UPDATES

ട്രെന്‍ഡിങ്ങ്

പ്ലീസ്, ഇവിടെ ഒരു കാടുണ്ടായിരുന്നു എന്നു പറയിപ്പിക്കരുത്

അട്ടപ്പാടി ഷോളയൂരില്‍ വനം കൊള്ള വ്യാപകം-ഇന്ന് ലോക വനദിനം

മക്കളില്ലാത്ത മനുഷ്യജീവിതം എത്രമാത്രം നിരര്‍ത്ഥകമാണോ അത്ര തന്നെ നിരാശാജനകമാണ് വൃക്ഷ സമൃദ്ധമല്ലാത്ത രാഷ്ട്രത്തിന്റെ ഭാവിയും. മാനവരാശിയുടെ നിലനില്‍പ്പ് തന്നെ പ്രകൃതിയുടെ പച്ചപ്പിനെ ആശ്രയിച്ച് നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടി ബ്‌ളോക്കിന് കീഴില്‍ വരുന്ന ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ നിന്നും വ്യാപക മരം മുറിക്കല്‍ സംബന്ധമായ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ പരിസ്ഥിതി വിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് ഷോളയൂരും.

സഹ്യപര്‍വ്വതത്തിനരികെയുള്ള, കാടും മലകളും പുഴകളും, ജൈവ വൈവിധ്യം നിറഞ്ഞ പ്രകൃതി സമ്പത്തുകളും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരും എല്ലാം ചേരുന്ന ഒരപൂര്‍വ സുന്ദര പ്രദേശമായിരുന്നു അട്ടപ്പാടി. എന്നാല്‍ ഇന്ന് ആ പ്രദേശത്തിന്റെ അവസ്ഥ വളരെ ശോചനീയമാണ്. അട്ടപ്പാടി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഏകദേശം 25 ഏക്കറോളം പട്ടയ ഭൂമിയില്‍ നിന്നും ലോഡ് കണക്കിന് അപൂര്‍വ്വ ഇനങ്ങളില്‍ പെടുന്ന വന്‍മരങ്ങളാണ് ദിനംപ്രതി മുറിച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുന്നത്. ഉണങ്ങി വീണ മരങ്ങളും മനുഷ്യജീവന് ഭീഷണി ഉയര്‍ത്തുന്ന മരങ്ങളും മാത്രമേ വെട്ടി മാറ്റാവൂ എന്ന നിയമം നിലനില്‍ക്കെ, സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് നിയന്ത്രണമില്ല എന്ന പഴുത് ഉപയോഗിച്ച്, ഒരു മരം മുറിക്കേണ്ടി വന്നാല്‍ പകരം മൂന്ന് തൈകള്‍ പുതിയതായി വെച്ചു പിടിപ്പിക്കണം എന്ന വ്യവസ്ഥ കാറ്റില്‍ പറത്തി, അനധികൃതമായി വന്‍ തോതില്‍ വൃക്ഷങ്ങള്‍ മരം മാഫിയ കൈക്കലാക്കി കൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങളായി തുടരുന്ന ഈ അവസ്ഥ, ഈ വേനലില്‍ 42 ഡിഗ്രി ഉയര്‍ന്ന താപനില വരെ രേഖപ്പെടുത്തിയപ്പോള്‍, കുടിവെള്ളം കിട്ടാക്കനിയായപ്പോള്‍ മാത്രമാണ്, വ്യാപകമായ മരം മുറിക്കല്‍ തന്നെയാണ് കടുത്ത വരള്‍ച്ചയ്ക്ക് കാരണമെന്ന് ഷോളയൂര്‍ നിവാസികള്‍ മനസ്സിലാക്കി, മരം മാഫിയയ്‌ക്കെതിരെ പ്രതികരിക്കാന്‍ മുതിര്‍ന്നത്.

വ്യാപകമായ വനനശീകരണം വന്നതോടെ ആദിവാസി ഊരുകളും മലയോര ഗ്രാമങ്ങളും രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലമര്‍ന്നു. പ്രദേശത്തെ കാട്ടരുവികളും ഉറവകളും വറ്റി തുടങ്ങി. ഭവാനി, ശിരുവാണി പുഴകളിലെ നീരൊഴുക്ക് കുറഞ്ഞു. കനത്ത ചൂടില്‍ പച്ചപ്പെല്ലാം കരിഞ്ഞുണങ്ങി. ചോളം ഉള്‍പ്പെടെ വ്യാപക കൃഷി നാശം സംഭവിച്ചു. കുടിവെള്ള പദ്ധതികള്‍ മിക്കതും നിലച്ചു. ഇങ്ങനെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കുന്ന അനിയന്ത്രിത മരം മുറിക്കലിന് വനം വകുപ്പിലെ തന്നെ ഒരു വിഭാഗം ഉദ്ധ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഏതാണ്ട് 2000 ലോഡ് തടിയാണ് പലപ്പോഴായി ഈ മേഖലയില്‍ നിന്നും കടത്തിയത്. ഇതിനെതിരെ ഷോളയൂര്‍ നിവാസികളില്‍ ചിലര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും, ഇതിനെതിരെ നടപടി എടുക്കാന്‍ നിലവില്‍ നിയമം അനുശാസിക്കുന്നില്ല എന്ന് പറഞ്ഞൊഴിയുക മാത്രമാണ് ചെയ്തത്.

പരിസ്ഥിതിലോല മേഖലയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടി, നിലവിലെ വനം – പരിസ്ഥിതി നിയമം ഉടച്ചുവാര്‍ത്ത് ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തി, വര്‍ദ്ധിച്ച് വരുന്ന വനം കയ്യേറ്റം, അനധികൃത മരം മുറിക്കല്‍ എന്നിവയ്ക്ക് മൂക്ക് കയറിടാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പശ്മിമഘട്ടത്തിലെ നിശബ്ദ താഴ്വരയെ നാശത്തിന്റെ വക്കില്‍ നിന്നും സംരക്ഷിക്കണമെന്നുമാണ് ഷോളയൂര്‍ നിവാസികളുടെ ആവശ്യം കേരളത്തിലെ തന്നെ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന ജില്ലയിലെ ഈ പ്രദേശങ്ങള്‍ ഇനിയെങ്കിലും വേണ്ടവിധം സംരക്ഷിച്ചില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ മറ്റൊരു മരുഭൂമി കൂടി ഇന്ത്യയിലുണ്ടാകും. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സസ്യ – ജന്തുജാലങ്ങള്‍ പഴങ്കഥയാകും, മനുഷ്യനെന്നോണം മൃഗങ്ങളുടേയും തൊണ്ട വരളുമ്പോള്‍ ജലത്തിനായി അവ കാടിറങ്ങും അത് മനുഷ്യജീവനെ ആപത്തിലാക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രശ്മി സ്റ്റാലിന്‍

രശ്മി സ്റ്റാലിന്‍

കവയത്രി. കരുനാഗപ്പിള്ളി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍