UPDATES

സിനിമ

അസ്വസ്ഥമാകേണ്ട കാഴ്ചകളാണ്; അതിന് കാരണങ്ങളുമുണ്ട്

Avatar

ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതും സെക്ഷന്‍ 377 റീ-ക്രിമിനലൈസ് ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിടുന്നതും ഏകദേശം ഒരേ സമയത്താണ്. ഈ ഒരു സാഹചര്യത്തെ മുന്‍നിര്‍ത്തിയെടുത്ത പിനൈല്‍ കോഡ് എന്ന ഹൃസ്വ ചിത്രം കാന്‍സ് ഷോര്‍ട്ട് ഫിലിം കോര്‍ണറിലും മറ്റ് അന്താരാഷ്ട്ര മേളകളിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ മാസം 26 മുതല്‍ 30 വരെ തിരുവനന്തപുരത്തു നടക്കുന്ന International documentary and short-film festival of Kerala-യില്‍ മത്സരവിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിന്റെ സംവിധായകനും മലയാളിയുമായ ശരത് ചന്ദ്ര ബോസുമായി അഴിമുഖം പ്രതിനിധി നടത്തിയ അഭിമുഖത്തില്‍ നിന്ന്:  

 

പിനൈല്‍ കോഡ്  (ഇംഗ്ലീഷ് –15 മിനിറ്റ്))
സംവിധാനം: ശരത് ചന്ദ്ര ബോസ്
ക്യാമറ: അങ്കിത് ആര്യ
എഡിറ്റിംഗ്: ജോബിന്‍ ജോബ്
ശബ്ദം: അനില്‍
അഭിനേതാക്കള്‍: ലക്ഷ്മി മരിക്കാര്‍, പ്രാചി ജെയിന്‍

 

എന്തുകൊണ്ടാണ് പിനൈല്‍ കോഡ് എന്ന പേര്?
സ്വവര്‍ഗ്ഗ ലൈംഗികതയെ റീ-ക്രിമിനലൈസ് ചെയ്യുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 377 ചിത്രത്തന്റെ ആഖ്യാനത്തില്‍ പ്രധാനമായ പങ്കുവഹിക്കുന്നുണ്ട്. പാട്രിയാര്‍ക്കല്‍ ആയ ഒരു സാമൂഹിക വ്യവസ്ഥയുടെ നിര്‍മ്മിതിയായിട്ടാണ് ഈ നിയമത്തെ ചിത്രം നോക്കിക്കാണുന്നത്. നിയമ വ്യവസ്ഥിതിയുടെ ഈ പാട്രിയാര്‍ക്കല്‍ മനോഭാവത്തെ പ്രതിനിധീകരിക്കാന്‍ പുരുഷന്റെ ലിംഗത്തെ (പീനസ്) ഒരു മെറ്റഫര്‍ ആയി ഉപയോഗിക്കുകയും, ഇന്ത്യന്‍ പീനല്‍ കോഡും പുരുഷന്റെ പീനസും ചേര്‍ന്ന പിനൈല്‍ കോഡ് അങ്ങനെ ചിത്രത്തിന്റെ പേരാകുകയുമായിരുന്നു.

 

ഉള്ളടക്കത്തെക്കുറിച്ചൊന്നു പറയാമോ?
വിവിധ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് സ്വവര്‍ഗ്ഗ ലൈംഗികതയെ റീ-ക്രിമിനലൈസ് ചെയ്തുകൊണ്ടുള്ള നിയമം നിലവില്‍ വരുകയും, അതേ സമയത്തുതന്നെ പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ചെയ്ത സാഹചര്യത്തില്‍ ഒരു നഗരത്തില്‍ ഒരുമിച്ചു ജീവിക്കുന്ന സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വവര്‍ഗ്ഗാനുരാഗം ക്രിമിനലൈസ് ചെയ്യുന്നത് തികച്ചും മനുഷ്യാവകാശലംഘനമാണ്. എന്നാല്‍ ക്വീര്‍ റൈറ്റ്‌സിനു വേണ്ടിയുള്ള ഒരു പ്രൊപ്പഗന്‍ഡ സിനിമയല്ലിത്. ചിത്രം സ്വവര്‍ഗ്ഗ ലൈംഗികതയെ മറ്റേതൊരു ബന്ധം പോലെയും തികച്ചും സാധാരണമായ ഒന്നായിട്ടാണ് നോക്കിക്കാണുന്നത്. ഇന്ത്യയില്‍ സ്വവര്‍ഗ്ഗ ലൈംഗികത വിഷയമായിട്ടുള്ള നിരവധി സിനിമകള്‍ വന്നിട്ടുണ്ട്, അത്തരം പല സിനിമകളിലും സ്വവര്‍ഗ്ഗാനുരാഗത്തില്‍ ആയിരിക്കുവാന്‍ വ്യക്തികള്‍ രാഷ്ട്രത്തിന്റെയോ, സമൂഹത്തിന്റെയോ, അല്ലെങ്കില്‍ പ്രധാനമായും കുടുംബത്തിന്റെയോ സമ്മതത്തിനായി / അവകാശത്തിനായി പോരാടുന്നതോ (അനുമതി തേടുന്നതോ) ആയിട്ടുള്ള കഥകളാണ് പറയാറുള്ളത്. എന്നാല്‍ പിനൈല്‍ കോഡില്‍ ഈ ഒരു സമീപനമല്ല ഉള്ളത്. സ്വവര്‍ഗ്ഗ ലൈംഗികതയെ റീ-ക്രിമിനലൈസ് ചെയ്തുകൊണ്ടുള്ള നിയമം വരുന്നതിനു മുന്‍പും വന്നതിനു ശേഷവുമുള്ള ഘട്ടങ്ങളില്‍ ഈ രണ്ട് സ്ത്രീകളുടെയും ജീവിതത്തെ നോക്കിക്കാണുകയാണ് സിനിമ ചെയ്യുന്നത്. മറ്റേതൊരു ബന്ധത്തിലേതു പോലെയും പ്രശ്‌നങ്ങളും അസ്വാരസ്യങ്ങളും സ്വവര്‍ഗ്ഗ ബന്ധങ്ങളിലുമുണ്ട്; ഇതും ഈ ഹ്രസ്വ ചിത്രത്തിന്റെ വിഷയമാണ്.

 

താങ്കളുടെ സിനിമയുടെ ശൈലിയെ കുറിച്ചൊന്നു പറയാമോ?
ഒരു സ്വതന്ത്ര സിനിമയും അതോടൊപ്പം തന്നെ ഒരു പരീക്ഷണ ചിത്രവുമാണിത്. എന്നെ സംബന്ധിച്ച് സിനിമയുടെ രൂപം വളരെ പ്രധാനമാണ്. ചിലപ്പോള്‍ ഉള്ളടക്കത്തെക്കാള്‍ പ്രധാനം. ഒരോ സിനിമയും അത് ചെറുതോ വലുതോ ആവട്ടെ സിനിമയെന്ന മാധ്യമത്തെയും അതിന്റെ സൗന്ദര്യശാസ്ത്രത്തെയും മുന്നോട്ട് കൊണ്ടു പോകുകയും നവീനമാക്കുകയും ചെയ്യുമ്പോഴാണ് ആ സിനിമ മികച്ചതാവുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരത്തില്‍ സിനിമയെന്ന മാധ്യമത്തോടും അതിന്റെ ചരിത്രത്തോടും സൗന്ദര്യശാസ്ത്രത്തോടും നീതി പുലര്‍ത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്.

 

 

എന്തുകൊണ്ടാണ് ഇത്രയധികം വയലന്‍സ്?
വയലന്‍സുണ്ടെന്നു പറയാം; എന്നാല്‍ വയലന്‍സിന്റെ സൂചനകള്‍ ആണ് ഈ സിനിമയില്‍ കൂടുതലും ഉള്ളത്. വളരെ എളുപ്പത്തില്‍ ഉള്ള ഒരു കാഴ്ച്ചാനുഭവം സൃഷ്ടിക്കാനല്ല ഈ ഹ്രസ്വ ചിത്രം ശ്രമിക്കുന്നത്. കാഴ്ച്ചക്കാരന്റെ ബുദ്ധിപരമായ ഇടപെടല്‍ ആവശ്യപ്പെടുന്നതിനൊപ്പം അയാളെ ചോദ്യം ചെയ്യുകയും അലോസരപ്പെടുത്തുകയും ഈ സിനിമയുടെ ഒരു ലക്ഷ്യമാണ്. മിഷേല്‍ ഹനേക്കി ഒരിക്കല്‍ അദ്ദേഹത്തിന്റെ ഒരു സിനിമയുടെ പ്രദര്‍ശനത്തിനു മുന്‍പ് കാണികളോടായി പറഞ്ഞത് വളരെ നല്ല പ്രൊജക്ഷന്‍ സിനിമയ്ക്കുണ്ടാകട്ടെയെന്നും എന്നാല്‍ ബുദ്ധിമുട്ടിക്കുന്ന ഒരു കാഴ്ച്ചാനുഭവമാകട്ടെ എന്നുമാണ്. ഏതാണ്ട് അതുപോലൊരു സമീപനം തന്നെയാണ് എനിക്കും. സിനിമ കാണിയെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ അതിലാണ് എന്റെ സംതൃപ്തി.

 

പിനൈല്‍ കോഡ് പ്രദര്‍ശിപ്പിച്ച മേളകള്‍

Cannes Court Metrage- Short Film Corner-Cannes Film Festival – 2015

ഓസ്ട്രിയയിലെ Youki 16 International youth media Festival- മത്സര വിഭാഗത്തില്‍ innovative film award-ന് അര്‍ഹമായി. (2014)

റൊമാനിയയിലെ Kinofest International digital film festival- 2014

ഇറ്റലിയിലെ OMOVIES- International festival of cine ma HOMOSEXUAL TRANS Questioning- 2014

യു.എസിലെ Eastern NC Film Festival- 2015

യു.എസിലെ Official Selection of the 2ND ANNUAL SPRINGFIELD LGBT FILM FESTIVAL- 2015

5th Siluguri International short film and documentary contest- 2014 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍