UPDATES

എ എം ആരിഫ് എംഎല്‍എയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് എ എ ഷുക്കൂര്‍

അഴിമുഖം പ്രതിനിധി

അരൂര്‍ എംഎല്‍എ യും ജില്ലയിലെ സിപിഎം നേതാവുമായ അഡ്വക്കേറ്റ് എ എം ആരിഫിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് അലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍. സിപിഎമ്മില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസിലേക്ക് വരാന്‍ ആരിഫ് താല്‍പര്യം പ്രകടിപ്പിച്ചാല്‍ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുമെന്നാണ് ഷുക്കൂര്‍ ഇന്നു പറഞ്ഞത്. സ്വന്തം പാര്‍ട്ടിയില്‍ യാതൊരു അസ്തിത്വം ഇല്ലാത്തയാളാണ് ഷുക്കൂറെന്നും താന്‍ സിപിഎമ്മില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ലെന്നായിരുന്നു ഇതിനോട് ആരിഫ് പ്രതികരണം നടത്തിയത്.

ജി. സുധാകരനുമായുള്ള പ്രശ്‌നങ്ങളാണ് ആരിഫിനെ പാര്‍ട്ടി വിടും എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് ആധാരം. ഇരുവരും പരസ്യമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടതുള്‍പ്പെടെ വാര്‍ത്തയായിരുന്നു. ജില്ലാ കമ്മിറ്റിയില്‍ വൈകിവന്ന ആരിഫിനെ സുധാകരന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തെക്കാള്‍ മറ്റെന്തൊക്കെയെ കാര്യങ്ങളാണ് ആരിഫിന് പ്രധാനമെന്ന തരത്തിലാണ് സുധാകരന്റെ ഭാഗത്തു നിന്നു ആക്ഷേപമുണ്ടായത്. ഇതിനെതിരെ ജില്ലാ കമ്മിറിയില്‍ വച്ച് രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ നടന്നിരുന്നു. ഒരു ഘട്ടത്തില്‍ ആരിഫിനോട് രാജിവച്ച് പുറത്തുപോയ്‌ക്കൊളാന്‍ വരെ പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നത്. ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അടുത്ത് ജില്ലയില്‍ നിന്നുള്ള മറ്റു ചില പ്രമുഖ നേതാക്കള്‍ എത്തിച്ചിട്ടുള്ളതായും അറിയുന്നു.

എന്നാല്‍ തനിക്കും ജി സുധാകരനുമിടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും താന്‍ സിപിഎമ്മില്‍ നിന്ന് പുറത്തുപോവില്ലെന്നും ഉറപ്പിച്ചു പറയുകയാണ് ആരിഫ്.

സംസ്ഥാന സമ്മേളനം നടക്കുന്നതിന് ദിവസങ്ങള്‍മാത്രം ശേഷിക്കെയാണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന ജില്ലയില്‍ നിന്നു തന്നെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരിക്കുന്നതെന്നത് പാര്‍ട്ടി നേതൃത്വത്തെ വിഷമിപ്പിക്കുന്നുണ്ട്. 

ആദ്യമായല്ല ആരിഫ് പാര്‍ട്ടി വിടുമെന്ന വാര്‍ത്ത പ്രചരിക്കുന്നത്. നേരത്തെ സെല്‍വകുമാറിനു പിന്നാലെ രണ്ടു സിപിഎം എംഎല്‍എ മാര്‍ കൂടി കോണ്‍ഗ്രസിലേക്കു വരുമെന്ന പ്രചരണങ്ങളില്‍ പറഞ്ഞുകേട്ട പേരുകളില്‍ ഒന്ന് ആരിഫിന്റെതായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍