UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പവാറിന് പദ്മവിഭൂഷണ്‍ കൊടുത്തത് എന്‍സിപിയുമായുള്ള ധാരണ ?; ബിജെപിയുമായി കൂട്ടില്ലെന്ന് ശിവസേന

ബിജെപിയുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അവര്‍ സഹായം ചോദിക്കുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കുമെന്നാണ് പവാര്‍ പറഞ്ഞത്.

മഹാരാഷ്ട്രയില്‍ ബിജെപിയുമായി നിലവിലുള്ള സഖ്യം തുടരുമെന്നും എന്നാല്‍ ഇനി വരുന്ന തിരഞ്ഞെടുപ്പുകളിലൊന്നും ബിജെപിയുമായി സഖ്യമുണ്ടാവില്ലെന്നും ശിവസേന വ്യക്തമാക്കി. മുംബയ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ മത്സരമുണ്ടാകുമെന്ന് ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം ശിവസേന കൂടെയില്ലെങ്കില്‍ പ്രശ്‌നമൊന്നും ഇല്ലെന്ന മട്ടില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.

രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പദ്്മവിഭൂഷണ്‍ എന്‍സിപി നേതാവ് ശരദ് പവാറിന് നല്‍കിയതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ ഇക്കാര്യം പറയുന്നത്. ശരദ് പവാറിന് പദ്മവിഭൂഷണ്‍ നല്‍കിയതിലൂടെ ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംഎംസി) തിരഞ്ഞെടുപ്പില്‍ ബിജെപി എന്‍സിപിയുമായി അടുക്കുന്നതിന്റെ സൂചനയാണ് ലഭിക്കുന്നതെന്നാണ് ശിവസേനയുടെ വിലയിരുത്തല്‍. എന്‍സിപിയുമായി ബിജെപി രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ശിവസേന കരുതുന്നു. കോണ്‍ഗ്രസ് – എന്‍സിപി സഖ്യം 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തകര്‍ന്നിരുന്നു. ശിവസേനയാണെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി സഖ്യം വിട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയപ്പോള്‍ മന്ത്രിസഭ രൂപീകരിക്കാന്‍ പിന്തുണ നല്‍കി സഖ്യത്തില്‍ തിരിച്ചെത്തുകയായിരുന്നു. പിന്നീട് സഖ്യത്തില്‍ നിന്ന് കൊണ്ട് തന്നെ സംസ്ഥാനത്തും ദേശീയതലത്തിലും ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഏറ്റവും വലിയ വിമര്‍ശകരില്‍ ശിവസേനയും ഉണ്ടായിരുന്നു. നോട്ട് പിന്‍വലിക്കല്‍ നടപടിയായാലും ബിഫ് വിവാദമായാലും ശിവസേന ബിജെപിക്കെതിരെ രംഗത്തെത്തി.

ഇത്തവണത്തെ പദ്മ അവാര്‍ഡുകളിലൊന്ന് ‘ഗുരുദക്ഷിണ’യാണെന്ന് പവാറിന്റെ പേരെടുത്ത് പറയാതെ ഉദ്ധവ് താക്കറെ പറഞ്ഞു. ഇക്കാര്യത്തില്‍ ശിവസേനയ്ക്ക് എന്താണ് പറയാനുള്ളത് എന്നാണ് രാജ്യം ഉറ്റുനോക്കുന്നതെന്നും ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു. ശിവസേനയുടെ വാദം ശരിവക്കുന്ന തരത്തിലാണ് ശരദ് പവാറിന്റെ പ്രതികരണം. ബിജെപിയുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അവര്‍ സഹായം ചോദിക്കുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കുമെന്നാണ് പവാര്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍