UPDATES

വായടക്കൂ അല്ലെങ്കില്‍ പിടിച്ചു വെളിയില്‍ തള്ളും; ബഹളം വെച്ച അഭിഭാഷകരോട് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്

അഴിമുഖം പ്രതിനിധി

“വായടക്കൂ, നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ബഹളം വെയ്ക്കുന്നത്? ഇത് കോടതിയോ അതോ മീന്‍ ചന്തയോ? വായടച്ചില്ലെങ്കില്‍ എല്ലാറ്റിനെയും പിടിച്ചു വെളിയില്‍ തള്ളും.” സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ ഇന്നലെ ഒരു കൂട്ടം അഭിഭാഷകരോട് പറഞ്ഞതാണ് ഇത്. “കോടതിക്ക് ഒരു അന്തസ്സുണ്ട്. കോടതി മുറിയില്‍ മര്യാദയ്ക്ക് പെരുമാറാന്‍ അറിയാത്തവരാണ് മുതിര്‍ന്ന അഭിഭാഷകരാകന്‍ ശ്രമിക്കുന്നത്” സുപ്രീം കോടതിക്കുള്ളില്‍ പരസ്പരം വാഗ്വാദം നടത്തിയ അഭിഭാഷകരോടായി ഠാക്കൂര്‍ പറഞ്ഞു. 

ബഹളമുണ്ടാക്കിയ ചില അഭിഭാഷകരെ കോടതി മുറിയില്‍ നിന്നു പുറത്താക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ശബ്ദം ഉയര്‍ത്തിയ അഭിഭാഷകനോട് ഇനി അവര്‍ത്തിക്കരുത് എന്നു താക്കീത് ചെയ്യുകയും ചെയ്തു. 

മുതിര്‍ന്ന അഭിഭാഷകരെ നിശ്ചയിക്കുന്നതില്‍ സുതാര്യതയും പരിശോധനയും വേണമെന്ന ഇന്ദിര ജെയ്സിംഗിന്റെ പൊതു താത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് അസാധാരണമായ സംഭവവികാസങ്ങള്‍ കോടതിയില്‍ അരങ്ങേറിയത്. ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. 

ബാറില്‍ ചില മുതിര്‍ന്ന അഭിഭാഷകര്‍ കയ്യാളുന്ന കുത്തക നീതി നിഷേധത്തിന് കാരണമാകുന്നുണ്ട് എന്നു ആരോപിച്ച ഇന്ദിര ജെയ്സിംഗ് എല്ലാവര്‍ക്കും തുല്യ അവസരം നല്‍കുന്ന സംവിധാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. നിലവിലുള്ള സംവിധാനം വിവേചനപരമാണെന്ന് തന്റെ ഹര്‍ജിയിലൂടെ അവര്‍ ആരോപിച്ചു. ഈ സംവിധാനം തുടരണമെന്നാണ് നിങ്ങളുടെ താത്പര്യമെങ്കില്‍ ഇത് പൂര്‍ണമായും ജനാധിപത്യവത്ക്കരിക്കണം.   

എന്നാല്‍ 20-30 വര്‍ഷം അനുഭവ പരിചയമുള്ളവരെയും പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളവരെയും പ്രമുഖ മാധ്യമങ്ങളില്‍ നിയമസംബന്ധമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവരെയും മുതിര്‍ന്ന അഭിഭാഷകരായി പരിഗണിക്കണമെന്ന ജെയ് സിംഗിന്റെ വാദം പക്ഷേ ബെഞ്ചിന് തൃപ്തികരമായി തോന്നിയില്ല. അഭിഭാഷകനായി കുറച്ചു വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു എന്നത് മുതിര്‍ന്ന അഭിഭാഷകനായി പരിഗണിക്കാനുള്ള യോഗ്യതയായി കണക്കാക്കാനാവില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. 

ബാറില്‍ നടക്കുന്ന ലോബിയിംഗിനെ കുറിച്ച് ജെയ് സിംഗ് പറഞ്ഞപ്പോള്‍ വക്കീല്‍ കുപ്പായം കിട്ടുന്നതിന് താങ്കള്‍ ലോബി ചെയ്തിട്ടുണ്ടോ എന്നാണ് കോടതി ചോദിച്ചത്. 

അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി, മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനുസിംഗ്വി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ദൂഷ്യന്ത് ദേവ്, സീനിയര്‍ കൌണ്‍സല്‍ സോളി സൊറാബ്ജി എന്നിവര്‍ വിഷയത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍