UPDATES

ട്രെന്‍ഡിങ്ങ്

ശിവസേനക്കാരെ ഗുണ്ടകളെന്ന് വിളിക്കാം; സഹായിച്ച പൊലീസുകാരെ എന്ത് വിളിക്കണം?

സദാചാര പൊലീസിംഗിനെതിരെ മുഖ്യമന്ത്രി ഇടയ്ക്കിടയ്ക്ക് താക്കീത് നല്‍കിയതുകൊണ്ട് മാത്രം കാര്യമില്ല. സദാചാര പൊലീസ് കളിച്ച് അക്രമം നടത്തുന്നത് സദാചാര പൊലീസുകാരായാലും ശരി, ഒറിജിനല്‍ പൊലീസുകാരായാലും ശരി, ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് വരുത്താനാകണം.

പൊലീസുകാരും സദാചാര പൊലീസുകാരും മത്സരിച്ച് സദാചാര സംരക്ഷണം നടത്തുകയും പൊലീസ് സംരക്ഷണത്തില്‍ തന്നെ സദാചാര പൊലീസുകാര്‍ സദാചാരം സംരക്ഷിക്കുകയും ചെയ്യുന്ന ലോകത്തെ അപൂര്‍വ പ്രദേശങ്ങളിലൊന്നായിരിക്കും കേരളം. അത്തരത്തിലൊരു കാഴ്ചയാണ് ഇന്നലെ കൊച്ചി മറൈന്‍ ഡ്രൈവില്‍ കണ്ടത്. വളരെ സമാധാനപരമായി, ആരെയും ഉപദ്രവിക്കാതെ ഒരുമിച്ച് ഒരു ബഞ്ചിലിരുന്ന യുവതീയുവാക്കളെ ശിവസേന എന്ന ഹിന്ദുത്വ തീവ്രവാദി സംഘടനയുടെ ഗുണ്ടാപ്പട ചൂരല്‍ കൊണ്ട് അടിച്ചോടിച്ചു. അതിന് ചില പൊലീസുകാര്‍ എല്ലാ സംരക്ഷണവും ഒരുക്കി.

പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലും മേല്‍നോട്ടത്തിലുമായിരുന്നു ശിവസേനയുടെ ഈ ‘സംസ്‌കാര സംരക്ഷണം’. കഴിഞ്ഞ ആഴ്ചകളിലൊന്നില്‍ തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ ബഞ്ചിലിരുന്ന ആണ്‍ – പെണ്‍ സുഹൃത്തുക്കളെ വനിതാ പൊലീസുകാരികള്‍ ഒരു കാര്യവുമില്ലാതെ വിളിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയ സംഭവവും കണ്ടു. പാലക്കാട് കോട്ട മൈതാനത്ത് സമാനമായ സംഭവമുണ്ടായിരുന്നു. പൊലീസുകാര്‍ തന്നെയാണ് അവിടെ സദാചാര ഗുണ്ടായിസം കാണിച്ചത്. ശിവസേന ഒരു ക്രിമിനല്‍ ഗുണ്ടാസംഘമാണെന്ന് നമുക്കറിയാം. എന്നാല്‍ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന പൊലീസിനെ എന്താണ് വിളിക്കുക. പൊലീസിന്റെ ഒത്താശയോടെയാണല്ലോ ശിവസേന ഈ പണി ചെയ്യുന്നത്.

കൊച്ചിയിലും കോഴിക്കോടുമെല്ലാം കിസ് ഓഫ് ലൗ മൂവ്‌മെന്റിന്റെ പേരില്‍ സദാചാര പൊലീസിംഗിനെതിരെ നടന്ന ചുംബനസമരം എന്നറിയപ്പെട്ട പ്രക്ഷോഭത്തിലും ശിവസനേയുടെ ഗുണ്ടാസംഘം അഴിഞ്ഞാടുകയും സ്ത്രീകള്‍ അടക്കമുള്ളവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തപ്പോഴും കേരള പൊലീസിന് നോക്കുകുത്തിയുടെ പോസ്റ്റായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും എട്ട് പേരെ സ്ഥലം മാറ്റുകയും ചെയ്തിരിക്കുന്നു. നല്ല കാര്യം. പക്ഷെ മറൈന്‍ഡ്രൈവില്‍ കൂട ചൂടിയിരിക്കരുത്, ആണും പെണ്ണും ഒരുമിച്ചിരിക്കരുത് എന്നൊക്കെ പറയുകയും ഇത്തരത്തില്‍ ഇരിക്കുന്നവരെ ആട്ടിയോടിക്കുകയും ചെയ്യുന്നത് പൊലീസിന്റെ സ്ഥിരം കലാപരിപാടിയാണ്. ഇത്തരത്തിലുള്ള പൊലീസുകാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഭരണനേതൃത്വം ഗൗരവമായി ആലോചിക്കണം.

സദാചാര പൊലീസിംഗിനെതിരെ മുഖ്യമന്ത്രി ഇടയ്ക്കിടയ്ക്ക് താക്കീത് നല്‍കിയതുകൊണ്ട് മാത്രം കാര്യമില്ല. സദാചാര പൊലീസ് കളിച്ച് അക്രമം നടത്തുന്നത് സദാചാര പൊലീസുകാരായാലും ശരി, ഒറിജിനല്‍ പൊലീസുകാരായാലും ശരി, ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് വരുത്താനാകണം. ഒരു ഗുണ്ടാസംഘത്തിന് നാട്ടുകാരെ തല്ലാന്‍ ഒത്താശ ചെയ്യുന്ന പൊലീസുകാരെ സര്‍വീസില്‍ നിന്ന് തന്നെ പിരിച്ച് വിടുകയാണ് വേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍