UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയകാലം: അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ശിവസേന

Avatar

ടീം അഴിമുഖം
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രബലമായ മാറ്റങ്ങള്‍ ഉണ്ടാക്കിയ സംഘടനയാണ് ശിവസേന. അവയില്‍ പലതും ബീഭത്സമാം വിധം നിഷേധാത്മകവുമാണ്. രാഷ്ട്രീയ മൂല്യങ്ങളുടെ ച്യുതിക്ക് കാരണക്കാരായി എന്നതു കൂടാതെ അതിനു ചുക്കാന്‍ പിടിച്ചതുമാണ് ശിവസേനയുടെ സംഭാവനകളില്‍ ഏറ്റവും സുപ്രധാനം. ജനാധിപത്യപരമായ ചര്‍ച്ചകളുടെ സാധ്യതകള്‍ ചുരുക്കിക്കെട്ടുകയും എണ്ണമൊടുങ്ങാത്തത്രയും നിഷ്കളങ്കരുടെ രക്തമൊഴുക്കിയെന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തിന് ശിവസേന നല്‍കിയ മറ്റു സുപ്രധാനമായ സംഭാവനകളാണ്. പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റായിരുന്ന ബാല്‍ താക്കറെ ശിവസേന എന്ന രാഷ്ട്രീയപാര്‍ട്ടിക്ക് രൂപം നല്‍കിയിട്ട് ഇന്നേക്ക് (ജൂണ്‍ 19) 50 വര്‍ഷം തികയുകയാണ്.

പലകാരണങ്ങള്‍ കൊണ്ടും ശിവസേനയാണ് ബിജെപിയുടെ മുന്‍ഗാമികള്‍. ഹിന്ദുത്വയിലൂന്നിയുള്ള രാഷ്ട്രീയവും അതിനെ മാത്രം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകളുടെയും ആദ്യ ഉറവിടം ശിവസേനയുടെ നിലപാടുകളും രാഷ്ട്രീയവും തന്നെയാണ്. ഹിന്ദു ഐഡന്റിറ്റി രാഷ്ട്രീയത്തിന്‍റെ വക്താക്കളായിരുന്ന ശിവസേന തന്നെയാണ് ബിജെപിയുടെ രാഷ്ട്രീയ മുന്‍ഗാമികള്‍.

ബാല്‍ താക്കറേയുടെ പിതാവ് കേശവ് താക്കറേയാണ് ശിവസേനയ്ക്ക് ആ പേരിട്ടത്. മുംബൈ നഗരത്തിലെ മറാത്തികള്‍ക്കുള്ള മൂവ്മെന്റ് എന്ന ലക്ഷ്യംവച്ച് ആരഭിച്ച ശിവസേനയ്ക്ക് തെക്കേ ഇന്ത്യക്കാരെ അടക്കിനിര്‍ത്തുക എന്നൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നു.

താക്കറേ, ശിവസേനയുടെ രൂപീകരണത്തിന് ശേഷം അതൊരു രാഷ്ട്രീയപാര്‍ട്ടി അല്ലെന്നും പകരം മറാത്തികള്‍ക്ക് വേണ്ടി പോരാടാനുള്ള സൈന്യമാണ്‌ ശിവസേന എന്നുമായിരുന്നു പറഞ്ഞത്. പ്രാദേശിക ഭാഷ സംസാരിക്കുന്നവര്‍ക്ക് പ്രാധാന്യം നല്‍കണമെന്നായിരുന്നു താക്കറേയുടെ ആദ്യത്തെ ആവശ്യം. ശിവസേനയുടെ ആദ്യത്തെ ലക്ഷ്യങ്ങളില്‍ ഒന്ന്, തെക്കേ ഇന്ത്യക്കാരും ഗുജറാത്തികളും കൂടുതലുള്ള ബോംബെ നഗരത്തില്‍ പ്രാദേശിക ഭാഷ സംസാരിക്കുന്നവര്‍ക്ക് ജോലിസ്ഥിരത ഉറപ്പുവരുത്തുക എന്നതായിരുന്നു. ആദ്യത്തെ പാര്‍ട്ടി മാനിഫെസ്റ്റോയില്‍ താക്കറേ പ്രാദേശിക ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത് തെക്കേ ഇന്ത്യക്കാരാണെന്ന് പ്രത്യേകം പരാമര്‍ശിച്ച് കുറ്റപ്പെടുത്തുണ്ട്. ബോംബ നഗരത്തിലെ തെക്കേ ഇന്ത്യകാരായ കോര്‍പ്പറേറ്റ് ഒഫീഷ്യലുകളുടെ പേരുകള്‍ പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടാണ് താക്കറേ, തെക്കേ ഇന്ത്യക്കാര്‍ മാഹാരാഷ്ട്രക്കാരുടെ ജോലി തട്ടിയെടുക്കുന്നുവെന്നും തെക്കേ ഇന്ത്യക്കാരാണ് മറാത്തികളുടെ അന്നത്തെ അവസ്ഥക്ക് കാരണമെന്നും വിളിച്ചുപറഞ്ഞു.

1967ല്‍ ശിവസേന സുപ്രധാനമായ ചുവടുവയ്പ്പ് നടത്തി. അധികാര രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനമെടുത്ത് ഭാവിയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആയിരിക്കുമെന്ന് സൂചന നല്‍കുകയായിരുന്നു ശിവസേന. താനെ നഗരസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റുകളില്‍ 17 സീറ്റുകള്‍ നേടി ശിവസേന വരവറിയിച്ചു.

അതിനടുത്ത വര്‍ഷം ശിവസേന ബോംബേയിലേക്ക് കൂടി തങ്ങളുടെ അധികാര രാഷ്ട്രീയം വ്യാപിപ്പിക്കുകയും 1968-ല്‍ നടന്ന ബോംബേ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 121 സീറ്റുകളില്‍ 42 സീറ്റുകള്‍ നേടി അവിടെയും തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു. അതേസമയത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് താക്കറേ ഹിംസയുടെ രാഷ്ട്രീയത്തിന്‍റെ പുതിയൊരു തിരക്കഥ രചിച്ചു കൊണ്ടിരിക്കുകയായിരുന്നു. 1969-ല്‍ കര്‍ണാടകയുമായി നടത്തിയ അതിര്‍ത്തി തര്‍ക്കത്തിന്‍റെ പേരില്‍ താക്കറേ അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റിനെ തുടര്‍ന്നു ബോംബെയില്‍ ശിവസേന ബന്ദിന് ആഹ്വാനം ചെയ്തു. അന്ന് ബോംബേ നഗരത്തില്‍ ആരംഭിച്ച അക്രമങ്ങള്‍ മൂന്നുദിവസം നീണ്ടുനിന്നു. ഒരു വര്‍ഷത്തിന് ശേഷം, കമ്യൂണിസ്റ്റ് പാര്‍ട്ടി എം എല്‍ എ ആയിരുന്ന കൃഷ്ണ ദേശായിയെ കൊലപ്പെടുത്തിയതിന് ശിവസേനയുടെ അണികള്‍ അറസ്റ്റിലായി

പക്ഷേ താക്കറെ അതുകൊണ്ടൊന്നും നിര്‍ത്തിയില്ല. വര്‍ഗീയതയും അയല്‍ സംസ്ഥാനക്കാരോടും അയല്‍ രാജ്യക്കാരോടുമുള്ള വെറുപ്പ് വളര്‍ത്തിയും പ്രകോപനപരമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ചും താക്കറേ തന്‍റെ രാഷ്ട്രീയ മേഖലയെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. 1975-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നടപ്പിലാക്കിയ അടിയന്തിരാവസ്ഥയെ പരസ്യമായി അനുകൂലിച്ച് ശിവസേന രംഗത്തെത്തി.

1984 മുതല്‍ ശിവസേന-ബിജെപി സഖ്യം മഹാരാഷ്ട്രയില്‍ നിലവില്‍ വന്നു. ശിവസേന ആദ്യമായി ബിജെപി ചിഹ്നത്തില്‍ മത്സരിച്ചു. കൃത്യം ഒരു വര്‍ഷത്തിന് ശേഷം ശിവസേന ബോംബേ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തു.

പിന്നീടും ശിവസേന തങ്ങളുടെ അക്രമരാഷ്ട്രീയം തുടര്‍ന്നു കൊണ്ടേയിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ബോംബേ നഗരത്തില്‍ കലാപത്തിന്‍റെ ചുക്കാന്‍ പിടിച്ചത് ശിവസേനയാണ്. പിന്നീട് കലാപത്തെക്കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷന്‍ ശിവസേനയുടെ പങ്ക് എടുത്തുപറയുന്നുണ്ട്.

2006-ല്‍ ഉദ്ധവ് താക്കറേയും രാജ് താക്കറെയും രണ്ടായി പിരിഞ്ഞു. അതോടെ രണ്ടുപേരും രണ്ടു നേതൃത്വവുമായി അവരുടെ പാര്‍ട്ടി വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പക്ഷേ വിദ്വേഷ, വര്‍ഗീയ രാഷ്ട്രീയത്തില്‍ മാത്രം ഒരു മാറ്റവും ഉണ്ടായതുമില്ല. 2012-ല്‍, കലാപപൂരിതമായ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വര്‍ഗീയതയുടെയും വിദ്വേഷത്തിന്‍റെയും ആക്രമണങ്ങളുടെയും പാരമ്പര്യം അവശേഷിപ്പിച്ച ബാല്‍ താക്കറേ അന്തരിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍