UPDATES

ട്രെന്‍ഡിങ്ങ്

കുര്യനെ സൂര്യനെല്ലിക്കേസില്‍ കുടുക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചെന്ന് സിബി മാത്യൂസ്

പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും കേവലം നാല് വര്‍ഷം മുമ്പ് മാത്രം നടന്ന സംഭവ വികാസങ്ങള്‍ ആരും മറന്നുപോയിട്ടില്ലാത്തതിനാല്‍ കഥാപാത്രങ്ങളെല്ലാം വ്യക്തമാണ്

രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യനെ സൂര്യനെല്ലിക്കേസില്‍ കുടുക്കാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചെന്ന് മുന്‍ ഡിജിപി സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍. തന്റെ അനുഭവക്കുറിപ്പുള്‍ ഉള്‍പ്പെടുത്തിയ നിര്‍ഭയം എന്ന പുസ്തകത്തിലാണ് പേര് പരാമര്‍ശിക്കാതെയുള്ള വിവാദ വെളിപ്പെടുത്തല്‍.

2013 ജനുവരിയില്‍ നടന്ന ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സിബി മാത്യൂസ് ഇക്കാര്യങ്ങളൊക്കെ വിവരിക്കുന്നത്. സിബി മാത്യൂസ് സൂര്യനെല്ലി കേസില്‍ കുര്യനെ ഒഴിവാക്കി അഡ്വ. ജനാര്‍ദ്ധനക്കുറുപ്പിന്റെ നിയമോപദേശം അവഗണിച്ചു, കുര്യനെ രക്ഷപ്പെടുത്തി എന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നിരുന്ന കാലമാണ് അത്. സഭയ്ക്കകത്ത് പ്രതിപക്ഷമായ എല്‍ഡിഎഫും സഭയ്ക്ക് പുറത്ത് ബിജെപിയും മുഖ്യവിവരാവകാശ കമ്മിഷന്‍ സ്ഥാനത്തു നിന്നും സിബി മാത്യൂസിന്റെ രാജി ആവശ്യപ്പെടുന്ന കാലമായിരുന്നു ഇത്. കുര്യന്‍ ക്രിസ്ത്യാനിയായതിനാല്‍ സിബി മാത്യൂസ് രക്ഷിച്ചുവെന്ന തരത്തിലും പ്രചരണമുണ്ടായിരുന്നു. ഇനി പുസ്തകത്തിലെ വിവാദ പരാമര്‍ശത്തിലേക്ക്:

”ഇതിന്റെ ചൂടാറും മുമ്പേ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഒരു പൊലീസ് സൂപ്രണ്ട് വന്‍ ‘വെളിപ്പെടുത്തലുമായി’ രംഗത്തു വന്നു. പിജെ കുര്യനെ പ്രതിയാക്കണമെന്ന് ഞാന്‍ അന്വേഷണം നടക്കുമ്പോള്‍ പറഞ്ഞിരുന്നു. കുര്യനെ ഒഴിവാക്കി കേസ് അട്ടിമറിച്ചത് സിബി മാത്യുവാണ്.
”സൂര്യനെല്ലി കേസില്‍ ജില്ലാ കോടതി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയപ്പോള്‍ സര്‍ക്കാരില്‍ നിന്ന് അനുമോദനങ്ങളും കനത്ത പാരിതോഷികങ്ങളും വാങ്ങിയ അതേ വ്യക്തി 12 വര്‍ഷം കഴിഞ്ഞപ്പൊഴാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. അയാളെ ചാനല്‍ മുറിയിലേക്ക് എത്തിച്ചത് ഒരു മന്ത്രിയായിരുന്നു. ആഭ്യന്തര വകുപ്പ് ഹരിപ്പാട്ടുകാരന്‍ തട്ടിയെടുക്കുമോ എന്ന് ഭയന്നിരുന്ന മന്ത്രി. വകുപ്പ് മാറ്റത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന പിജെ കുര്യനെ അടിച്ചൊതുക്കുവാന്‍ സൂര്യനെല്ലിയുടെ വടി ഉപയോഗിക്കുവാന്‍ അണിയറയില്‍ പലരും പ്രവര്‍ത്തിച്ചു. ഒരു മലയാളം ചാനല്‍ നിയന്ത്രിച്ചിരുന്ന ഒരു പാര്‍ലമെന്റ് മെമ്പറും ഡല്‍ഹിയിലിരുന്ന് 2ജി അന്വേഷണം നിയന്ത്രിച്ചിരുന്ന മറ്റൊരു നേതാവും ചേര്‍ന്ന് നടത്തിയ നീക്കങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു”- എന്നാണ് സിബി മാത്യൂസ് തന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്.

സിബി മാത്യൂസ് പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും എസ് പി സ്ഥാനത്തു നിന്നും വിരമിച്ച കെ കെ ജോഷ്വ ആണ് അന്ന് ചാനലിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ ആയിരുന്നു. കോണ്‍ഗസില്‍ താക്കോല്‍ സ്ഥാനം എന്ന വാക്ക് ഉയരുകയും എന്‍എസ്എസിനെ പ്രീണിപ്പെടുത്താന്‍ അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാനുള്ള നീക്കം നടന്നതും ഇക്കാലഘട്ടത്തിലാണ്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ പിജെ കുര്യനും. പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും കേവലം നാല് വര്‍ഷം മുമ്പ് മാത്രം നടന്ന സംഭവ വികാസങ്ങള്‍ ആരും മറന്നുപോയിട്ടില്ലാത്തതിനാല്‍ കഥാപാത്രങ്ങളെല്ലാം വ്യക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍