UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടുറോഡില്‍ വനിത ട്രാഫിക് കോണ്‍സ്റ്റബിളിന് ശിവസേന നേതാവിന്റെ മര്‍ദ്ദനം; വീഡിയൊ കാണാം

അഴിമുഖം പ്രതിനിധി

തിരക്കേറിയ ജംഗ്ഷനില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചതു ചോദ്യം ചെയ്ത വനിത ട്രാഫിക് കോണ്‍സ്റ്റബിളിന് പൊതുജനമധ്യത്തില്‍ ശിവസേന നേതാവിന്റെ വക മര്‍ദ്ദനം. ഇന്നു രാവിലെ മുംബൈ താനെയിലെ നോര്‍ത്ത് ജംഗ്ഷനിലുള്ള ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ ഫ്‌ളൈ ഓവറിനടുത്ത് നിതിന്‍ ജംഗ്ഷനിലാണ് സംഭവം. ശശികാന്ത് കല്‍ഗുഡെ എന്ന ശിവസേന നേതാവ് തന്റെ എസ് യു വില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു വണ്ടിയോടിച്ചു വരുന്നതു കണ്ട ട്രാഫിക് കോണ്‍സ്റ്റബിള്‍ വണ്ടി നിര്‍ത്താന്‍ സിഗ്നല്‍ കാണിച്ചു. എന്നാല്‍ ഇത് അവഗണിച്ചു വേഗത്തില്‍ വണ്ടിയോടിച്ചു പോകാന്‍ ശ്രമിച്ച കല്‍ഗുഡെയുടെ കാറിനു മുന്നില്‍ കയറി നിന്ന പൊലീസുകാരി അയാളെക്കൊണ്ട് വാഹനം നിര്‍ത്തിച്ചു. തുടര്‍ന്ന് കല്‍ഗുഡെയോട് ഡ്രൈവിംഗ് ലൈസന്‍സും ആര്‍ സി ബുക്കും കാണിക്കാന്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ച ശിവസേന നേതാവ് ട്രാഫിക് കോണ്‍സ്റ്റബിളിനെ അസഭ്യം പറയുകയും തുടര്‍ന്നു മര്‍ദ്ദിക്കുകയുമായിരുന്നു. മുഖത്തു അടിയേറ്റ അവരുടെ മൂക്കില്‍ നിന്നും രക്തം വന്നു.

ഈ സംഭവം കണ്ട് ചുറ്റും കൂടിയ മറ്റു വാഹനയാത്രക്കാരും വഴിപോക്കാരും കാഴ്ച്ചക്കാരായി നില്‍ക്കുക മാത്രമാണ് ചെയ്തത്. ഒരു സ്ത്രീയെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്യാനോ അവരെ രക്ഷിക്കാനോ ആരും ശ്രമിച്ചില്ല. ഇതിനിടയില്‍ ഇതുവഴി വന്ന പ്രതീക് പവാര്‍ എന്ന അഡ്വക്കേറ്റ് വലിയ ആള്‍ക്കൂട്ടം കണ്ടാണ് സംഭവസ്ഥലത്തേക്കു വന്നത്. ഞാന്‍ കാണുന്ന കാഴ്ച്ച, കല്‍ഗുഡെ ആ പൊലീസ് കോണ്‍സ്റ്റബിളിന്റെ കോളറിനു കുത്തിപ്പിടിച്ച് അവരെ അടിക്കുന്നതാണ്. അയാള്‍ അവരെ പുലഭ്യം പറയുന്നുമുണ്ട്. ഇതെല്ലാം കണ്ടു നില്‍ക്കുകയാണ് മറ്റുള്ളവര്‍. ഞാന്‍ ഉടന്‍ തന്നെ അയാളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. എനിക്കുനേരെയും അയാള്‍ കൈയുയര്‍ത്തി, അസഭ്യം പറഞ്ഞു. പക്ഷേ ഞാന്‍ പിന്മാറിയില്ല. കഴുത്തില്‍ ശിവജി മഹാരാജിന്റെ ലോക്കറ്റുള്ള വലിയൊരു മാലയും ധരിച്ചാണ് കൃശഗാത്രയും നിസ്സഹായയുമായ ഒരു സ്ത്രീയെ അയാള്‍ മര്‍ദ്ദിച്ചത്. ഞാന്‍ അയാളെ എന്റെ കൈപ്പിടിയിലൊതുക്കി. കൂടി നിന്നവരിലൊരാളോട് പൊലീസിനെ വിളിക്കാന്‍ പറഞ്ഞു. ആ വനിത കോണ്‍സ്റ്റബിളിന്റെ മൂക്കിലൂടെ അപ്പോഴും രക്തം ഒഴുകുന്നുണ്ടായിരുന്നു. ഞങ്ങള്‍ അയാളെ നൗപാഡ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. അയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കേസ് എടുത്തിട്ടുണ്ട്; പ്രതീക് പവാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് വിശദീകരിച്ച കാര്യങ്ങളാണിത്.

ശശികാന്ത് കല്‍ഗുഡെയ്‌ക്കെതിരെ സെക്ഷന്‍ 353, 354 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ പിന്നീട് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍