UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദിവാസികള്‍ സ്റ്റേറ്റിന് ഒരു ഏരിയല്‍ ഷോട്ട്

Avatar

നിലമ്പൂരിലെ പാലക്കയം ആദിവാസി കോളനിയില്‍ നിന്നും  മുതുവാന്‍ വിഭാഗത്തില്‍ നിന്ന്‍ ആദ്യമായി നരവംശശാസ്ത്രത്തില്‍ എം.എഫില്‍ പൂര്‍ത്തിയാക്കിയ ശ്യാംജിത്തുമായി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും കൈരളി ടി.വി മുന്‍ ദില്ലി കറസ്‌പോണ്ടന്റുമായ എ. എം യാസര്‍ നടത്തിയ അഭിമുഖം. 

യാസര്‍: നിലമ്പൂരിലെ ആദിവാസി സമൂഹത്തിലെ മുതുവാന്‍ ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരാള്‍ നരവംശശാസ്ത്രത്തില്‍ എം.എഫില്‍ പൂര്‍ത്തിയാക്കുന്നത്.  മാത്രമല്ല ആദിവാസി ഗോത്രവര്‍ഗ്ഗത്തെ കുറിച്ച്  ഗവേഷണം നടത്തുന്ന സ്ഥാപനമായ കിര്‍ത്താഡ്സില്‍ ജോലി ചെയ്യുകയും ചെയ്തു. ഈ നിലയില്‍ ആദിവാസികളെ , പ്രത്യേകിച്ച് സ്വന്തം ജനവിഭാഗത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്? 

ശ്യാംജിത്ത്:  നമ്മള്‍ ട്രൈബ് എന്ന പറയുന്നതിനെ പലയാളുകളും പല വിധത്തില്‍ നിര്‍വചിക്കുന്നുണ്ട്. ഒരു പ്രത്യേക ഭാഷയുളള പ്രത്യേക ജീവിത രീതിയുളള ഒരു ജനവിഭാഗത്തിനെയാണ് പൊതുവെ ആദിവാസികള്‍ അല്ലെങ്കില്‍ ട്രൈബ് എന്നു കരുതുന്നത്. ഇപ്പോള്‍ ഇവിടെ ഈ പാലക്കയം കോളനിയില്‍ ഞങ്ങള്‍ പന്തിരായിരം മലവാരം എന്നു വിളിക്കുന്ന ഈ മലവാരത്ത് ഞങ്ങള്‍ മുതുവാന്‍ സമുദായം, കാട്ടുനായ്ക്കര്‍, കാട്ടുപണിയര്‍ എന്നീ മൂന്നു വിഭാഗം ജനങ്ങളാണ് താമസിക്കുന്നത്. ഒരോരുത്തര്‍ക്കും വിഭവങ്ങള്‍ ശേഖരിക്കാനായി അതിരുകളുണ്ട്. അതിര് ചിലപ്പോള്‍ പുഴയാവും കാടാവും കുന്നാവും. മുതുവാന്‍ സമുദായത്തില്‍ 36 കൂടുംബങ്ങളും കാട്ടുപണിയര്‍ വിഭാഗത്തില്‍ 22 കുടുംബങ്ങളും കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍ 16 കുടുംബങ്ങളുമാണ് ഇവിടെയുളളത്.  മുന്നു വിഭാഗവും പന്തീരായിരം മലവാരത്തിന്റെ ചുറ്റിലുമുളള വിവിധ മേഖലയില്‍ ജീവിക്കുന്നു. വ്യത്യസ്ഥ വിഭാഗങ്ങളായി. കാട്ടുനായ്ക്കര്‍ പൊതുവെ നാടുമായി അത്രയധികം സമ്പര്‍ക്കം പുലര്‍ത്താറില്ല. കാട്ടിലെ തേന്‍, കുന്തിരിക്കം എന്നീ വിഭവങ്ങള്‍ ശേഖരിച്ചാണ് അവര്‍ കഴിഞ്ഞു കൂടുന്നത്. ഇപ്പോ നിലമ്പൂര്‍ പാട്ട് നടക്കുന്നുണ്ട്. നിലമ്പൂര്‍ പാട്ട് കഴിയുമ്പോഴാണ് അവര്‍ കാട്ടില്‍ പോവുക. പിന്നീട് ആറ് മാസം കാട്ടിലായിരിക്കും ഗുഹപോലുളള പാറമടകളിലാണ് അപ്പോള്‍ താമസിക്കുക. ആ ആറുമാസക്കാലം അവിടെ തന്നെ കഴിയുകയാണ് പതിവ്. ഞങ്ങള്‍ മുതുവന്‍മാര്‍ പണ്ടുമുതലെ ഷിഫ്റ്റിംങ് കള്‍ട്ടിവേഷന്‍ പിന്‍പറ്റി പോരുകയായിരുന്നു. മലവാരത്തിനു ചുറ്റും ഒരോ വര്‍ഷവും കൃഷി ചെയ്യും. അവിടെ തന്നെ താമസിക്കുകയും ചെയ്യും. അങ്ങനെ ഒരോ വര്‍ഷവും ഒരോയിടത്തായിരിക്കും ഞങ്ങള്‍ താമസിക്കുക. ഇങ്ങനെ തനതായ ജീവിത രീതിയുളള ഞങ്ങള്‍ സ്വാശ്രയരായിരുന്നു. ദാ ഇക്കാണുന്ന മലവാരത്തിന്റെ മാറിടത്തില്‍  സുഖകരമായി കഴിഞ്ഞുപോവുകയായിരുന്നു ഞങ്ങളുടെ പൂര്‍വ്വികര്‍. ഇന്നലെയും നാളെയും ഒന്നു നോക്കാതെ ഇന്ന് മാത്രം ആസ്വദിച്ചു പരിഭവങ്ങളോ പരാതിയോ ഇല്ലാതെ അങ്ങനെ അതിജിവിച്ചുവരികയായിരുന്നു.

യാസര്‍: പിന്നിട് എന്തു സംഭവിച്ചു?
ശ്യാം: ശരിക്കും പറഞ്ഞാല്‍ സ്റ്റേറ്റിന്റെ ഇടപെടലാണ് ഞങ്ങളെ ഈ ഗതിയിലെത്തിച്ചത്. അതായത്. കാട്ടില്‍ നിന്നിറക്കുകയും ചെയ്തു. നാട്ടിലാണെങ്കിലെത്തിയതുമില്ലെന്ന രീതിയിലാണ് ഇപ്പോള്‍ ഞങ്ങള്‍ കഴിയുന്നത്. സ്റ്റേറ്റ് രൂപപ്പെടുന്നതിനു മുമ്പ് മഞ്ചേരി  കോവിലകത്തില്‍ പെട്ടതായിരുന്നു ഈ മലവാരം. അന്നു ഞങ്ങള്‍ നൂറു ശതമാനവും കാടിന്റെ മക്കളായിരുന്നു. പ്രകൃതിയോടിണക്കമുളളവരായിരുന്നു. പാമ്പ് കടിയേറ്റാല്‍പ്പോലും ഞങ്ങള്‍ക്കു വിഷം തീണ്ടില്ലായിരുന്നു. ഇനി വിഷമേറ്റാല്‍പ്പോലും അതിറക്കാന്‍ ഞങ്ങളുടെ കൂട്ടത്തില്‍ വൈദ്യമറിയുന്നവരുണ്ടായിരുന്നു. 1972 ല്‍ കാട് ദേശസാല്‍ക്കരിച്ചതോടെയാണ് ഞങ്ങളെന്താണെന്നത് പുറമക്കാര്‍ (സ്റ്റേറ്റ്) പഠിക്കുന്നതും നിര്‍വചിക്കുന്നതും. അത് ഹെലികോപ്റ്ററില്‍ നിന്നും നോക്കി മനസിലാക്കിയതുപോലെയായി. ഒരു ഏരിയല്‍ ഷോട്ട്. മുകളില്‍ നിന്നും കണ്ട് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളെ ആദിവാസികളെ വികസിപ്പിച്ചു നാട്ടുകാരെപ്പോലെയാക്കണമെന്ന് അവര്‍ നയമുണ്ടാക്കി. അതാണ് എല്ലാറ്റിന്റേയും തുടക്കം. അതുവരെ സ്വാശ്രയരായിരുന്ന അല്ലെങ്കില്‍ പ്രകൃതിയെ പൂര്‍ണ്ണമായും ആശ്രയിച്ച് ജീവിക്കുന്ന ഞങ്ങള്‍ ആശ്രിതരാവുകയായിരുന്നു. നാട്ടിലുളളവരെപ്പോലെ ഞങ്ങള്‍ കാട്ടുവാസികളെ പരിഷ്‌കരിക്കാനുളള പദ്ധതികള്‍ വന്നുകൊണ്ടേയിരുന്നു. രണ്ടുനേരം ഉണ്ണുകയും കാട്ടില്‍പ്പോയി വിഭവങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്ന ഞങ്ങളെ മുന്നുനേരം ഭക്ഷണം കഴിപ്പിക്കാന്‍ പദ്ധതിയുണ്ടാക്കിയതോടെ ഞങ്ങള്‍ ആശ്രിതരായി. കളളുകുടിയന്‍മാരായി.

യാസര്‍: ചില നല്ല നയങ്ങളും സര്‍ക്കാര്‍ ആവിഷകരിച്ചില്ലെ?
ശ്യാം: സര്‍ക്കാറിന്റെ കാഴ്ചപാടില്‍ നല്ല നയങ്ങള്‍ തന്നെയാണ് എല്ലാം. നേരത്തെ പറഞ്ഞതുപോലെ അവ പുറമെ നിന്നുളളവരുടെ മനസിലാക്കലില്‍ നിന്നും രൂപപെടുന്ന നയങ്ങളാണ്. മാത്രമല്ല അത്തരം നയങ്ങള്‍ നടപ്പിലാക്കുന്നവര്‍ ആദിവാസികളോ അവരുടെ മനോഭാവമോ പ്രകൃതമോ അറിയുന്നവരോ അല്ല. അതിന്റെ പ്രശനങ്ങള്‍ എല്ലാ പദ്ധതികള്‍ക്കുമുണ്ട്. ഉദാഹരണത്തിന്. ഒരു രൂപക്ക് അരി തരുന്ന പദ്ധതിയുണ്ട്. സര്‍ക്കാറിന്റെ നല്ലൊരു പദ്ധതിയാണത്. മുപ്പത് കിലോ അരി വാങ്ങാന്‍ മുപ്പതു രൂപമതി. എന്നാല്‍ ആ അരി ഇടിവണ്ണയില്‍ നിന്നും ഇവിടെയത്തിക്കാന്‍ 600 രൂപകൊടുത്ത് ജീപ്പു വിളിക്കണം. കാട്ടിലേക്കു മറ്റുവണ്ടികള്‍ക്കു വരാനുമാവില്ല. 630 രൂപകൊടുത്താണ് ഞങ്ങള്‍ മുപ്പത് കിലോ അരി വാങ്ങുന്നതെന്നു ചുരുക്കം. വിദ്യാഭ്യാസവും അങ്ങനെയാണ്. നേരത്തെ പറഞ്ഞല്ലൊ? വനവിഭവങ്ങള്‍ ശേഖരിച്ചും കൃഷിയിറക്കിയും ഞങ്ങള്‍ അതിജീവിക്കുകയായിരുന്നു. അങ്ങനെ ജിവിക്കാനുളള സ്‌കില്‍ ഞങ്ങളുടെ പൂര്‍വ്വികര്‍ക്കുണ്ടായിരുന്നു. ആ സ്‌കില്ലാണല്ലോ ഞങ്ങള്‍ പുതുതലമുറക്കുണ്ടാക്കി തരേണ്ടത്. അതല്ലേ ഞങ്ങളെ സംമ്പന്ധിച്ചിടത്തോളം ഔപചാരിക വിദ്യാഭ്യാസം? ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ വ്യത്യാസം ഉള്‍ക്കൊളളാതെയാണ് സ്റ്റേറ്റ് വിദ്യാഭ്യാസ രീതികള്‍ ആവിഷ്‌കരിക്കുന്നത്. അവയുണ്ടാക്കുന്ന വ്യത്യാസം സ്വത പ്രതിസന്ധിയിലേക്കും മാനസിക സംഘര്‍ഷത്തിലേക്കും നയിക്കുന്നു. 

യാസര്‍: അത് എങ്ങനയാണ് സംഭവിക്കുന്നത്?
ശ്യാം: റേഷന്‍ഷോപ്പിന്റെ സ്ഥിതിപോലെ തന്നെയാണത്. വിദ്യ അഭ്യസിക്കണമെങ്കില്‍ നാടിറങ്ങണം. ഹോസ്റ്റലില്‍ തങ്ങണം. ഹോസ്റ്റലില്‍ നിന്നും തികച്ചു പുതിയ സംസ്‌കാരമാണു സ്വായത്തമാക്കുന്നത്. അവധിക്കു വീട്ടില്‍ വരുമ്പോഴേക്കും രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുളള സംഘര്‍ഷം ആരംഭിക്കും. അത് രക്ഷിതാക്കളും മക്കളും തമ്മിലല്ല. ഒരോരുത്തരം അവരുടെ ഉളളുമായി തന്നെ, പാരമ്പര്യവുമായി തന്നെ ആ സംഘര്‍ഷം തുടങ്ങും. ഒരു തരം ആശയകുഴപ്പമായിട്ടാണ് ആദ്യം അതനുഭവിക്കുക. ആദിവാസികള്‍ക്കു സ്വാശ്രയരാവാന്‍ അവരെ പ്രാപ്തരാക്കുന്ന കരിക്കുലമുളള വിദ്യാഭ്യാസം അവരുടെ കോളനിയില്‍ തന്നെ സൗകര്യപ്പെടുത്തുകയാണു വേണ്ടത്. വിദ്യാഭ്യാസം ഉണ്ടാക്കിയ വലിയ ഒരു പ്രശ്‌നം പഠനം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ്. കുട്ടിക്കാലത്തുതന്നെ പഠിക്കാന്‍ പോയിട്ട് പി.എസ്. എസി പരീക്ഷ എഴുതാന്‍ മാത്രം വിദ്യാഭ്യാസം നേടാത്തവരും കൊഴിഞ്ഞു പോയവരും തിരിച്ചുവന്നാല്‍ വെറും കുടിയന്‍മാരായി ജീവിതം നശിപ്പിക്കുന്നതാണ് കാണുന്നത്. അവര്‍ക്കു കാട്ടിലെ പഴയ ജീവിതരീതി പിന്തുടരാനാവുന്നുമില്ല. സര്‍ക്കാര്‍ തലത്തില്‍ ഉദ്യോഗത്തിലെത്താനുമാവുന്നില്ല. അത്തരക്കാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ശരിക്കും ആദിവാസികള്‍ക്കു അവരുടെ ജനസംഖ്യ കൂടുതലുളള സ്ഥലങ്ങളില്‍ തന്നെ ജോലി നല്‍കാന്‍ പ്രത്യേകവും നേരിട്ടുമുളള സെലക്ഷന്‍ നടത്തുകയാണെങ്കില്‍ വിദ്യാഭ്യാസം കൊണ്ട് നേട്ടമുണ്ടാവുമായിരുന്നു. ഇപ്പോള്‍ നിലമ്പൂര്‍ താലൂക്കിലെ നെടുങ്കയം വെറ്റിലകൊല്ലി തുടങ്ങി പല മേഖലകളിലും പി.എസ്.സിക്കു അപേക്ഷ നല്‍കുക വളരെ പ്രയാസമാണ്. അത്തരം കോളനികളില്‍ ഒന്നും തന്നെ വൈദ്യുതി പോലുമില്ല. പിന്നെ എങ്ങനെയാണ് ഓണ്‍ലൈനായി അപേക്ഷിക്കുക. അത്തരം സംവിധാനങ്ങളില്ലാത്തതിനാല്‍ മറ്റു വഴികള്‍ അന്വേഷിക്കേണ്ടതുണ്ട്. ആദിവാസികള്‍ക്കായുളള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നയനിലപാടുകള്‍ ഉണ്ടാക്കുന്നത് ആദിവാസികളോടു പുച്ഛമുളളവരാണ്. അത്തര സ്ഥാപനങ്ങളിലേക്കു ജില്ലാ അടിസ്ഥാനത്തില്‍ കളകടറും ഉദ്യോഗസ്ഥരും നേരിട്ട് സെലക്ഷനും റിക്രൂട്ടുമെന്റെും നടത്തിയാല്‍ നല്ലതായിരുന്നു.

യാസര്‍: ആദിവാസികള്‍ക്കു പാര്‍ക്കാന്‍ വീടുണ്ടാക്കി നല്‍കുന്ന നിരവധി പദ്ധതികള്‍ നമ്മുക്കുണ്ടല്ലോ അതിനെക്കുറിച്ച്?
ശ്യാം : വരൂ. (കാട്ടുനായ്ക്കരുടെ കോളനിയിലേക്ക്) ഈ വീടുകള്‍ കാട്ടുനായ്ക്കരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കെട്ടി നല്‍കിയതാണ്. (വീടുകള്‍ കാണിച്ചുകൊണ്ടു പറയുന്നു.) ഈ വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടിയിരിക്കുന്നു. അത് ഇതുവരെ നന്നാക്കിയിട്ടില്ല. ഇവിടെ താമസിക്കുന്ന ഇയാള്‍ക്ക് (കുടുംബനാഥനെ ചൂണ്ടിക്കൊണ്ടു പറയുന്നു) ഇതു നന്നാക്കണമെന്ന ചൂടില്ല. ആരാണ് നന്നാക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു. ഇങ്ങനയൊരു സമീപനമാണ് ഇവര്‍ക്ക്. അതു മാറ്റിയെടുക്കാനായിട്ടില്ല.

യാസര്‍: എന്തുകൊണ്ടാണ് അവര്‍ ആ മട്ടില്‍ ചിന്തിക്കുന്നത്?
ശ്യാം: അതു തന്നെയാണ് പ്രധാന പ്രശ്‌നം. കാട്ടുനായ്ക്കര്‍ ആറുമാസം ഉള്‍ക്കാട്ടിലാണു താമസിക്കുക. പൂജ കഴിഞ്ഞു കാട്ടിലേക്കു പോയാല്‍ പിന്നെ അവിടെ തങ്ങും. അതിനായി പാറകള്‍ക്കിടയില്‍ ഗുഹപോലുളള വീടുകളുണ്ട്. പിന്നെ ഇങ്ങോട്ട് ഇറങ്ങി വരുമ്പോഴാണ് ഈ വീടുകളില്‍ കഴിയുന്നത്. മുമ്പ് ഉള്‍ക്കാട്ടില്‍ നിന്നും തിരിച്ചുവന്നാല്‍ പുല്ലും മുളയും ഉപയോഗിച്ചു പ്രത്യേക തരം വീടാണുണ്ടാക്കിയിരുന്നത്. ആ വീടുണ്ടാക്കാന്‍ എല്ലാ വര്‍ഷവും പുല്ലുകള്‍ ശേഖരിക്കുകയാണ് പതിവ്. ഈ പാരമ്പര്യമാണ് ആദിവാസിയുടേത്. അവര്‍ക്ക് എളുപ്പത്തില്‍ അതുണ്ടാക്കാനാറിയാം അതിനു വേണ്ട സാധനങ്ങള്‍ കാട്ടില്‍ നിന്നും ലഭിക്കും. വീടിനെ കുറിച്ചുളള ആദിവാസിയുടെ മനോഭാവം അതാണ്. അതുകൊണ്ടായിരിക്കണം സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീട്ടില്‍ സര്‍ക്കാര്‍ വിചാരിച്ചതുപോലെ അവര്‍ ജീവിക്കാത്തത്. സമീപനത്തില്‍ മാറ്റം വരാതെ എങ്ങനെയാണ് ഞങ്ങള്‍ മറ്റൊരു സംസ്‌കാരത്തിലേക്കു മാറുക. മാത്രമല്ല. സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിച്ചു തരുന്ന പദ്ധതി ഇപ്പോള്‍ നിറുത്തിയിട്ടുണ്ട്. ഇപ്പോള്‍ വീടിനുളള ഫണ്ട് ഒരോ കുടുംബത്തിനു തന്നെയാണ് ലഭിക്കുക.  വീടു നിര്‍മ്മിച്ചാല്‍ മാത്രമേ പണം കിട്ടൂ. അതൊരു വലിയ പ്രശ്‌നമാണ്. നാട്ടിലെ ആളുകള്‍ ഉണ്ടാക്കുന്ന തരത്തിലുളള വീടുകള്‍ നിര്‍മ്മിക്കുന്നത് നാട്ടില്‍ കിട്ടുന്ന സാധനങ്ങള്‍ ഉപയോഗിച്ചാണ്. ഇഷ്ടിക, കല്ല്, സിമന്‍റ്, മണല്‍ എന്നിവ. ഇവ ഞങ്ങള്‍ക്കു എവിടെ നിന്നു കിട്ടും. ആദിവാസികള്‍ക്കാരാണ് കടം തരിക. ഇതെല്ലാം പ്രശ്‌നമാണ്. നാട്ടില്‍ നിന്നും ആദിവാസികള്‍ക്കു ആരും കടം തരില്ല.

യാസര്‍: എന്തുകൊണ്ടാണ് ആദിവാസിക്ക് നാട്ടില്‍ നിന്നും ആരും കടം തരാത്തത്?
ശ്യാം: ആദിവാസികളെ കുറിച്ചുളള അവരുടെ സമീപനം അതാണ്. പുറമെയുളളവര്‍ക്കു ഞങ്ങള്‍ അപരിഷ്‌കൃതരാണ്. വസ്ത്രമില്ലാത്തവരാണ്. വിശ്വസിക്കാന്‍ കൊളളാത്തവരാണ്. വൃത്തിയും ശുദ്ധിയുമില്ലാത്ത അപരിഷ്കൃതരാണ്. കാട്ടിലാണെങ്കിലും ഞങ്ങള്‍ക്കും ഒരു സംസ്കൃതിയുണ്ട്. ഞങ്ങള്‍ക്കു ഞങ്ങളുടേതായ മിത്തോളജിയുണ്ട്. സംസ്‌കാരമുണ്ട്. നിയമങ്ങളുണ്ട്. തേന്‍ എടുക്കാന്‍ പോകുമ്പോള്‍ ഒരോ കുടുംബവും പാലിക്കേണ്ട നിയമങ്ങളുണ്ട്. അത് അവര്‍ക്കറിയില്ല.

(ശ്യാമിന്റെ അച്ചന്‍ പാലക്കയം കൃഷ്ണന്‍കുട്ടി ഇടപെട്ടു പറയുന്നു. ”അതുമാത്രമല്ല. ഞങ്ങള്‍ക്കു ഭൂമിയുണ്ട്. അത് ക്രയവിക്രയം നടത്താന്‍പറ്റില്ല. പലതിനും പട്ടയമില്ല. പട്ടയമുളളതിനു തന്നെ നികുതി അടക്കാന്‍ ചെന്നാല്‍ വാങ്ങില്ല. ഏഴുകൊല്ലമായി പട്ടയമുളള ഭൂമിക്കു നികുതി വാങ്ങുന്നില്ല. അതാണ് ആദിവാസിയും മനുഷ്യനാണെന്നു പറയുന്നതിന്റെ കാര്യം.  ഞങ്ങളില്‍ ആരെയെങ്കിലും പൊലീസ് പിടിച്ചുകൊണ്ടുപോയാല്‍ ജാമ്യത്തിലിറക്കാന്‍ നികുതി ചീട്ടുവേണ്ടെ?   ആധാരവും പട്ടയവുമില്ലാതെ ഞങ്ങള്‍ എങ്ങനെ ലോണ്‍ എടുക്കും. എല്ലാ പൗരന്‍മാര്‍ക്കും ബാങ്കില്‍ അക്കൗണ്ട് വേണമെന്ന് സര്‍ക്കാര്‍ പറയുന്നു. ഞങ്ങള്‍ എങ്ങനെ അക്കൗണ്ട് തുറക്കും?  ശ്യാംജിത്തിന്റെ അച്ചന്‍ ഗൗരവത്തോടെ ചോദിച്ചു.)

യാസര്‍: വി. എസ്. എസ് എന്നു ചുരുക്കിവിളിക്കുന്ന വനസംരക്ഷണ സമിതി പ്രവര്‍ത്തനങ്ങളെ ഏതു രീതിയില്‍ കാണുന്നു.
ശ്യാം : (ശ്യാം പറയുന്നതിനിടെ ചെറിയച്ചന്‍ രാഘവന്‍ ഇടപെട്ടുപറയുന്നു. ഞങ്ങള്‍ ആദിവാസികള്‍ വനംവകുപ്പിന്റെ വലയത്തിനുളളില്‍ കുടുങ്ങി കിടക്കുകയാണ്. ശ്യാം തുടരുന്നു.) വി.എസ്.എസിന്റെ ചില പ്രവര്‍ത്തനങ്ങള്‍ ഞങ്ങളെ സംമ്പന്ധിചിടത്തോളം ഗുണകരമാണ്. പക്ഷെ എം. എഫ്. പി (മൈനര്‍ ഫോറസ്റ്റ് പ്രൊഡകറ്റ് ) ആദ്യം സൊസൈറ്റികളില്‍ നിന്നായിരുന്നു സ്വീകരിച്ചിരുന്നത്. ബാര്‍ട്ടര്‍ സംവിധാനത്തിലായിരുന്നു ആദ്യം. തേന്‍, കുന്തിരിക്കം അങ്ങനെ കാട്ടില്‍ നിന്നും കിട്ടുന്ന എന്തും സൊസൈറ്റി സ്വീകരിക്കുമായിരുന്നു. അവ ശേഖരിച്ചു സൊസൈറ്റിക്കു നല്‍കിയാല്‍ പകരം അരി, പഞ്ചസാര എന്നീ പലചരക്കുകള്‍ തിരിച്ചുതരും. പിന്നീട് അതു മാറി സാധനങ്ങള്‍ക്കു പകരം പണം തരുന്നതായി. വനസംരക്ഷണ സമിതി വന്നതോടെ അവരാണ് എം. എഫ്. പി ഏറ്റെടുക്കുന്നത്. അവരും പണം തന്നയാണ് തരുന്നത്. പക്ഷെ എല്ലാ വന ഉല്‍പ്പന്നങ്ങളും അവര്‍ എടുക്കുന്നില്ല. തേനും കുന്തിരിക്കവും മാത്രമെ അവര്‍ എടുക്കൂ. നേരത്തെ ആനക്കൊമ്പുപോലുളള മരങ്ങളും ഒഴികെ  എല്ലാ ഉല്‍പ്പന്നങ്ങളും എടുത്തിരുന്നു. ഇത് ഞങ്ങളുടെ അതിജീവനത്തെ ഗുരുതരമായി ബാധിച്ചു. ആറു മാസത്തോളം ഞങ്ങള്‍ ശേഖരിക്കുന്ന വനം ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട തലത്തിലും ദേശീയ തലത്തിലും വില്‍ക്കുന്നതിനു അവസരമുണ്ടാക്കുകയാണ് വേണ്ടത്. അതിനുപകരം രണ്ടു ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അവര്‍ ഞങ്ങളില്‍ നിന്നും  വാങ്ങുന്നത്. ഒറിജിനല്‍ കാട്ടു തേന്‍ തന്നെ നല്ല രീതിയില്‍ ഫില്‍ട്ടര്‍ ചെയ്ത് കയറ്റി അയക്കാനുളള സൗകര്യം ചെയ്തുതന്നാല്‍ ഞങ്ങള്‍ക്കിടയിലെ വിദ്യാഭ്യാസമുളളവര്‍ക്കു നല്ലതായിരുന്നു. അങ്ങനെയുളള പദ്ധതികളുണ്ടായാല്‍ ഞങ്ങള്‍ ആദിവാസികളുടെ അതിജീവനം എളുപ്പമാവും.

യാസര്‍: ഇത്തരം പ്രശ്‌നങ്ങള്‍ ഒരു തരം നീരസം ഉണ്ടാക്കുന്നുണ്ടോ പ്രത്യേകിച്ചും പഠിച്ച യുവതലമുറക്കിടയില്‍?
ശ്യാം: അതിലും പലതരത്തിലുളള വിത്യാസമുണ്ട്. സയന്‍സും കൊമേഴ്‌സും പഠിച്ചവര്‍ക്കിടയില്‍ അങ്ങനയൊന്നുമില്ല. അവര്‍ക്കു നാട്ടിലെ കുട്ടികളെ പോലെ നമ്മളും പരിഷ്‌ക്കരിക്കപ്പെടണം. എന്നാല്‍ മാനവിക വിഷയങ്ങള്‍  പഠിച്ചവര്‍ക്കിടയില്‍ നമ്മുടെ ആദിവാസികളുടെ നിലനില്‍പ്പും സംസ്‌കാരവുമെല്ലാം സംരക്ഷിക്കപ്പെടണമെന്നുളള ചിന്തയുണ്ട്. ഞാന്‍ തന്നെ ഡിഗ്രിക്കു കൊമേഴ്സായിരുന്നു എടുത്തത്. അന്ന് എന്റെ ചിന്ത വേറയായിരുന്നു. സാമൂഹ്യശാസ്ത്രം പഠിച്ചുവന്നപ്പോഴാണ് ആദിവാസിയെന്നതിന്റെ മഹത്വം ബോദ്ധ്യപെട്ടതും കൂടുതല്‍ ധാരണയുണ്ടായതും. യാതൊരു മനസംഘര്‍ഷവുമില്ലാതെ വളരെ സ്വാഭാവികമായി ജിവിച്ചുപോന്ന ഞങ്ങളുടെ പൈതൃകം നിലനിര്‍ത്തണമെന്ന ആഗ്രഹമുണ്ടായത്. വനം വിഭവങ്ങള്‍ ശേഖരിക്കാനും അവയ്ക്ക് നല്ല വിപണി കണ്ടെത്താന്‍ പറ്റുകയും അങ്ങനെ കാട് എല്ലാകാലത്തേക്കുമായി സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതരത്തിലായിരിക്കണം അതിനുളള ആസൂത്രണം. ഇപ്പോള്‍ സംഭവിക്കുന്നത് എളുപ്പത്തില്‍ വിറ്റഴിക്കാന്‍ കഴിയുന്നതു മാത്രമാണ് വനം സംരക്ഷണ സമിതി ഞങ്ങളോടു വാങ്ങുന്നത്. ഇത് വിഭവങ്ങളുടെ അന്യവല്‍ക്കരണമാണുണ്ടാക്കുന്നത്. എന്റെ ചെറുപ്പകാലത്ത് കണ്ടിരുന്ന പല വനവിഭവങ്ങളും ഇന്നു വില്‍ക്കുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ പലരും ജൈവഭക്ഷണത്തിലേക്കും ജൈവ മരുന്നുകളിലേക്കും തിരിച്ചുവരുമ്പോള്‍ ആദിവാസികളുടെ അത്തരം വിഭവങ്ങള്‍ സൊസൈറ്റി എടുത്തതുപോലെ വനം വകുപ്പ് എടുക്കാത്തതിനാല്‍ അന്യമാവുകയാണ്.

യാസര്‍: കൃഷിയുടെ അവസ്ഥ എന്താണ്?
ശ്യാം: ഞങ്ങള്‍ മുതുവാന്‍മാരാണ് കൂടുതലും കൃഷി ചെയ്തു വരുന്നത്. നേരത്തെ പറഞ്ഞുവല്ലൊ അത് ഷിഫ്റ്റിംങ് കള്‍ട്ടിവേഷനായിരുന്നുവെന്ന്. അത് അത്ര മികച്ചരീതിയില്‍ അല്ലെങ്കിലും ഭാഗികമായി നില്‍നില്‍ക്കുന്നുണ്ട്. ഉള്‍ക്കാടുകള്‍ നശിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആന കൃഷി നശിപ്പിക്കുന്നുണ്ട്. അതിനു ഇലക്ട്രിക് ഫെന്‍സിംങ് പോലുളള സംവിധാനങ്ങളുണ്ടായാല്‍ നല്ലതായിരുന്നു. പുതിയ മരങ്ങള്‍ നടാനും വനവല്‍ക്കരണം ശക്തമാക്കാനും കൂടി അതു എളുപ്പകരമാവുമെന്നാണ് എനിക്കു തോന്നുന്നത്. 

യാസര്‍: മാനവിക വിഷയങ്ങള്‍   പഠിച്ചവര്‍ക്കിടയില്‍ മറ്റു വല്ല ചിന്തകളും വന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ശ്യാം: പാലക്കയം കോളനിയില്‍ അത്തരം ചിന്താഗതികളൊന്നും ഉണര്‍ന്നിട്ടില്ല. നിലമ്പൂരില്‍ മൊത്തമായി 236 ആദിവാസി കോളനികളുണ്ട്.  അതില്‍ പലതും നേരത്തെ പറഞ്ഞ പല പ്രശ്നങ്ങളും ഗുരുതരമായി തന്നെ നേരിടുന്നുണ്ട്. വിദ്യാഭ്യാസം പകുതിയില്‍ ഉപേക്ഷിച്ചവരില്‍ വലിയ ഒരു വിഭാഗത്തെ മദ്യം കീഴടക്കിയിട്ടുണ്ട്. അതുപോലെ അഭ്യസ്തവിദ്യരായവരില്‍ മിക്കവര്‍ക്കും തൊഴില്‍ ലഭിക്കാത്ത പ്രശ്നങ്ങളുണ്ട്. അതുപോലെ വീടു കെട്ടികൊടുക്കുന്നതുപോലുളള പല സര്‍ക്കാര്‍ നയങ്ങളും നടപ്പില്‍ വരുത്തുന്നതിലെ പാളിച്ചകളും മറ്റും പലരിലും നീരസം ഉണ്ടാക്കുന്നുണ്ട്. അവരെ സ്വാധീനിക്കാവുന്ന തരത്തില്‍ ആരൊക്കെ സജീവമാണെന്നു പറയാനാവില്ല. വനം സംരക്ഷിക്കുന്നതിന് ആദിവാസികളെ സന്നദ്ധമാക്കുകയും ആദിവാസികളെ സംരക്ഷിക്കുന്നതിന് വനപാലകരെ സന്നദ്ധമാക്കുകയും ചെയ്യണമെന്നതാകണം വനസംരക്ഷണത്തിന്റെ ഉദ്ദേശ്യം. ആ സദ്ദുദേശ്യം നടപ്പിലാക്കുന്നതിലെ പാളിച്ച തീര്‍ച്ചയായും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും.  ഇപ്പോള്‍ എന്നെ കാണാന്‍ ഇങ്ങോട്ടു വരണമെങ്കില്‍ നിങ്ങള്‍ ഫോറസറ്റ് സറ്റേഷനില്‍ ഒപ്പുവെയ്ക്കണം. അവരുടെ ചോദ്യങ്ങള്‍ക്കുത്തരം പറയണം. അതിന്റെ രീതി മാറാതിരുന്നാല്‍ നല്ലത്. മാറിയാല്‍ അതിന്റെ ഉദ്ദേശവും മാറും. അങ്ങനെ സംരക്ഷകര്‍ തന്നെ ശത്രുക്കളാവും. അത് പോരാട്ടം പോലുളളവരെ സജീവമാക്കും.

യാസര്‍: അത്തരം ചിന്തകള്‍ക്കു വിത്തിടുന്നവരില്‍ മവോയിസറ്റുകള്‍ ഉളളതായി അറിയുമോ?
ശ്യാം: ഇവിടെത്തെ പ്രശ്നങ്ങള്‍ സത്യസന്ധമായി ചൂണ്ടിക്കാണിച്ചാല്‍ അവരെ മാവോയിസ്റ്റുകളെന്നു വിളിക്കും. ഞാനിപ്പോള്‍ ഇവിടത്തെ കാര്യങ്ങള്‍ പറയുന്നത് ഒരു ആദിവാസി എന്ന നിലക്കാണ്.

യാസര്‍: ഒരു നരവംശശാസ്ത്രകാരന്‍ എന്ന നിലയില്‍ കൂടിയല്ലേ?
ശ്യാം:  (ചിരിക്കുന്നു) അതെ, പലതരത്തിലുളള അവകാശങ്ങള്‍ക്കുവേണ്ടി വ്യത്യസ്തമായ സമരരീതികളുമായി ജനങ്ങള്‍ സംഘടിക്കുന്ന ഒരു കാലമാണിത്. പലതരത്തിലും അവകാശങ്ങള്‍ നിഷേധിക്കുന്ന സാഹചര്യവുമുണ്ട്. കേരളത്തിന്റെ ഒരറ്റം തൊട്ടു മറ്റേ അറ്റം വരെ നീണ്ടു കിടക്കുന്ന സഹ്യപര്‍വ്വതനിരകളില്‍ ജീവിക്കുന്ന ആദിവാസികള്‍ക്കിടയില്‍ പല സ്ഥലത്തും പ്രത്യേകിച്ചും കാസര്‍ക്കോട്ടൊക്കെ പോരാട്ടം പോലുളള സംഘടനകള്‍ക്കു വേരോട്ടമുണ്ട്. അവകാശലംഘനങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഒരു പക്ഷെ അത് ഇവിടേക്കും ബാധിച്ചുകൂടെന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍