UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ കോച്ച് ദ്രോണാചാര്യ ശ്രീധര്‍ പറയുന്നു; ‘ഞാനല്ല താരം നിങ്ങളുടെ മണിച്ചേട്ടനാണ്’

Avatar

കെ പി എസ് കല്ലേരി

അറുപതുകള്‍വരെ ഇന്ത്യന്‍ വോളിബോള്‍ ഹൈബോളില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. ഒരു ഒഫന്റും ഒരു മൈനസും പിന്നൊരു സെറ്ററും. ലിബറോയൊ കണ്ടുപിടിച്ചിട്ടില്ലാത്ത കാലത്ത് ബാക്കി മൂന്നുപേരും പന്ത് പെറുക്കികള്‍. എതിര്‍ കോര്‍ട്ടില്‍ നിന്നൊരു സര്‍വ് വന്നാല്‍ അത് സെന്ററിലോ രണ്ട് കോര്‍ണറുകളിലോ നില്‍ക്കുന്നയാള്‍ പാസാക്കി സെറ്റര്‍ക്ക് നല്‍കും. അതയാള്‍ ആകാശം മുട്ടെ പൊന്തിച്ചിടും. ഒഫന്റ് പൊസിഷനില്‍ നിന്നും കേര്‍ണറിലേക്ക് ഇറങ്ങിനില്‍ക്കുന്ന അറ്റാക്കര്‍ സാവകാശം വന്ന് ചാടി ഉയര്‍ന്നത് സ്മാഷാക്കും. പലപ്പോഴും അത് എതിര്‍ കോര്‍ട്ടുകാരന്റെ പ്രതിരോധത്തില്‍ കുടുങ്ങി സ്വന്തം കോര്‍ട്ടിലേക്ക് തന്നെ വീഴും. പക്ഷെ അറുപതുകളോടെ ആ കളി മാറി. കോര്‍ട്ടിലുള്ളവര്‍ മുഴുന്‍ അറ്റാക്കര്‍മാരായി. എതിര്‍ക്കോട്ടിലെ പ്രതിരോധക്കാര്‍ ആരെ ബ്ലോക്ക് ചെയ്യണമെന്ന് ആലോചിക്കുമ്പഴേക്കും ഇടിവെട്ടുംപോലെ സ്മാഷുകള്‍ സ്വന്തം കോര്‍ട്ടില്‍ വീണ് പൊങ്ങി. അതായിരുന്നു ഷോട്ട് ബോള്‍ പിറവിയേടെ സംഭവിച്ചത്. വോളിബോള്‍ ഒരു സൗന്ദര്യമുള്ള കളിയായി. സെന്റര്‍ ഷോട്ട്, സ്പീഡ് ഷോട്ട്, വേവ് ഷോട്ട്, സ്പീഡ് ആര്‍ച്ച് ഇങ്ങനെ ഓരോ കളിക്കാരന്റെയും പെര്‍ഫോമന്‍സും സെറ്ററുടെ മിടുക്കുമനുസരിച്ച് അത് പലരൂപം മാറി.

പറഞ്ഞു വരുന്നത് ഇന്ത്യന്‍ വോളിബോളിലേക്ക് ഈ ഷോട്‌ബോള്‍ സംഭാവന ചെയ്ത വോളിബോള്‍ മാന്ത്രികനെക്കുറിച്ചാണ്. രാജ്യത്ത് ഏതെങ്കിലും വോളിബോള്‍ അക്കാദമിയുടെ തലപ്പത്തിരുന്ന് വോളിബോളില്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തുന്നയാളാണ് ഇദ്ദേഹം എന്ന് തെറ്റിദ്ധരിക്കേണ്ട. നിങ്ങള്‍ കഴിഞ്ഞ കുറേക്കാലങ്ങളായി കേരളത്തിലെ വിവിധ വോളിബോള്‍ മത്സരങ്ങളില്‍ സംഘാടകനായും കാഴ്ചക്കാരനായും കണ്ടുമറന്ന ഒരു സാധാരണക്കാരന്‍. അത്തരമൊരാളെക്കുറിച്ച് പറയുമ്പോള്‍ അതിന് ഒരാധികാരികത വേണം. അല്ലെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുമോ..!

ഇന്ത്യന്‍ വോളിബോള്‍ കോച്ച് ജി.ഇ.ശ്രീധറുമായുള്ള സംസാരത്തിനിടെയാണ് മുണ്ടുടുത്ത ആ കുറിയ മനുഷ്യന്‍ അടുത്തേക്ക് വന്നത്. കഴിഞ്ഞ അഞ്ചുദിവസമായി ദേശീയ ഗെയിംസ് വോളിബോള്‍ മത്സരം നടന്ന കോഴിക്കോട് വി.കെ.കൃഷ്ണമേനോന്‍ സ്റ്റേഡിയത്തില്‍ ഏറെ നേരം കാത്തിരുന്നിട്ടാണ് പലവട്ടം രാജ്യത്തെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നയിച്ച ദ്രോണാചാര്യ ശ്രീധറിനെ ഒത്തുകിട്ടിയത്. സംസാരത്തിനിടെ നിരവധിപേര്‍ അദ്ദേഹത്തിന് ഹസ്തദാനം ചെയ്യാനും സൗഹൃദം പുതുക്കാനും എത്തുന്നുണ്ട്. ചിലര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയും മറ്റുള്ളവരെ ഭവ്യതയോടെ വണങ്ങിയും ആ ദ്രോണാചാര്യര്‍ സംസാരിച്ചുകൊണ്ടരിക്കെയാണ് അയഞ്ഞ ഷര്‍ട്ടും മുണ്ടുമിട്ട് വെള്ളികയറിയ തലയുമായി ആ കുറിയ മനുഷ്യന്‍ അടുത്തേക്ക് വന്നത്. ശ്രീധറിന്റെ രാജ്യത്താകമാനമുള്ള ആയിരക്കണക്കായ ആരാധകരില്‍ ഒരാള്‍ എന്നാണ് ആദ്യം കരുതിയത്. പക്ഷെ അടുത്തേക്കെത്തിയ ആളെ കണ്ട് ചാടി ശ്രീധര്‍ സീറ്റില്‍ നിന്നും ചാടി എഴുന്നേറ്റു. പിന്നീട് കാല്‍തൊട്ടു വന്ദിച്ചു. അതിനുശേഷം ദീര്‍ഘ നേരം കെട്ടിപ്പിടിച്ചു. എങ്ങിനെ ഞെട്ടാതിരിക്കും. ഇന്ന് വോളിബോളില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മുമ്പിലാണ് ശ്രീധര്‍. വോളിബോളില്‍ അര്‍ജുനയും ദ്രോണയും കിട്ടിയ രാജ്യത്തെ മൂന്നുപേരില്‍ ഒരാള്‍. കുട്ടികളെ ഗ്രൗണ്ട് ലവലില്‍ നിന്നുതന്നെ കണ്ടെത്താന്‍ തമിഴ്‌നാട്ടില്‍ സ്വന്തമായി വോളിബോള്‍ അക്കാദമി നടത്തുന്ന, വോളിബോളിനായി മാത്രം ജീവിതം നീക്കിവെച്ച മഹാപ്രതിഭ. സര്‍വോപരി വര്‍ഷങ്ങളായി സീനിയര്‍ ഇന്ത്യന്‍ ടീം കോച്ച്. അത്തരമൊരാളാണ് കോഴിക്കോട് വെച്ച് അവിചാരിതമായി കണ്ടൊരാളെ കാല്‍തൊട്ട് വണങ്ങി വന്ദിച്ച് താന്‍ അതുവരെ ഇരുന്ന സീറ്റില്‍ പിടിച്ചിരുത്തുന്നത്. 

‘ഇനി നിങ്ങള്‍ ഇന്റര്‍വ്യൂ ചെയ്യേണ്ടത് എന്നെയല്ല, ഇദ്ദേഹത്തെയാണ്. ഇന്ത്യന്‍ വോളിബോളിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ഇദ്ദേഹം പറയും. അറിയില്ലേ നിങ്ങള്‍ മലയാളികള്‍ക്ക് ഇദ്ദേഹത്തെ. രാജ്യത്തെ എവിടെചെന്നാലും വോളിബോള്‍ കണ്ടും കേട്ടും ആരാധിച്ചും പരിചയമുള്ളവര്‍ക്കറിയാം ഇദ്ദേഹത്തെ. ഞങ്ങള്‍ അന്ന് ആരാധനയോടെ ഇദ്ദേഹത്തെ വിളിച്ചിരുന്നത് ‘ഷോട്ട്ബോള്‍ മണി’ എന്ന്..’

എന്റെ അന്ധാളിപ്പ് കണ്ടിട്ടാവാം ശ്രീധര്‍ ഇത്രയും കൂടി പറഞ്ഞു. ‘അല്ലെങ്കിലും നിങ്ങള്‍ മലയാളികള്‍ ആളുകളെ പെട്ടന്നങ്ങ് മറക്കും. വലിയ പുരസ്‌കാരങ്ങള്‍ കിട്ടുന്നവരോട് മാത്രമാണ് നിങ്ങള്‍ക്ക് കമ്പം. എന്നേക്കാള്‍ വലിയ ദ്രോണചാര്യ കൊടുക്കേണ്ടതായിരുന്നു മണിച്ചേട്ടന്. പക്ഷെ പലരും അദ്ദേഹത്തെ സൗകര്യപൂര്‍വം മറന്നു. എങ്കിലും നിങ്ങള്‍ മലയാളികള്‍ മറന്നുകൂടായിരുന്നു. ലോകം കണ്ട വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജടക്കം എത്രയെത്ര ദേശീയ അന്തര്‍ദേശീയ താരങ്ങളാണ് അദ്ദേഹത്തിലൂടെ വളര്‍ന്നത്. ഇനിയെങ്കിലും അര്‍ഹിക്കുന്ന ആദരവ് അദ്ദേഹത്തിനുണ്ടാവണം…’ 

ഒറ്റശ്വാസത്തില്‍ ഇത്രയും പറഞ്ഞ ശ്രീധര്‍ വീണ്ടും ആ കുറിയ മനുഷ്യനെക്കുറിച്ച് വാചാലനായി. ‘ വോളിബോളിനെ ഇന്നീകാണുന്ന സൗന്ദര്യത്തിലെത്തിച്ചതിന് കാരണക്കാരനാണ് ഇദ്ദേഹം. വോളിബോളില്‍ കളിക്കാര്‍ വെറും ഹൈബോളുകള്‍ മാത്രം അടിച്ചിരുന്ന കാലത്ത് ആദ്യമായി ഷോട്ട്ബോള്‍ അടിക്കുന്ന താരം രാജ്യത്ത് ഇദ്ദേഹമാണ്. അന്ന് അറുപതുകളില്‍ സര്‍വീസസിന്റെ താരമായി രാജ്യത്താകമാനം വോളി കോര്‍ട്ടുകളില്‍ മിന്നല്‍ പിണറായിരുന്നു ഈ മണിച്ചേട്ടന്‍. ഒരിക്കല്‍ ഹൈദരബാദില്‍ നടന്ന ലീഗ് മാച്ചിനിടെ വോളിബോളില്‍ കുട്ടിയായിരുന്ന ഞാന്‍ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട് മണിച്ചേട്ടന്റെ സ്മാഷ്. നെറ്റ് കെട്ടിയ പോസ്റ്റിലെക്ക് സെറ്റര്‍ വലിച്ചെറിഞ്ഞുകൊടുക്കുന്ന സ്പീഡ് ആര്‍ച്ചും സെറ്ററുടെ തലക്ക് മുകളില്‍ നിന്ന് നെറ്റിന് ഒരുബോള്‍ ഉയരത്തില്‍മാത്രം പൊങ്ങുന്ന ഷോട്ട്ബോളിനേയും കിടിലന്‍ സ്മാഷുകളാക്കുന്ന മണിച്ചേട്ടന്‍ അന്ന് ഞാനടക്കം എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. പ്രതിരോധക്കാര്‍ എളുപ്പം പൂട്ടിടുന്ന ഹൈബോളില്‍ നിന്നും അവരുടെ കണ്ണുവെട്ടിച്ചുള്ള അത്തരം ഷോട്ട്‌ബോളുകള്‍ രാജ്യത്ത് വോളിബോളില്‍ ആദ്യമായിരുന്നു. അങ്ങനെയാണ് മണിച്ചേട്ടന് ‘ഷോട്ട്ബോള്‍ മണി’യെന്ന പേര് വീഴുന്നത്. മണിച്ചേട്ടനില്‍ നിന്നാണ് പിന്നീടുവന്ന താരങ്ങളെല്ലാം ഷോട്‌ബോളിനെ അറിയുന്നത്. പിന്നീട് മണിച്ചേട്ടന്‍ പരിശീലിപ്പിച്ച ജിമ്മി ജോര്‍ജടക്കമുള്ള നൂറുകണക്കിന് കളിക്കാര്‍ ഷോട്‌ബോളില്‍ താരങ്ങളായതിനുപിന്നിലും ഈ കുറിയ മനുഷ്യന്‍. ഇതുപോലൊരു റെക്കോഡ് വോളീബോളില്‍ വേറെ ആരുടെ പേരിലും ഉണ്ടാവില്ല. പക്ഷെ അതിനൊന്നും രേഖകളില്ല. മണിച്ചേട്ടന്റേത് എവിടേയും എഴുതപ്പെട്ട ചരിത്രവുമല്ല. ഒരു തലമുറ വോളിബോളില്‍ കണ്ടും കേട്ടും ശീലച്ചത് മാത്രം. വര്‍ഷങ്ങളോളം സര്‍വീസസിന്റേയും പിന്നെ കേരളത്തിന്റേയും കോച്ചായിട്ടും ഒരു ചെറിയ പുരസ്‌കാരംപോലും നല്‍കി ആദരിക്കാത്തിടത്തോളം കാലം നിങ്ങളെപ്പോലുള്ള പുതുതലമുറ എങ്ങിനെ ഓര്‍ക്കാനാണ് മണിച്ചേട്ടനെ…’ ശ്രീധര്‍ ഇത്രയും പറയുമ്പോള്‍ അരികിലിരുന്ന് മണിച്ചേട്ടന്‍ വെറുതെ ചിരിക്കുകയായിരുന്നു.

അപ്പോഴും ശ്രീധറിനെ ഹസ്തദാനം ചെയ്യാനായി നൂറുകണക്കിനാളുകള്‍ വന്നുപോയ്‌ക്കൊണ്ടിരുന്നു. പക്ഷെ അവരാരും ഈ ഷോട്ട്‌ബോള്‍ മണിയെ തിരിച്ചറിഞ്ഞതുപോലുമില്ല. സാധാരണ അഭിമുഖങ്ങളില്‍ രാജ്യത്ത് ആദ്യമായി ഷോട്ട്ബോള്‍ അടിച്ചത് ഞാനാണെന്ന് ഒരു വോളിബോള്‍ താരം അവകാശപ്പെട്ടാല്‍ വിശ്വസിക്കാന്‍ നമ്മള്‍ ഒരു പക്ഷെ വല്ല രേഖയും ആവശ്യപ്പെടും. പക്ഷെ മണിച്ചേട്ടന്റെ കാര്യത്തില്‍ പറയുന്നത് ഇന്ത്യന്‍ വോളിബോളിന്റെ ജീവിക്കുന്ന ഇതിഹാസം ശ്രീധറായതിനാല്‍ അതിലും വലിയൊരു സര്‍ട്ടിഫിക്കറ്റ് വേറെ ആവശ്യമുണ്ടോ…?

ആലപ്പുഴ ജില്ലയിലെ കുട്ടനാട് തലവെടിയില്‍ നിന്നാണ് മണിച്ചേട്ടന്റെ വരവ്. അവിടെ മണിച്ചേട്ടനെന്നും ഷോട്ട്‌ബോള്‍ മണിയെന്നുമൊക്കെ പറഞ്ഞാല്‍ ആളുകള്‍ അറിയണമെന്നില്ല. കുട്ടനാട്ടിലും ഇപ്പോള്‍ താമസിക്കുന്ന കല്‍പറ്റയിലുമെല്ലാം അദ്ദേഹം രവീന്ദ്രനാഥന്‍ നായരാണ്. അതാണ് ശരിയായ പേര്. കളിക്കാലങ്ങളിലെപ്പഴോ പിറന്നുവീണതാണ് മണിയെന്ന പേര്. തലവെടി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ മണി വോളിബോളില്‍ തുടങ്ങിയിരുന്നു. 56ല്‍ തിരുവിതാംകൂര്‍ യൂനിവേഴ്‌സിറ്റി താരമായാണ് പിന്നീട് കേരളത്തിന് പുറത്തേക്ക് വളരുന്നത്. 57ല്‍ പട്ടാളത്തില്‍ ജോലിയില്‍ കയറിയശേഷം സര്‍വീസസിന്റെ ടീമില്‍ കയറി. അവിടുന്നാണ് ഷോട്ട്‌ബോള്‍ മണിയെന്ന പേരിലേക്ക് രാജ്യം മുഴുവന്‍ കത്തിപടര്‍ന്നത്. അക്കാലത്ത് സര്‍വീസസ് രാജ്യത്തെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതി നേടിയിരുന്നു. കേരളത്തില്‍ നിന്ന് അച്യുതക്കുറുപ്പും സിവി ആന്റണിയും മണിച്ചേട്ടനും പിന്നെ ശ്യാംസുന്ദര്‍റാവുവുമായിരുന്നു സര്‍വീസസിന്റെ മിന്നും താരങ്ങള്‍. 65വരെ സര്‍വീസസിന് കളിച്ച മണി പിന്നീട് രണ്ടുവര്‍ഷം ആന്ധ്ര സ്റ്റേറ്റ് ടീമിന്റെ നെടും തൂണായി. അവിടുന്നാണ് കോച്ച് ഭാഗം പഠിക്കാന്‍ പാട്യാലയിലേക്ക് പോകുന്നത്. ഒന്നാംറാങ്കോടെ എന്‍ഐസി ഡിപ്ലോമ നേടിയ മണിയെ ഉടന്‍തന്നെ സര്‍വീസസ് അവരുടെ കോച്ചായി എടുത്തു. മണിച്ചേട്ടന്റെ ശിക്ഷണത്തില്‍ സര്‍വീസസ് അങ്ങനെ കളിയുടെ പുതുപാഠങ്ങള്‍ അഭ്യസിച്ചു.

സര്‍വീസസ് വിട്ടശേഷം 76ല്‍ കേരള സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ജോയിന്റ് ചെയ്യുകയും 93വരെ കേരള കോച്ചായി തുടരുകയും ചെയ്തു. ഇക്കാലത്താണ് ജിമ്മിജേര്‍ജ്, ജോസ് ജോര്‍ജ്, ഡാനിക്കുട്ടി ഡേവിഡ്, രാജീവന്‍ നായര്‍ തുടങ്ങി എക്കാലത്തേയും മികച്ച ദേശീയ അന്തര്‍ദേശീയ താരങ്ങളെ കേരളം സൃഷ്ടിക്കുന്നത്. ബോപ്പാല്‍ നാഷണ്‍സില്‍ കപ്പ് നേടിയ സാലിജോര്‍ജ്, ജെയ്‌സമ്മ മുത്തേടം തുടങ്ങിയവരടങ്ങിയ കേരള വനിതാടീമിന്റെ കോച്ചും മണിച്ചേട്ടനായിരുന്നു. മണിച്ചേട്ടന്‍ കളിച്ചതും മണിച്ചേട്ടന്‍ പരിശീലിപ്പിച്ച് കപ്പ് നേടിയ ടൂര്‍ണമെന്റുകളുടേയും കണക്ക് ചോദിച്ചാല്‍ ഒരു ദിവസം മുഴുന്‍ ഇരുന്ന് എഴുതേണ്ടിവരും. അത്രമാത്രമുണ്ട് വോളിബോളില്‍ ഈ കുറിയ മനുഷ്യന്റെ നേട്ടങ്ങള്‍. 93ല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പടിയിറങ്ങിയെങ്കിലും ഇപ്പോഴും വോളിബോള്‍ എവിടെയുണ്ടോ അവിടെ മണിച്ചേട്ടനുമുണ്ട്. ഭാര്യ ശാന്തമ്മയുടെ ജോലി ആവശ്യാര്‍ഥമാണ് അദ്ദേഹം കുട്ടനാട് വിട്ട് കല്‍പറ്റയ്ക്ക് കൂടുമാറിയത്. ഇപ്പോള്‍ ഭാര്യ മരിച്ചു. നാല് മക്കളും വിവാഹമൊക്കെകഴിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്നു. വയനാട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന മണിച്ചേട്ടന് ഇന്നും കൂട്ട് വോളിബോള്‍ മാത്രം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍