UPDATES

സിനിമ

‘വയലന്‍സിന് കാരണം കംപ്ലീറ്റ് മാന്‍ എന്ന സങ്കല്‍പം’; ശ്യാം പുഷ്‌കരന്‍ ആണുങ്ങളോട് പറയുന്നു, കരുത്തരാവുകയല്ല, വൈകാരികമാകുകയാണ് വേണ്ടത്

ഒരു ഫെമിനിസ്റ്റാവാനാണ് ആഗ്രഹമെന്നും ശ്യാം പുഷ്‌കരന്‍

അക്രമോത്സുകത കൈയൊഴിയാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുകയാണ് സിനിമകളിലൂടെ ലക്ഷ്യമിടുന്നതെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ്  ശ്യാം പുഷ്‌കരന്‍ തന്റെ സിനിമാ സങ്കല്‍പത്തെക്കുറിച്ചും ലിംഗ നീതിയെക്കുറിച്ചും സംസാരിച്ചത്.

‘എന്റെ ജീവിതത്തിലെ എല്ലാ സ്ത്രീകളും അത് എന്റെ പങ്കാളിയായാലും അമ്മയായാലും സുഹൃത്തുക്കളായാലും ഏതെങ്കിലും രീതിയില്‍ പുരുഷ അക്രമണങ്ങള്‍ക്ക് വിധേയമായവരാണ്. ഈ ലോകത്തെ 99 ശതമാനം സ്ത്രീകളും ഏതെങ്കിലും തരത്തില്‍ ലൈംഗികാതിക്രമങ്ങള്‍ അനുഭവിച്ചവരാണ്. അതിന്റെ അര്‍ത്ഥം പുരുഷന്മാരില്‍ 50-80ശതമാനം പേരും ആക്രമികളാണെന്നാണ്. ഇതെന്നെ അസ്വസ്ഥനാക്കുന്നു. ഞാനും ഒരു ആക്രമിയാണെന്ന് തോന്നിക്കുന്നു. എന്നെ എന്താണോ അസ്വസ്ഥമാക്കുന്നത് അതാണ് കഥകളില്‍ കടന്നുവരുന്നത്. അതുകൊണ്ട് തന്നെ എന്റെ സിനിമകളിലൂടെ ലക്ഷ്യമിടുന്നത് പുരുഷന്മാരെ അക്രമികള്‍ അല്ലാതാക്കുകയെന്നതാണ്’ ശ്യാം പുഷ്‌കരന്‍ വിശദീകരിച്ചു.

കുമ്പളങ്ങി നൈറ്റ്സിലെ ആശയത്തെക്കുറിച്ച്  അദ്ദേഹം വിശദീകരിച്ചു.

‘കംപ്ലീറ്റ് മാന്‍ എന്ന സങ്കല്‍പമാണ് പുരുഷന്മാരില്‍ പൗരുഷത്തോടെ നില്‍ക്കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്നത്. താളം തെറ്റിയ കുടുംബം എന്ന ആശയത്തില്‍നിന്നാണ് തുടങ്ങിയത്. എല്ലാ കുടുംബങ്ങളും താളം തെറ്റിയതാണ്. ക്ലംപ്ലീറ്റ് മാന്‍ എന്നത് താളം തെറ്റിയ പുരുഷന്‍ തന്നെയാണ്. അതാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ തീമെന്നും അദ്ദേഹം പറഞ്ഞു. കരുത്തനായിരിക്കുക, വികാരത്തിനടിമപ്പെടാതിരിക്കുകയെന്നതാണ് കംപ്ലീറ്റ് മാന്‍ എന്ന സങ്കല്‍പം. ഇതാണ് ആക്രമണത്തിൻ്റെ അടിസ്ഥാനമാകുന്നത്.  പുരുഷന്മാരോട് കുറേക്കൂടി വൈകാരിക ജീവികളാവാനാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്’ ശ്യാം പുഷ്‌കരന്‍ പറഞ്ഞു.

കുമ്പളങ്ങി നൈറ്റ്സിലെ സൗബിന്‍ അവതരിപ്പിച്ച സജിയോടാണോ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തോടാണോ താങ്കള്‍ അടുത്തുനില്‍ക്കുന്നതെന്ന ചോദ്യത്തിന് ഷമ്മിയോടാണെന്നായിരുന്നു ശ്യാം പുഷ്‌ക്കരന്റെ മറുപടി. ‘ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം കഴിക്കാന്‍ പ്രത്യേക പ്ലേറ്റ് സൂക്ഷിക്കുന്നവനാണ് ഞാന്‍. ഷമ്മിയെന്ന കഥാപത്രത്തെ എഴുതുമ്പോള്‍ എന്റെ പുരുഷാധിപത്യ സ്വഭാവത്തെയാണ് ഞാന്‍ കണ്ടത്. എന്നാൽ സജിയുടെ കഥാപാത്രത്തെ കാണാന്‍ എനിക്ക് എന്റെ ചുറ്റും നോക്കേണ്ടിവന്നു. മറ്റുള്ളവരോട് അനുതാപമുള്ള എന്റെ അച്ഛനെയും കസിന്‍സിനെയും നോക്കേണ്ടിവന്നു’

ഫഹദ് ഫാസിലിനോട് ഷമ്മി എന്ന കഥാപാത്രത്തെക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നതായി ശ്യാം പുഷ്‌ക്കരന്‍ പറഞ്ഞു. വാണിജ്യ വിജയങ്ങള്‍ നേടുന്ന സിനിമകള്‍ ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഈ സിനിമ ചെയ്യാന്‍ തയ്യാറായത്. തങ്ങളുടെ പ്രതിച്ഛായക്കുറിച്ച് ബോധവാന്മാരാകുന്ന പലരും ഇതിന് തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെത് സങ്കീര്‍ണമായ സ്വഭാവമാണ്. ഞാന്‍ ഒരു ഫെമിനിസ്റ്റ് ആകാന്‍ ആഗ്രഹിക്കുന്നയാളാണ്. സ്ത്രീ കഥാപാത്രങ്ങളെ ആവിഷ്ക്കരിക്കാന്‍ പരമാവധി ശ്രമിക്കുന്നവനാണ് ഞാന്‍. നായികമാരുടെ പ്രധാന്യത്തെക്കുറിച്ച് കാര്യമായ പരിഗണന സിനിമകള്‍ക്ക് നല്‍കാറില്ല. എല്ലാം പുരുഷ കേന്ദ്രീകൃതമാണ്. സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്’

മലയാള സിനിമയിലെ പുതിയ മാറ്റത്തിന് കാരണം കൂട്ടായുള്ള പ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. ആഷിഖ് അബു, ലിജോ ജോസ് പല്ലിശേരി, രാജേഷ് പിള്ള എന്നിവര്‍ ഇതിന് പങ്കുവഹിച്ചു. പുതിയ ആളുകള്‍ സിനിമയിലേക്ക് കടന്നുവരുന്നു. അവര്‍ വാണിജ്യ വിജയത്തെക്കുറിച്ച് ബോധവാന്മാരല്ല. ഇപ്പോഴത്തെ മാറ്റത്തിന് പ്രധാന കാരണം പ്രേക്ഷകരാണെന്നും ശ്യാം പുഷ്‌കരന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍