UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാഗ്യക്കുറി; അത്ര ഭാഗ്യമൊന്നും നല്‍കുന്നില്ല അത് വില്‍ക്കുന്നവര്‍ക്ക്

വിഷ്ണു എസ് വിജയന്‍

(ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ ചോദിക്കപ്പെടുന്ന ചോദ്യമാണ് കേരളം എങ്ങനെ ജീവിക്കുന്നു എന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികകള്‍ അതിനുള്ള ഉത്തരങ്ങളാണ് എന്നാണ് വെപ്പ്. എന്നാല്‍ കേരള സമൂഹത്തിലെ പല തട്ടുകളിലായി ജീവിക്കുന്ന ആളുകളുടെ സ്പന്ദനങ്ങള്‍ ഈ പ്രകടന പത്രികകളില്‍ ഉണ്ടാവാറുണ്ടോ? നമ്മളോരോരുത്തരും നമുക്ക് ചുറ്റുമുള്ളവരും എങ്ങനെയാണ് ജീവിക്കുന്നത്? എന്താണ് നമ്മുടെ പ്രശ്നങ്ങള്‍? നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കേവലം കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം എങ്ങനെയാണ് ഓരോരുത്തരും വിലയിരുത്തുന്നത്? കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ മനുഷ്യര്‍ തങ്ങളുടെ ജീവിതത്തെ കുറിച്ചും സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-പാരിസ്ഥിതിക സംഭവ വികാസങ്ങളെ കുറിച്ചും പ്രതികരിക്കുകയാണ് ‘കേരളം എങ്ങനെ ജീവിക്കുന്നു?’ എന്ന ഈ സീരീസില്‍. അഴിമുഖം പ്രതിനിധികള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ വാര്‍ത്താ ഫീച്ചറുകള്‍, വ്യക്തി ചിത്രങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സീരീസിലെ  ആദ്യ റിപ്പോര്ട്ട്  ഇവിടെ വായിക്കാം– കുഞ്ഞുമുഹമ്മദിന്‍റെ കുഞ്ഞുകുഞ്ഞു വിപ്ലവങ്ങള്‍മലൈപണ്ടാരങ്ങള്‍ക്ക് ജാതി വേണം; തമ്മിലടിക്കാനല്ല, ജീവിക്കാന്‍ബാലരാമപുരം കൈത്തറി; പാരമ്പര്യത്തിന്‍റെ പൊങ്ങച്ചം മാത്രം പോര ജീവിക്കാന്‍)

ഭാഗ്യക്കുറി മലയാളികളുടെ ഹരമാണ്. അരി വാങ്ങാന്‍ കരുതിവെച്ച കാശുകൊണ്ടും ഭാഗ്യം പരീക്ഷിക്കുന്നവര്‍. ലോട്ടറി കൊണ്ട് തലവരെ തെളിഞ്ഞവരും മാഞ്ഞവരും ദിനംപ്രതിയെന്നോണം നമുക്കിടയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ലോട്ടറി എടുക്കുന്നവരുടെ മാത്രമല്ല, അത് വില്‍ക്കുന്നവരുടെ കാര്യവും ഏതാണ്ട് ഇതുപോലൊക്കെ തന്നെയാണ്. ‘ലക്കടിച്ചു കഴിഞ്ഞാല്‍ രക്ഷപ്പെട്ടു’. മലയാളിയുടെ ഭാഗ്യ പരീക്ഷണ ഭ്രാന്ത് ഏറിവരുന്നതിനനുസരിച്ച് മുക്കിനു മുക്കിനു ഭാഗ്യക്കുറി കച്ചവടക്കാരും ഉദയം ചെയ്യുന്നു. അധികം കായികാധ്വാനം വേണ്ടാത്ത തൊഴില്‍ ആയതുകൊണ്ട് ശാരീരിക വൈകല്യം ഉള്ളവര്‍ക്കും ഭാഗ്യക്കുറിക്കച്ചവടം ഒരു ഉപജീവന മാര്‍ഗമാണ്.

തിരുവനന്തപുരം ശാസ്തമംഗലത്ത് രണ്ട് ലോട്ടറി കച്ചവടക്കാരുണ്ട്.

ഇതുവരെ ഭാഗ്യദേവത കടാക്ഷിക്കാത്ത രണ്ടുപേര്‍. മുപ്പത്തിയഞ്ചു വര്‍ഷമായി ലോട്ടറി വില്‍ക്കുന്ന ശിവന്‍ നായരും, പത്തുവര്‍ഷമായി തന്റെ ഒറ്റമുറി മുറുക്കാന്‍ കടയില്‍ ലോട്ടറി കൂടി വില്‍ക്കുന്ന രാജനും. ഇരുവരില്‍ നിന്നും ലോട്ടറി എടുത്ത ഒരാള്‍ക്ക് പോലും അയ്യായിരം രൂപയ്ക്ക് മുകളില്‍ ഇതുവരെ സമ്മാനം ലഭിച്ചിട്ടില്ല. എന്നാലും ഇപ്പോഴും ലോട്ടറിയുമായി ഭാഗ്യാന്വേഷികളെ കാത്തിരിക്കുകയാണിവര്‍.

രാജന്‍
ശാസ്തമംഗലം ജംഗ്ഷനില്‍ തന്നെയാണ് രാജന്റെ കട. അധികമാരും ശ്രദ്ധിക്കാന്‍ ഇടയില്ലാത്തവണ്ണം ചെറിയൊരു കട. സ്ഥിരമായി കടയില്‍ വന്നുകൊണ്ടിരിക്കുന്നവരെ പ്രതീക്ഷിച്ചാണ് രാജന്‍ ദിവസവും കട തുറക്കുന്നത്.

രാജന്റെ കടയ്ക്ക് മുന്നില്‍ എല്ലാ വൈകുന്നേരവും കുറച്ചു വയോധികര്‍ കൂടാറുണ്ട്. അല്‍പ്പം രാഷ്ട്രീയവും, കഷ്ടപ്പാടും, ദുരിതവുമൊക്കെ പറഞ്ഞു വെറ്റിലയും മുറുക്കി അവരങ്ങ് പോകും. കൂടിച്ചേരലിന്റെ ബാക്കിപത്രം പോലെ മുറുക്കി തുപ്പിയതിന്റെ ചുവപ്പ് കടയക്ക് മുന്നില്‍ പടര്‍ന്നു കിടക്കും. വെള്ളമൊഴിച്ച് നടവഴി വൃത്തിയാക്കി കൊണ്ട് രാജന്‍ പറയും ‘സ്ഥിരമുള്ളതാ… ഇനി എത്ര നാളത്തേക്കാ..’

പത്ത് വര്‍ഷം മുമ്പ് ശിവന്‍ നായരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് രാജനും ലോട്ടറി ഏജന്റ് ആകുന്നത്. അന്ന് നല്ല പ്രതീക്ഷ ആയിരുന്നു. എല്ലാവര്‍ക്കും ഭാഗ്യം കൊടുക്കുന്ന ഭാഗ്യക്കുറി തനിക്കും ഭാഗ്യം തരുമെന്ന വിശ്വാസം. എന്നാല്‍ വിശ്വാസവും, പ്രതീക്ഷകളും എല്ലാം വെറുതെയായി ഇതുവരെ അയ്യായിരത്തിന് മുകളില്‍ സമ്മാനംകിട്ടിയ ആരും തന്നെ ഇല്ല.


രാജന്‍

പ്രാരാബ്ദക്കാരന്‍ ആണ് അന്നും ഇന്നും രാജന്‍. രണ്ടു മക്കളുണ്ട്. തട്ടിയും മുട്ടിയും ജീവിക്കാനുള്ള വക മാത്രമാണ് കടയില്‍ നിന്ന് കിട്ടുന്നത്. മൂത്ത മകള്‍ കൂടി പഠനം കഴിഞ്ഞ് ഒരു ടെക്സ്റ്റയില്‍ ഷോപ്പില്‍ ജോലിയ്ക്ക് പോകുന്നുണ്ട്.

‘ഒറ്റയടിക്ക് പണക്കാരന്‍ ആകാം എന്നുള്ള മോഹം കൊണ്ടല്ല ഇതു തുടങ്ങിയത്, എന്നാലും… എന്തോ ഭാഗ്യം കൂടെയില്ല’ രാജന്റെ വാക്കുകള്‍ മുറിയുന്നു.

ശിവന്‍ നായര്‍
‘നിങ്ങടെ ലോട്ടറി ആര്‍ക്കെങ്കിലും എന്നെങ്കിലും ഒന്നടിക്കുമോ?’

ശിവന്‍ നായര്‍ ഇപ്പോള്‍ ഈ ചോദ്യം കേട്ട് ചിരിച്ചു നടക്കാറേയുള്ളൂ. മുന്‍പായിരുന്നെങ്കില്‍ മുണ്ടും മടക്കി കുത്തി ഒരു പോരിനിറങ്ങിയേനെ. ഇന്നിപ്പോള്‍ വയ്യ, പ്രായം തളര്‍ത്തി തുടങ്ങിയിരിക്കുന്നു.

മൂന്നാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി ചായക്കടയില്‍ ചായയടിക്കാന്‍ കയറുമ്പോള്‍ ശിവന്‍നായര്‍ക്ക് ഒരേയൊരു ചിന്തയെ ഉള്ളിലുണ്ടായിരുന്നുള്ളു വീട്ടിലെ പട്ടിണിക്ക് അറുതി വരുത്തുക.

പ്രായമേറി വന്നപ്പോള്‍ ചായക്കടയിലെ വരുമാനം കൊണ്ട് ജീവിതം രക്ഷപ്പെടില്ല എന്ന് തോന്നി. അങ്ങനെയാണ് മുപ്പത്തിയഞ്ചു വര്‍ഷം മുന്‍പ് ഇതുപോലൊരു വേനല്‍ പകലില്‍ ലോട്ടറി കച്ചവടം അരംഭിക്കുന്നത്.

‘സ്വപ്‌നങ്ങള്‍ കാണാന്‍ കപ്പം കൊടുക്കണ്ടല്ലോ കുറേസ്വപ്നം കണ്ടു, പിന്നെ അതൊക്കെ അങ്ങ് നിന്നു. ഇപ്പോള്‍ എങ്ങനെയെങ്കിലും ജീവിച്ചാല്‍ മതി എന്നാണ്’ ശിവന്‍ നായര്‍ പറയുന്നു.


ശിവന്‍ നായര്‍ 

‘അക്കാലത്തൊന്നും ലോട്ടറി വില്‍പ്പനയ്ക്ക് ഇത്രയും നൂലാമാലകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒരു ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും കൊടുത്താല്‍ ലോട്ടറി ഏജന്റ് ആകാം. ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ല.’

ഈ പ്രദേശത്തെ ഏറ്റവും സീനിയര്‍ ലോട്ടറി ഏജന്റുമാരില്‍ ഒരാളാണ് ശിവന്‍ നായര്‍. സീനിയര്‍ ആയിട്ട് മാത്രം കാര്യമില്ലല്ലോ ഭാഗ്യം കൂടി വേണ്ടേ. കൂടെ തൊഴില്‍ തുടങ്ങിയവരില്‍ പലരും നല്ല നിലയില്‍ ആയി. എനിക്കു ശേഷം ലോട്ടറി കച്ചവടത്തിനിറങ്ങിയവരും രക്ഷപ്പെട്ടു; ശിവന്‍ അത്മഗതം ചെയ്തു.

‘ഇപ്പോള്‍ കുടുംബം നോക്കുന്നത് മക്കളാണ്. എന്നാലും തൊഴില് കൈവിടാന്‍ മടിയാണ്. കാരുണ്യ ഭാഗ്യക്കുറി വന്നതോടുകൂടി കുറെയൊക്കെ ലോട്ടറി മേഖല രക്ഷപ്പെട്ടിട്ടുണ്ട്. ആളുകള്‍ കുറച്ചുകൂടി ലോട്ടറി ശ്രദ്ധിക്കുന്നുണ്ട്. വെറുതെയെങ്കിലും എടുക്കും,’ ശിവന്‍ കൂട്ടിച്ചേര്‍ത്തു.

ഭാഗ്യമില്ലാത്ത രണ്ടു ഭാഗ്യവില്‍പ്പനക്കാര്‍. ഇതുപോലെ എത്രയോ നിഭാഗ്യവാന്മാര്‍ കാണും കേരളം മുഴുവന്‍. വഴിയരികില്‍ കാണുന്ന ഓരോ ഭാഗ്യക്കുറിക്കാരനെയും തഴഞ്ഞു കൊണ്ട് നമ്മള്‍ നടന്നു നീങ്ങുമ്പോള്‍ അറിയുന്നില്ല, ഇവര്‍ അനുഭവിക്കുന്ന ദുരിത ജീവിതം.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍