റിബിന് കരീം
“ജമ്മു കാശ്മീരിന്റെ ഭാവി ആത്യന്തികമായി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണ്. ഈ പ്രതിജ്ഞ നാം ചെയ്തിരിക്കുന്നത് കശ്മീർ ജനതയോട് മാത്രമല്ല, മുഴുവൻ ലോകത്തോടുമാണ്. അതിൽ നിന്ന് നാം പിന്തിരിയില്ല. പിന്തിരിയാൻ നമുക്ക് കഴിയില്ല.” – ജവഹർലാൽ നെഹ്രു, നവംബർ 2, 1947
വില്ല്യം ഷേക്സ്പിയറിന്റെ “ഹാംലെറ്റി”നെ ആസ്പദമാക്കി കാശ്മീർ പശ്ചാത്തലത്തിൽ വിശാൽ ഭരദ്വാജ് അണിയിച്ചൊരുക്കിയ പുരസ്കാരങ്ങൾ കൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധേയമായ ചലച്ചിത്രം ആണ് ഹൈദർ. ഹൈദറിലെ ഒരു കഥാപാത്രം പറയുന്ന ഹൃദയഹാരി ആയ ഒരു സംഭാഷണ ശകലം ഉണ്ട് “കാശ്മീര്‍ മഞ്ഞും മലയും പ്രകൃതി ഭംഗിയും മാത്രം അല്ല. വെടിയുണ്ടകളുടെ അവസാനിക്കാത്ത ശബ്ദ കോലാഹലങ്ങളും കൂടിയാണ്”.
ബുര്‍ഹാന്‍ വാനിയെ വധിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ ആണ് ഇപ്പോൾ കാശ്മീരിനെ വീണ്ടും അശാന്തമാക്കുന്നത്. വീണ്ടും അശാന്തമാക്കുന്നു എന്ന് പറയുന്നതിൽ സാങ്കേതികമായി തെറ്റുണ്ട്. കാരണം കാശ്മീരിൽ എന്നും അശാന്തി നിഴലിച്ചു നിന്നിരുന്നു. കേവലം ഒരു കൊലപാതകത്തിൽ ഉള്ള പ്രതിഷേധം അല്ല മറിച്ച് (ഇന്ത്യന്‍ ഭരണകൂടത്തിന്റെ) തെറ്റായ ചെയ്തികള്‍ മൂലം കാലങ്ങളായി കാശ്മീരികള്‍ അനുഭവിക്കുന്ന കടുത്ത അനീതിയും അവകാശലംഘനങ്ങളും മൂലം ആളിപ്പടര്‍ന്ന പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെന്ന് കശ്മീരിലെ ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുകയുണ്ടായി.
കഴിഞ്ഞ ദിവസങ്ങളിൽ സമരക്കാർക്കു നേരെയും ആയുധധാരികളല്ലാത്ത പൗരന്മാർക്ക് നേരെയും കാശ്മീരിൽ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നത് യുദ്ധഭൂമികളിൽ പോലും നിരോധിക്കപ്പെട്ട അപകടകരമായ പെല്ലെറ്റ് തോക്കുകൾ ആണ്. ലോകവ്യാപകമായി നിരോധിക്കപ്പെട്ട ഈ തോക്കുകൾ കണ്ണുകളിൽ പതിച്ചാൽ പൂർണമായി കാഴ്ച നഷ്ടപ്പെടുമെന്ന് മാത്രമല്ല, കടുത്ത ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവും. തലസ്ഥാനമായ ശ്രീനഗറിലെ ഹരിസിംഗ് ആശുപത്രിയിലെ സീനിയർ ഡോക്ടർ അൽജസീറ ലേഖകനോട് പറഞ്ഞത് കഴിഞ്ഞ നാലു ദിവസത്തിനിടെ നൂറിലധികം നേത്ര ശസ്ത്രക്രിയകളാണ് ആ ഹോസ്പിറ്റലിൽ മാത്രം നടന്നത് എന്നാണ്.
ഹിരോഷിമയിലും നാഗസാക്കിയിലുമടക്കം ഉപയോഗിച്ച അതിമാരകമായ ആയുധങ്ങളും രാസവസ്തുക്കളും വരുന്ന തലമുറകളിലേക്കും ബാധിച്ചതു പോലെ, കാശ്മീരിലെ വളരുന്ന തലമുറകളുടെ ജീവിതങ്ങൾക്ക് ഭീഷണിയായി ഇത് മാറുമെന്ന് ആരോഗ്യവിദഗ്ദരും മനുഷ്യാവകാശ പ്രവർത്തകരും പറയുന്നു. പൊട്ടുകള്‍പോലെ ചിതറിത്തെറിച്ച് ദേഹത്ത് ചെറുമുറിവുകള്‍ ഉണ്ടാക്കുന്നതാണ് ഇതിലെ തിരകള്‍. ഈ തോക്കുകള്‍ ജീവഹാനി കുറയ്ക്കും. എന്നാല്‍, വെടിയേറ്റവരുടെ ജീവിതമാകെ ദുരിതം വിതയ്ക്കും. ദേഹത്തെമ്പാടും തറച്ചുകയറിയ പെല്ലറ്റ് വെടിയുണ്ടകള്‍ നീക്കംചെയ്യുന്നത് ഏറെ പ്രയാസകരവുമാണ്.
തീവ്രവാദികള്‍ വന്നാലും സൈനികര്‍ ഈ വഴിക്കൊന്നും വരാതിരിക്കട്ടെയെന്നാണ് കാശ്മീരിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രാര്‍ത്ഥന. തീവ്രവാദികളില്‍ നിന്നുള്ള സുരക്ഷയേക്കാളുപരി സൈന്യത്തില്‍ നിന്നുള്ള സംരക്ഷണമാണ് അവര്‍ക്കാവശ്യം. സായുധ സേനാ പ്രത്യേകാധികാര നിയമത്തിന്റെ (അഫ്സ്പ) മറവില്‍ ജമ്മുകാശ്മീരില്‍ സൈനികര്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷനല്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. 1990 മുതല്‍ 2011 വരെയുള്ള 21 വര്‍ഷത്തിനിടയില്‍ കാശ്മീരില്‍ 43,550 പേര് കൊല്ലപ്പെട്ടെന്നും ഇവരില്‍ ഗണ്യമായൊരു ഭാഗം തീവ്രവാദ വേട്ടയുടെ മറവില്‍ സൈന്യത്തിന്റെ തോക്കിനിരയായ നിരപരാധികളായ സാധാരണക്കാരാണെന്നുമാണ് റിപ്പോര്‍ട്ടില്‍ .പറയുന്നത്. 21,323 പേര് തീവ്രവാദികളെന്ന പേരിലാണ് കൊല്ലപ്പെട്ടത്. 16,868 സാധാരണക്കാരും വധിക്കപ്പെട്ടു. ഇവരില്‍ 13,226 പേര് സായുധ സംഘങ്ങളുടെ ഇരകളാണെങ്കില്‍ 3,642 പേര് സൈന്യത്തിന്റെ ഇരകളാണ്.
ഫലസ്തീനികളോട് ഇസ്രായേല്‍ സൈന്യം നടത്തുന്നതിന് സമാനമാണ് കാശ്മീരികളോട് സുരക്ഷാ സൈന്യത്തിന്റേതെന്ന് നേരത്തെ ഒരു റിപ്പോര്‍ട്ടില്‍ ആംനസ്റ്റി വിലയിരുത്തിയിട്ടുണ്ട്. ഇന്ത്യക്കും പാകിസ്താനുമിടയില്‍ ജീവിതം നഷ്ടപ്പെട്ട താഴ്വരയാണ് കശ്മീര്‍. രണ്ട് ദിക്കുകളിലെ തോക്കുകള്ക്കിടയില്നിന്ന് അല്ലാഹുവിലേക്ക് അതീവ നിസ്സഹായതയോടെയാണ് അവര്‍ കൈകള്‍ ഉയര്‍ത്തുന്നത്. ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യമാഘോഷിക്കുമ്പോള്‍ കശ്മീരിലെ ഓരോ മനുഷ്യനും പട്ടാളത്തിന്‍െറ സൂക്ഷ്മപരിശോധനക്ക് വിധേയമാവുന്നു.
1947 മുതല്‍ ആരംഭിക്കുന്ന കാശ്മീര്‍ തര്‍ക്കവും ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയപരമായ പാളിച്ചകളും അതിര്‍ത്തി ജനതയിലാകെ അന്യവല്‍ക്കരണവും ഇന്ത്യാവിരുദ്ധ വികാരവും ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു.അഫ്സൽ ഗുരുവിന്റെ വധശിക്ഷ മുതൽ അന്ത്യം ഇല്ലാത്ത സൈനികാക്രമണം വരെ അതിന്റെ ആക്കം കൂട്ടുന്നു. യഥാര്‍ഥത്തില്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം സങ്കുചിത ദേശീയ വികാരം അഴിച്ചുവിടാനും യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുവാനുള്ള ഒരു ഉപാധിയുമായിട്ടാണ് എന്നും കശ്മീര്‍ പ്രശ്നം ഉപയോഗിക്കപ്പെടുന്നത്. ഇന്ത്യാ സര്‍ക്കാരിന് ഹിന്ദുവര്ഗീയവാദത്തെയും പാകിസ്ഥാന് സര്‍ക്കാരിന് മുസ്ലിം വര്‍ഗീയവാദത്തെയും ഇളക്കിയെടുക്കുവാന്‍ കാശ്മീര്‍ പ്രശ്നം കരുവായിത്തീരുന്നു.
വെടിയുണ്ടകൊണ്ടും കാക്കിയുടെ അപ്രമാദിത്വം കൊണ്ടും ഒരു നാടിനെയും ജനതയെയും വരിഞ്ഞു മുറുക്കി ദേശീയോദ്ഗ്രഥനവും ഐക്യവും അഖണ്ഡതയും ഉറപ്പിക്കാം എന്നു വിശ്വസിക്കാൻ എത്രമാത്രം വിഡ്ഢിത്തമാണ്. കാശ്മീരിന് സൈനിക പരിഹാരമല്ല, രാഷ്ട്രീയ പരിഹാരമാണ് വേണ്ടത് എന്ന വസ്തുതയിലേക്ക് ഇന്ത്യന്‍ ഭരണകൂടവും പ്രതിപക്ഷങ്ങളും യോജിച്ചു കണ്‍തുറക്കുകയാണ് വേണ്ടത്, കര്‍ഫ്യൂ രാത്രികളുടെയും ഏറ്റുമുട്ടല്‍ കൊലകളുടെയും ഗെറ്റോവത്ക്കരണങ്ങളുടെയും ചുഴലികളില്‍ നിന്ന് രക്ഷപ്പെടാനാകുമ്പോള്‍ മാത്രമേ കാശ്മീരിലെ സാധാരണക്കാര്‍ക്ക് തങ്ങള്‍ സാധാരണക്കാരാണെന്ന ബോധ്യമെങ്കിലും തിരിച്ചു കിട്ടുകയുള്ളൂ.
സ്നേഹം, ശാന്തി, സമാധാനം,സ്വാതന്ത്ര്യം ഇവയെല്ലാം പ്രധാനം ചെയ്തു ഒരു ജനതയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനു പകരം ലോകം നിരോധിച്ച ആയുധങ്ങൾ അവരുടെ മേൽ പരീക്ഷിക്കുന്ന അട്രോസിറ്റി ഭരണകൂടം തുടരുന്ന പക്ഷം അതിനു വലിയ വില നൽകേണ്ടി വരും എന്നതിൽ തർക്കമില്ല. ആമയും മുയലും തമ്മിൽ ഉള്ള ഓട്ട മത്സരങ്ങളിൽ അപൂർവം ആയെങ്കിലും ആമയും വിജയിക്കാറുണ്ട് എന്നു കൂടി ഓര്‍മ്മപ്പെടുത്തട്ടെ.
കാശ്മീര്‍ പ്രശ്നം ഉപയോഗപ്പെടുത്തി ഇന്ത്യയെ അസ്ഥിരീകരിക്കാനുള്ള സാമ്രാജ്യത്വ ഗൂഢാലോചനക്ക് ആറ് ദശകത്തോളം പഴക്കമുണ്ട്. കൊളോണിയല്‍ ഭരണത്തിന്റെ ദുരന്തപൂര്‍ണമായ പരിണതിയെന്ന നിലയിലാണ് ഇന്ത്യാ-പാക് വിഭജനവും നാട്ടുരാജ്യങ്ങളുടെ പ്രശ്നവും അവശേഷിപ്പിച്ചുകൊണ്ടുമുള്ള ബ്രിട്ടീഷുകാരുടെ അധികാരക്കൈമാറ്റം. 1947ല്‍ കാശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരണമോ സ്വതന്ത്രരാജ്യമായി നില്ക്കണമോ എന്നെല്ലാമുള്ള സൌഹൃദപൂര്വവും സമാധാനപരവുമായ ആലോചനകള്‍ക്കിടയിലാണ് അമേരിക്കന്‍ സൈനികമേധാവിയായ ലഫ്. കേണല്‍ റസ്സല്‍ ഹൈറ്റിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനിലെ ഗോത്രവര്‍ഗ വളണ്ടിയര്‍മാരെ അണിനിരത്തി കാശ്മീരില്‍ അധിനിവേശം നടക്കുന്നത്. അങ്ങനെയാണ് ഇന്ത്യയുടെ ഭാഗമായിരുന്ന കാശ്മീര്‍ പാക് അധീന കശ്മീരും ജമ്മു കശ്മീരുമായി വേര്‍പിരിക്കപ്പെടുന്നത്. കാശ്മീര്‍ പ്രശ്നത്തിന്റെ ചരിത്രപരമായ വേരുകളന്വേഷിക്കുന്ന ഏതൊരു ചരിത്ര വിദ്യാര്‍ഥിക്കും മനസ്സിലാക്കാനാവുക കശ്മീരിനെ വര്ഗീയവല്ക്കരണത്തിന്റെയും വിഘടനവാദത്തിന്റെയും ചോരക്കളമാക്കിയത് അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യങ്ങളാണെന്നാണ്.
രാജ്യം ഭരിക്കുന്ന സംഘപരിവാർ സംഘടനയ്ക്ക് കാശ്മീര്‍ പ്രശ്നം എന്നും ഒരു രാഷ്ട്രീയ മുതലെടുപ്പ് വിഷയം മാത്രമാണ്. അതുകൊണ്ടു തന്നെ കാശ്മീരിലെ അമ്മമാരുടെ കണ്ണുനീർ, പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പടുവൃദ്ധന്മാർ വരെ ഉള്ളവർക്ക് നേരെ ചീറി പാഞ്ഞു വരുന്ന വെടിയുണ്ടകൾ, അസ്വസ്ഥമായ യുവജനത, ഇവയ്ക്കെല്ലാം ഒരറുതി വരും എന്നു സ്വപ്നം കാണുക പ്രയാസമാണ്. എങ്കിലും മനഃസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരു ഇന്ത്യൻ പൗരനെ സംബന്ധിച്ചും ഈ വേളയിൽ ഒരു പ്രതിഷേധ കുറിപ്പ് കൊണ്ടെങ്കിലും കാശ്മീർ ജനതയോട് ഐക്യപ്പെടാതിരിക്കാൻ കഴിയില്ല. ലോകം മുഴുവൻ സഞ്ചരിച്ചു കഴിഞ്ഞെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പെല്ലറ്റുകൾ പെയ്യുന്ന കാശ്മീർ താഴ്വരയിലേക്ക് ഒരു യാത്രയാകാം.