UPDATES

വിശ്വസിക്കാന്‍ കഴിയുന്നില്ല, ഇത് ദീപിക പദുകോണ്‍ തന്നെയോ?

അഴിമുഖം പ്രതിനിധി

ദീപിക പദുകോണിന്റെ പുതിയ ചിത്രം കണ്ട് മൂക്കത്തുവിരല്‍ വച്ചിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു എംടിവിയുടെ യൂറോപ്യന്‍ മൂസിക് അവാര്‍ഡ് ചടങ്ങിന്റെ അവതാരകയായി ദീപിക അന്താരാഷ്ട്രശ്രദ്ധയിലേക്ക് വന്നത്. മോനിഷ ജയ്‌സിംഗും ഷലീന്‍ നഥാനിയും ചേര്‍ന്നൊരുക്കിയ വസ്ത്രത്തില്‍ ദീപികയുടെ സൗന്ദര്യത്തെ വാഴ്ത്തിയും വിമര്‍ശിച്ചും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും സജീവമായിരുന്നു. എന്നാല്‍ അതേ ദീപികയെ ഇപ്പോള്‍ കാണുമ്പോള്‍ അമ്പരന്നു പോയില്ലെങ്കിലാണ് അത്ഭുതം.

മുംബൈയിലെയോ ഡല്‍ഹിയിലെയോ ഏതോ ചേരിയില്‍ ഒരു സാധാരണ പെണ്‍കുട്ടിയെപോലെ തീര്‍ത്തും ഗ്ലാമര്‍ലെസ്സായി ഇരിക്കുന്ന ദീപകയുടെ സമീപം മറ്റൊരാള്‍ കൂടിയുണ്ട്. ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദി മജീദി. മജീദിയുടെ പുതിയ ചിത്രത്തില്‍ ദീപിക പ്രധാനവേഷത്തില്‍ അഭിനയിക്കുന്നൂ എന്നതാണ് ഈ ചിത്രം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് മജീദിയുടെ പുതിയ സിനിമ പറയുന്നത്. ഇതിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മജീദി ഇപ്പോള്‍ ഇന്ത്യയിലുണ്ട്. മുംബൈ, ഡല്‍ഹി, യുപി, രാജസ്ഥാന്‍ കശ്മീര്‍ എന്നീവിടങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. മനുഷ്യബന്ധങ്ങളുടെ കഥ തന്നെയാണ് തന്റെ പുതിയ സിനിമയിലൂടെയും മജീദി പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്തവര്‍ഷംആദ്യമോ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

എന്തായാലും ബോളിവുഡിലെ ഗ്ലാമര്‍ കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രൂപത്തിലെത്തുന്ന ദീപികയ്ക്ക് മജീദി മജീദിയുടെ സിനിമ അന്താരാഷ്ട്രതലത്തില്‍ ഒരു അഭിനേത്രി എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ നേടിക്കൊടുക്കുമെന്നു കരുതാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍