UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കണം: മനേക ഗാന്ധി

അഴിമുഖം പ്രതിനിധി

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന നിര്‍ബന്ധമാക്കണം എന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മനേക ഗാന്ധി. ഈ നീക്കം പെണ്‍ഭ്രൂണ ഹത്യയെ തടയുമെന്നും മനേക കൂട്ടിച്ചേര്‍ത്തു. ലിംഗ പരിശോധന നടത്തി കുഞ്ഞ് ആണാണോ പെണ്ണാണോയെന്ന് രേഖപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ മനേക ഗാന്ധിയുടെ പ്രസ്താവന വിവാദങ്ങളുടെ കെട്ടാണ് അഴിച്ചു വിട്ടിരിക്കുന്നത്. റേഡിയോളജിസ്റ്റുകളും ഗൈനക്കോളജിസ്റ്റുകളും ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തപ്പോള്‍ വനിതാ അവകാശ സംഘടനകള്‍ ഇതിനെതിരെ രംഗത്ത് എത്തി. ലിംഗ പരിശോധന നിര്‍ബന്ധമാക്കുന്നത് സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ ദുഷ്‌കരമാക്കുമെന്നും സുരക്ഷിതമല്ലാത്ത ഗര്‍ഭമലസിപ്പിക്കലുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ പറുന്നു.

മന്ത്രിയുടേത് ഉത്തരവാദിത്തരഹിതമായ പ്രസ്താവനയാണെന്നാണ് വനിതാ സംഘടനകള്‍ പറയുന്നത്. ലിംഗ നിര്‍ണയ പരിശോധന നടത്തി പണം സമ്പാദിക്കുന്ന റേഡിയോളജിസ്റ്റുകളുടേയും അള്‍ട്രാസോണോഗ്രാഫ് ഉടമകളുടേയും അഭിപ്രായം സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര് ഈ നയം നടപ്പിലാക്കാന്‍ പാടില്ലെന്ന് സംഘടനകള്‍ വാദിക്കുന്നു. അടുത്ത ഘട്ടമായി ഗര്‍ഭമലസുന്നതും അലസിപ്പിക്കുന്നതും കുറ്റകരമാക്കുമെന്ന ഭീതിയും അവര്‍ മുന്നോട്ടു വയ്ക്കുന്നു.

സ്വന്തം ശരീരത്തിനുമേലുള്ള സ്ത്രീകളുടെ അവകാശവും സ്വകാര്യതയ്ക്കുള്ള അവകാശവും പുതിയ നയത്തിലൂടെ ലംഘിക്കപ്പെടുമെന്ന വാദവും ഉയരുന്നുണ്ട്.

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സ്ത്രീക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം ലഭിക്കില്ല. ഇത് സ്ത്രീകളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണ്.

അള്‍ട്രാസൗണ്ട്‌സ് മെഡിക്കല്‍ ആവശ്യമായതിനാല്‍ നിയന്ത്രണങ്ങള്‍ ഒരു പരിഹാരമല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന ഈ നയത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

സ്ത്രീ-പുരുഷാനുപാതം കുറയുന്നത് ആശങ്കയുണര്‍ത്തുന്നതാണ്. എങ്കിലും റേഡിയോളജിസ്റ്റുകള്‍ക്ക് എതിരെ കേസെടുക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ലെന്നും അവര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍