UPDATES

ഷിബു കെ നായര്‍

കാഴ്ചപ്പാട്

ഷിബു കെ നായര്‍

സീറോ പ്ലാസ്റ്റിക്: ആലപ്പുഴ മോഡല്‍

പ്ലാസ്റ്റിക്കുകളാല്‍ സമ്പന്നമായ നമ്മുടെ ജീവിതം അഥവാ വിഷം തീറ്റക്കാര്‍

പെട്രോളിയം ഉല്‍പന്നങ്ങളായ ക്രൂഡ് ഓയിലിനെയും പ്രകൃതി വാതകത്തെയും ശുദ്ധീകരിച്ചെടുക്കുന്ന പ്രൊപ്പെയ്ന്‍, ഈഥെയ്ന്‍ വാതകങ്ങളില്‍ നിന്നാണ് പ്ലാസ്റ്റിക് വ്യവസായത്തിനു വേണ്ട മൂല പദാര്‍ത്ഥങ്ങളായ പ്രൊപ്പിലീനും എഥിലീനും നിര്‍മ്മിക്കുന്നത്. ഇത് അടിസ്ഥാനപരമായി ഹൈഡ്രജന്‍, കാര്‍ബണ്‍ തന്മാത്രകള്‍ കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇവയോടൊപ്പം മറ്റു ചില ഘടകങ്ങള്‍ കൂടി ചേര്‍ത്താണ് നാമുപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കാവശ്യമായ പോളിമറുകള്‍ ഉണ്ടാക്കുന്നത്. ഉദാഹരണമായി പി.വി.സി പ്ലാസ്റ്റിക്കുകളില്‍ ക്ലോറിന്‍,നൈലോണില്‍ നൈട്രജന്‍, ടഫ്‌ലോണില്‍ ഫ്‌ളൂറിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. എന്നാല്‍ നമ്മളുപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുണ്ടാകാന്‍ ഇനിയും ചേരുവകള്‍ കൂടി ചേര്‍ക്കേണ്ടതുണ്ട്.

 

ഉല്‍പന്നങ്ങള്‍ക്ക് നിറം, ആകൃതി, വഴക്കം, ദൃഢത, മണം തുടങ്ങിയ ഗുണങ്ങള്‍ കിട്ടുന്നതിന് ആന്റി സ്റ്റാറ്റിക് ഏജന്റുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ബ്ലോയിംഗ് ഏജന്റുകള്‍,ക്യൂറിംഗ് ഏജന്റുകള്‍, കപ്ലിംഗ് ഏജന്റുകള്‍, ഫില്ലറുകള്‍, ജ്വലന പ്രതിരോധികള്‍, താപസമീകാരികള്‍, പിഗ്മെന്റുകള്‍, ഘനലോഹങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട അനവധി രാസ വസ്തുക്കള്‍ ഒരു പ്ലാസ്റ്റിക് ഉല്‍പ്പന്നത്തില്‍ കണ്ടേക്കാം. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് താലേറ്റുകള്‍. പ്ലാസ്റ്റിക്കുകളില്‍ നിന്നും പെട്ടെന്ന് ഊര്‍ന്നിറങ്ങുന്ന ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. താലേറ്റുകളടങ്ങിയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പ്രത്യേകിച്ച് ആശുപത്രി ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ ഇക്കാരണം കൊണ്ടു തന്നെ പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. അതുപോലെ തന്നെ കുഞ്ഞുങ്ങള്‍ക്കുള്ള പാല്‍ക്കുപ്പികളൂണ്ടാക്കുന്ന പോളി കാര്‍ബണേറ്റ് പ്ലാസ്റ്റിക്കുകളിലെ ഒരു പ്രധാന വിഷവസ്തു ‘ബിസ്ഫിനോള്‍ – എ (ബി.പി.എ) ആണ്. കുഞ്ഞുങ്ങളുടെ വളര്‍ച്ചാ ഘട്ടത്തില്‍ കുഞ്ഞ് ആഗിരണം ചെയ്യുന്ന വൈറ്റമിന്‍ സിയുടെ മൂന്ന് മടങ്ങെങ്കിലും അളവില്‍ ബി.പി.എ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ എത്തിച്ചേരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഹോര്‍മോണ്‍ സംബന്ധമായ ഒട്ടനവധി ആരോഗ്യത്തകരാറുകള്‍ ഇതു വരുത്തിവെക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബി.പി.എ ഉപയോഗം വികസിത രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്.

നാമുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ആകെ ഭാരത്തിന്റെ 30 മുതല്‍ 80 ശതമാനം വരെ മാത്രമേ അടിസ്ഥാന പ്ലാസ്റ്റിക് പോളിമറുകള്‍ ഉണ്ടായിരിക്കുകയുള്ളൂ. ബാക്കി ഭാഗം നേരത്തേ സൂചിപ്പിച്ചതു പോലുള്ള രാസ വസ്തുക്കളോ മൂലകങ്ങളോ ആയിരിക്കും. ഇത്തരം അന്യവസ്തുക്കള്‍ കാലം ചെല്ലുന്തോറും ഉല്‍പ്പന്നത്തില്‍ നിന്നൂര്‍ന്ന് അന്തരീക്ഷത്തിലേക്കോ ഉല്‍പന്നവുമായി സമ്പര്‍ക്കത്തിലുള്ള ആഹാര പദാര്‍ത്ഥങ്ങളിലേക്കോ വ്യാപിക്കുന്നു. സൂര്യപ്രകാശ രാജിയിലുള്ള അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍, ചൂട്, എണ്ണ/കൊഴുപ്പ് എന്നിവയുമായുള്ള സമ്പര്‍ക്കം എന്നിവ മൂലമാണ് അന്യവസ്തുക്കള്‍ ഉല്‍സര്‍ജ്ജിക്കപ്പെടുന്നത്.

ഇനി നാമെന്താണ് ചെയ്യുന്നതെന്ന് ആലോചിച്ചു നോക്കൂ! ഫ്‌ളൂറിന്‍ അടങ്ങിയ ടെഫ്‌ലോണ്‍ പതിപ്പിച്ച ‘നോണ്‍ – സ്റ്റിക്’ പാത്രങ്ങള്‍ അടുപ്പില്‍ വെച്ച് അതില്‍ ആഹാരം പാകം ചെയ്യുന്നു. തിളപ്പിച്ച വെള്ളം ചൂടാറുന്നതിനു മുന്നേ പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ചു കുട്ടികള്‍ക്ക് കൊടുത്തു വിടുന്നു. അതുമല്ലെങ്കില്‍ അമ്ലതകൂടിയ ജ്യൂസുകളോ കൃത്രിമ പാനീയങ്ങളോ അതില്‍ കൊടുത്തുവിടുന്നു. എണ്ണയില്‍ പാകം ചെയ്തതോ ചൂടാറാത്തതോ ആയ ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളില്‍ കൊണ്ടുപോകുന്നു. കടകളില്‍ നിന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞു വാങ്ങുന്നു. എണ്ണ, പാല്‍ തുടങ്ങിയവ പ്ലാസ്റ്റിക് കവറുകളില്‍ വാങ്ങുന്നു. പി.വി.സി കളിപ്പാട്ടങ്ങള്‍ കുഞ്ഞിന് കളിക്കാന്‍ കൊടുക്കുന്നു. പി.വി.സി. പൈപ്പുകള്‍ ഉപയോഗിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ പാല്‍ കുടിക്കാന്‍ കൊടുക്കുന്നു. വിരുന്നു സല്‍ക്കാരങ്ങളില്‍ പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പാത്രങ്ങളും ഗ്ലാസ്സുകളും ഉപയോഗിക്കുന്നു. പൂര്‍ണ്ണമായും പ്ലാസ്റ്റിക്കുകളാല്‍ നിര്‍മ്മിതമായ സാനിട്ടറി പാഡുകളും ബേബി ഡയപ്പറുകളും ഉപയോഗിക്കുന്നു…..

ഇനി പ്ലാസ്റ്റിക് മാലിന്യത്തെ നാമെന്താണ് ചെയ്യാന്‍ പോകുന്നത്? കത്തിക്കല്‍! ഒരുനിമിഷം, നമ്മള്‍ കത്തിക്കുന്നത് ശുദ്ധമായ പ്ലാസ്റ്റിക് പോളിമറുകളെയല്ല, വ്യത്യസ്ത തരം രാസവസ്തുക്കളോ മൂലകങ്ങളോ അടങ്ങിയ പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങളെയാണ് കത്തിക്കുന്നത്. പരിശുദ്ധമായ പോളി എഥിലീന്‍ മണികളെ പരീക്ഷണശാലയ്ക്കുള്ളില്‍ നിയന്ത്രിത സാഹചര്യത്തില്‍ കത്തിച്ചപ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, ജലം എന്നിവയ്ക്ക് പുറമേ മാരക വിഷങ്ങളായ പോളി അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ – നാഫ്തലീന്‍, ബെന്‍സോ പൈറീന്‍, ഫിനാന്ത്രീന്‍, പ്യൂറീന്‍ എന്നിവ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്കുകള്‍ കത്തുമ്പോഴൂണ്ടാകുന്ന രൂക്ഷഗന്ധം ഇവയുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു.

ക്‌ളോറിനടങ്ങിയ പ്ലാസ്റ്റിക്കുകള്‍ ഉദാഹരണമായി പി.വി.സി. കത്തിക്കുമ്പോള്‍ പോളി അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ക്കു പുറമേ ഡയോക്‌സിനുകളും (2,3,7,8, ടെട്രാക്ലോറോ ഡൈ ബെന്‍സോ പി ഡയോക്‌സിന്‍) ഫ്യൂറാനുകളും (2,3,7,8, ടെട്രാക്ലോറോ ഡൈ ബെന്‍സോ പി ഫ്യൂറാന്‍) ഉണ്ടാകുന്നു. ഇവ ഓര്‍ഗാനോ ക്ലോറിന്‍ വിഭാഗത്തില്‍പ്പെടുന്ന ‘പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ്‌സ്’ അഥവാ ‘പോപ്‌സ്’ ആണ്. ഭൂമിയിലെ ജീവന്റെ നിലനില്പുതന്നെ അവതാളത്തിലാക്കാന്‍ ഇവയ്ക്ക് കഴിയും.

അപ്പോള്‍ വ്യത്യസ്ത രാസവിഷങ്ങളടങ്ങിയ പ്ലാസ്റ്റിക്കുകള്‍ നമ്മുടെ ചുറ്റുപാടുകളില്‍ കത്തിക്കുമ്പോഴുണ്ടാകുന്ന വാതകങ്ങളിലും ചാരത്തിലും ഉള്ള രാസമാലിന്യങ്ങളെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ! നമ്മുടെ മാലിന്യക്കൂമ്പാരങ്ങളില്‍ എത്തിച്ചേരപ്പെടുന്ന പ്ലാസ്റ്റിക്കുകളില്‍ നല്ലൊരു ഭാഗവും എന്തെങ്കിലും അവക്ഷിപ്തങ്ങളാല്‍ മലിനപ്പെട്ടിരിക്കും. ഉദാഹരണത്തിന് ഡിറ്റര്‍ജന്റ് വരുന്ന കവറുകളില്‍ സോപ്പു പൊടിയുടെ അംശം കണ്ടേക്കാം. അതുപോലെ ഷാംപൂ, മരുന്നുകള്‍, കീടനാശിനികള്‍… ഇവയുടെയൊക്കെ ബോട്ടിലുകള്‍. ഇതൊക്കെ കത്തിക്കും മുമ്പ് ആരെങ്കിലും ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ടോ?

പ്രതിവര്‍ഷം ഒരുകോടി ഇരുപതു ലക്ഷം ടണ്‍ പ്ലാസ്റ്റിക്കുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്നതെന്ന് ഒരു ലേഖനം* സൂചിപ്പിക്കുന്നു. ഇതു പ്രകാരം ലോകത്ത് പ്ലാസ്റ്റിക് ഉപഭോഗത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ മൂന്നാമതായാണ് നാമുള്ളത്. കേരളത്തില്‍* പ്രതിവര്‍ഷം ഒരു വീട്ടില്‍ നിന്നും 19.2 കിലോ ഗ്രാം പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് പുറത്തേക്കു വരുന്നത്. അതായത് 70 ലക്ഷം വീടുകളില്‍ നിന്നും പ്രതിവര്‍ഷം ഒരു ലക്ഷത്തി മുപ്പത്തിനാലായിരം ടണ്‍ പ്ലാസ്റ്റിക്കുകള്‍! ഇതില്‍ പാക്കേജിംഗിനു ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ മാത്രം ഏകദേശം 94000 ടണ്‍ വരും! പ്രതിവര്‍ഷം കേരളത്തിലെ ഒരു വീട്ടില്‍ ശരാശരി 564 ക്യാരിബാഗുകളും 468 മറ്റു പ്ലാസ്റ്റിക് കവറുകളും ഉപയോഗിക്കപ്പെടുന്നു. അതായത് ഒരു വര്‍ഷം 394 കോടി 80 ലക്ഷം ക്യാരി ബാഗുകളും 327 കോടി 60 ലക്ഷം പ്ലാസ്റ്റിക് കവറുകളുമാണ് നമ്മുടെ പരിസരങ്ങളിലേക്കെത്തുന്നത്. ഒറ്റത്തവണത്തെ ഉപയോഗത്തിനു ശേഷം വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കുകളാണിവ. വളരെ പരിമിതമായ പെട്രോളിയം ആണ് ഈ ആവശ്യങ്ങള്‍ക്കായി നാം പാഴാക്കുന്നത് എന്ന് ആലോചിക്കുമ്പോഴേ ധൂര്‍ത്തിന്റെ വ്യാപ്തി മനസ്സിലാകുകയുള്ളൂ. ഒപ്പം പ്ലാസ്റ്റിക്കുകള്‍ക്കു പിന്നിലെ വ്യാപാര താത്പര്യങ്ങളും! ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കാവശ്യമായ അസംസ്‌കൃത പദാര്‍ത്ഥങ്ങളുടെ എഴുപതു ശതമാനവും റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ നിന്നുമാണ് വരുന്നത്.

ഒറ്റത്തവണത്തെ ഉപയോഗത്തിനു ശേഷം വലിച്ചെറിയാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ അഹങ്കാരത്തെയും ജീവിതത്തോടുള്ള നിഷേധാത്മകമായ നിലപാടിനെയും സൂചിപ്പിക്കുന്നു. മറ്റുള്ളവരെക്കുറിച്ച് ‘കരുതല്‍’ വേണ്ടാത്ത അക്രമോത്സുകമായ ഉപഭോഗതൃഷ്ണയുടെ തടവുകാരായി നാം മാറുന്നു.

*ആര്‍. എ. ലോഹ്യ, മുന്‍ പ്രസിഡന്റ്, ഇന്ത്യന്‍ പ്ലാസ്റ്റിക് ഫെഡറേഷന്‍. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, കൊല്‍ക്കൊത്ത, ജാനുവരി 13, 2009
*ഫീസിബിലിറ്റി സ്റ്റഡി ഓണ്‍ റിസോഴ്‌സ് റിക്കവറി ഫസിലിറ്റീസ് ഇന്‍ കേരള – തണല്‍ 2010.

ഷിബു കെ നായര്‍

ഷിബു കെ നായര്‍

ഷിബു കെ നായര്‍ കോമേഴ്‌സില്‍ ബിരുദം. ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമ. സീറോ വേസ്റ്റ് മാനേജ്‌മെന്റില്‍ കാലിഫോര്‍ണിയായിലുള്ള ബേര്‍ക്കെലെയിലെ ജിഎഐഎയില്‍ നിന്നും ഇക്കോളജി സെന്ററില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി. 2002 ല്‍ സീറോ വേസ്റ്റ് ഫെല്ലോഷിപ്പിന് അര്‍ഹനായി. 1991 ല്‍ തണലില്‍ ചേര്‍ന്ന് പാരിസ്ഥിതികപഠന പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തകനായി. 2000 മുതല്‍ തണലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സീറോ വേസ്റ്റ് പ്രോഗ്രാമുകളുടെയും കാമ്പയിന്റെയും നേതൃതവം വഹിക്കുന്നു. ജിഎഐഎയുടെ ഏഷ്യ-പസഫിക് മേഖലയുടെ ഉപദേശക സമിതി അംഗമായും സീറോ വേസ്റ്റ് ഹിമാലയ നെറ്റ്‌വര്‍ക്കിന്റെ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ടിലും ഗസ്റ്റ് ഫാക്കല്‍റ്റി അംഗവുമാണ് ഷിബു. സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന സംസ്ഥാനതല വേസ്റ്റ്മാനേജ്‌മെന്റ് ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ തണലിനെ പ്രതിനിധീകരിക്കുന്ന ഷിബു വേസ്റ്റ് മാനേജ്‌മെന്റിലും സീറോ വേസ്റ്റ് സംവിധാനത്തിലും ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം സര്‍ക്കാരിനും മറ്റ് സ്ഥാപനങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും നല്‍കി വരുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍