UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയഗാനത്തില്‍ നിന്ന് സിന്ധ് ഒഴിവാക്കണമെന്ന് ശിവസേന എംപി

അഴിമുഖം പ്രതിനിധി

സിന്ധ് എന്ന പേരില്‍ ഇന്ത്യയില്‍ ഒരു സംസ്ഥാനമില്ലാത്തതിനാല്‍ ദേശീയ ഗാനത്തിലെ സിന്ധ് എന്ന വാക്ക് എടുത്തു മാറ്റി പകരം അനുയോജ്യമായ മറ്റൊന്ന് ചേര്‍ക്കണമെന്ന് കഴിഞ്ഞ ദിവസം ശിവസേന എംപി അരവിന്ദ് സാവന്ത് ആവശ്യപ്പെടുകയുണ്ടായി.

ദേശീയ ഗാനം തെരഞ്ഞെടുത്തത് പാര്‍ലമെന്റ് ആയതിനാല്‍ ഇതിനുള്ള നടപടികളും പാര്‍ലമെന്റ് തന്നെ തുടങ്ങണമെന്നാണ് ചൊവ്വാഴ്ച ലോക്‌സഭയില്‍ ശൂന്യവേളയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ആവശ്യപ്പെട്ടത്. സിന്ധ് എന്ന വാക്കിന്റെ ഉച്ചാരണത്തോട് യോജിക്കുന്ന മറ്റൊരു വാക്ക് ചേര്‍ക്കണമെന്നായിരുന്നു സാവന്തിന്റെ ആവശ്യം.

ദേശീയ ഗാനത്തിലെ സിന്ധ് എന്ന വാക്കിനെ ചൊല്ലി ഇത് ആദ്യമല്ല ഒരു എതിര്‍പ്പ് ഉയരുന്നത്. ഈ വാക്ക് വിവാദമാകാന്‍ ചില കാരണങ്ങളുമുണ്ട്.

നൊബല്‍ ജേതാവ് രവീന്ദ്രനാഥ ടാഗോര്‍ 1911-ലാണ് ഈ ഗാനം രചിച്ചത്. 1950-ല്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി ദേശീയ ഗാനമായി ഇതിനെ തെരഞ്ഞെടുത്തു. സിന്ധ് പാക്കിസ്ഥാനിലെ ഒരു പ്രവിശ്യ ആയതിനാല്‍ ദേശീയ ഗാനത്തിലെ ഈ പരാമര്‍ശം എപ്പോഴും ചോദ്യം ചെയ്യപ്പെട്ടു.

2005-ല്‍ ദേശീയ സ്‌കേറ്റിംഗ് ചാമ്പ്യനായ സഞ്ജീവ് ഭട്‌നഗര്‍ സിന്ധ് എന്ന വാക്ക് ദേശീയ ഗാനത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സിന്ധ് എന്ന വാക്ക് ഒരു പ്രവിശ്യയെ അല്ല സംസ്‌കാരത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും ആ വാക്ക് ഒഴിവാക്കിയാല്‍ ഇന്ത്യയിലെ സിന്ധികളുടെ വികാരം വൃണപ്പെടുമെന്നു വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആ ഹര്‍ജിയെ പ്രതിരോധിക്കുകയും ചെയ്തു. ഇത് അംഗീകരിച്ച കോടതി ദേശീയ ഗാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം തള്ളുകയും ചെയ്തു.

പിന്നീട് സിന്ധ് എന്നത് സിന്ധു എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് 2011-ല്‍ ഒരു മുന്‍ അധ്യാപകനായ ശ്രീകാന്ത് മലുസ്‌തെ ബോംബെ ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കുകയുണ്ടായി. എന്നാല്‍ 2005-ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി ആ ഹര്‍ജിയും കോടതി തള്ളുകയായിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍