UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷൂവും സോക്സും എന്ന പൊങ്ങച്ചം നമ്മുടെ കുട്ടികളോട് ചെയ്യുന്നത്

Avatar

വി ഉണ്ണികൃഷ്ണന്‍

പാശ്ചാത്യ രീതികള്‍ വേണ്ടയിടത്തും വേണ്ടാത്തിടത്തും തിരുകിക്കയറ്റുന്ന മലയാളി ഇപ്പോഴും തിരിച്ചറിയാത്ത ഒന്നാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഇന്നലെ ജനശ്രദ്ധയിലേക്ക് എത്തിച്ചത്. മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്നും അനുയോജ്യമായ ചെരുപ്പോ മറ്റോ അണിഞ്ഞാല്‍ മതിയെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ വിദ്യാഭ്യാസവകുപ്പിനു നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഇതാണ് കമ്മീഷന്റെ ഉത്തരവ്;

നനഞ്ഞ ഷൂസും സോക്സുമായി ദിവസം മുഴുവന്‍ ക്ലാസ്സില്‍ ഇരിക്കേണ്ടിവരുന്നത് കുട്ടികള്‍ക്ക് അസുഖത്തിന് കാരണമാകുന്നുവെന്നും മഴക്കാലത്ത് ഷൂസും സോക്സും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഒരു രക്ഷിതാവ് നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്‍റെ ഉത്തരവ്. കുട്ടികളുടെ താല്‍പര്യസംരക്ഷണം കണക്കിലെടുത്ത് കമ്മീഷന്‍ അടിയന്തിരമായി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്റ്റര്‍, സി.ബി.എസ്സ്.ഇയുടെ തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസര്‍ എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സ്വീകരിച്ച നടപടി പത്തുദിവസത്തിനകം അറിയിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം അഡ്വ.കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ കുട്ടി അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കിയ ഒരു രക്ഷകര്‍ത്താവ് അയച്ച പരാതിയാണ് ബാലാവകാശ സംരക്ഷണ കമ്മീഷനെക്കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ഈ നിര്‍ദ്ദേശം ഇറക്കിച്ചത്.

‘സാധാരണ ഗതിയില്‍ സ്വമേധയാ നടപടികള്‍ സ്വീകരിക്കുകയും സര്‍ക്കാരിനു ശുപാര്‍ശ ചെയ്യുകയുമാണ് പതിവ്. പിന്നീട് അതൊരു റൂള്‍ ആയി സര്‍ക്കാര്‍ ആണ് നടപ്പിലാക്കുക. എന്നാല്‍ മുന്‍പും സമാനമായ പരാതികള്‍ ലഭിക്കുകയും അതില്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കൈവശം ഉള്ളതിനാലും ഈ കേസില്‍ കമ്മീഷന്‍ ഉടനടി നടപടി കൈക്കൊള്ളുകയായിരുന്നു’ എന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശോഭാ കോശി വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ വിദഗ്ധര്‍ പലരും ഈ നടപടിയെ സ്വാഗതം ചെയ്യുന്നു.

‘ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഈ ഇടപെടല്‍ സ്വാഗതാര്‍ഹമാണ്.  ഈ നിര്‍ദ്ദേശം വളരെക്കാലങ്ങളായി നിലവിലുണ്ടായിരുന്ന ഒരു തെറ്റായ സമ്പ്രദായത്തെയാണ് ചോദ്യം ചെയ്യുന്നത്. നനഞ്ഞ ഷൂവും സോക്സുമായി വിദ്യാര്‍ഥികള്‍  മണിക്കൂറുകളോളം ഇരിക്കേണ്ടി വരാറുണ്ട്. അതുവഴി ഉണ്ടാകുന്ന ആരോഗ്യ-മാനസികപ്രശ്നങ്ങള്‍ നിസാരവത്കരിക്കുകയാണ് പലപ്പോഴും നടക്കുന്നത്. മുന്‍പേ വേണ്ടിയിരുന്ന ഒന്നായിരുന്നു ഈ ഇടപെടല്‍. ഷൂ-സോക്സ് എന്നിവയില്‍ മാത്രമൊതുങ്ങാതെ മറ്റു ചില കാര്യങ്ങളില്‍ കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പ്രത്യേകിച്ചും കുട്ടികള്‍ ഓരോ ദിവസവും ചുമക്കേണ്ടി വരുന്ന ഭാരത്തിന്റെ കണക്കില്‍. ബുക്കുകളും പുസ്തകങ്ങളും ഭക്ഷണവും മറ്റു സാമഗ്രികളും അടക്കം ഒരു കുട്ടി ചുമക്കുന്ന ഭാരം വളരെ കൂടുതലായിരിക്കുകയാണ് ഇന്ന്. സ്കൂള്‍ സമയത്ത് റോഡിലേക്ക് നോക്കുകയാണെങ്കില്‍ തലയും കുനിഞ്ഞ് ഭാരമെടുത്ത് പോകുന്ന ഏറെ കുരുന്നുകളെ നമുക്കു കാണാനാകും’- എന്നും ശാസ്ത്രസാഹിത്യ പരിഷദ് നിര്‍വ്വാഹകസമിതി അംഗം സന്തോഷ്‌ അഭിപ്രായപ്പെടുന്നു.

ഇംഗ്ലീഷ് മീഡിയം നിലവില്‍ വന്നശേഷമാണ് കേരളത്തിലെ സ്കൂളുകളിലെ ഡ്രസ് കോഡ് സമ്പ്രദായം മാറ്റത്തിനു വിധേയമാകുന്നത്. അങ്ങനെയാണ് ഷൂ, സോക്സ്‌, ടൈ എന്നീ സംഗതികള്‍ കേരളത്തിലേക്ക് കടന്നു വരുന്നത്. ഒരു ഘട്ടത്തില്‍ പ്രൈവറ്റ് സ്കൂളുകളില്‍ മാത്രം നിലവിലുണ്ടായിരുന്ന ഈ സിസ്റ്റം കുറച്ചു കാലങ്ങളായി സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളെയും ബാധിച്ചിരിക്കുകയാണ്. അന്യരാജ്യങ്ങളില്‍ അവിടത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തില്‍ വസ്ത്രധാരണം ക്രമീകരിക്കുമ്പോള്‍ അതിന്റെ അന്ധമായ അനുകരണം മാത്രമാണ് ഇവിടെ നടക്കുന്നത്. എന്നാല്‍ ഈ ഡ്രസ് കോഡ് ഉപയോഗിക്കുന്നത്‌ കൊണ്ട് എന്താണ് കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വരുന്ന മാറ്റം എന്ന് ഇതുവരെ ശാസ്ത്രീയമായി കണക്കിലാക്കപ്പെട്ടിട്ടില്ല. 

പല വിദേശ രാജ്യങ്ങളിലും സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ വീട്ടിലേക്കോ തിരിച്ചോ കൊണ്ടുനടക്കാറില്ല. സ്കൂളില്‍ ഉപയോഗിക്കുന്നവ അവിടെത്തന്നെ സൂക്ഷിക്കുകയാണ് പതിവ്. രണ്ടിടങ്ങളിലും ഉപയോഗിക്കുവാന്‍ പ്രത്യേകം പുസ്തകങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു. അതിലൂടെ അമിതഭാരം എന്നത് ഒഴിവാകുകയാണ്. നമ്മുടെ കുട്ടികള്‍ ചുമടു താങ്ങികളെ പോലെയാണ് നടക്കുന്നത്. അതുപോലെ തന്നെ സമ്മര്‍ സ്കൂള്‍, വിന്റര്‍ സ്കൂള്‍ എന്നിങ്ങനെ രണ്ടായി തരംതിരിച്ചാണ് ഓരോ വര്‍ഷവും അധ്യയനം നടക്കുക. കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിലുള്ള വസ്ത്രം കുട്ടികള്‍ക്ക് ഉപയോഗിക്കുകയും ആകാം. ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ ഈ സമ്പ്രദായം അഡാപ്റ്റ് ചെയ്തിട്ടുമുണ്ട്.

എന്നാല്‍ കേരളത്തിലെ സ്ഥിതി മറ്റൊന്നാണ്. സോക്സ്‌ ഇത്തിരി നനഞ്ഞാല്‍ എന്ത് സംഭവിക്കും എന്ന് കൊല്ലം ജില്ലയിലെ  ഒരു മൂന്നാം ക്ലാസുകാരി പറയുന്നത് കേള്‍ക്കാം. 

‘രാവിലെ സ്കൂള്‍ ബസ്സില്‍ കൊണ്ടു വിടുന്നത് അച്ഛയാ..

വീട്ടിന്നു റോഡി വന്നാ അവിടേം വെള്ളം.

എല്ലാരടേം കൊടെന്നു വീണ  വെള്ളം ബസ്സേലും. ഞാന്‍ മാറി നിക്കും. എന്നാലും സ്കൂളീ ചെല്ലുമ്പോ സോക്സ്‌ അപ്പടി വെള്ളാരിക്കും. തണുപ്പെടുത്തിട്ടു പല്ലൊക്കെ കിടുകിടൂന്നാവും..ശൂന്റെ ക്ലിപ്പ് അമ്മയാ ഇടുന്നേ. വൈകിട്ട് വീട്ടി വന്നേച്ച് അമ്മ അഴിക്കും. അപ്പ വരെ ചൊറിച്ചിലും നാറ്റോം തണുപ്പും’

ഇത്രയും മാത്രമേ ആ കുരുന്നിനു പറയാന്‍ അറിയൂ.

ബാക്കി കുട്ടിയുടെ അമ്മ പറയും.

‘വൈകിട്ട് അവള്‍ വീട്ടില്‍ വരുമ്പോള്‍ ഞാനാണ് ഷൂവും സോക്സും ഒക്കെ ഊരിക്കൊടുക്കുക. സോക്സ്‌ മാറ്റിക്കഴിഞ്ഞാല്‍ ഏറെനേരം വെള്ളത്തില്‍ ഇട്ടു വച്ചതു പോലെ കാല്‍ ഒക്കെ വെളുത്ത് ഇരിക്കുന്നത് കാണാം. രാതിയില്‍ ഒക്കെ ഇരുന്നു ചൊറിയും. ഇടയ്ക്ക് ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഫംഗസ് ഇന്‍ഫക്ഷന്‍ ആണ് എന്ന് ഡോക്ടര്‍ പറഞ്ഞു. ഇപ്പോള്‍ മരുന്ന് കഴിക്കുന്നുണ്ട്’

ഇതേക്കുറിച്ച് പീഡിയാട്രീഷ്യനായ ഡോക്ടര്‍ ശ്രീജിത്ത്‌ പറയുന്നു.

‘ഫംഗസ് ബാധ ഉണ്ടാവുന്നതിന് ഒരു കാരണമാണ് സോക്സിലും ഷൂവിലും ഈര്‍പ്പം നില്‍ക്കുന്നത്. വിരലുകള്‍ക്കിടയില്‍ ഉള്ള ഇന്റര്‍ ഡിജിറ്റല്‍ സ്പേസ് എന്ന ഭാഗത്ത് ഫംഗസ് ബാധ ഉണ്ടാവുകയും അത് ഇന്‍ഫക്ഷന്‍ വരുത്തുകയും ചെയ്യും. കൂടാതെ നനഞ്ഞ സോക്സ്‌ ചുരുങ്ങുമ്പോള്‍ സ്വാഭാവികമായും അത് ടൈറ്റ് ആകും. ബ്ലഡ് സര്‍ക്കുലേഷന്‍ കുറയാന്‍ അത് കാരണമാകും. പിറകേ ഹൈജീന്‍ സംബന്ധമായ പ്രശ്നങ്ങളും’-ഡോക്ടര്‍ വ്യക്തമാക്കുന്നു.

ഇത്രയൊക്കെ വിഷമതകള്‍ ഉണ്ടെങ്കിലും മാതാപിതാക്കളില്‍ പലരും ഇക്കാര്യം മരുന്ന് വാങ്ങുന്നതിനപ്പുറത്തേക്ക് കൊണ്ടുപോകാറില്ല. കമ്മീഷന് പരാതി നല്‍കിയ രക്ഷകര്‍ത്താവിനെപ്പോലെ ഉള്ളവര്‍ ഒഴികെ. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് വീട്ടുപടിക്കല്‍ നിന്നും സ്കൂള്‍ വരെ മഴയും വെയിലും കൊള്ളാതെ എത്താനാകും. എന്നാല്‍ സ്കൂള്‍ ബസ്സുകളെയും ഇരുചക്രവാഹനങ്ങളെയും ആശ്രയിക്കുന്നവര്‍ക്ക് അല്‍പ്പം മഴകൊണ്ടുമാത്രമേ അതു സാധിക്കൂ.

മികച്ച വിദ്യാഭ്യാസം ഷൂവും സോക്സും ടൈയും ധരിക്കുന്ന സ്കൂളുകളില്‍ മാത്രമേ കിട്ടുകയുള്ളൂ എന്ന അബദ്ധ ധാരണയാണ് പല മാതാപിതാക്കളെയും നയിക്കുന്നത്. ഈ ഡ്രസ്കോഡ് ഇവരുടെ പേഴ്സണാലിറ്റിയില്‍ മാറ്റം വരുത്തുമെന്നും അച്ചടക്കമുണ്ടാക്കുമെന്നും കരുതുന്നു.

മേല്‍പ്പറഞ്ഞ തരത്തിലുള്ള ഒരു മാതൃകയാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ന തെറ്റായ ചിന്താഗതികള്‍ വച്ചു പുലര്‍ത്തുന്ന വിദ്യാലയങ്ങളും രക്ഷകര്‍ത്താക്കളും കുട്ടികളോട് ചെയ്യുന്നത് വലിയ ദ്രോഹം ആണെന്നാണ് തലസ്ഥാനത്തുള്ള ഒരു രക്ഷകര്‍ത്താവ് സൂചിപ്പിക്കുന്നത്. ഈ സിസ്റ്റം കൂടുതല്‍ നിലവിലുള്ളത് പ്രൈവറ്റ് സ്കൂളുകളില്‍ ആണെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളും അടുത്തിടെയായി ഷൂ-സോക്സ്‌- ടൈ സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനു കാരണം നിലനില്‍പ്പ്‌ എന്നുള്ള കടമ്പ തന്നെയാണ്. പ്രൈവറ്റ് സ്കൂളുകള്‍ പിന്തുടരുന്ന മാതൃക നടപ്പിലാക്കിയില്ലെങ്കില്‍ കുട്ടികള്‍ വിട്ടുപോവുകയും സ്കൂളിന്‍റെ മരണമണി മുഴങ്ങുകയും ചെയ്യും എന്ന് അവര്‍ക്കും ഭീതിയുണ്ട്.

എന്നാല്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഒന്ന് കമ്മീഷന്‍റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ചില സ്കൂളുകള്‍ തയ്യാറായിട്ടുണ്ട് എന്നതാണ്. തുടക്കം തലസ്ഥാനത്ത് നിന്നും കാര്‍മല്‍ ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ്. അടുത്ത ദിവസം മുതല്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമായ പാദരക്ഷകള്‍ ധരിച്ചുകൊണ്ട് സ്കൂളില്‍ എത്താം എന്ന് മാനേജ്മെന്‍റ് അറിയിച്ചിരിക്കുകയാണ്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍