UPDATES

സംഘപരിവാര്‍ പുനര്‍നിര്‍മ്മിക്കുന്ന ശിവജി: കുതിരയും പടയൊരുക്കവും

മഹാരാഷ്ട്രയിലെ പ്രധാന ഹിന്ദുത്വ വലതുപക്ഷ ഫാസിസ്റ്റ് കക്ഷി എന്ന സ്ഥാനം ശിവസേനയില്‍ നിന്നും ബിജെപി ഏറ്റെടുത്തിരിക്കുന്നു. ഈ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിന് ശിവജിയെ പൂര്‍ണമായും ഹൈജാക്ക് ചെയ്യേണ്ടതുണ്ട്.

മുംബൈയില്‍ അറബിക്കടലില്‍ മണ്ണിട്ട് നികത്തി നിര്‍മ്മിക്കുന്ന ഛത്രപതി ശിവജി പ്രതിമ അടക്കമുള്ള 3600 കോടി രൂപയുടെ സ്മാരകം വലിയ വിവാദത്തിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിമയ്ക്കും അനുബന്ധ സ്മാരകങ്ങള്‍ക്കും തറക്കല്ലിട്ടിരുന്നു. കടലിലെ ആവാസവ്യവസ്ഥയേയും മത്സ്യബന്ധനത്തെയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

2010ല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രതിഷേധവും തുടങ്ങിയിരുന്നു. ഇപ്പോള്‍ അത് ഒന്നു കൂടി സജീവമായിട്ടുണ്ട്. എന്നാല്‍ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തടയാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോലി സമുദായത്തില്‍ പെട്ട 150-ഓളം മത്സ്യത്തൊഴിലാളികളെ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. അപ്രഖ്യാപിത നിരോധനാജ്ഞയാണ് പ്രദേശത്തുള്ളതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് പേരിലധികം കൂടി നില്‍ക്കുന്നതിന് പോലും മുംബൈ പൊലീസ് വിലക്കേര്‍പ്പെടുത്തുന്ന അവസ്ഥ.

ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പുറമെ പദ്ധതിക്കായുള്ള വലിയ സാമ്പത്തിക ധൂര്‍ത്തും എടുത്തു പറയേണ്ടതുണ്ട്. വിവിധ ക്ഷേമ പദ്ധതികള്‍ക്ക് ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകയിരുത്തിയിരിക്കുന്ന തുകകളേക്കാള്‍ വലുതാണ് ശിവജി സ്മാരകത്തിന് നീക്കി വച്ചിരിക്കുന്നത്. കുടിവെള്ളത്തിനും ശുദ്ധജല പദ്ധതികള്‍ക്കുമായി കോര്‍പ്പറേഷന്‍ വകയിരുത്തിയിരിക്കുന്നത് 2500 കോടി രൂപയാണ്. മുനിസിപ്പല്‍ സ്‌കൂളുകള്‍ക്കായി 2400 കോടി രൂപയാണ് നീക്കി വയ്ക്കുന്നത്. പൊതു ഇടങ്ങളുടെ സംരക്ഷണത്തിനും വികസനത്തിനുമായി 500 കോടി രൂപ. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിന് 270 കോടി രൂപ. 3694 കോടി രൂപയാണ് ആരോഗ്യരക്ഷയ്ക്ക് നീക്കി വച്ചിരിക്കുന്നത്. കുടിവെള്ളം, വിദ്യാഭ്യാസം, പോഷകാഹാര ലഭ്യത ഉറപ്പുവരുത്തല്‍ എന്നിവയേക്കാളും പ്രാധാന്യം മഹാരാഷ്ട്ര സര്‍ക്കാരിനെ സംബന്ധിച്ച് ശിവജി പ്രതിമയ്ക്കാണ്.

shivajistatue

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സ്റ്റാച്യു ഓഫ് യൂണിറ്റി എന്നറിയിപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‌റെ പ്രതിമയ്ക്ക് 2989 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ബിജെപി സര്‍ക്കാരിന്‌റെ, വലിയ വിവാദം സൃഷ്ടിച്ച ആ പ്രതിമ നിര്‍മ്മാണത്തിന് ഇടയിലാണ് പുതിയ പ്രതിമാ ധൂര്‍ത്ത്. സര്‍ദാര്‍ പട്ടേലിന് 182 മീറ്റര്‍ ഉയരമുണ്ടെങ്കില്‍ പിന്നെ ശിവജിക്ക് 10 മീറ്ററെങ്കിലും കൂടുതല്‍ ഉയരം വേണമല്ലോ. നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ കൊണ്ടുവന്ന് ജനങ്ങളെ അരക്ഷിതാവസ്ഥിയിലേയ്ക്ക് തള്ളിവിടുന്നതിനിടയിലാണ് ഈ വെല്ലുവിളിയും ധാര്‍ഷ്ട്യവുമെന്ന് കാണണം.

എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ലെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നത്. ഛത്രപതി ശിവജിയും അങ്ങനെ ആയിരുന്നുവത്രേ. എതിര്‍ക്കുന്നവരെ തള്ളിമാറ്റിയോ വെട്ടി മാറ്റിയോ എന്തും ചെയ്യുമെന്നര്‍ത്ഥം. തറക്കല്ലിടല്‍ ചടങ്ങിനെത്തിയ പ്രധാനമന്ത്രി മോദി പറഞ്ഞതും ഇത് തന്നെ. എതിര്‍പ്പുകളെ അവഗണിച്ച് കൂടുതല്‍ കടുത്ത നടപടികളിലേയ്ക്ക് നീങ്ങുമെന്ന്. ഇത് ശിവജിയുടെ മറാത്ത സാമ്രാജ്യമാണോ അതോ ഇന്ത്യന്‍ റിപ്പബ്ലിക്കോ എന്ന സംശയം തോന്നാം. രാജാവായിരുന്ന, ഏകാധിപതിയായിരുന്ന ശിവജിക്കുണ്ടായിരുന്ന കുറഞ്ഞ ജനാധിപത്യ മര്യാദകള്‍ പോലും ഇല്ലാത്ത ജനാധിപത്യ ഭരണാധികാരികള്‍ വേറെ എന്ത് പറയാനാണ്.

sanghshivaji

സ്മാരകങ്ങളേയും ചരിത്ര പൈതൃകങ്ങളേയും സംരക്ഷിക്കുന്നതില്‍ ഗുരുതരമായ അലംഭാവം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. ശിവജിക്കാണെങ്കില്‍ മഹാരാഷ്ട്രയില്‍ ആവശ്യത്തിന് സ്മാരകങ്ങളുമുണ്ട്. അങ്ങനെയുള്ളിടത്താണ് പുതിയ സ്മാരക നിര്‍മ്മാണവും ഈ പ്രതിമാ ഭ്രാന്തും. ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ പ്രതിമാഭ്രാന്തിനെ കുറിച്ച്, ബിംബങ്ങളിലൂടെ തങ്ങളുടെ തന്നെ പ്രതീകവത്കരണം നടത്തി ആത്മരതി കൊള്ളുന്നതിനെ കുറിച്ച്, വീരാരാധനയിലും വ്യക്തിപൂജയിലും രാഷ്ട്രീയത്തെ കെട്ടിയിടുന്നതിനെ കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. രാജ്യത്തെ ഒട്ടുമിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും പരിഹാസ്യതയും ജനങ്ങളോടുള്ള അധികാരവര്‍ഗ മനോഭാവവുമാണ് ഇത്തരം കാര്യങ്ങളില്‍ പ്രതിഫലിപ്പിക്കുന്നത്. ബിജെപിക്ക് അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കാതിരിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ പ്രതീക്ഷയായ ബദല്‍ രാഷ്ട്രീയത്തിന്‌റെ ശക്തയായ പ്രയോക്താവും ദളിത് രാഷ്ട്രീയത്തിന്‌റെ മുന്നണിപ്പോരാളിയുമായ മായാവതിക്ക് പോലും ഈ ഭ്രാന്തില്‍ നിന്ന് രക്ഷപ്പെടാനായില്ല.

ആര്‍എസ്എസ് ഉടലെടുത്ത മണ്ണില്‍ അധികാര രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന ശക്തിയാവാന്‍ ബിജെപിക്ക് പതിറ്റാണ്ടുകള്‍ വേണ്ടി വന്നു. മഹാരാഷ്ട്രയിലെ പ്രധാന ഹിന്ദുത്വ വലതുപക്ഷ ഫാസിസ്റ്റ് കക്ഷി എന്ന സ്ഥാനം ശിവസേന എന്ന പ്രാദേശിക തീവ്രവാദ കക്ഷിയില്‍ നിന്നും ബിജെപി ഏറ്റെടുത്തിരിക്കുന്നു. ഈ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിന് ശിവജിയെ പൂര്‍ണമായും ഹൈജാക്ക് ചെയ്യേണ്ടതുണ്ട്. 2017-ല്‍ നടക്കാനിരിക്കുന്ന ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരിഞ്ഞെടുപ്പ് അടക്കമുള്ള ഹ്രസ്വകാല ലക്ഷ്യങ്ങളുമുണ്ട്. ഇതിലെ അപകടം തിരിച്ചറിയുന്നുണ്ടെങ്കിലും ശിവസേന ഏറെക്കുറെ നിസഹായരായിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ പിന്നില്‍ നടന്നിരുന്നവര്‍ ഇപ്പോള്‍ തങ്ങളെ അപ്രസക്തരാക്കിക്കൊണ്ട് മുന്നേറുന്നതിലെ അസ്വസ്ഥത അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. ബിജെപി എല്ലാത്തിനേയും ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ശിവസേന അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രത്യക്ഷ വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന് മേല്‍വിലാസമുണ്ടാക്കി കൊടുത്തത് ശിവസേനയാണല്ലോ. ദേശീയാടിസ്ഥാനത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേനയെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരെ മഹാരാഷ്ട്രയില്‍ ശിവസേനയുടെ സഖ്യകകഷിയായിരുന്നു ബിജെപി. ആ അവസ്ഥ മാറിയിരിക്കുന്നു. അവരുടെ ഏറ്റവും വലിയ രാഷ്ട്രീയ ബിംബത്തെ പോലും അവര്‍ക്ക് നഷ്ടമാവുകയാണ്.

chathrapathi

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഒരു തീവ്ര ഹിന്ദുത്വ ദേശീയവാദിയായ ശിവജിയെ സൃഷ്ടിച്ചുകൊണ്ടുള്ള ചരിത്രത്തിന്‌റെ വളച്ചൊടിക്കല്‍ സംഘപരിവാര്‍ ആരംഭിച്ചിരുന്നു. മതേതരവാദിയും മറാത്ത വീരനായകനുമായ ശിവജിയെ അല്ല, പകരം തീവ്ര ഹിന്ദുത്വവാദിയായ ശിവജിയെയാണ് അവര്‍ക്കാവശ്യം. മുസ്ലീം സേനാ നായകരെ വച്ച് പട നയിച്ച ശിവജിയെ അപ്രസക്തരാക്കിക്കൊണ്ടേ മഹാരാഷ്ട്രയിലെ ആധിപത്യം പൂര്‍ണമാക്കാന്‍ സംഘപരിവാറിന് കഴിയൂ. ശിവജിയുടെ പ്രതിമ പൂര്‍ത്തിയായാല്‍ മുംബൈയിലെ കുറ്റകൃത്യങ്ങള്‍ കുറയുമെന്നാണ് മഹാരാഷ്ട്ര മന്ത്രി സുധീര്‍ മുംഗത്തിവാര്‍ പറഞ്ഞത്. ശിവജിയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ കുറ്റകൃത്യങ്ങള്‍ കുറയുമത്രെ. ശിവജിയുടെ ആശയങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും മുംഗത്തിവാര്‍ പറഞ്ഞുവച്ചു.

രാജ്യത്തെ കര്‍ഷക ആത്മഹത്യകളില്‍ 80 ശതമാനത്തിലധികവും നടക്കുന്നത് മഹാരാഷ്ട്രയിലാണ്. പ്രത്യേകിച്ച് മറാത്ത് വാഡ – വിദര്‍ഭ മേഖലകളില്‍. 2014-16 വര്‍ഷത്തില്‍ മഹാരാഷ്ട്രയിലെ മറാത്ത് വാഡ മേഖലയില്‍ 3000-ത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. രണ്ട് വര്‍ഷം തുടര്‍ച്ചയായി 1000-ത്തിലധികം കര്‍ഷകര്‍ ജീവനൊടുക്കി. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 12 വരെയുള്ള കണക്ക് പ്രകാരം 1003 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്തത്. അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന പ്രദേശമാണിത്. രൂക്ഷമായ വരള്‍ച്ച കാരണം ഐപിഎല്‍ മത്സരങ്ങള്‍ക്ക് വെള്ളം നല്‍കാനാവില്ലെന്ന് കാണിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത അഭിനയിച്ച സര്‍ക്കാര്‍ തന്നെയാണ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഈ ദ്രോഹം ചെയ്യുന്നത്. പൊതു സ്ഥലങ്ങളുടെ സംരക്ഷണത്തിനായി മുംബയ് കോര്‍പ്പറേഷന്‍ നീക്കി വച്ചിരിക്കുന്നത് ആകെ 500 കോടി രൂപയാണെന്ന് ഓര്‍ക്കണം. അപ്പോഴാണ് 3600 കോടി രൂപയുടെ സ്മാരക നിര്‍മ്മാണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍