UPDATES

വിദേശം

ഷിമോണ്‍ പെരെസ്; അത്ര ജനപ്രിയനല്ലാത്ത ഇസ്രായേലിന്റെ നായകന്‍

Avatar

റോബിന്‍ ഷുള്‍മാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്) 

പലസ്തീനുമായി സമാധാനം പാലിക്കാനുള്ള ശ്രമങ്ങള്‍ക്ക് നോബല്‍ സമ്മാനം നേടിയ ഇസ്രയേലി രാഷ്ട്രതന്ത്രജ്ഞന്‍ ഷിമോണ്‍ പെരെസ് (93) അന്തരിച്ചു. പ്രസിഡന്റും മൂന്നുവട്ടം പ്രധാനമന്ത്രിയുമായിരുന്ന പെരെസ് ഇവയ്ക്കു മുന്‍പ് വിദേശമന്ത്രി, വാര്‍ത്താവിനിമയ മന്ത്രി, ധനമന്ത്രി, പ്രതിരോധമന്ത്രി എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു.

മസ്തിഷ്‌കാഘാതമാണ് മരണകാരണമെന്ന് ഇസ്രയേലി സര്‍ക്കാര്‍ അറിയിച്ചു.

ഇസ്രയേലിനെ ആണവശക്തിയും പ്രാദേശിക സൈനികശക്തിയുമാക്കി ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് പെരെസ്. ഗാസയിലും ലബനനിലും ഇസ്രയേലിന്റെ വിവാദമായ സൈനിക ഇടപെടലുകളെ ഈയിടെ ന്യായീകരിച്ച പെരെസിന്റെ പലസ്തീനുമായുള്ള സമാധാനപ്രക്രിയ അധികകാലം നിലനിന്നില്ല.

10 അമേരിക്കന്‍ പ്രസിഡന്റുമാരുടെ മേല്‍ സ്വാധീനം ചെലുത്തിയ പെരെസ് ഇസ്രയേലില്‍ മിക്കവാറും എല്ലാ ഉന്നതസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. ഇസ്രയേലിന്റെ വളര്‍ച്ചാകാലത്ത് പ്രാദേശിക സംഘര്‍ഷങ്ങളിലും സാമ്പത്തിക പുനഃക്രമീകരണങ്ങളിലും രാജ്യത്തെ കൈപിടിച്ചുയര്‍ത്തിയ നേതാക്കളുടെ തലമുറയില്‍ അവസാനത്തെയാളാണ് പെരെസ്.

1976ല്‍ പെരെസ് പ്രതിരോധമന്ത്രിയായിരുന്നപ്പോഴാണ് ഉഗാണ്ടയിലെ എന്റെബെ രാജ്യാന്തരവിമാനത്താവളത്തില്‍ ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചത്.

അരനൂറ്റാണ്ടിലധികം ഇസ്രയേല്‍ ചരിത്രത്തിന്റെ പ്രധാന സംഭവങ്ങളില്‍ പങ്കെടുത്ത പെരെസിന്റെ സ്വാധീനം എല്ലാ കാര്യങ്ങളിലും അനുഭവേദ്യമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. എങ്കിലും പെരെസിന്റെ ചരിത്രം വളരെ സങ്കീര്‍ണമാണ്. യൂറോപ്പില്‍ ജനിച്ച പെരെസ് കൈകാര്യം ചെയ്ത എല്ലാ കാര്യങ്ങളിലും ആത്മാര്‍ത്ഥതയില്ലായ്ക, രാഷ്ട്രീയം കലര്‍ത്തല്‍, അവസരവാദം എന്നീ ആരോപണങ്ങളെ നേരിട്ടു. ഇസ്രയേലിയായ ഒരു ജൂതനെന്ന നിലയില്‍ പെരെസ് ഒരിക്കലും സ്വീകാര്യനായില്ല. താന്‍ നയിക്കുന്ന രാജ്യത്തോട് മാനസികമായി അല്‍പം വിട്ടുനില്‍ക്കുന്നു എന്നതായിരുന്നു പെരെസിന്റെ മട്ട്.

പോളിഷ് ചുവയുള്ള ഹീബ്രുവിലായിരുന്നു പെരെസിന്റെ സംസാരം. കാര്യങ്ങള്‍ നേരെ പറയുന്ന ഇസ്രയേലി ശൈലിക്കു പകരം ആലങ്കാരികശൈലിയിലായിരുന്നു പ്രസംഗം. പെരെസിന്റെ ഹെയര്‍സ്റ്റൈല്‍ പോലും യൂറോപ്യനാണെന്ന് ഇസ്രയേലുകാര്‍ കരുതി. പെരെസ് ഒരിക്കലും സൈനിക സേവനം നടത്തിയില്ല. അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും പെരെസിന്റെ ദീര്‍ഘകാല എതിരാളിയുമായ യിസാക്ക് റാബിന്‍ ‘സ്ഥിരം കൗശലക്കാരന്‍’ എന്നാണ് പെരെസിനെ വിശേഷിപ്പിച്ചിരുന്നത്.

പലതരത്തിലും വിരുദ്ധവ്യക്തിത്വമായിരുന്നു പെരെസിന്റേത്. മൂന്നുതവണ പ്രധാനമന്ത്രിയായെങ്കിലും ഒരിക്കലും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു വിജയിച്ചില്ല. വോട്ടര്‍മാര്‍ക്കിടയില്‍ ജനപ്രിയനുമായിരുന്നില്ല. ബുദ്ധിജീവി എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിച്ച പെരെസിന് ഔപചാരിക വിദ്യാഭ്യാസമുണ്ടായിരുന്നില്ല. ഒത്തുതീര്‍പ്പിനെയും മധ്യപാതയെയും പറ്റി സംസാരിച്ചിരുന്ന പെരെസ് മറ്റ് നേതാക്കളുമായി വിദ്വേഷം കലര്‍ന്ന കലഹങ്ങള്‍ക്കു കുപ്രസിദ്ധനായിരുന്നു.

1994ല്‍ വിദേശമന്ത്രിയായിരിക്കെയാണ് പലസ്തീനുമായി സമാധാനം സ്ഥാപിക്കാനുള്ള പദ്ധതിയുടെ പേരില്‍ നോബല്‍ പുരസ്‌കാരം നേടിയത്. പി എല്‍ ഒ നേതാവ് യാസര്‍ അറാഫത്തും യിസാക്ക് റാബിനും പെരെസുമായി പുരസ്‌കാരം പങ്കിട്ടു. സമാധാനപദ്ധതി പിന്നീട് ഉപേക്ഷിക്കപ്പെട്ടു.

രാജ്യാന്തരതലത്തില്‍ സമാധാനപ്രചാരകനായി അറിയപ്പെട്ട പെരെസ് ആയുധം വാങ്ങിക്കൂട്ടിയാണ് ചെറുപ്പത്തില്‍ തന്റെ പൊതുജീവിതം തുടങ്ങിയത്.

പ്രതിരോധമന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറലെന്ന നിലയില്‍ 1950ല്‍ ഇസ്രയേലിനെ മികച്ച സൈനികശക്തിയാക്കാനുള്ള പദ്ധതിക്കു തുടക്കമിട്ടു. ജര്‍മനിയുമായി ആയുധങ്ങള്‍ക്കായി വിലപേശിയ പെരെസ് ഫ്രാന്‍സുമായി രഹസ്യ സഖ്യമുണ്ടാക്കി.  ഇസ്രയേലിന്റെ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രിക്കു തുടക്കമിടുകയും നെഗേവ് മരുഭൂമിയില്‍ 24,000 കിലോവാട്ട് ആണവനിലയം പണിത് രാജ്യത്തെ ആണവശക്തിയാക്കുകയും ചെയ്തു.

1970ല്‍ പ്രതിരോധമന്ത്രിയെന്ന നിലയില്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസയിലും ഗോലാന്‍ കുന്നുകളിലും ഭൂമി കയ്യേറാന്‍ പെരെസ് ജൂതകുടിയേറ്റക്കാരെ പ്രോല്‍സാഹിപ്പിച്ചു.

എങ്കിലും 1980 ആയപ്പോഴേക്ക് അറബികളുമായുള്ള സമാധാനം ആയുധങ്ങളിലൂടെ നേടാനാവില്ലെന്ന് പെരെസ് പറഞ്ഞു. 1984 മുതല്‍ 1986 വരെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ലബനനില്‍നിന്ന് ഇസ്രയേല്‍ സേനയെ പിന്‍വലിച്ചു. യുദ്ധം അവസാനിക്കുന്നുവെന്ന തോന്നലുണ്ടാക്കി.

ശക്തമായ സമ്പദ് വ്യവസ്ഥ സമാധാനത്തെ പ്രോല്‍സാഹിപ്പിക്കുമെന്ന ചിന്തയില്‍ നാണ്യപ്പെരുപ്പത്തെ 400 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തില്‍ എത്തിച്ചു. ജോര്‍ദാനും പലസ്തീനുമായി സന്ധിസംഭാഷണം തുടങ്ങിയതും ഈജിപ്തുമായി മഞ്ഞുരുക്കലിനു ശ്രമം നടത്തിയതും പെരെസാണ്.

1990കളില്‍ വെസ്റ്റ് ബാങ്ക് കയ്യേറ്റവും ഗാസ കയ്യേറ്റവും ധാര്‍മികമായി തെറ്റാണെന്നും അത് തുല്യതയുടെയും ജനാധിപത്യത്തിന്റെയും തത്വങ്ങളെ ലംഘിക്കുന്നതാണെന്നും കരുതുന്ന ഇസ്രയേല്‍കാരുടെ എണ്ണം വര്‍ധിച്ചു. ലക്ഷക്കണക്കിന് പലസ്തീന്‍കാരെ ഇസ്രയേലിനുകീഴില്‍ കൊണ്ടുവരുന്നത് ജനസംഖ്യാപരമായി തെറ്റാണെന്ന ചിന്തയും വളര്‍ന്നു. വിദേശ ശത്രുക്കളെ ശ്രദ്ധിക്കാതെ പലസ്തീന്‍ പൗരന്മാരെ ആക്രമിക്കുന്നതില്‍ ശ്രദ്ധിക്കുക എന്നത് അപ്രായോഗികമാണെന്നും വാദമുയര്‍ന്നു.

അതേസമയം കരാറിലെത്താന്‍ പലസ്തീന്‍കാര്‍ തയാറായിരുന്നു. അന്ന് വിദേശമന്ത്രിയായിരുന്ന പെരെസ് പലസ്തീന്‍ നേതാക്കളുമായി രഹസ്യചര്‍ച്ച നടത്താന്‍ ഡപ്യൂട്ടിമാരെ നിയോഗിച്ചു. 1993ല്‍ വൈറ്റ്ഹൗസില്‍ റാബിനും പെരെസും അറഫാത്തുമായി ഓസ്‌ലോ കരാര്‍ ഒപ്പിട്ടു. പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ഇതിനു സാക്ഷിയായി.

എന്നാല്‍ പദ്ധതി കരുതിയതുപോലെ നടപ്പായില്ല. 1995ല്‍ ടെല്‍ അവീവിലെ റാലിയില്‍ വലതുപക്ഷ തീവ്രവാദികളാല്‍ റാബിന്‍ കൊല്ലപ്പെട്ടു. പെരെസ് പ്രധാനമന്ത്രിയായി. സഹതാപതരംഗത്തില്‍ തിരഞ്ഞെടുപ്പ് വിജയം നേടുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. സമാധാന കരാറിനെ എതിര്‍ത്തിരുന്ന ബഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടി വിജയിച്ചു.

1923 ഓഗസ്റ്റ് രണ്ടിന് അന്ന് പോളണ്ടിലായിരുന്ന വിഷ്‌നേവ എന്ന ജൂത സങ്കേതത്തിലാണ് പെരെസ് ജനിച്ചത്. ലൈബ്രേറിയനും റഷ്യന്‍ ഭാഷാ അധ്യാപികയുമായിരുന്നു അമ്മ. പിതാവ് പഴയസാധനങ്ങളുടെ വ്യാപാരിയും.

അന്ന് ബ്രിട്ടീഷുകാരുടെ കീഴിലായിരുന്ന ഇസ്രയേലിലേക്കു മടങ്ങാന്‍ ജൂതന്മാരെ ആഹ്വാനം ചെയ്യുന്ന സിയോണിസ്റ്റ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.

1934ല്‍ പെരെസിന്റെ കുടുംബം പലസ്തീനിലേക്കു കുടിയേറി. സോഷ്യലിസ്റ്റ് യൂത്ത് മൂവ്‌മെന്റില്‍ ചേര്‍ന്ന പെരെസ് കാര്‍ഷികവിദ്യാഭ്യാസം നേടി കൃഷിക്കാരനായി. ഇവിടെയാണ് പലസ്തീനിയന്‍ അറബികളെ പെരെസ് കണ്ടുമുട്ടുന്നത്. തുടക്കത്തില്‍ ഭയത്തോടെയാണ് പെരെസ് ഇവരെ കണ്ടിരുന്നത്.

പിന്നീട് തന്റെ ഭാര്യയായ സോന്യ ഗെല്‍മാനെ പെരെസ് പരിചയപ്പെടുന്നത് സ്‌കൂളിലാണ്. കാര്‍പെന്ററി അധ്യാപകന്റെ മകളായ അവരെ സ്വാധീനിക്കാന്‍ പെരെസ് ഉപയോഗിച്ചതാകട്ടെ കാള്‍ മാര്‍ക്‌സിന്റെ ദസ് ക്യാപിറ്റലും. 2011ല്‍ സോന്യ അന്തരിച്ചു. പെരെസ് ദമ്പതികള്‍ക്ക് മൂന്നുമക്കളും എട്ടു പേരക്കുട്ടികളുമുണ്ട്.

ഇസ്രയേല്‍ സ്ഥാപിതമാകും മുന്‍പ് പലസ്തീനിലെ ജൂതസര്‍ക്കാരായിരുന്ന ജൂത ഏജന്‍സിയുടെ ചെയര്‍മാന്‍ ബെന്‍ ഗുരിയോന്റെ കീഴില്‍ പെരെസ് യുവജനസംഘാടകനായി പ്രവര്‍ത്തിച്ചു. 1947ല്‍ ജൂത ഭീകരസംഘടനയായ ഹഗാനയില്‍ ചേര്‍ന്നു. ആള്‍ബലവും ആയുധബലവും സമ്പാദിക്കലായിരുന്നു ചുമതലകള്‍.

1948ല്‍ ബെന്‍ ഗുരിയോന്‍ ഇസ്രയേലിന്റെ ആദ്യപ്രധാനമന്ത്രിയായപ്പോള്‍ പെരെസ് പ്രതിരോധമന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചു. 1953ല്‍ അതിന്റെ ഡയറക്ടര്‍ ജനറലായി. നെഗേവില്‍ ആണവനിലയത്തിനായി പ്രവര്‍ത്തിച്ചത് ഇക്കാലത്താണ്.

1959ല്‍ നെസറ്റില്‍ അംഗമായി. പത്തുവര്‍ഷത്തിനുശേഷം ഇസ്രയേലി ലേബര്‍ പാര്‍ട്ടി അംഗമെന്ന നിലയില്‍ മന്ത്രിയായി. 1974ല്‍ പെരെസിനെ പരാജയപ്പെടുത്തി റാബിന്‍ പ്രധാനമന്ത്രിയായി. പെരെസ് പ്രതിരോധമന്ത്രിയും. ഇരുവരും തമ്മില്‍ സുഖകരമായ ബന്ധമായിരുന്നില്ല.

1973ലെ യോം കിപ്പുര്‍ യുദ്ധത്തിനുശേഷം സേനയെ അഴിച്ചുപണിതത് പെരസാണ്. കയ്യേറ്റപ്രദേശങ്ങളില്‍ എവിടെയും ജൂതകോളനികള്‍ എന്നതായിരുന്നു മുദ്രാവാക്യം.

1976 ജൂണ്‍ അവസാനം ടെല്‍ അവീവില്‍നിന്നു ഫ്രാന്‍സിലേക്കു പോയ എയര്‍ ഫ്രാന്‍സ് വിമാനം ഭീകരസംഘം തട്ടിയെടുക്കുകയും ഉഗാണ്ടയിലെ എന്റെബെ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഇദി അമീന്‍ അനുവദിക്കുകയും ചെയ്തപ്പോള്‍ ചര്‍ച്ചയ്ക്കു പകരം പട്ടാള നടപടിക്കാണ് പെരെസ് മുതിര്‍ന്നത്. ജൂലൈ നാലിന് സൈനിക നടപടിയില്‍ നൂറോളം വരുന്ന ബന്ദികളെ മോചിപ്പിച്ചു. 1984ല്‍ അധികാരം പങ്കിടല്‍ ധാരണ വഴി പെരെസ് പ്രധാനമന്ത്രിയായി.

രണ്ടായിരത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ടെല്‍ അവീവിലെ പെരെസ് സെന്റര്‍ ഫോര്‍ പീസും നിരവധി പുസ്തകങ്ങളും വഴി പെരെസ് ഇസ്രയേലിനെപ്പറ്റിയുള്ള തന്റെ സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുന്നതു തുടര്‍ന്നു.

2001ല്‍ വിദേശമന്ത്രിയായി നിയമിക്കപ്പെട്ടതോടെ പെരെസിന് രാഷ്ട്രീയ പുനര്‍ജന്മമായി. പ്രധാനമന്ത്രി ഏരിയല്‍ ഷാരന്‍ പാക്കിസ്ഥാനെതിരെ സൈനികനടപടി തുടര്‍ന്നപ്പോള്‍ പെരെസ് പലസ്തീന്‍ നേതാക്കളുമായി ബന്ധം തുടര്‍ന്നു. ഇസ്രയേലിന്റേത് നിലനില്‍പിനുള്ള യുദ്ധമാണെന്ന് രാജ്യാന്തര തലത്തില്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

2007ല്‍ പെരെസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍പെങ്ങും ലഭിക്കാത്ത ജനപ്രീതിയും ലഭിച്ചു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആക്രമണത്വരയ്ക്കു കടിഞ്ഞാണിടുന്ന ഉപദേശകന്റെ റോളിലും പെരെസ് തിളങ്ങി. എന്നാല്‍ പ്രസിഡന്റിന്റെ ജോലി എന്താണെന്ന് പെരെസ് മറക്കുന്നുവെന്ന് നെതന്യാഹു പരസ്യമായി പെരെസിനെ ശാസിച്ചു.

അതേവര്‍ഷം അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്റിന്റെ ഫ്രീഡം മെഡല്‍ പെരെസിനു ലഭിച്ചു.  2014ല്‍ കോണ്‍ഗ്രഷനല്‍ ഗോള്‍ഡ് മെഡലും പെരെസിനു ലഭിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍