UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിയാചിന്‍ ദുരന്തം: അവസാനിപ്പിക്കേണ്ടത് ഇന്ത്യ-പാക് ഭ്രാന്തന്‍ ശത്രുത

Avatar

ടീം അഴിമുഖം

ബുധനാഴ്ച്ച മഞ്ഞിനടിയില്‍ അടിപ്പെട്ടുപോയ, ഇപ്പോള്‍ മരിച്ചെന്നു കരുതുന്ന, മദ്രാസ് റെജിമെന്‍റിലെ 10 സൈനികര്‍ രണ്ടു ഘടകങ്ങളുടെ ഇരകളാണ്: കാലാവസ്ഥ മാറ്റത്തിന്റെ ചാഞ്ചാട്ടങ്ങളും, ഇന്ത്യ-പാകിസ്ഥാന്‍ ശത്രുതയും.

കാലാവസ്ഥ മാറ്റത്തെ തടയാന്‍ വര്‍ഷങ്ങള്‍ നീണ്ടേക്കാവുന്ന ആഗോളപ്രവര്‍ത്തനങ്ങള്‍ ആവശ്യമായേക്കും. എന്നാല്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ഭ്രാന്തന്‍ ശത്രുത കുറച്ചുകൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ചരിത്രപ്രധാനമായ അവസരമാണ് ഇതെന്ന്‍ സൈനികരുടെ ദുരന്തം ഓര്‍മ്മിപ്പിക്കുന്നു. കനത്തുകിടക്കുന്ന മഞ്ഞുപാളികളില്‍, മരവിപ്പിക്കുന്ന ഊഷ്മാവില്‍, ദയാരഹിതമായ കാലാവസ്ഥയില്‍ ഇനിയും സൈനികര്‍ ജീവിതം ഹോമിക്കേണ്ടിവരില്ലെന്ന് ഉറപ്പുവരുത്താനുള്ള അവസരം.

ബുധനാഴ്ച്ച പുലര്‍ച്ചെയാണ് 19,600 അടി മുകളില്‍ സിയാചിന്‍ ഹിമപ്പരപ്പില്‍ സൈനിക കേന്ദ്രത്തിന് മേലെ വലിയ ഹിമപാതം ഉണ്ടായത്. 19 മദ്രാസ് റെജിമെന്റിലെ സൈനികര്‍ അവിടെ ജോലിക്കെത്തിയിട്ട് കുറച്ചുദിവസമേ ആയിരുന്നുള്ളൂ. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും 9 സൈനികരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

ഹിമപാതത്തിനടിയില്‍ പെട്ട 10 സൈനികരും മരിച്ചതായി വ്യാഴാഴ്ച്ച വൈകിട്ടോടെ പ്രഖ്യാപിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള ദൌത്യം തുടരുകയാണ്.

“സിയാചിനില്‍ സൈനികരുടെ മരണം ഒരു ദുരന്തമാണ്. രാഷ്ട്രത്തിന് വേണ്ടി ജീവന്‍ നല്കിയ സൈനികരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു,” പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. രക്ഷാസംഘങ്ങള്‍ പ്രതികൂലമായ കാലാവസ്ഥയെ നേരിടുകയാണെന്ന് മുതിര്‍ന്ന ഒരു സൈനികോദ്യഗസ്ഥന്‍ പറഞ്ഞു. 

മഞ്ഞില്‍ പുതഞ്ഞ സൈനിക കേന്ദ്രത്തിലേക്ക് എത്താന്‍ വലിയൊരു സൈനിക രക്ഷാ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പൂജ്യത്തിന് താഴെ 25-നും 45-നും ഇടക്കുള്ള കൊല്ലുന്ന തണുപ്പിലാണ് ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തകര്‍ ദൌത്യത്തില്‍ മുഴുകിയിരിക്കുന്നത്.

സൈനികകേന്ദ്രത്തിന് മുകളില്‍ വീണ കൂറ്റന്‍ മഞ്ഞുകട്ടികള്‍ നീക്കുക എന്നത് ഏറെ ശ്രമകരമായ പണിയാണെന്ന് അധികൃതര്‍ പറഞ്ഞു. “മഞ്ഞുകട്ടികള്‍ മുറിച്ചുനീക്കാന്‍ അതിനുള്ള വലിയ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.” വ്യോമസേനയുടെ Mi-17 ഹെലികോപ്റ്ററില്‍ രക്ഷാദൌത്യത്തിനായുള്ള ഒരു നായയെയും എത്തിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഈ സൈനിക സംഘര്‍ഷ ഭൂമിയില്‍ ഹിമപ്പരപ്പിന്റെ ഏറ്റവും മുകളിലുള്ള ഭാഗം ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. 1984-ല്‍ നടത്തിയ മേഘദൂത് ദൌത്യത്തിലാണ് മുകള്‍പ്പരപ്പു കയ്യടക്കാനുള്ള, താഴെയുള്ള ഭാഗം നിയന്ത്രിക്കുന്ന പാകിസ്ഥാന്‍ സേനയുടെ നീക്കത്തെ തുരത്തിക്കൊണ്ട് ഇന്ത്യ നിയന്ത്രണം കയ്യടക്കിയത്.

കാലാവസ്ഥാമാറ്റം സിയാചിനില്‍ വര്‍ഷങ്ങളായി വലിയ ചാഞ്ചാട്ടങ്ങളുണ്ടാക്കുന്നുണ്ട്. ഹിമപാതങ്ങളും അപ്രവചനീയതയും കൂടിക്കൊണ്ടിരിക്കുന്നു.

2003-ല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമ്പോള്‍ ഇരുപക്ഷത്തിനും ശീതാധിക്യവും ഹിമപാതവും മറ്റ് കുഴപ്പങ്ങളും മൂലം 2,000 സൈനികരെ നഷ്ടപ്പെട്ടിരുന്നു. രണ്ടുവിഭാഗത്തിനുമായി ഹിമപ്പരപ്പില്‍ 150 നിരീക്ഷണകേന്ദ്രങ്ങളുണ്ട്. മൊത്തമായി 3000 സൈനികരും ഇവിടെയുണ്ട്. സൈനികരെ എത്തിക്കാനായി ഇന്ത്യ സമുദ്രനിരപ്പില്‍ നിന്നും 21,000 അടി (6,400 മീറ്റര്‍) ഉയരത്തില്‍ -പോയിന്റ് സോനം-ലോകത്തിലെത്തന്നെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡ് പണിതു.

സിയാചിനില്‍ ഉണ്ടാകുന്ന 97% അപകടങ്ങളും ഏറ്റുമുട്ടലിലല്ല കാലാവസ്ഥയും ഉയരവും മൂലമാണെന്ന് ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. 2012-ല്‍ പാകിസ്ഥാന്റെ ഗയാറി സൈനിക താവളത്തില്‍ ഹിമപാതം മൂലം 129 സൈനികരും 11 സാധാരണക്കാരുമാണ് മരിച്ചത്.

പാര്‍ലമെന്റിലെ മികച്ച ഭൂരിപക്ഷവും ശക്തനായ നേതാവ് എന്ന പ്രതിച്ഛായയും വെച്ച്, സിയാചിന്‍ പോലൊരു മഞ്ഞുമൂടിയ ഹിമപാളിയില്‍ രണ്ടു ആധുനിക ദേശ-രാഷ്ട്രങ്ങള്‍ നടത്തുന്ന ഈ ഭ്രാന്ത് അവസാനിപ്പിക്കാന്‍ ഏറ്റവും യോജിച്ച നേതാവ് നരേന്ദ്ര മോദിയാണ്. കഴിഞ്ഞ കാലങ്ങളിലും ഇരുകൂട്ടരും ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും വിജയം കണ്ടില്ല.

ചുരുങ്ങിയത് മഞ്ഞുമലക്കടിയില്‍ പുതഞ്ഞുപോയ, ശ്വാസം മുട്ടിക്കുന്ന, അവരുടെ പ്രിയപ്പെട്ടവര്‍ക്ക് തീര്‍ത്തും വേദനാജനകമായ, അന്ത്യനിമിഷങ്ങളിലൂടെ കടന്നുപോയ ആ 10 മനുഷ്യരുടെ ഓര്‍മ്മാക്കായെങ്കിലും, ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ അര്‍ത്ഥശൂന്യതയുടെ മറ്റൊരു ഉദാഹരണമായ അവരുടെ മരണങ്ങളുടെ പേരിലെങ്കിലും മോദി എന്തെങ്കിലും ചെയ്തേ മതിയാകൂ. സിയാചിനെ ധീരന്മാരായ സൈനികരുടെ ശവപ്പറമ്പായി മാറ്റുന്നതിന് പകരം അവിടം സമാധാനത്തിന്റെ ഹിമോദ്യാനമായി മാറട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍