UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദിവാസികളെ സമരായുധമാക്കാനില്ല, വാഗ്ദാനം നല്കി പറ്റിക്കാനുമില്ല-എം വി ശ്രേയാംസ്‌ കുമാര്‍/അഭിമുഖം

Avatar

എം വി ശ്രേയാംസ്‌കുമാര്‍/എം കെ രാമദാസ്

തെരഞ്ഞെടുപ്പില്‍ മൂന്നാം അംഗത്തിനിറങ്ങുന്ന എം എല്‍ എ മാരില്‍ ശ്രദ്ധേയനായ എം വി ശ്രേയാംസ്‌കുമാര്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയം, ഇടത്- ഐക്യ ജനാധിപത്യ മുന്നണികളുമായുള്ള ബന്ധം, വികസനം, കുടുംബരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ അഴിമുഖത്തോട് പ്രതികരിക്കുന്നു. മാതൃഭൂമി ചാനലിന്റെ മേധാവി, ടെക്‌നോക്രാറ്റ്, പ്ലാന്റര്‍ എന്നീ മേഖലകളില്‍ ശ്രദ്ധേയനായ ശ്രേയാംസ്‌കുമാര്‍ കേരള നിയമസഭയിലെ ഹരിത എം എല്‍ എമാരുടെ കൂട്ടത്തിലുമുണ്ടായിരുന്നു.

എം കെ രാമദാസ്: കല്‍പ്പറ്റയിലെ മൂന്നാം മത്സരത്തെക്കുറിച്ച്?

എം വി ശ്രേയാംസ്‌കുമാര്‍: 2006ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. സിറ്റിംഗ് എം എല്‍ എയും മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കെ രാമചന്ദ്രനോടായിരുന്നു പോരാട്ടം. യുവാവെന്ന നിലയില്‍ ഒരു ഉത്സാഹമായിരുന്നു തുടക്കത്തില്‍. അന്ന് ഇടത് മുന്നണിയുടെ ഭാഗമായിരുന്നു. സി പി ഐ എം ജില്ലാ സെക്രട്ടറിയായിരുന്നു പി എ മുഹമ്മദിന്റെ നിര്‍ബന്ധമായിരുന്നു മത്സര രംഗത്തേയ്ക്ക് വരാനുള്ള ഒരു കാരണം. ചെറുപ്പം മുതലേ അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മുന്നണി മാറ്റത്തെ തുടര്‍ന്ന് 2011ല്‍ പി എ മുഹമ്മദിനോട് കല്‍പ്പറ്റയില്‍ മത്സരിക്കേണ്ടി വന്നത് വ്യക്തിപരമായി പ്രയാസമുണ്ടാക്കിയ ഒരു സംഭവമാണ്. ഇപ്പോഴത്തെ മൂന്നാം മത്സരത്തിനും പ്രത്യേകതയുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച സി പി ഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ഒരര്‍ത്ഥത്തില്‍ എന്റെ ആദ്യ രാഷ്ട്രീയ അധ്യാപകനാണ്. കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളില്‍ എട്ടിലോ ഒന്‍പതിലോ പഠിക്കുന്ന സമയത്ത് എസ് എഫ് ഐ കമ്മിറ്റിയിലേക്ക് എത്തിച്ചത് ശശീന്ദ്രനാണ്. അന്ന് അവിടെ വിദ്യാര്‍ത്ഥി ജനദാദള്‍ ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കുറിച്ച്  ചില പാഠങ്ങള്‍ ലഭിച്ചത് ശശീന്ദ്രന്റെ ക്ലാസില്‍ നിന്നാണ്. പഠനകാലം മുതലുള്ള അടുത്ത ബന്ധം മുന്നണി മാറിയിട്ടും എം എല്‍ എയായിട്ടും തുടരുന്നു.

രാ: താങ്കള്‍ ഇരുമുന്നണികളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്നണികള്‍ തമ്മിലുള്ള അന്തരം?

ശ്രേ: സി പി ഐ എം ഒരു കേഡര്‍ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് ആകട്ടെ സമ്പൂര്‍ണ്ണ ജനാധിപത്യ പാര്‍ട്ടിയും. അതുകൊണ്ടുതന്നെ പ്രവര്‍ത്തന ശൈലിയില്‍ വ്യത്യാസമുണ്ട്. എം എല്‍ എ എന്ന നിലയിലുള്ള പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ പരിഗണനയില്ല. ആദ്യവട്ടം എം എല്‍ എയായിരുന്നപ്പോള്‍ മണ്ഡലത്തില്‍ മുപ്പയിനാട് പഞ്ചായത്ത് മാത്രമായിരുന്നു ഐക്യജനാധിപത്യ മുന്നണിക്ക് ഭരണ പങ്കാളിത്തമുള്ളത്. സമാനമായി രണ്ടാം മൂഴത്തില്‍ വൈത്തിരി പഞ്ചായത്ത്മാത്രമാണ് ഇടത്പക്ഷത്തോടൊപ്പമുണ്ടായിരുന്നത്. വിവേചനമില്ലാതെയാണ് മണ്ഡലത്തെ പരിഗണിച്ചത്. സി പി ഐ എം നേതാവായിരുന്ന ഗഗാറിന്‍ പ്രസിഡന്റായിരുന്ന വൈത്തിരിയില്‍ 45 കോടി രൂപ  ചിലവിലുള്ള പാലം നിര്‍മ്മിച്ചു. പ്രാദേശിക ആവശ്യങ്ങള്‍ പരിശോധിച്ചാണ് വികസനപ്പട്ടിക തയ്യാറാക്കിയത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളെ വിളിച്ച് ചേര്‍ത്ത് ഓരോ പ്രദേശങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിക്കുകയാണ് ചെയ്തത്. 2006ല്‍ എം എല്‍ എയായിരിക്കുമ്പോള്‍ അച്ഛന്‍ ലോകസഭാംഗമായിരുന്നു. വികസനാവശ്യങ്ങള്‍ക്ക് കേന്ദ്ര ഫണ്ട് കണ്ടെത്താന്‍ ഇത് സഹായിച്ചു. യു ഡി എഫിലെ പ്രധാനകക്ഷിയായ കോണ്‍ഗ്രസ്, മുസ്ലീംലീഗ് എന്നിവയുമായി നല്ല സൗഹൃദമുണ്ട്. ഇരു പാര്‍ട്ടികളുടെയും നേതൃത്വവുമായി അടുപ്പമുണ്ട്.

രാ: മാതൃഭൂമി ദിനപത്രത്തില്‍ ഉയര്‍ന്ന പ്രവാചക നിന്ദ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ചുവോ? ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിടയുണ്ടോ?

ശ്രേ: ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ നിങ്ങള്‍ക്ക് അറിയാമല്ലോ കാര്യങ്ങള്‍. കരുതിക്കൂട്ടി ഗൂഢോദ്ദേശത്തോടെ ചെയ്തതല്ല. സംഭവിച്ചുപോയതാണ്. അക്കാര്യത്തില്‍ ദുഃഖമുണ്ട്. തെറ്റ് ബോധ്യപ്പെട്ട് ഖേദപ്രകടനം നടത്തിയിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട സംഘടനകളുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലീംലീഗിന് ഇക്കാര്യത്തില്‍ തുറന്ന നിലപാടാണ് ഉള്ളത്. അവര്‍ക്ക് കാര്യം മനസ്സിലായിട്ടുണ്ട്.

രാ: ചില ഘട്ടങ്ങളില്‍ അഴിമതി പോലുള്ള വിഷയങ്ങളില്‍ താങ്കള്‍ നേതൃത്വം നല്‍കുന്ന മീഡിയ സര്‍ക്കാരിനെതിരെ നില്‍ക്കാറുണ്ട്? മാതൃഭൂമിയുടെ മേധാവിയെന്ന നിലയില്‍ സര്‍ക്കാരില്‍ നിന്നോ മുന്നണിയില്‍ നിന്നോ ഇടപെടല്‍ ഉണ്ടാകാറുണ്ടോ?

ശ്രേ: മാതൃഭൂമി എന്ന സ്ഥാപനം എന്റെ കുടുംബത്തിന്റേത് മാത്രമല്ല. ജനതാദള്‍ പാര്‍ട്ടിയുടെ പത്രവുമല്ല. അതിന് ഒരു പാരമ്പര്യമുണ്ട്. നിങ്ങള്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണ്. നിങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടാകും. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വാര്‍ത്തകളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രീയം നിറയ്ക്കാനാകുമോ? അതുതന്നെയാണ് മാതൃഭൂമിയിലും നടക്കുന്നത്. എനിക്കും അച്ഛനും രാഷ്ട്രീയമുണ്ട്. ഞങ്ങളുടെ രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിക്കാന്‍ മാത്രമായുള്ള സ്ഥാപനമല്ലിത്. ഞങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍പോലും മാതൃഭൂമിയില്‍ എഡിറ്ററായി വന്നിട്ടില്ല. സ്വതന്ത്ര മാധ്യമ സ്ഥാപനമാണ് മാതൃഭൂമി. ജനാദാദളിന്റെ ഭരണ മുന്നണിയിലെ പങ്കാളിത്തം മാതൃഭൂമിയെ സ്വീധീനിച്ചിട്ടില്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഫോര്ത്ത് എസ്റ്റേറ്റ് അതിന്റെ വഴിക്ക് നീങ്ങും.

രാ: കുടുംബ രാഷ്ട്രീയം എന്നതൊരു ചീത്ത അവസ്ഥയായാണ് സമൂഹ വിലയിരുത്തല്‍. അച്ഛന്‍ രാജ്യസഭയില്‍, നിങ്ങള്‍ നിയമസഭാംഗം, ഒരുപക്ഷേ മന്ത്രി? വിമര്‍ശനം വിളിച്ചു വരുത്തില്ലേ?

ശ്രേ: കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റിലാണ് കല്‍പ്പറ്റയിലെ ആദ്യ മത്സരം. അതിന് മുന്‍പ് രണ്ട് തവണ ജനാദാദള്‍ ജില്ലാ സെക്രട്ടറി എ കെ ഹംസയും ഒരു പ്രാവശ്യം ജൈനേന്ദ്രയും ഇടത് സ്ഥാനാര്‍ത്ഥികളായി. 2006ലാണ് ഞാന്‍ മത്സരിക്കുന്നത്. അക്കാലത്ത് എം പിയായിരുന്ന അച്ഛന്റെ കഴിവുകൂടി ഉപയോഗിച്ചാണ് മണ്ഡലത്തില്‍ വന്‍ തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായത്. ഇപ്പോള്‍ അച്ഛന്‍ രാജ്യസഭയില്‍ എത്തിയതിന്റെ ഗുണം കേരളത്തില്‍ പൊതുവെയും കല്‍പ്പറ്റയ്ക്ക് പ്രത്യേകമായും ഉണ്ടാകും. ഈ വിമര്‍ശനം ഒര്‍ത്ഥത്തില്‍ മറുപടി അര്‍ഹിക്കുന്നില്ല. അര്‍ഹതയാണ് പ്രധാന യോഗ്യത. മികച്ച എം എല്‍ എയെന്ന് ജനങ്ങളുടെ പ്രശംസ നേടാനായിട്ടുണ്ട്. മണ്ഡലത്തില്‍ 1500 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കാനായിട്ടുണ്ട്.

രാ: വര്‍ഗ്ഗീയ വിഭാഗീയ ചേരിത്തിരിവുകള്‍ രാജ്യത്ത് ശക്തമാണ്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ചിഹ്നഭിന്നമാണ്. കേരളത്തില്‍ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെ ഏകീകരണത്തിന് സാധ്യതയുണ്ടോ?

ശ്രേ: ഇന്ത്യ ഒരു ബഹുസ്വര രാജ്യമാണ്. സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള കാലഘട്ടമാണിത്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് ബീഹാറില്‍ സോഷ്യലിസ്റ്റുകളുടെ ഐക്യമുണ്ടായത്.  കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടിയാണ്. വര്‍ഗ്ഗീയതയിലൂടെ ബി ജെ പി ധ്രുവീകരണം നടത്തുകയാണ്. ഇത് സമൂഹത്തിന് നല്ലതല്ലെന്ന് തിരിച്ചറിയണം. സംസ്ഥാനത്ത് ജനദാദള്‍ എസ് എന്നൊരു ഗ്രൂപ്പുണ്ട്. അവരുടെ പിന്തുണയെത്രയെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. കര്‍ണ്ണാടകയില്‍ അവരുടെ പാര്‍ട്ടി ബി ജെ പിയുമായി ഏതു നിമിഷവും ഒന്നിക്കാം എന്ന അവസ്ഥയിലാണ്. ഇവിടെ ജനതാദള്‍ യുവില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഉണ്ടെന്നത് ഭാവനാ സൃഷ്ടിമാത്രമാണ്. കെ പി മോഹനനും ഞാനും മത്സരിക്കാനുണ്ടാകും. മറ്റു സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ധാരണയായില്ല. 

രാ: സാധാരണ ജനങ്ങളുടെ അതായത് തോട്ടം തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്ന് വിമര്‍ശനമുണ്ട്. തെരഞ്ഞെടുപ്പില്‍ അതൊരു വെല്ലുവിളിയാണോ?

ശ്രേ: കല്‍പ്പറ്റ മണ്ഡലത്തില്‍ നിരവധി പദ്ധതികള്‍ ആരംഭിക്കാനായിട്ടുണ്ട്. പൂര്‍ണ്ണമായി എന്ന അവകാശവാദമില്ല. ഭൂരിഭാഗം പദ്ധതികളും പൂര്‍ത്തീകരിച്ചു. പുതിയ വികസന പരിപാടികള്‍ വേണം. മുന്നൂറ് കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന കുടിവെള്ള വിതരണ പദ്ധതി പൂര്‍ത്തീകരിക്കണം. തോട്ടം തൊഴിലാളികളുടെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ സമരങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന സമരവും അവസാനിപ്പിക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പ് ചട്ടം നിലവിലുള്ളതുകൊണ്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ എം എല്‍ എ എന്ന നിലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യം എസ്റ്റേറ്റ് ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കറിയാം. ആദിവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ആയിരത്തില്‍ അധികം കോടി രൂപ വിവിധ ആദിവാസി ക്ഷേമ പദ്ധതികള്‍ക്കായി ചെലവഴിച്ചെങ്കിലും അവരില്‍ എത്തിയിട്ടില്ല. അഡീഷണല്‍ ട്രൈബല്‍ സബ്പ്ലാന്റില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആദിവാസി വീടും മാതൃകയാണ്. ചെയ്യാന്‍ കഴിയുന്നതേ പറയാറുള്ളൂ. വാഗ്ദാനം നല്‍കി അവരെ പറ്റിക്കാറില്ല. വിവിധ ആവശ്യങ്ങള്‍ക്കായി ആദിവാസികളെ സമരായുധമാക്കുകയാണ് ഇവിടെ. പ്രശ്‌ന പരിഹാരത്തിന് ശ്രമം നടക്കാറില്ല. ആദിവാസി കോളനിയില്‍ കഴിഞ്ഞ എല്‍ ഡി എഫ് മന്ത്രി അന്തിയുറങ്ങി. ആദിവാസികളെ കുഴിയില്‍ ചാടിക്കാന്‍ ഞാനില്ല. എല്ലാവര്‍ക്കും ഞാന്‍ ആക്സസിബിള്‍ ആണ്. എപ്പോള്‍ വേണമെങ്കിലും ടെലഫോണില്‍ ബന്ധപ്പെടാം. തിരക്കാണെങ്കില്‍ തിരിച്ച് വിളിക്കും.

രാ: വയനാട് മെഡിക്കല്‍ കോളേജ് സംബന്ധിച്ചും വിവാദമുണ്ടായി? എന്താണ് സംഭവിച്ചത്?

ശ്രേ: ഇക്കാര്യത്തില്‍ ഡിലേയുണ്ടായി എന്നത് നേരാണ്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടാക്കിയത്. ചില ഉദ്യോഗസ്ഥരാണ് ഇതിനുപിന്നില്‍. എന്‍ ജി ഒ യൂണിയന്‍ നേതാക്കളായ റവന്യു വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം തടസ്സം സൃഷ്ടിക്കുകയായിരുന്നു. മൂന്ന് വര്‍ഷമാണ് പാഴായത്. ഇടത് സഹയാത്രികരായ ചിലരും മെഡിക്കല്‍ കോളേജിനെതിരെ പ്രവര്‍ത്തിച്ചു. 1860ല്‍ എന്റെ കുടുംബത്തിന് ജന്മം ലഭിച്ച ഭൂമിയാണ് മെഡിക്കല്‍ കോളേജിന് സൗജന്യമായി നല്‍കിയത്. ഇല്ലാത്ത ഭൂനിയമങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് തടയിട്ടത്. ഈ ഉദ്യോഗസ്ഥനെക്കുറിച്ച് അന്വേഷിക്കണം. ഇരുപത്തിയഞ്ച് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനായി അനുവദിച്ചിട്ടുണ്ട്. നബാഡില്‍ നിന്ന് 41 കോടി രൂപയും ലഭിക്കും. 

രാ: യു ഡി എഫ് ഗവണ്‍മെന്റിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം സത്യസന്ധമായി എങ്ങനെ വിലയിരുത്തുന്നു? ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി വരണോ?

ശ്രേ: വികസന വിഷയത്തില്‍ ഇവിടെ ഒന്നും നടക്കില്ലെന്ന അവസ്ഥമാറി ചിലതെല്ലാം പ്രവര്‍ത്തന ക്ഷമമാകുമെന്നും വ്യക്തമായി. ഉമ്മന്‍ചാണ്ടിയോളം ജനക്ഷേമ താല്‍പ്പര്യമുള്ള നേതാക്കള്‍ ഇല്ലെന്നാണ് അനുഭവം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയെ മാറ്റേണ്ടതില്ല. ഉമ്മന്‍ചാണ്ടിതന്നെയാണ് അനുയോജ്യന്‍. വികസനത്തോടൊപ്പം നടപ്പാക്കിയ സാമൂഹ്യക്ഷേമ പദ്ധതികള്‍ ശ്രദ്ധേയമായിരുന്നു. അഴിമതി ചൂണ്ടിക്കാണിച്ച് ആരോപണങ്ങള്‍ മാത്രമാണ് ഉണ്ടായത്. ബാറിലും സോളാറിലും സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല. ഏതെങ്കിലും ബാറിന് ലൈസന്‍സ് നല്‍കിയെന്ന പരാതിയ ഉയര്‍ന്നിട്ടില്ല. ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നുപോലും തെളിഞ്ഞിട്ടുമില്ല.

(അഴിമുഖം കണ്‍സള്‍റ്റിംഗ് എഡിറ്ററാണ് രാമദാസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍