UPDATES

ഈ തെമ്മാടിക്കൂട്ടത്തിന്റെ സദാചാരനായാട്ടിനെ ആട്ടിപ്പായിക്കുക

സർവ്വ മാനവവിരുദ്ധദുർമൂല്യങ്ങളും ഒന്നിച്ചുചേർന്ന സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാവുന്ന മലയാളി എന്തു ചെയ്യാമോ അതിന്റെ മൈനർ വേർഷൻ ആണ് മറൈൻഡ്രെവിൽ കണ്ടത്.

അങ്ങനെ അതും നടന്നു. ഒരു രാഷ്ടീയപാർട്ടി എന്ന പേരിൽ കൊടിയും പിടിച്ച് മുദ്രാവാക്യവും വിളിച്ച് ഒരു തെമ്മാടിക്കൂട്ടം, ഒന്നിച്ചിരിക്കുന്ന ആണുങ്ങളെയും പെണ്ണുങ്ങളേയും ഈ ‘പ്രബുദ്ധകേരള’ത്തിൽ അടിച്ചോടിച്ചു; കാക്കിയിട്ട ഇരുകാലി ഊളകൾ നോക്കിനിൽക്കേ, പട്ടാപ്പകൽ. മറൈൻഡ്രെവിൽ നടന്ന ശിവസേനയുടെ തെമ്മാടിത്തം പെട്ടെന്നുണ്ടായ പ്രകോപനങ്ങളുടേയോ വൈകാരികാവേഗങ്ങളുടേയോ ഫലമാണെന്ന് കരുതുന്നുണ്ടോ? ഒരു യാദൃശ്ചികതയുമില്ല, ആകസ്മികതയുമില്ല. കരുതിക്കൂട്ടി രൂപകൽപ്പന ചെയ്ത ക്രിമിനലിസമാണിത്. ആർഎസ്എസിനു പോലും താങ്ങാത്തത്ര ക്രിമിനലിസം നിറഞ്ഞ വിഷജീവികളാണ് കേരളത്തിലെ ശിവസേനയായത്. അവർ കേവലപ്രകോപിതരല്ല. നിയമവ്യവസ്ഥയോടെന്നല്ല മനുഷ്യരോടുതന്നെയും പരിഗണനയില്ലാത്ത അപായകാരികളാണ്. അവർക്കു നേർക്കുനേർ നിൽക്കാൻ ഇനി മലയാളികളായ മനുഷ്യർ മുന്നിട്ടിറങ്ങണം.

എനിക്ക് ശിവസേനയെയോർക്കാൻ വയറ്റീപ്പെഴപ്പിന് മുംബൈയിൽ ചെന്നുപെട്ട കാലം മുഴുവൻ ഈസ്റ്റ്മാൻ കളറിൽ ഒന്നു റീവൈൻഡ് ചെയ്താൽ മതി. “മദ്രാസിപ്പട്ടികളുടെ കാലൊടിച്ച് നാട്ടിലേക്കു വിടണം” എന്ന ബേരൻ മേത്തായുടെ പ്രസംഗം, “മദ്രാസികളെ ട്രെയിനിൽ കയറ്റരുത്” എന്ന ബാൽ താക്കറെ പ്രസംഗം, “മദ്രാസി ഹെ ക്യാ?” എന്ന ചോദ്യത്തിലും പുരികം വളയ്ക്കലിലും മുംബൈയിലെ ഓടയിൽ നുരയ്ക്കുന്ന പുഴുക്കളെപ്പൊലെ നോക്കിയിരുന്ന ശിവസേനക്കാരൻ അയൽവാസി… അടുത്ത ഫ്ലാറ്റിലെ മലയാളിയുടെ കുട്ടിക്കു രാത്രി പനിവന്നപ്പോൾ വണ്ടിയിറക്കാൻ വഴിയിലെ കാറൊന്ന് മാറ്റിത്തരാമോ എന്നപേക്ഷിച്ച ഞങ്ങളുടെ മുഖത്തേയ്ക്ക് ‘ജാ ബദ്‌മാഷ്, മദ്രാസീ’ എന്നു വാതിൽ കൊട്ടിയടച്ച വേറൊരു ശിവസേനപ്രമുഖ്… ഇതൊക്കെയാണ് നേരനുഭവത്തിലെ ശിവസേന.


കടപ്പാട്: ന്യൂസ്18 കേരളം

മദ്രാസികൾ, എന്നുവെച്ചാൽ മലയാളികളടക്കമുള്ള സൗത്തിന്ത്യൻ ജനത, മുംബൈയിലെ തെരുവുപട്ടികളെപ്പോലെയാണെന്നും ഇവറ്റ കൂട്ടം കൂടി ഇവിടെയുള്ളവരെ കടിച്ചുകീറുമെന്നും തെരുവുപട്ടികളെ അടിയന്തരസാഹചര്യങ്ങളിൽ എങ്ങനെ കൈകാര്യം ചെയ്യുന്നോ അതുപോലെ മദ്രാസികളെ കൈകാര്യം ചെയ്യണമെന്നും മോഹൻ ഖഡ്പാഡെ എന്ന ശിവസേനപ്പിശാച് പ്രസംഗിയ്ക്കുന്നതും ചുറ്റുമുള്ള ഹിംസ്രജീവികൾ കയ്യടിക്കുന്നതും നേരിട്ടുകണ്ടു. അന്നാ വേദിയിൽ കയ്യടിക്കാനും ചിരിക്കാനുമുണ്ടായിരുന്നു താക്കറേയാണ് രാജ് താക്കറേ. അനവധി താക്കറേ അനുചരന്മാരുടെ ‘മദ്രാസി’യെന്ന ഭാവത്തിൽ ഒളിഞ്ഞിരിക്കുന്ന പുച്ഛവും പരിഹാസവും അനവധി തവണ പിന്നീടു നേരിട്ടനുഭവിച്ചു.

വർഷങ്ങൾക്കു ശേഷം, മദ്രാസികളെ പട്ടികളെപ്പോലെ കൈകാര്യം ചെയ്യണമെന്നു പറഞ്ഞ സംഘടനയ്ക്ക് കേരളത്തിൽ യൂണിറ്റിടുന്ന മദ്രാസിപ്പിശാചുക്കളേയും കണ്ടു. അതും കഴിഞ്ഞ്, നാട്ടിൽ നടക്കുന്ന ജനാധിപത്യസമരങ്ങളെപ്പറ്റി അഭിപ്രായം പറയാൻ ചാനൽക്കസേരകളിൽ ‘ശിവസേനപ്രതിനിധി’ വന്നിരിയ്ക്കുന്നതും കണ്ടു. ശിവസേന എന്തോ സന്നദ്ധസംഘടനയാണെന്നും, ആംബുലൻസുണ്ടെന്നും ഒക്കെ പറയുന്നതുവരെ കണ്ടു. അതൊക്കെ കണ്ടിരുന്നെങ്കിലും ഫേസ്ബുക്കിൽ രാഷ്ടീയം ‘ശിവസേന’ എന്നെഴുതിക്കണ്ട മൂന്ന് ഐഡികളെയെങ്കിലും ഒരു പ്രകോപനവുമില്ലാതെ ബ്ലോക്കി. അത്രയ്ക്കു ജനാധിപത്യമേ എനിക്കുള്ളൂ എന്നു സ്വയം അത്മഗതാഗതിച്ചു.

Also Read: കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം: മറൈന്‍ ഡ്രൈവില്‍ യുവതീയുവാക്കളെ ആക്രമിച്ചു

പക്ഷേ തീർന്നില്ലല്ലോ, തീരില്ലല്ലോ. ചവിട്ടിപ്പുറത്താക്കിയതും കാർക്കിച്ചുതുപ്പിയതും കരാളരൂപം പൂണ്ട് എഴുന്നേറ്റുവരുന്ന കാലം മുന്നിൽ തെളിഞ്ഞുവരുന്നു. മറൈൻഡ്രെവിലെ ഇന്നലത്തെ ഷോയുടെ എത്രയോ മെഗാഷോകൾ അവർ മഹാരാഷ്ട്രയിൽ നടത്തിയിട്ടുണ്ട്. കൊളാബയിലും നരിമാൻപോയന്റിലും ഒന്നിച്ചിരിക്കുന്ന പങ്കാളികളെ ഓടിച്ചും വലന്റൈൻസ് ഡേ ആഘോഷിക്കുന്നവരെ തീയിട്ടു ചുട്ടുകളയുമെന്ന് ഭീഷണിപ്പെടുത്തിയും അനേകകാലം ബാൽ താക്കറേ കളിച്ച വെറുപ്പിന്റെ രാഷ്ടീയ ഉരുവമാണ് ശിവസേന. അപരദ്വേഷത്തിന്റെ കൊടുംവേരിൽ മുളച്ചുപൊങ്ങിയ വിഷവൃക്ഷം.

മലയാളികൾക്ക് ചേരാനല്ല, മറാത്തികൾക്ക് വേണ്ടി പോരാടാനുള്ള സൈന്യമാണ് ശിവസേന എന്ന് ആദ്യമേ ബാൽ താക്കറെ വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തെക്കേ ഇന്ത്യക്കാരാണ് എന്ന് ആദ്യത്തെ പാർട്ടി മാനിഫെസ്റ്റോയിൽ തന്നെ ബാൽ താക്കറേ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ബോംബ നഗരത്തിലെ തെന്നിന്ത്യക്കാരായ കോർപ്പറേറ്റ് ഒഫീഷ്യലുകളുടെ പേരുകൾ പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടാണ് താക്കറേ, മദ്രാസികൾ മഹാരാഷ്ട്രക്കാരുടെ ജോലി തട്ടിയെടുക്കുന്നുവെന്നും തെക്കേ ഇന്ത്യക്കാരാണ് മറാത്തികളുടെ ദുരവസ്ഥക്ക് കാരണമെന്നും സിദ്ധാന്തിച്ചത്. തെന്നിന്ത്യൻ വെറുപ്പിലാണ് ശിവസേന തുടങ്ങുന്നതു തന്നെ.

എന്തെല്ലാം മനുഷ്യവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കാമോ അവ സർവ്വതും ഒരുപോലെ കൈക്കൊണ്ട അപൂർവ്വം ഇന്ത്യൻ സംഘടനകളിൽ  ഒന്നാമത്തേതാണ് ശിവസേന. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെ സർവ്വാത്മനാ പിന്തുണച്ചു. ജനങ്ങൾ ഭരിക്കുന്നവർക്ക് അടിമകളായിരിക്കണം എന്ന് ‘സാമ്‌ന’യെന്ന മുഖപത്രത്തിൽ ബാൽ താക്കറേ എഴുതി. ക‌മ്യൂണിസ്റ്റ് പാർട്ടി എംഎൽഎ കൃഷ്ണ ദേശായിയെ ക്രൂരമായി കൊലപ്പെടുത്തി. അയൽസംസ്ഥാനങ്ങളോടുള്ള വെറുപ്പ് അയൽരാജ്യങ്ങളിലേക്ക് അതിലും തീഷ്ണമായി വ്യാപിപ്പിച്ചു. പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണം… ചെയ്യണമെന്ന് മരണം വരെ ബാൽ താക്കറേ ആക്രോശിച്ചുകൊണ്ടിരുന്നു. ബാബറിമസ്ജിദ് തകർന്നതിനേത്തുടർന്നുള്ള മുംബൈ കലാപത്തിന് ചുക്കാൻ പിടിച്ചു. എത്രയോ മുസ്ലീങ്ങളുടെ ചോരകൊണ്ട് ശിവസേന തെഴുത്തുവളർന്നു. സകല ദളിത് പ്രക്ഷോഭങ്ങൾക്കും നിലപാടുകൾക്കും എതിരുനിന്നു. ദളിതരെ നിരന്തരം വേട്ടയാടി. സംവരണത്തെ പു‌ച്ഛിച്ചുതള്ളി. മഹാരാഷ്ട്ര സര്‍ക്കാര്‍ അംബേദ്കറുടെ ‘റിഡില്‍സ് ഓഫ് രാമ ആന്‍ഡ് കൃഷ്ണ’ പ്രസിദ്ധീകരിച്ചപ്പോൾ താക്കറേയും ശിവസേനയും അതിനെ ശക്തമായി എതിര്‍ത്തു.

തീർന്നില്ല – ഇങ്ങനെ പട്ടികപ്പെടുത്താൻ നിന്നാൽ രക്തമൊഴുകുന്ന ചരിത്രസാക്ഷ്യങ്ങളുടെ പട്ടിക ഒരുപാട് നീളും. ഹിറ്റ്‌ലറുടെ നിതാന്താരാധകനായിരുന്നു ബാൽ താക്കറേ. പലതവണ ‘ഹിന്ദുക്കളുടെ സൈന്യം’ എന്ന ആശയം ബാൽ താക്കറേ മുന്നോട്ടുവെച്ചിട്ടുണ്ട്. സ്വയം ഹിറ്റ്‌ലറുടെ ഗുണഗണങ്ങൾ തികഞ്ഞ ആളായിട്ടാണ് താക്കറേ കരുതിയിരുന്നതും വിശേഷിപ്പിച്ചതും. അതൊരു കേവലാരാധന ആയിരുന്നില്ല. എന്നും ഹിറ്റ്‌ലറുടെ അപരവിദ്വേഷത്തിന്റെ  കൊടുംവിഷം അതേപടി താക്കറേ വമിപ്പിച്ചുകൊണ്ടിരുന്നു. ഗസൽ ഗായകരുടെ സ്റ്റേജുകൾ തല്ലിത്തകർത്തും നിരന്തരം ഹേറ്റ്‌സ്പീച്ചുകൾ നടത്തിയും താക്കറേ അതു തുടർന്നുകൊണ്ടിരുന്നു, മരണം വരെ. I am a great admirer of Hitler, and I am not ashamed to say so! and I feel that I have several things in common’ എന്ന് പലതവണ പ്രസംഗിച്ചത് പ്രവർത്തിച്ചുകാണിച്ച ഇന്ത്യൻ ഹിറ്റ്ലർ ആണ് താക്കറേ.

ഇങ്ങനെ സർവ്വ മാനവവിരുദ്ധദുർമൂല്യങ്ങളും ഒന്നിച്ചുചേർന്ന സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാവുന്ന മലയാളി എന്തു ചെയ്യാമോ അതിന്റെ മൈനർ വേർഷൻ ആണ് മറൈൻഡ്രെവിൽ കണ്ടത്. കേരളത്തിൽ ഇന്നിതൊരു നോൺസെൻസായി തോന്നും, ഇടതുപക്ഷം എന്ന മതിൽ ശക്തമായുയർന്നു നിൽക്കുന്നിടത്തോളം  ഈ മൂർഖൻപാമ്പുകളുടെ പത്തി താഴ്‌ത്താനുമാവും. പക്ഷേ നിരന്തരമായ പരിശ്രമത്തിലൂടെ അവർ ശ്രമിക്കുന്നത് ഈ അന്തരീക്ഷം തകർക്കാനാണ്. ജനാധിപത്യവാദികളായ സകലരും തിരിച്ചറിയേണ്ടത് ഇതാണ്.

മുന്നറിയിപ്പ്: മാധ്യമസുഹൃത്തുക്കളേ, നിങ്ങളുടെ ചാനൽക്കസേരകളിൽ കയറ്റിയെഴുന്നള്ളിച്ച് ത്രികോണവും ഷഡ്കോണവും നിർമ്മിച്ചു ചർച്ച കൊഴുപ്പിക്കുമ്പോൾ ഏതെല്ലാം പച്ചിലപ്പാമ്പുകളാണ് മൂർഖനായി വിഷം മൂത്തു പുറത്തിറങ്ങുന്നത് എന്നുകൂടി കാണുക. എന്നിട്ട് ഏത് രാജവെമ്പാലയെ വേണമെങ്കിലും പാലുകൊടുത്ത് വളർത്തിക്കോളുക. അത്രയേ തൽക്കാലം പറയാനുള്ളൂ.

മനുഷ്യരുടെ മഹാപ്രതിരോധങ്ങൾക്ക്, സൗഹൃദങ്ങളുടെ ഉൽസവങ്ങൾക്ക് മറൈൻഡ്രെവ് സാക്ഷിയാവണം. അഭിവാദ്യങ്ങൾ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍