UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാനൊരു ഇരയാണെങ്കില്‍ അതെന്റെ സ്വാതന്ത്ര്യത്തിന്റെ മാത്രമാണ്- ഷിനി സംസാരിക്കുന്നു

Avatar

രാകേഷ് നായര്‍

ചിലര്‍ പറയുന്നത് പകര്‍ത്താന്‍ ബുദ്ധിമുട്ടാണ്. നിങ്ങള്‍ കാറ്റിനെ പ്രത്യേക രൂപത്തിലേക്ക് മാറ്റുമ്പോഴോ, പുഴയുടെ ഒഴുക്ക് കൈക്കുമ്പിളില്‍ സൃഷ്ടിക്കുമ്പോഴോ, എപ്രകാരം പരാജയപ്പെടുന്നുവോ, അതുപോലെ. അവരെ കേള്‍ക്കുന്നതാണ് സുഖകരം. എന്നിരിക്കിലും ഷിനിയെ എഴുതേണ്ടി വരികയാണ്.

 

ഷിനിയെ ചിലപ്പോള്‍ നിങ്ങളറിയും. പലരും പലതായിട്ടായിരിക്കും അറിയുന്നതെന്ന് മാത്രം. ചിലര്‍ക്ക് അവള്‍ ശരിയും മറ്റു ചിലര്‍ക്കു തെറ്റും. ഇനിയൊരു വിഭാഗത്തിന് നേര്‍ക്കുനേര്‍ നില്‍ക്കുന്ന ചോദ്യവും. ഇപ്പോഴവള്‍ മറ്റൊരു തരത്തിലും അറിയപ്പെടുന്നു-പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നാം റാങ്കോടെ എഡിറ്റിംഗ് പഠനത്തിന് ചേര്‍ന്ന മലയാളി പെണ്‍കുട്ടി.

അവസാന വാചകം വായിക്കാനിടവന്നാല്‍, സംശയമില്ല ഒരു ഫോണ്‍കോളില്‍ പറന്നിറങ്ങുന്നൊരു ചോദ്യമുണ്ടാകും- എന്തിനാ ചങ്ങായി, നമ്മളെയിങ്ങനെ ഉപദ്രവിക്കണേ…!

ഷിനിയങ്ങനെയാണ്, രേഖപ്പെടുത്തപ്പെടാനിഷ്ടപ്പെടുന്നില്ല. ‘അങ്ങനെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഞാനെന്റെ വഴിയില്‍ പരാജയപ്പെടുകയാണ്. തൃശ്ശൂര്‍ റൗണ്ടില്‍ എന്നെയിപ്പോള്‍ പത്തുപേരറിയുമെന്ന് വിളിച്ചു പറഞ്ഞ സുഹൃത്തിനോട് തോന്നിയ അതേ പുച്ഛം എനിക്കെന്നോടും തോന്നും’.

ഏതെങ്കിലും തരത്തില്‍ ബിംബവത്കരിക്കപ്പെടേണ്ട ഒരു വ്യക്തിയാണെന്ന് തോന്നിയിട്ടില്ല. വ്യക്തിത്വമാര്‍ന്ന കാഴ്ചപ്പാടുകളും ജീവിതത്തിന്റെ സ്വാതന്ത്ര്യവും മാത്രാണ് മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. വീണുകിടക്കുന്നവനു നേരെ കൈനീട്ടാനും തുണവേണ്ടവര്‍ക്ക് ഒപ്പം നില്‍ക്കാനും തയ്യാറാകുന്നു-സഹജീവിബോധമുള്ള ഏതൊരാളും ചെയ്യുന്നതൊക്കെ തന്നെ.

പലപ്പോഴും കാതികൂടം സമരത്തിന്റെ പേരില്‍ വിക്റ്റിമൈസ് ചെയ്യപ്പെട്ടാണ് ഞാന്‍ പലര്‍ക്കു മുന്നിലും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഒരിക്കലും അങ്ങനെ അറിയപ്പെടാന്‍ ആഗ്രഹിക്കാത്തൊരാളാണ്. ഒരു ജനതയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞുവെന്നത് ശരിയാണ്. അതിനപ്പുറം സംഭവിച്ചതൊന്നും വിലയിട്ട് വില്‍ക്കാന്‍ ആഗ്രഹമില്ല. ഇതിപ്പോള്‍ നിങ്ങള്‍ ചോദിച്ചതുകൊണ്ട് മാത്രം അല്‍പ്പം പുറകോട്ട് സഞ്ചരിക്കുകയാണ്.

നേരിട്ട് അതിലേക്ക് വരുന്നതിനു മുമ്പ് കുറച്ചുകൂടി പുറകില്‍ നിന്ന് സഞ്ചരിച്ചു വരാമെന്നു തോന്നുന്നു.

തലശ്ശേരിയിലെ ഒരു ഗ്രാമത്തിലാണ് ജനിച്ചതും വളര്‍ന്നതും. ഗ്രാമത്തിന്റെ എല്ലാ നിറങ്ങളും അവിടെ നിറഞ്ഞിരുന്നു. ഭയത്തിന്റെ ചുവപ്പും കെട്ടുപ്പാടുകളുടെ കറുപ്പും അവിടെയുണ്ടായിരുന്നു. ഒരുപക്ഷേ സ്വാതന്ത്ര്യത്തിന്റെ നീലാകാശങ്ങളിലേക്ക് പറക്കാന്‍ പ്രകോപിപ്പിച്ചതും ആ ഗ്രാമം തന്നെയാകാം. നിലപാടുകളുടെ കാര്‍ക്കശ്യങ്ങള്‍ നിറഞ്ഞ കുടുംബാന്തരീക്ഷവും ഒരു കാരണമായിരിക്കാം. ഇന്നിപ്പോള്‍ സിനിമയുടെ ലോകത്തേക്ക് കടന്നുവന്നു നില്‍ക്കുമ്പോള്‍ ആ കുട്ടിക്കാലം എന്നോട് തന്നെ ചോദിക്കും- നീയെങ്ങനെ ഇവിടെത്തി?

ദൂരദര്‍ശനിലെ സിനിമകള്‍ മാത്രം കണ്ടിരുന്ന ഒരു കുട്ടിയാണ് എന്നോട് ഈ ചോദ്യം ചോദിക്കുന്നത്. ഹൈസ്‌കൂള്‍ കാലത്തെപ്പോഴോ കണ്ട ചാപ്ലിന്‍ സിനിമകളാകാം ലോകസിനിമയുമായി എന്നെ ആദ്യം ബന്ധിപ്പിച്ചതും. സിനിമ കാണലുകളോ വായനയോ അത്രയൊന്നും ശക്തമല്ലാതിരുന്ന ഒരു കാലത്ത് എന്റെ ഇഷ്ടം മുഴുവന്‍ യാത്രകളിലായിരുന്നു. ആദ്യകാലത്ത് സംരക്ഷകര്‍ക്കൊപ്പമായിരുന്നു ഈ യാത്രകളെങ്കിലും പിന്നീടത് തനിച്ച് വേണമെന്ന് തോന്നി. അപ്പോഴേക്കും എനിക്കത് സ്വാതന്ത്ര്യത്തിലേക്കുള്ള ഇറങ്ങിച്ചെല്ലലുകളായി മാറിയിരുന്നു. തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലുകളിലേക്ക് ഞാന്‍ വണ്ടിയിറങ്ങി നടക്കുമായിരുന്നു. ചുവടുകള്‍ക്ക് ഒരുതാളം കിട്ടുന്നതും കണ്ണുകള്‍ക്ക് ലക്ഷ്യം സ്വന്തമാകുന്നതുമൊക്കെ അങ്ങനെയാണ്. യൂത്ത് ഡയലോഗ്, അന്ന് അത്രവലിയൊരു കൂട്ടായ്മയിലേക്ക് ചെന്നെത്തിയിട്ടില്ലാത്ത ആ സൗഹൃദസംഘത്തിലേക്ക് പോയിച്ചേരുന്നതും അങ്ങനെയാണ്.

ഇതിനിടയില്‍ എന്റെ വിദ്യാഭാസജീവിതത്തെ കൂടിയൊന്ന് പരാമര്‍ശിക്കാം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഫിസിക്‌സിനോട് ഉണ്ടായിരുന്ന ഇഷ്ടം എന്നെ കോയമ്പത്തൂരിലെ എഞ്ചിനീയറിംഗ് കോളേജില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗിന് ചേര്‍ത്തിരുന്നു. അവിടെനിന്ന് പാസ്ഔട്ടായി ഇറങ്ങുമ്പോള്‍, തിരിഞ്ഞു നിന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു- അനാവശ്യമായ ഒന്ന്!

അധികം വിവരിക്കുന്നില്ലെങ്കിലും ശരത്തേട്ടന്റെ (അന്തരിച്ച പ്രശ്‌സത ഡോക്യുമെന്ററി സംവിധായകന്‍) ചില ഡോക്യുമെന്ററികള്‍, പ്ലാച്ചിമടയെയും ചെങ്ങറയെയുമൊക്കെ പ്രമേയമാക്കിയുള്ളവ കാണാനിടവരുന്നതും അവ എന്നെ അസ്വസ്ഥയാക്കുന്നതും ഈ കാലത്താണ്. എന്‍ഡോസള്‍ഫാന്‍ സമരമൊക്കെ അടുത്ത് നിന്ന് വീക്ഷിക്കാന്‍ ശ്രമിച്ചു. 2013 ലെ വിഷുക്കാലത്ത് അരിപ്പയിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതും മികച്ചൊരു ഗ്രൗണ്ട് എക്‌സ്പീരിയന്‍സായിരുന്നു.

2013 മേയില്‍ ആണ് യൂത്ത് ഡയലോഗിന്റെ ആഭിമുഖ്യത്തില്‍ ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ ക്യാമ്പിന്റെ ഭാഗമായി യുവാക്കളെ സംഘടിപ്പിക്കാനുള്ള ചുമതലയുടെ ഭാഗമാകാന്‍ കഴിഞ്ഞു. കുടുംബം എന്ന അണ്‍ ഡെമോക്രാറ്റിക് സിസ്റ്റത്തിന്റെ മടുപ്പില്‍ നിന്ന് ഭീകരമായൊരു സ്വാതന്ത്ര്യത്തിന്റെ ഇടം ഞാന്‍ കണ്ടെത്തുന്നത് അവിടെവച്ചാണ്. ഞങ്ങള്‍ ഒമ്പതുപേര്‍. ആറ് ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നു. ഒരു ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്‌സ് ചുളുവില്‍ കിട്ടി. പരിമിതമായ സ്ഥലം, എങ്കിലും ഞങ്ങളവിടെ ആനന്ദം കണ്ടെത്തി. സ്വാഭാവികമായ പ്രതികരണം വീട്ടില്‍ നിന്നുണ്ടായി. എതിര്‍പ്പ് ശക്തമായതൊടെ, കീഴടങ്ങലെന്ന് പറയാന്‍ തയ്യാറാകാതെ ഞാന്‍ വീട്ടുകാരുടെ (അതിനിടയില്‍ അവര്‍ പലവഴി എന്നെ തിരികെ കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു) അടുത്തേക്ക് വരുന്നു. ഗള്‍ഫിലാണ് മാതാപിതാക്കള്‍. കുറച്ച് കാലത്തേക്ക് അങ്ങോട്ടേയ്ക്ക് പോകേണ്ടി വന്നു. ഒരുമാസത്തിനപ്പുറം ബഹളമുണ്ടാക്കി തിരികെയും പോന്നു. ഇവിടെയെത്തി വീണ്ടും ഞങ്ങളുടേതായ ജീവിതത്തിലേക്ക് കടന്നു.

2013 ജൂണ്‍ 16-ന് കാതിക്കുടത്തേക്ക് പോകുന്നത് അവിടെ നിന്നാണ്. കാതിക്കുടത്തെ സമരഭൂമിയിലേക്ക് പ്രവശിച്ച ഞങ്ങളെ ആ നാട്ടുകാര്‍ സ്‌നേഹത്തോടെ സ്വീകരിച്ചു. വര്‍ഷങ്ങളായി നീളുന്ന സമരം. എങ്കിലും പുറംലോകമോ മാധ്യമങ്ങളോ ഗൗനിക്കാതെ വിടുന്നു. ഈ സമരത്തെക്കുറിച്ച് ലോകത്തോടു സംവദിക്കാനായിരുന്നു ഞങ്ങളുടെ ആദ്യശ്രമം. സോഷ്യല്‍ മീഡിയയില്‍ കാതിക്കുടം വിളിക്കുന്നു എന്ന പേരില്‍ പേജ് ഉണ്ടാക്കി. സമരത്തിന്റെയും അതിന്റെ പശ്ചാത്തലങ്ങളുടെയും ചിത്രങ്ങളും ചെറിയ കുറിപ്പുകളും പൊതുസമൂഹത്തിലേക്ക് പ്രചരിപ്പിച്ചു.

ഒരു ചെറിയ ചായ്പ്പ് ഞങ്ങളുടെ മീഡിയ റൂമാക്കി. ത്രേസ്യമ്മ ചേച്ചിയെപ്പോലുള്ളവര്‍ സ്‌നേഹത്തോടെ ഞങ്ങള്‍ക്ക് വച്ചു വിളമ്പി തന്നു.

കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുന്ന പരാമ്പരാഗത സമരജോലിയില്‍ ഞങ്ങള്‍ വിശ്വസിച്ചിരുന്നില്ല. പ്രതികരണമാണ് ആവശ്യമെങ്കില്‍ അത് പലതരത്തിലാകാം. ഉറക്കെ പാടുന്ന പാട്ടുകളിലുടെ എനിക്കു നിങ്ങളോട് സമരം നടത്താം!

ഈ സമയം കൊണ്ട് ഞാന്‍ പോലുമറിയാതെ ഞാനൊരു തീവ്രവാദിയാക്കപ്പെട്ടു; എനിക്ക് മാവോയിസ്റ്റ് പരിശീലനം കിട്ടുന്നതിന്റെ റെക്കോഡിംഗുകള്‍പോലും പോലീസ് എന്റെ വീട്ടില്‍ എത്തിക്കുന്നു!!!. പാര്‍ട്ടിക്കാരും പോലീസും വീട്ടുകാരും എന്നെ ഭയപ്പെടുത്തിയും ഉപദേശിച്ചും നേരെയാക്കാന്‍ ശ്രമിച്ചു!

2013 ജൂലൈ 29 നാണ് കാതിക്കുടത്തെ പോലീസ് ലാത്തിച്ചാര്‍ജ് നടക്കുന്നത്. അതിന്റെ രാഷ്ട്രീയവശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. പക്ഷേ, ക്രൂരമായൊരു വേട്ട സമൂഹത്തിന്റെ മുന്നില്‍ നിന്ന് എത്ര വിദഗ്ദമായാണ് മായ്ക്കപ്പെട്ടിരിക്കുന്നതെന്നുള്ള വിചാരം അത്ഭുതപ്പെടുത്താറുണ്ട്. ജലപീരങ്കികളും ഗ്യാസ് ഷെല്ലുകളുംകൊണ്ടാണ് പോലീസ് നാട്ടുകാരെ നേരിട്ടത്. ഒരു സ്ത്രീയുടെ പള്ളയ്ക്കിട്ട് ലാത്തികൊണ്ട് കുത്തിയ പോലീസിന്റെ നടപടിയാണ് എല്ലാത്തിനും തുടക്കം. ഒരൊറ്റ വനിതാപോലീസുപോലും ഇല്ലാതെ അവര്‍ സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ചു. സ്ത്രീകളെ അറസ്റ്റ് ചെയ്തു നീക്കാനാണ് ആദ്യം ശ്രമിച്ചത്. ആ കൂട്ടത്തില്‍ ഞാന്‍ പോയില്ല. ഞങ്ങള്‍ സംഘടിതമായി നിന്നു. അടി വന്നപ്പോള്‍ കാത്തിരുന്നതുപോലെ പോലീസ് ഞങ്ങളെ തേടിപ്പിടിച്ച് തല്ലി. നാപ്പത്തിയഞ്ചു ദിവസത്തോളം, ഞങ്ങള്‍ക്കും പോലീസിനും ഇടയില്‍ പുകഞ്ഞിരുന്ന പിരിമുറക്കുത്തിന് അവര്‍ വീശിയ ലാത്തികളിലൂടെ ആശ്വാസം കണ്ടു. ഏറെ ഉപദ്രവങ്ങളേറ്റശേഷം അവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട് എവിടെയൊ ഒളിച്ചിരുന്നു. നാട്ടികാരിലൊരാളാണ് ആശുപത്രിയില്‍ എത്താന്‍ സഹായിച്ചത്. അന്നത്തെ അടിയില്‍ നിന്ന് ശരീരം ഇപ്പോഴും മുക്തമായിട്ടില്ല, പക്ഷേ മനസ്സിനാണ് ഏറെ വേദന.കേരളത്തിലെ ഒരു  ജനകീയസമരം എങ്ങിനെ ഹൈജാക്ക് ചെയ്യപ്പെടുന്നുവെന്ന് കാതിക്കുടം പഠിപ്പിച്ചുതരും.

ബെസ്റ്റ് ഓഫ് അഴിമുഖം 

കാതിക്കുടം : അനീതി പെരുമഴ പോലെ പെയ്യുമ്പോള്‍
അരാഷ്ട്രീയക്കാരോട് ചിലത് പറയേണ്ടതുണ്ട്
എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട് : പരിവ്രാജിക എ കെ രാജമ്മ
സോണിയാ ഗാന്ധി അറിയുമോ ശോഭനകുമാരിയെ?
ഞാന്‍ കുറ്റപ്പെടുത്തുക ഇടതുപക്ഷത്തെയാണ് – ഡോ.കെ ശാരദാമണി

ഇതോടെ കേരളത്തിലെ എന്റെ ജീവിതം അവസാനിക്കുകയാണ്. അറബി നാട്ടിലേക്ക് പിടിച്ചുവലിക്കപ്പെട്ട് എത്തുന്നു. ആകെ കുടെയുള്ളത് ഒരു കേരള സിം കാര്‍ഡ് മാത്രം. അതു പിന്നീട് ബ്ലോക്ക് ചെയ്യുകയും ഉണ്ടായി. നാട്ടിലുള്ള എന്റെ ചങ്ങായിമാരെ ആരെയും ബന്ധപ്പെടാന്‍ വഴിയില്ല. ഗള്‍ഫിലെത്തിയ കുറച്ചു നാള്‍ ചില മാധ്യമങ്ങളില്‍ എന്റെ അനുഭവങ്ങള്‍ എഴുതി. (പറഞ്ഞുവന്നതിനിടയില്‍ എഴുതാറുണ്ടായിരുന്നു എന്ന കാര്യം വിട്ടുപോയി. അതത്രവലിയ സംഭവമായിട്ടൊന്നും തോന്നിയിട്ടില്ലാത്തതുകൊണ്ടാണ്, ഓര്‍ത്തുവച്ച് കൂട്ടിച്ചേര്‍ ക്കാന്‍ സാധിക്കാഞ്ഞത്). അതുപക്ഷേ എന്റെ മാതാപിതക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ക്കെന്തോ ഇതൊക്കെ മാനക്കേടായാണ് തോന്നിയത്. അതോടെ എന്തു സംഭവിച്ചു; ഇന്റര്‍നെറ്റ് കണക്ഷനും കട്ട്! ഫോണില്ല, നെറ്റ് ഇല്ല. വായിക്കാന്‍ പത്രങ്ങള്‍പ്പോലുമില്ല. കയ്യില്‍ കരുതിയിരുന്ന ഏതാനും പുസ്തകങ്ങള്‍ മാത്രം. ഒരു ടീവിയുണ്ട്. എന്നാല്‍ ഞാന്‍ കാണേണ്ടത് ഏതൊക്കെയാണെന്ന് അവര്‍ തീരുമാനിക്കും.

 

അതേ, ഞാന്‍ ശരിക്കും ഹൗസ് അറസ്റ്റിലായിരുന്നു. ഒരു വര്‍ഷത്തോളമടുത്തപ്പോള്‍ ഞാനൊരു എക്‌സന്‍ട്രിക് ആയി മാറി. എന്റെ പ്രതിഷേധങ്ങള്‍ പലവഴിക്കായി. കൈ കടിച്ചു മുറിക്കും, ആഹാരം ഉപേക്ഷിക്കും. ഇടയ്ക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നി. പാഷന്‍ ഓഫ് ജോന്‍ ഓഫ് ആര്‍ക് എന്നെ ഏറ്റവും സ്വാധീനിച്ച സിനിമയാണ്. ജോനിന് അറിയാം താന്‍ നേരിടാന്‍ പോകുന്ന ശിക്ഷയെന്താണെന്ന്. എങ്കിലും അവര്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. എനിക്ക് എന്നിലും ഒരു ജോന്‍ ഓഫ് ആര്‍കിനെ കാണാന്‍ കഴിഞ്ഞിരുന്നു. ഞാനെന്തിന് എന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്കുള്ള വഴിയില്‍ ആത്മഹത്യ ചെയ്യണം?

എന്റെ പ്രവര്‍ത്തികള്‍ മാതാപിതാക്കളെ തീര്‍ച്ചയായും സംഭ്രമിപ്പിച്ചിരിക്കണം. അവരെന്നെ ഒരു സൈക്ക്യാട്രിസ്റ്റിനെ കാണിക്കുന്നു.

 

ഞാന്‍ ഉറക്കെ വിളിച്ചു പറയുന്നു- നമ്മുടെ സൈക്ക്യാട്രിസ്റ്റുകളെയാണ് ആദ്യം ചികിത്സിക്കേണ്ടത്!

 

അയാള്‍ക്ക് എനിക്ക് എത്ര ബോയ് ഫ്രെണ്ട്‌സ് ഉണ്ടെന്നറിയാനും എന്റെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിക്കാനുമായിരുന്നു താല്‍പര്യം. മറ്റുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നത് ഭ്രാന്താണന്നായിരുന്നു അയാളുടെ കണ്ടുപിടുത്തം. എന്റെ പ്രതികരണങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരിക്കാം, എനിക്ക് നല്‍കിയ സെഡേഷന്‍. വീട്ടിലെത്തിയശേഷം കുറച്ചുനാള്‍ അയാള്‍ കുറിച്ചു തന്ന മരുന്നുകള്‍ കഴിക്കേണ്ടി വന്നു. എന്റെ മാതാപിതാക്കള്‍ക്ക് അതില്‍ വലിയ ശ്രദ്ധയായിരുന്നു. എന്റെ ബോധമണ്ഡലത്തെ സാരമായി ആ മരുന്നുകള്‍ ബാധിക്കുന്നുവെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ തന്നെ മരുന്നുകഴി നിര്‍ത്തി.

ഇതിനിടയില്‍ വീട്ടില്‍ ഞാനൊരു ആവശ്യം മുന്നോട്ടു വച്ചിരുന്നു- പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് എനിക്ക് സിനിമ പഠിക്കണം..

ആദ്യം തള്ളിയെങ്കിലും നിരന്തരമായി ഞാന്‍ ആവശ്യപ്പെട്ടതോടെ (പലപ്പോഴും അത് വിഭിന്ന സ്വഭാവത്തിലായിരുന്നു) അവര്‍ വഴങ്ങി. പക്ഷേ ഇവിടെ നിന്നുള്ള യാത്ര ഒരിക്കലും കേരളത്തിലേക്ക് നീളില്ലെന്ന് അവരെനിക്ക് ഉറപ്പു തന്നു. പൂനയിലേക്ക് ഒറ്റയ്ക്കു വിടാനുള്ള മണ്ടത്തരമൊന്നും അച്ഛനുമമ്മയും കാണിച്ചില്ല. അവരുമൊപ്പം വന്നു.

ഈ ജനുവരിയിലാണ് ഇന്ത്യയിലേക്ക് വരുന്നത്; എന്നാല്‍ ഈ വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആപ്ലിക്കേഷന്‍ ക്ഷണിക്കുന്നുണ്ടായിരുന്നില്ല. പൂനയില്‍ എത്തിയപ്പോള്‍ നാട്ടിലുള്ള ചില സുഹൃത്തുക്കളെ കാണാന്‍ ചെന്നു. അങ്ങിനെയാണ് അജയനെ പരിചയപ്പെടുന്നത്. അജയേട്ടന്‍ നടത്തുന്നൊരു സ്ഥാപനത്തില്‍ ചെറിയൊരു ജോലിക്ക് കയറി. ഇതിനിടയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുതിയൊരു നോട്ടിഫിക്കേഷന്‍ വന്നു. ഒരു വര്‍ഷത്തെ പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. ആകെ പന്ത്രണ്ട് സീറ്റ്. ഞാനും അപേക്ഷിച്ചു; എഡിറ്റിംഗിന്.

സിനിമയില്‍ എനിക്ക് ആഴത്തിലുള്ള ഒരറിവും ഉണ്ടായിരുന്നില്ല. എന്നാല്‍ സിനിമ ഒരു സാമൂഹ്യമാധ്യമമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എഡിറ്റിംഗില്‍ ആകെയുണ്ടായിരുന്ന പരിചയം. കാതിക്കുടം സമരത്തെകുറിച്ചുള്ള ഡോക്യുമെന്ററി എന്റെ സുഹൃത്ത് എഡിറ്റ് ചെയ്യുന്നത് നോക്കിയിരുന്നത് മാത്രം.

എഴുത്തുപരീക്ഷയുടെ റിസള്‍ട്ട് വന്നു. മുപ്പത്തെട്ട് പേര്‍ സിലക്ട്; ഞാനുമുണ്ട്. ഇന്റര്‍വ്യൂനുള്ള ഷോര്‍ട്ട് ലിസ്റ്റിട്ടു; അതിലുമുണ്ട്.

ഇന്റര്‍വ്യൂന്റെ തലേദിവസം. വീട്ടില്‍ നിന്ന് അനുഗ്രഹം കിട്ടി- നീ ജയിക്കാന്‍ പോകുന്നില്ല.

എന്നെപ്പോലെ ഇന്റര്‍വ്യൂ ഉള്ള സകലമാനപേരും കുത്തിയിരുന്ന് പഠിക്കുകയോ പഠിച്ചു കഴിഞ്ഞ് സുഖമായി ഉറങ്ങുകയോ ചെയ്ത ആ തലേന്നാള്‍ രാത്രിയില്‍ ഞാനന്റെ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് ഉറക്കെ പാട്ടുകള്‍ പാടി.

പിറ്റേന്ന് ഇന്റര്‍വ്യൂ. അന്ന് പത്ത് പേരെയേ വിളിക്കൂ. പത്താമത്തവള്‍ ഞാന്‍. ബാക്കിയെല്ലാവരും പിരിഞ്ഞുപോയപ്പോള്‍ ഊഴം കാത്ത് ഞാനേകയായിരുന്നു. ഇന്‍ര്‍വ്യൂ ബോര്‍ഡ് എന്നോട് ചോദിച്ചതിനെക്കാള്‍ കൂടുതല്‍ ഞാനവരോട് ചോദിച്ചെന്നു തോന്നുന്നു.

വല്ലാത്തൊരു ആത്മവിശ്വാസം അവിടെനിന്നിറങ്ങുമ്പോള്‍ ഉണ്ടായിരുന്നു- എനിക്കിത് കിട്ടും!

കുറച്ചുദിവസങ്ങള്‍ നെറ്റില്‍ റാങ്ക് ലിസ്റ്റ് പരതാന്‍ പ്രേരണ ഉണ്ടായിരുന്നു. പിന്നെയത് മടുത്തു. കുറച്ച് ദിവസങ്ങള്‍ക്കിപ്പുറമാണ് വീണ്ടും അതിന് തയ്യാറാകുന്നത്. അമ്പരപ്പും അത്ഭുതവും ചിക്കിചികയലും കഴിഞ്ഞാണ് ഞാനത് ഉറപ്പിച്ചത്- എനിക്ക് ഒന്നാം റാങ്ക്.

വലിയൊരു നേട്ടമാണെന്നോ, ഫീലിംഗ് പെരുത്ത അഹങ്കാരമായിട്ട് പെരപ്പുറത്ത് കേറിനിന്നോ അല്ല ഞാനിത് പറയുന്നത്.

സിനിമ എനിക്ക് പുതിയൊരു സമരായുധമാണ്. ഞാനങ്ങനെ വിശ്വസിക്കുന്നു. സ്വാതന്ത്രത്തിന്റെ പൂര്‍ണവെളിച്ചത്തിലേക്കുള്ള ഇറങ്ങിച്ചെന്നുകൊണ്ടിരിക്കുന്ന എനിക്ക് ഈ ആയുധം ഒരുപാട് ഉപകാരപ്പെടും. പലതും ചെയ്യാന്‍ ബാക്കിയുള്ളപ്പോള്‍- ഫീലിംഗ് എക്‌സൈറ്റഡ്.

ഒരിക്കല്‍ക്കൂടി പറയുന്നു- എന്നെ ഇരയായി എഴുതി വയ്ക്കരുത്. ഞാനിപ്പോള്‍ ഒരിരയാണെങ്കില്‍ അതെന്റെ സ്വാതന്ത്ര്യത്തിന്റെ മാത്രമാണ്. എന്റെ ചങ്ങായിമാര്‍ക്കൊപ്പമുള്ള ഭീകരമായൊരു സ്വാതന്ത്ര്യത്തിന്റെ…! 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍