UPDATES

വിദേശം

അമേരിക്കയില്‍ തോക്കുകള്‍ വീണ്ടും ജീവനെടുക്കുന്നു; ഇന്നലെ കൊല്ലപ്പെട്ടത് 14 പേര്‍

Avatar

മാര്‍ക് ബെര്‍മാന്‍, എലേ ഇസാദി, വെസ്ലി ലോറെ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ഡോ പ്രാദേശിക ഭരണകൂടത്തിലെ ജീവനക്കാരുടെ ക്രിസ്മസ് അവധി ആഘോഷത്തിനു നേരെ രണ്ട് ആയുധധാരികള്‍ നടത്തിയ വെടിവയ്പില്‍ 14 പേര്‍ മരിച്ചു. 17 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ ചിലരുടെ പരുക്ക് ഗുരുതരമാണ്. അക്രമികളെന്നു സംശയിക്കുന്ന രണ്ടുപേര്‍ പിന്നീട് പൊലീസിന്റെ വെടിവയ്പില്‍ കൊല്ലപ്പെട്ടു.

ഇന്‍ലാന്‍ഡ് റീജനല്‍ സെന്ററില്‍ ബുധനാഴ്ച രാവിലെ 11നു നടന്ന സംഭവം തദ്ദേശീയ തീവ്രവാദമാണെന്ന് പൊലീസ് പറഞ്ഞു. ഒരു കോണ്‍ഫറന്‍സ് സെന്ററും ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനകേന്ദ്രവുമാണ് ഇവിടെയുള്ളത്.

സെന്ററിനു സമീപത്തെ റസിഡന്‍ഷ്യല്‍ പ്രദേശത്ത് സംശയകരമായി കണ്ട വാഹനത്തില്‍ നിന്നാണ് സംഭവം നടന്ന് അഞ്ചുമണിക്കൂറിനുശേഷം പൊലീസ് അക്രമികളെന്നു സംശയിക്കുന്നവരെ കണ്ടെത്തിയത്. ഇതേ വാഹനം സെന്ററിനടുത്ത് കണ്ടതായി പൊലീസിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണിതെന്നു സാന്‍ ബെര്‍നാര്‍ഡിനോ പൊലീസ് വക്താവ് വിക്കി സെര്‍വാന്റെസ് പറഞ്ഞു.

വാഹനത്തിലുണ്ടായിരുന്നവരും പൊലീസും തമ്മില്‍ നടന്ന വെടിവയ്പില്‍ ഒരു പുരുഷനും സ്ത്രീയും കൊല്ലപ്പെട്ടതായി സാന്‍ ബെര്‍നാര്‍ഡിനോ പൊലീസ് മേധാവി ജറോദ് ബര്‍ഗ്വാന്‍ അറിയിച്ചു.

ഒരാള്‍ ഓടി രക്ഷപെട്ടു. ഇയാള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നു സ്ഥിരീകരിക്കാനായിട്ടില്ല. ഇയാള്‍ ബുധനാഴ്ച വൈകിട്ടു വരെ പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നും ബര്‍ഗ്വാന്‍ അറിയിച്ചു. അക്രമികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് നിസാര പരുക്കേറ്റു. അക്രമികളില്‍ ഒരാളില്‍നിന്ന് ഒരു പൈപ്പ് ബോംബും കണ്ടെടുത്തിട്ടുണ്ട്.

സെന്ററില്‍ നടന്ന ആഘോഷത്തില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ചിലര്‍ ഇവിടെനിന്നു പുറത്തുപോയിരുന്നു. എന്നാല്‍ ഇതിന് വെടിവയ്പുമായി ബന്ധമുണ്ടോ എന്ന് അറിവായിട്ടില്ല. പുറത്തുപോയവര്‍ തിരിച്ചെത്തിയതായും അറിവില്ലെന്ന് ബര്‍ഗ്വാന്‍ പറഞ്ഞു.

ഇന്‍ലാന്‍ഡ് റീജനല്‍ സെന്റര്‍ കോംപ്ലക്‌സില്‍ മൂന്നുകെട്ടിടങ്ങളാണുള്ളത്. ഇവയില്‍ ഒന്നിന്റെ ഒന്നാംനിലയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് അക്രമികള്‍ കടന്നതെന്നു സെന്റര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് പ്രസിഡന്റ് മേരിബെത്ത് ഫീല്‍ഡ് അറിയിച്ചു.

സാന്‍ ബെര്‍നാര്‍ഡോ പ്രാദേശിക ഭരണകൂടത്തിലെ പൊതു ആരോഗ്യവകുപ്പ് ഈ കോണ്‍ഫറന്‍സ് മുറി അവധി ആഘോഷത്തിനായി വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു. ക്രിസ്മസ് മരങ്ങള്‍ കൊണ്ട് അലംകൃതമായ മുറിയില്‍ 250 പേര്‍ക്ക് ഇരിക്കാനാകുമെന്ന് ഫീല്‍ഡ് അറിയിച്ചു. എന്നാല്‍ സംഭവസമയത്ത് ഇവിടെ എത്ര പേരുണ്ടായിരുന്നു എന്ന് അറിവില്ല.

അക്രമികളില്‍ ഒരാള്‍ സെന്ററിലെ ജീവനക്കാരനായിരുന്നുവെന്ന് എഫ്ബിഐ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം ജോലിസ്ഥലത്തെ അക്രമമാണോ ഭീകരപ്രവര്‍ത്തനമാണോ എന്ന് തിരിച്ചറിയാനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഭീകരബന്ധത്തെപ്പറ്റി ഈ ഘട്ടത്തില്‍ ഒന്നും പറയാനാകില്ലെന്ന് എഫ് ബി  എലൈ സ് ഏന്‍ജലസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡേവിഡ് ബൗഡിക് അറിയിച്ചു.

യുഎസില്‍ വര്‍ദ്ധിച്ചുവരുന്ന വെടിവയ്പുകളില്‍ അവസാനത്തേതാണ് സംഭവം. കൊളറാഡോയിലെ ഒരു ക്ലിനിക്കില്‍ മൂന്നുപേര്‍ മരിക്കാനും ഒന്‍പതു പേര്‍ക്കു പരുക്കേല്‍ക്കാനും ഇടയാക്കിയ വെടിവയ്പ് നടന്നത് അഞ്ചുദിവസം മുന്‍പാണ്.

ജീവനക്കാരുടെ സുരക്ഷയ്ക്ക് വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്ന് അറിയിച്ച സാന്‍ ബര്‍നാര്‍ഡിനോ ഭരണകൂടം സംഭവത്തില്‍ അതീവദുഃഖവും നടുക്കവും പ്രകടിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ബുധനാഴ്ച അടച്ചിട്ട സ്‌കൂളുകളും ഓഫിസുകളും ഇന്ന് വീണ്ടും പ്രവര്‍ത്തിക്കും.

പ്രാഥമികവിവരം അനുസരിച്ച് അക്രമികള്‍ തയാറെടുപ്പോടെ വന്നവരാണെന്നു കരുതുന്നതായി ബര്‍ഗ്വാന്‍ അറിയിച്ചു. ‘കൈത്തോക്കുകളല്ല, വലിയ തോക്കുകളാണ് അവരുടെ കൈവശമുണ്ടായിരുന്നത്. ഏതുതരം തോക്കുകളാണ് ഇവയെന്ന് അറിവായിട്ടില്ല’.

സംഭവസ്ഥലത്തു കണ്ട സ്‌ഫോടകവസ്തു പൊലീസ് നിര്‍വീര്യമാക്കി. സമീപത്തുള്ള വാട്ടര്‍മാന്‍ ഡിസ്‌കൗണ്ട് മാള്‍ ഉച്ചയ്ക്ക് ഒരുമണിയോടെ പൊലീസ് ഒഴിപ്പിച്ചെങ്കിലും പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്തിയില്ല.

ഫയര്‍ ട്രക്കുകളും നൂറുകണക്കിന് പൊലീസ് വാഹനങ്ങളും ഹെലികോപ്ടറുകളും വളഞ്ഞതിനെത്തുടര്‍ന്ന് മിക്കവാറും സംഭവപ്രദേശം ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണെന്ന് പരിസരവാദികള്‍ പറഞ്ഞു. എഫ്ബിഐ, ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ്, എടിഎഫ് എന്നിവയെല്ലാം പൊലീസിനെ സഹായിക്കാന്‍ രംഗത്തുണ്ട്.

പ്രദേശത്ത് വ്യോഗതാഗതത്തിനും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.

വെടിവയ്പിനു പിന്നിലെ കാരണം അറിവായിട്ടില്ലെങ്കിലും സംഭവം രാജ്യത്ത് തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത കൂടുതല്‍ വ്യക്തമാക്കുന്നുവെന്ന് പ്രസിഡന്റ് ബാറക് ഒബാമ പറഞ്ഞു.

‘രാജ്യം വിട്ടുപോകാന്‍ അനുവാദമില്ലാത്ത ആളുകളുടെ പട്ടിക നമുക്കുണ്ട്. പക്ഷേ ഇതേ ആളുകള്‍ക്ക് അടുത്ത കടയില്‍നിന്ന് തോക്കുവാങ്ങി ഉപയോഗിക്കാന്‍ തടസമില്ലെന്നതാണ് സ്ഥിതി’, ഭീകരപ്രവര്‍ത്തനത്തെപ്പറ്റി ഒബാമ പറഞ്ഞു.

രാജ്യത്ത് തോക്ക് കൈവശം വയ്ക്കുന്നതിന് കര്‍ശനനിയന്ത്രണം വേണമെന്ന ഒബാമ ഭരണകൂടത്തിന്റെ ആവശ്യത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. സാന്‍ ബെര്‍നാര്‍ഡിനോ സംഭവത്തിനുശേഷം ഇതിനു മാറ്റം വരുമെന്നു കരുതുന്നുവെങ്കിലും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പ്രതികരണത്തില്‍ ഇത് പരാമര്‍ശിച്ചില്ല.

ഡമോക്രാറ്റുകള്‍ തോക്കുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സംഭവത്തില്‍ മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു എന്നുമാത്രമായിരുന്നു കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പ്രതികരണം.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍