UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിബിഐ കുരുക്കില്‍ സിപിഐ(എം)

Avatar

അഴിമുഖം പ്രതിനിധി

കൊലക്കേസുകള്‍ ഒന്നിനു പുറകേ മറ്റൊന്നായി സിബിഐയ്ക്ക് വിടുന്നത് സിപിഐ-എമ്മിനെ തെല്ലൊന്നുമല്ല പ്രതിരോധത്തിലാക്കുന്നത്. പ്രത്യേകിച്ച് അസംബ്ലി തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഈ ഘട്ടത്തില്‍.

കതിരൂര്‍ മനോജ് വധക്കേസ് സിബിഐ അന്വേഷിച്ചു വരുന്നതിനിടയിലാണ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ പുനരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനിടെ ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട കേസിലെ ഉന്നതതല ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഭാര്യ രമ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ നടന്ന രണ്ട് കൊലപാതക കേസിലും സിപിഐ-എം ജില്ലാ സെക്രട്ടറി പി ജയരാജനാണ് പ്രതിസ്ഥാനത്ത് എന്നത് പാര്‍ട്ടി ജില്ലാ നേതൃത്വത്തെ വല്ലാത്തൊരു വെട്ടിലാണ് വീഴ്ത്തിയിരിക്കുന്നത്. കേസുകള്‍ നടത്തുന്നതിനൊപ്പം പി ജയരാജന്റെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വവും നേതൃത്വത്തിനു മേല്‍ വന്നിരിക്കുന്നു. ജയരാജന്‍ അറസ്റ്റിലായി ജയിലില്‍ അടയ്ക്കപ്പെടുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ കരുത്തുറ്റ ഒരു സംഘാടകന്റെ സേവനമാണ് തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് നഷ്ടമാകുക. അതുകൊണ്ട് തന്നെ അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ പുന:രന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിന് എതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.

2012 ഫെബ്രുവരി 20-നാണ് എം എസ് എഫ് പ്രവര്‍ത്തകനായ അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല ചെയ്യപ്പെട്ടത്. അതേ ദിവസം രാവിലെ തളിപ്പറമ്പ് പട്ടുവത്തിന് അടുത്ത് വച്ച് പി ജയരാജനും കല്ല്യാശേരി എംഎല്‍എ ടിവി രാജേഷും സഞ്ചരിച്ചിരുന്ന വാഹനം ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ ജയരാജനേയും രാജേഷിനേയും ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് പൊലീസ് പ്രതി ചേര്‍ത്തത്.

പി ജയരാജനെ ഭാവി ആഭ്യന്തരമന്ത്രിയായി ചിത്രീകരിച്ചു കൊണ്ട് കണ്ണൂര്‍ അമ്പാടി മുക്കില്‍ ഫ്ലക്‌സ് ബോര്‍ഡ് ഉയര്‍ന്നതിന്റെ തൊട്ടു പിന്നാലെയാണ് ജയരാജന്‍ ഉള്‍പ്പെട്ട ഷുക്കൂര്‍ വധക്കേസ് സിബിഐയ്ക്ക് വിടാന്‍ കോടതി ഉത്തരവിട്ടത് എന്നത് ശ്രദ്ധേയമാണ്. ബിജെപിയില്‍ നിന്നും അടുത്ത കാലത്ത് സിപിഐ-എമ്മിലെത്തിയവരാണ് ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ഇവര്‍ മുമ്പ് പിണറായി വിജയനെ അര്‍ജുനനായും പി ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിക്കുന്ന ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍