UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സദ്ഗുരുവിന്റെ ശിവ പ്രതിമ നീക്കം ചെയ്‌തേക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ആവശ്യമായ അനുമതികളില്ലാതെയാണ് കോയമ്പത്തൂരില്‍ 112 അടി ഉയരമുള്ള പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍, മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷന്റെ ശിവ പ്രതിമ നീക്കം ചെയ്‌തേക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ആവശ്യമായ അനുമതികളില്ലാതെയാണ് കോയമ്പത്തൂരില്‍ 112 അടി ഉയരമുള്ള പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍, മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. പ്രതിമ തകര്‍ത്ത് ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി, കോടതി പരിഗണിച്ച് വരുകയാണ്. കയ്യേറിയ സ്ഥലത്ത് അനധികൃതമായി നിര്‍മ്മിച്ച പ്രതിമ അതും മതപരമായ ഒന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് വിവാദമായിരിക്കുകയാണ്.

പ്രദേശവാസികളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പരിസ്ഥിതിക്ക് ദോഷകരമാകുന്ന തരത്തിലുള്ള നിര്‍മ്മാണമാണ് നടന്നിരിക്കുന്നതെന്നും ആരോപണമുണ്ട്. വെള്ളിങ്കിരി ഹില്‍ ട്രൈബല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിയാണ് പ്രതിമ തകര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത് നിയമവിരുദ്ധമായാണെന്ന് കോയമ്പത്തൂരിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ടൗണ്‍ ആന്‍ഡ് പ്ലാനിംഗും (ഡിടിപിസി) വ്യക്തമാക്കിയിട്ടുണ്ട്. ചുറ്റമുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും അനുമതിയില്ല.

പ്രതിമ നിര്‍മ്മിച്ചത് നിയമവിരുദ്ധമായിട്ടാണെങ്കില്‍ പ്രധാനമന്ത്രി പങ്കെടുത്ത് മഹാശിവരാത്രിയോട് അനുബന്ധിച്ചുള്ള പരിപാടി തമിഴ്‌നാട് സര്‍ക്കാര്‍ തടയണമായിപരുന്നുവെന്ന് ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ നിത്യാനന്ദ് ജയരാമന്‍ പറഞ്ഞു. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും ഒരു നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പ്രതിമ സീല്‍ ചെയ്യാന്‍ നോട്ടീസുണ്ടെങ്കില്‍ എന്തുകൊണ്ട് നടപടിയുമായി മുന്നോട്ട് പോകുന്നില്ല എന്താണ് സര്‍ക്കാരിനെ തടയുന്നത് ഇഷ ഫൗണ്ടേഷനെ തമിഴ്‌നാട് സര്‍ക്കാരിന് ഭയമാണോ നിത്യാനന്ദ ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍