാസ്റ്റര്‍ കോപ്പി സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡിസ്‌ക്കും നഷ്ടമായി. അന്ന് സഹായിക്കാനായി എത്തിയ പ്രമുഖരെയോ മാധ്യമങ്ങളെയോ പേരെടുത്ത് പറഞ്ഞ് ഇനി കുറ്റപ്പെടുത്താന്‍ ഞാനില്ല. വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇനി ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കുമോ എന്നുമറിയില്ല.

• ഷെറിയുടെ രണ്ട് സിനിമകളും ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്നുണ്ടല്ലോ ?

എല്ലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനമായാണ് ഞാന്‍ കരുതുന്നത്. കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ള സംവിധായകന്‍ ഒരിക്കലും ഒരു മോശം ഫിലിംമേക്കര്‍ ആകില്ല. രാഷ്ട്രീയ സിനിമകളോട് താല്‍പ്പര്യം ഉണ്ട്. കാരണം സൗന്ദര്യപരമായും, രാഷ്ട്രീയപരമായും നമ്മളെ തൃപ്തിപ്പെടുത്താന്‍ രാഷ്ട്രീയ സിനിമകള്‍ക്ക് കഴിയും. വ്യക്തമായ രാഷ്ട്രബോധവും രാഷ്ട്രീയബോധവും ഒരു ഫിലിംമേക്കറെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാന്‍ പറ്റാത്ത മൂല്യങ്ങള്‍ ആണ്.

• ഗോഡ്‌സെ ഇവിടെ ഗാന്ധിസം പറയുകയാണല്ലോ. ഇപ്പോഴത്തെ രാഷ്ട്രീയാന്തരീക്ഷവുമായി ഇതിനെ എങ്ങനെ ബന്ധിപ്പിക്കാം ?

ഗാന്ധിസം ആണ് മുഖ്യപ്രമേയം. കേന്ദ്ര കഥാപാത്രം ഗാന്ധിസത്തോട് അകന്ന് നില്‍ക്കുകയും പിന്നീട് ആ മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നു. ഗാന്ധിസം പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുമ്പോള്‍ അയാള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവഗണനകള്‍, അരാഷ്ട്രീയവത്കരണം എന്നിവയെപ്പറ്റിയാണ് ഗോഡ്‌സെ പറയുന്നത്. എല്ലാ അര്‍ത്ഥത്തിലും ഒരു പൂര്‍ണ്ണരാഷ്ട്രീയ സിനിമയാണ് ഗോഡ്‌സെ എന്നാണ് എന്റെ വിശ്വാസം. ബാക്കി പ്രേക്ഷകര്‍ തീരുമാനിക്കട്ടെ.

• ഹരിശ്ചന്ദ്രന്‍ എന്നാണ് പ്രധാന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ പേര് ഗോഡ്‌സെ. ഈ വൈരുദ്ധ്യത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് ?

                
കൊല്ലപ്പെടുന്നതിന് മുന്‍പേ ഗാന്ധിജി പറഞ്ഞൊരു വസ്തുതയുണ്ട്. ഏത് പ്രത്യയശാസ്ത്രവും ഇന്ത്യയില്‍ ഇനിയും കാലങ്ങളോളം പിന്‍തുടര്‍ന്ന് പോരും പക്ഷേ ഈ ദര്‍ശനശാസ്ത്രം എന്നൊടൊപ്പം അന്യം നിന്നുപോകും. അദ്ദേഹം പറഞ്ഞതുപോലെ സംഭവിച്ചു. ആ ചരിത്രസത്യവും സത്യത്തില്‍ വലിയൊരു വിരോധാഭാസം അല്ലേ. നമ്മുടെ മൗലികമായ ആ ദര്‍ശനശാസ്ത്രം പൂര്‍ണ്ണമായും നശിച്ചില്ലേ. അത്തരം വൈരുദ്ധ്യങ്ങളെ അവതരിപ്പിക്കുവാനാണ് ഞാന്‍ ഗോഡ്‌സേയിലൂടെ ശ്രമിച്ചിരിക്കുന്നത്.

• രണ്ട് സംവിധായകര്‍ എന്ന തീരുമാനത്തിലേയ്ക്ക് എങ്ങനെ എത്തി, രണ്ടു പേരുടെയും ശൈലികള്‍ തമ്മില്‍, ചേര്‍ന്ന് പോകാന്‍ ബുദ്ധിമുട്ടുണ്ടായോ ?

ഞാന്‍ ഷൈജുവിന് (ഷെറിയുടെ സഹോദരന്‍) വേണ്ടി എഴുതിയ തിരക്കഥയായിരുന്നു ഗോഡ്‌സെ. പിന്നീട് സുഹൃത്തുക്കളും ക്രൂവിലുള്ളവരും നിര്‍ബന്ധിച്ചപ്പോള്‍ ഞാനും ഒപ്പം ചേര്‍ന്നു എന്നുമാത്രം. കുറച്ചുനാള്‍ ചിത്രീകരണം നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. അപ്പോഴും സഹായമായത് ഞങ്ങള്‍ തമ്മിലുള്ള ദൃഢമായ സ്‌നേഹബന്ധം തന്നെയാണ്. ഷൂട്ടിംഗിനിടയില്‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ഞങ്ങള്‍ ഒരുമിച്ചായിരുന്നു എല്ലാം നേരിട്ടത്. അവന്റെ ആദ്യ സംവിധാനസംരംഭം ആണ് ഗോഡ്‌സെ.

• ആദിമധ്യാന്തത്തിന് ശേഷം നീണ്ടയൊരു ഇടവേള കാണുന്നുണ്ടല്ലോ ഗോഡ്‌സേയിലേക്ക്?

ആ സിനിമയുടെ പേരില്‍ വല്ലാതെ വേട്ടയാടപ്പെട്ടിട്ടുണ്ട്. സ്ഥാപിത താല്‍പ്പര്യക്കാരായ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ഇന്നും അജ്ഞാതമായൊരു കാരണത്തിന്റെ പേരില്‍ അനാവശ്യമായ വിവാദങ്ങള്‍ ചമച്ചു. ഇതൊക്കെ എന്നെ വല്ലാതെ ബാധിച്ചിരുന്നു. പക്ഷേ, തുടര്‍ന്നും ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളും ഒക്കെയായി ഞാനിവിടെ തന്നെയുണ്ടായിരുന്നു. ഒരുപക്ഷേ പലരും പറഞ്ഞേക്കാം വിവാദം കൊണ്ട് മാത്രമാണ് ആ സിനിമ ശ്രദ്ധിക്കപ്പെട്ടത് എന്ന് അങ്ങനെയാണെങ്കില്‍ ആ ചിത്രത്തിന് ദേശീയതലത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിക്കില്ലല്ലോ.

• ഇരുപത്തിയൊന്നാമത് ഐ.എഫ്.എഫ്.കെയില്‍ വിവാദ ചിത്രത്തിന്റെ സംവിധായകന്‍ എന്ന ടാഗ്-ലൈനില്‍ അറിയപ്പെടുന്നത് അസ്വസ്ഥനാക്കുന്നുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. ഗോഡ്‌സെ എന്ന ചിത്രത്തിലൂടെ ആ ടാഗ്‌ലൈന്‍ മാറ്റിയെടുക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമ എന്ന രാഷ്ട്രീയ പ്രവര്‍ത്തനം എത്രമാത്രം സത്യസന്ധമായി അനുഷ്ഠിക്കാന്‍ കഴിയുമോ അത്രമാത്രം സത്യസന്ധമായി അനുഷ്ഠിക്കുക എന്നതാണ് എന്റെ അഭിപ്രായം. വിവാദങ്ങള്‍ ആകസ്മികമോ കരുതി കൂട്ടിയോ എങ്ങനെയോ ഉണ്ടാകട്ടെ സിനിമയ്ക്ക് ഒരു രീതിയിലും ഗുണം ചെയ്യില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍